LIMA WORLD LIBRARY

ഒരു ഗാനത്തോട് ദേവരാജൻ മാസ്റ്റർ ചെയ്ത ക്രൂരത! – ബീയാർ പ്രസാദ്

കവിതയും ഗാനവും രണ്ടാണ്. കവിക്ക് സമൂഹത്തോടുള്ള ആദർശനിഷ്ഠമായ പ്രതിബദ്ധതയും വൈകാരികമായ സമീപനവും ആവിഷ്കരിക്കുന്നതാണ് കവിത. അതു വ്യക്തിനിഷ്ഠമായ വീക്ഷണമായിരിക്കും. ഒപ്പം കലാത്മകമായിരിക്കുകയും വേണം. ഗാനങ്ങൾ അങ്ങനെയല്ല. കഥയിലെ കഥാപാത്രങ്ങളുടെ വൈകാരികമായ അവസ്ഥകളെ ചിത്രീകരിക്കുന്നതാണ് അവ. കവി ആ കഥാപാത്രമായി മാറി അയാളുടെ മനസ്സിലൂടെ കടന്നു പോകണം. എന്നാൽ അപൂർവം ചില സന്ദർഭങ്ങളിൽ കവിതകൾ ഗാനങ്ങളായി സിനിമയിലും നാടകത്തിലുമൊക്കെ വരാറുണ്ട്.  ചിലപ്പോൾ വരുകളിൽ ചില മാറ്റങ്ങൾ വരുത്തിയാകും ഉപയോഗിക്കുക. നിരവധി കവിതകൾ സിനിമയിൽ ഗാനങ്ങളായി മാറിയിട്ടുണ്ട്. അവ കൂടുതൽ ജനപ്രീതി നേടിയിട്ടുമുണ്ട്. ഉദാഹരണം ‘ ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന’ എന്ന ചലച്ചിത്ര ഗാനം. ഓ. എൻ. വി. ഇത് കവിതയായി  എഴുതിയതാണ്. ‘ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം’ എന്നായിരുന്നു അദ്ദേഹം കവിതയിൽ എഴുതിയിരുന്നത്. സിനിമയ്ക്കു വേണ്ടി ചെറിയ മാറ്റങ്ങൾ വരുത്തിയെന്നേ ഉള്ളു. കവിതയിലെ എല്ലാ വരികളും ഗാനത്തിൽ ഇല്ലതാനും. അതുപോലെ ‘സ്വർഗ്ഗവാതിൽ പക്ഷി ചോദിച്ചു  ഭൂമിയിൽ സത്യത്തിനെത്ര വയസ്സായി’, എന്ന വയലാറിൻറെ കവിത, ‘ശ്രാന്തമംബരം  നിദാഘോക്ഷ്മളം’ എന്ന  ജി. ശങ്കര ക്കുറുപ്പിൻറെ  കവിത, ‘ആരാദ്യം പറയും’ എന്ന ഓ. വി. ഉഷയുടെ കവിത, ‘മരണമെത്തുന്ന നേരത്ത്നീയെൻറെ’ എന്നുതുടങ്ങുന്ന റഫീഖ് അഹമ്മദിൻറെ  കവിത, ‘നീ തന്നെ ജീവിതം സന്ധ്യേ’ എന്ന അയ്യപ്പപ്പണിക്കരുടെ കവിത. ഇതൊക്കെ പിന്നീട് സിനിമയിൽ ഗാനങ്ങളായോ അല്ലെങ്കിൽ കവിതാരൂപേണ തന്നെയോ ഉൾപ്പെടുത്തുകയുണ്ടായി. 1978 ൽ പുറത്തിറങ്ങിയ ‘അണിയറ’ എന്ന ഭരതൻ ചിത്രത്തിലേതാണ് നമ്മൾ ഇവിടെ പരാമർശിക്കുന്ന ഗാനം. ‘അനഘ സങ്കൽപ ഗായികേ ‘ എന്നാണ് അതു തുടങ്ങുന്നത്. കവിതയായി എഴുതപ്പെട്ട ഒരു ഗാന ശിൽപമാണിത്. പി. ഭാസ്കരൻറെ   രചനയാണ്. കവിതയും ഗാനവും വേർതിരിച്ചറിയാൻ കഴിവുള്ള  ജി.ദേവരാജനാണു സംഗീതം നൽകിയിരിക്കുന്നത്. കവിതയുടെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെ യേശുദാസിൻറെ ഹൃദ്യമായ ആലാപനവും. പല്ലവി അനുപല്ലവി ചരണം തുടങ്ങിയ വിഭജനങ്ങളൊന്നുമില്ല. അതിനാൽ ഘണ്ഡങ്ങൾക്കിടയിൽ പല്ലവി ആവർത്തിക്കു ന്നില്ല. ഇടയിൽ ബാക്ഗ്രൗണ്ട് മ്യൂസിക് ഇല്ല. പകരം സംഗീതത്തിൻറെ ഒരു ലിങ്ക്  മാത്രം. കാരണം ഇത് കവിതയാണെന്നുള്ള സംഗീതസംവിധായകൻറെ ബോദ്ധ്യം തന്നെ. സാഹിത്യബോധം നന്നായുള്ള സംഗീത സംവിധായകരിൽ ദേവരാജൻ മാസ്റ്ററോളം ഔന്നത്യം മറ്റാർക്കുമില്ല. എന്നിട്ടും അസ്ഥാനങ്ങളിൽ ഔചിത്യമില്ലാതെ വരികൾ മുറിച്ചതിൻറെ കല്ലുകടി ഈ ഗാനത്തെ ആകമാനം ഗ്രസിച്ചു നിൽക്കുന്നു.

