നമ്മുടെയൊക്കെ വീടുകളുടെയും ആരാധനാലയങ്ങളുടെയും പണികളൊക്കെ ലക്ഷങ്ങളിൽ നിന്നും കോടികളുടെ കണക്കിലേക്ക് കടന്നിരിക്കുന്നു. ഇന്ന് വീടുകൾ താമസിക്കാനുള്ള ഇടങ്ങളല്ല. മറിച്ച് ആരെയൊക്കെയോ കാണിക്കാനുള്ള കോപ്ലക്സുകളാണ്. നമ്മുടെ ധാരാളിത്തത്തിൻ്റെ വാതിൽക്കൽ കിടക്കുന്ന ” ലാസർ “മാരുടെ ( ദരിദ്രരുടെ) എണ്ണം കൂടുമ്പോഴും ഈ ലോകജീവിതം ആസ്വദിക്കുന്ന നമുക്ക് എപ്പോഴെങ്കിലും “മതി” എന്നു പറയാനാവുന്നുണ്ടോ? ഓർമിക്കുക, നാം ഓരോരുത്തരും മറ്റാർക്കോ വേണ്ടി കൂടി സൃഷ്ടിക്കപ്പെട്ടവരാണെന്ന്. നമുക്കു ലഭിക്കുന്ന സുഖ സൗകര്യങ്ങൾ ഇല്ലായ്മക്കാരൻ്റെ പുകയാത്ത അടുപ്പിൽ തീ തെളിയുന്നതിനു വേണ്ടി ക്കൂടെയുള്ളതാണെന്ന അവബോധമുണ്ടാകണം. അപരൻ്റെ കഷ്ടതകളുടെ ശമനത്തിൽ നമ്മുടെ സമൃദ്ധിയുടെ അപ്പക്കഷണങ്ങൾ ( സഹായം ) വീഴണം. കഷ്ടതയനുഭവിക്കുന്നവർക്ക് കരുണയുടെ മുഖമാവാൻകൂടി നമുക്ക് കഴിയണം.












