നിങ്ങളുടെ മക്കളുടെ ചിന്തകൾക്ക് വേലികെട്ടി തടഞ്ഞു നിർത്തുവാൻ നിങ്ങൾക്ക് എന്താണ് അവകാശം!!സ്വാതന്ത്രമായ ചിന്തകൾ ഒരുവന്റെ (ഒരുവളുടെ) മനുഷ്യാവകാശമാണ്. നമ്മുടെ ഭരണഘടന നൽകുന്ന ജന്മാവകാശം കൂടിയാണത്.അത് നിഷേധിക്കുവാൻ ഒരു മാതാപിതാക്കൾക്കും ധാർമികമായും അവകാശമില്ലന്ന് ഓർക്കുക.
തിരിച്ചറിവില്ലാത്ത പ്രായത്തിൽ,മാതാപിതാക്കൾ, മത പുരോഹിതന്മാരുടെ കാർമ്മികത്വത്തിൽ മതത്തിന്റെയും മതവിശ്വാസത്തിന്റെയും ലേബൽ അടിച്ചുകൊടുത്താലും വ്യക്തി സ്വാതന്ത്ര്യം നേടുന്നൊരാൾക്ക് സ്വാതന്ത്ര ചിന്തകൾ കൈ വരുന്നതോടെ ഭക്ഷണം,വസ്ത്രം,മറ്റ് വ്യക്തിഗത ആവശ്യങ്ങൾ പോലെ തന്നെ മത-വിശ്വാസ കാര്യത്തിലും തന്റേതായ കാഴ്ച്ചപ്പാടുകളും,വിശ്വാസവും പുലർത്തുവാനും അവർക്ക് അവകാശമുണ്ട്. അഥവാ മതവും വിശ്വാസവും മക്കളെ തല്ലിപഴുപ്പിച്ചു അടിച്ചേല്പിക്കേണ്ടതല്ല എന്ന് സാരം.
മറ്റൊരു വ്യക്തിയുടെ (അത് സ്വന്തംമക്കളായാൽപ്പോലും)വ്യക് തിസ്വാതന്ത്ര്യം നിഷേധിക്കുകയോ,അതിൽ കൈകടത്തുകയോ ചെയ്യുന്നിടത്ത് സംഘർഷങ്ങളും പ്രശ്നങ്ങളും ഉടലെടുക്കുന്നു. മാതാപിതാക്കൾ മക്കൾക്ക് സന്മാർഗചിന്തകൾ പകർന്നു കൊടുക്കാം.എന്നാൽ നിങ്ങളുടെ വിശ്വാസങ്ങളും ചിന്തകളും നിങ്ങൾ പുലർത്തി പൊരുന്ന അന്ധവിശ്വാസങ്ങളെപ്പോലും അവരും പിന്തുടരണം എന്നു നിർബന്ധ ബുക്തി കാണിക്കുന്നിടത്ത് ഒരു സമൂഹത്തിന്റെ യാഥാർത്ഥ്യ ബോധത്തെയും ചിന്തകളെയും പിന്നോട്ടടിക്കുന്നതും, നല്ലൊരു പൊതു ബോധത്തിന്റെ ശാസ്‌ത്രീയമായ കാഴ്ച്ചകപ്പാടുകളെ മുളയിലേ നുള്ളിക്കളയുന്ന നടപടികൾക്കും അറിഞ്ഞും അറിയാതെയും നിങ്ങളും പങ്കാളിയായിപ്പോകുകയാണ് ചെയ്യുന്നത്.