“അനഘ സങ്കല്പ ഗായികേ മാനസ

മണിവിപഞ്ചികാ വാദിനീ നിന്നുടെ

മൃദുകരാംഗുല സ്പർശനാലിംഗന

മദ ലഹരിയിലെൻറെ കിനാവുകൾ………

എന്ന് അപൂർണ്ണതയിൽ നിറുത്തുന്നു. സങ്കല്പ ഗായികയെയാണ് നായകൻ അഭിസംബോധന ചെയ്യുന്നത്. അവൾ അനഘയാണ്. അഘം  ഇല്ലാത്തവൾ, നിർമ്മല! സങ്കൽപ്പത്തിലെ പാട്ടുകാരിയെ പരിശുദ്ധയായി കാണാമല്ലോ. എൻറെ മനസ്സാകുന്ന മണിവീണ വായിക്കുന്നവൾ! നിൻറെ മൃദുവായ കൈവിരലുകൾ കൊണ്ട് എൻറെ മനസ്സിനെ തൊട്ടുണർത്തുകയും ആലിംഗനം ചെയ്യുകയുമാണ് നീ. വലംകൈകൊണ്ട് വീണയുടെ തന്ത്രികൾ മീട്ടുകയും ഇടംകൈ വീണയുടെ അടിയിലൂടെ കടത്തി സ്വരങ്ങൾ വായിക്കുകയുമാണല്ലോ. അത് മാറോടുചേർത്ത് ആലിംഗനം ചെയ്യുന്നതു പോലെയാണ്.  സങ്കല്പത്തിലെ ആ ഗായിക, ആരാധകനായ തന്നെ അങ്ങനെ ചേർത്തു പിടിക്കുന്നതായി അയാൾ കരുതുന്നു. പ്രണയിനിയുടെ ആലിംഗനവും സംഗീതവും മദിപ്പിക്കുന്ന ലഹരിയായി അയാളെ പൊതിയുന്നു. അതിലുണരുന്ന അയാളുടെ കിനാവുകൾ……..? ഇവിടെ വരി മുറിയുകയാണ്. കവിതാ സുന്ദരിയെ ഗാനത്തിൻറെ  അളവു കുപ്പായം ബലമായി അണിയിക്കുന്നതിൻറെ വിപര്യയം!

“…….. മുഖപടവും മുലക്കച്ചയും മാറ്റി

സുഖദ നർത്തനം ചെയ്യുന്നു ചുറ്റിലും.”

ഇതു മാത്രമായി കേട്ടാൽ ഒരു സ്ത്രീ നാണമില്ലാതെ അർദ്ധനഗ്നയായി ആഭാസ നൃത്തം ചെയ്യുന്നതായേ തോന്നൂ. കാവ്യാനുശീലനവും സംസ്ക്കാരമുള്ള അനുവാചകൻ മുൻവരികൂടി ചേർത്ത് ‘എൻറെ കിനാവുകൾ മുഖപടവും മുലക്കച്ചയും മാറ്റി’ എന്നു തുടർച്ചയിൽ അർത്ഥം സ്വീകരിച്ച് ആസ്വദിച്ചു കൊള്ളണം. നായകൻ അവളുടെ സംഗീതാലിംഗനത്തിലമർന്ന്, അതിൻറെ മദിപ്പിക്കുന്ന ലഹരിയിൽ സ്വയം മറന്നിരിക്കുന്നു. അവൻറെ കിനാവുകൾ  ലജ്ജയുടെ പോലും തടസ്സമില്ലാതെ സുഖം പകർന്ന് ചുറ്റിലും നൃത്തം ചെയ്യുന്നു. സ്വന്തം സ്വപ്നങ്ങൾക്ക് അവൻറെ മുന്നിൽ നിറഞ്ഞാടാൻ മുഖമറയോ മുലക്കച്ചയോ ആവശ്യമില്ലല്ലോ!

“തരള മാനസ മായാ മരാളിക

തവ മനോഹരഗാന യമുനയിൽ…….

കഴുത്തിൽ കത്തി വയ്ക്കും പോലെ ഇവിടെയും വരി അസ്ഥാനത്ത് മുറിക്കുന്നു. എൻറെ ഇളകുന്ന മനസ്സ്  യഥാർത്ഥമല്ലാത്ത ഒരു അരയന്നമായി മാറിയിരിക്കുന്നു. ആ മായാഹംസം നിൻറെ സുന്ദരഗാനമാകുന്ന യമുനാ നദിയിൽ………? വീണ്ടും അപൂർണ്ണമായി മുറിയുകയാണ്. ആശയം മാത്രമല്ല, ഗാനവും. പാടി നിറുത്തും പോലെ മന്ദ്രസ്ഥായിയിൽ തീരുമ്പോൾ ആശയത്തെ പിൻതുടരുന്ന ആസ്വാദക മനസ്സ് മുറിഞ്ഞ മണ്ണിരയെപ്പോലെ പൂർണ്ണതയ്ക്കുവേണ്ടി പിടയും. മ്യൂസിക് ലിങ്കിനു ശേഷം പുതിയ തുടക്കം പോലെ അടുത്ത വരി പൂർവ്വബന്ധമില്ലാതെ തുടരുന്നു.

“…….സമയ തീരത്തിൻ ബന്ധനമില്ലാതെ

മരണ സാഗരം പൂകുന്ന നാൾ വരെ

ഒരു മദാലസ നിർവൃതീ ബിന്ദുവായ്

ഒഴുകുമെങ്കിലോ ഞാൻ നിത്യതൃപ്തനായ്!”