അത്തരം പ്രവണതകളുടെ ഫലാനന്തരങ്ങളാണ്, ഇന്ന് നമ്മുടെ സമൂഹം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മോൻസൺ വിവാദങ്ങൾ. നോക്കൂ, ഞാൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾക്ക് അടി വരയിട്ട് സമർത്തിക്കാവുന്ന കാര്യങ്ങളാണ് മോൻസൺ വിവാദങ്ങൾക്ക് ശേഷം നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. പ്രബുദ്ധരെന്നു ഞാനും നിങ്ങളും നാഴികക്ക് നാല്പതു വട്ടം വീമ്പിളക്കികൊണ്ടിരിക്കുന്ന മലയാളികൾ…… ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗസ്ഥരും, സിനിമാ- കലാ രംഗത്തുള്ള ഉന്നതർ,ആവശ്യത്തിലധികം ധനം കൂട്ടി വെച്ചു അതു കൈകാര്യം ചെയ്യുന്നവർ എന്നിവർ മോൻസൺ എന്ന തട്ടിപ്പു കാരന്റെ വലയിൽ വീണത്, വിദ്യാഭ്യാസത്തിന്റെ കുറവോ, പണത്തിന്റെ കുറവോ ഒന്നുമല്ലല്ലോ.മറിച്ചു തലയിൽ ഒന്നുമില്ലാതായിപ്പോയിട്ടാണ്.സ് വാതന്ത്രമായ വിവേചന ബുക്തിയില്ലാതെ വന്നതിനാലാണ്. അങ്ങിനെ വരുവാൻ കാരണവും തങ്ങളുടെ പൂർവികർ കൈമാറിപ്പോരുന്ന ചില അർത്ഥമില്ലാത്ത ചിതകളും വിശ്വാസങ്ങളും മാതാപിതാക്കൾ മക്കളിലേക്കും പകർന്നു കൊടുത്തത് മൂലമാണ്.മതമോ വിശ്വാസമോ വേണ്ടാ എന്നല്ല ഞാൻ പറഞ്ഞത്. മതവും വിശ്വാസവും മനുഷ്യനെ സന്മാർഗ്ഗത്തിലേക്ക് നയിക്കുവാൻ പോന്നതാണെങ്കിലും പലപ്പോഴും കൂടുതലായി സംഭവിച്ചു കാണുന്നത് ഇതിന്റെ നേരെ വിപരീതമാണ്.പ്രവാചകന്മാരുടെ കാലത്തുള്ളതോ,പൗരാണിക കാലത്തുള്ളതോ ആയ വസ്തുക്കൾ, ഇരുതലമൂരി,വെള്ളിമൂങ്ങ, തുടങ്ങിയവ നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു വെച്ചാൽ ധനം കുമിഞ്ഞു കൂടും എന്നുവിശ്വാസിക്കുന്ന മന്ദബുക്തികളുടെ എണ്ണമെടുത്താൽ ഞാനീ പറഞ്ഞത് വാസ്തവമാണെന്നു കാണാവുന്നതാണ്. ഇത്തരക്കാരുടെ ഈ വർദ്ധനവ് തന്നെയാണ് ഈ മോൻസൺ മാരുടെ വിജയവും. കൂടാതെ മതവും വിശ്വാസവും വിൽക്കുകയും ഭക്ഷിക്കുകയും ചെയ്ത് ജീവിക്കുന്ന ഒരു കൂട്ടം മതാചാര്യന്മാരുടെ നിലനിൽപ്പും.നിങ്ങൾക്ക് എത്ര പണമുണ്ടെങ്കിലും ദിവ്യത്വമോ, സിദ്ധികളോഒരിക്കലും അവ വില കൊടുത്തു വാങ്ങിക്കുവാൻ കഴിയില്ല.അതു ശുദ്ധമായ മനസോടെയും വ്രതാനുഷ്ഠാനങ്ങളിലൂടെയും സൽക്കർമ്മങ്ങൾക്കൊണ്ടും അനവധി നാളുകളാലുള്ള ജീവിത ചര്യകളാലും നേടിയെടുക്കേണ്ട ഒന്നാണ്.
അതിനാൽ ഓർക്കുക, യുക്തി രാഹിത്യങ്ങളായ ചിന്തകളും വിശ്വാസങ്ങളും മാതാപിതാക്കൾ പുതു തലമുറയ്ക്കും പകർന്നു കൊടുത്തു കൊണ്ട്, അവരെയും ശാസ്ത്രീയമായ അവ ബോധങ്ങളിൽ നിന്നും, സാംസ്കാരികമായ മൂല്യങ്ങളിൽ നിന്നും പിന്നോട്ടടിച്ചുകൊണ്ട് ഇരുട്ടിൽ തളച്ചിടുന്ന പ്രവണതതകളിൽ നിങ്ങളും പങ്കാളി ആകാതിരിക്കട്ടെ. സ്വാതന്ത്ര ചിന്തകളാണ് നല്ലൊരു സമൂഹം കെട്ടിയുയർത്തുന്നതിന്റെ ആദ്യ ഘടകം അതിനാൽ.ചിന്തകൾ സ്വാതന്ത്രമാകട്ടെ. സമൂഹത്തിന്റെയും നാടിന്റെയും അന്ധകാരം നീങ്ങിടട്ടെ.

എം.തങ്കച്ചൻ ജോസഫ്.