ഗാനമാകുന്ന യമുനാനദിയിൽ സമയതീരത്തിൻറെ ബന്ധനമില്ലാതെ ഞാൻ ഒഴുകുമെങ്കിൽ’ എന്ന്  വരികളേയും സംഗീതത്തേയും കൂട്ടിച്ചേർത്ത് ആസ്വദിക്കേണ്ട ചുമതല ഇവിടെയും കേഴ് വിക്കാരൻറെ ഉത്തരവാദി ത്തമാകുന്നു. യമുനാനദി എന്നു കേൾക്കുമ്പോൾത്തന്നെ നിരവധി പ്രണയ രംഗങ്ങൾ മനസ്സിൽ വരും. കൃഷ്ണൻറെയും രാധയുടേയും പ്രേമസല്ലാപ ങ്ങൾ യമുനാനദിയുടെ തീരത്തെ വള്ളിക്കുടിലുകളിലായിരുന്നു. ആ സംഗീത യമുനയിലൂടെ ഒഴുകുന്ന ഒരു ബിന്ദുവായ് തീരണം ഞാൻ. തീരത്തിൽ കെട്ടിയിട്ടിരിക്കുന്ന വഞ്ചിയ്ക്ക് സ്വതന്ത്രമായി ഒഴുകാനാവില്ല. അഴിച്ചു വിട്ടാലേ അതു സാദ്ധ്യമാകൂ. അതുപോലെ സമയ പരിമിതിയെക്കുറിച്ചുള്ള ഓർമ്മകളില്ലാതെ മരണമെത്തുവോളം ഒഴുകണം എനിക്ക്. (‘സമയതീരത്തിൽ’ എന്നു പാടിയിരിക്കുന്നത് പിശകാണ്, ‘തീരത്തിൻ’ എന്നാണു ശരി.)

ഏതു നദിയും ചെന്നുചേരുന്നത് സമുദ്രത്തിലാണ്. അതോടെ നദി ഇല്ലാതാകുന്നു. അവളുടെ മരണമാണത്. അതാണ് മരണസാഗരം എന്നു കവി പറയുന്നത്. നദിയുടെ കാമുകനാണ് സമുദ്രം എന്നു ഭാരതീയ കാവ്യസങ്കല്പം. കാമുക സമുദ്രത്തിൻറെ മാറിലലിഞ്ഞ് സ്വയം ഇല്ലാതാകുന്ന നദീകാമുകി കുമാരനാശാൻറെ നളിനിയെ ഓർമ്മിപ്പിക്കുന്നു. ദിവാകരയോഗിയുടെ മാറിൽ വീണ്, സംഗമ രതിമൂർച്ഛയിൽ ഓംകാര നിശ്വാസത്തോടെ മരിക്കുന്ന നളിനി! അങ്ങനെ തൻറെ സങ്കല്പ ഗായികയോടൊപ്പം മരിക്കണമെന്നാണ് ആരാധകൻറെ ആഗ്രഹം. മരണത്തിൻറെ മറ്റൊരു മനോഹര ഭാവകല്പന കൂടി ഈ വരികളിൽ നിഗൂഹനം ചെയ്തിട്ടുണ്ട് കവി. എൻറെ ആസ്വാദക മനസ്സ് ഒരു മായാഹംസമാണ്. ഹംസങ്ങൾ ഒരിക്കലേ പാടാറുള്ളു. അതു മരണ സമയത്താണ്. പാട്ടിലലിഞ്ഞ് അവ മരണത്തിൽ വിലയിക്കുന്നു എന്നാണു കാവ്യ സങ്കല്പം. ഹംസഗാനത്തിന് മരണഗാനമെന്നാണ് അർത്ഥം. അതുപോലെ ഞാനും നിൻറെ പാട്ടിൽ ലയിച്ച് മരിക്കുമെങ്കിൽ അതാണ് ജീവിത സാഫല്യം! അതുവരെ അവളുടെ സംഗീതത്തിൻറെ അലസവും മദഭരിതവുമായ നിർവൃതിയിൽ ഒരു ബിന്ദുവോളം ചെറുതായി ഒഴുകാൻ കഴിയുമെങ്കിൽ ഞാൻ തൃപ്തനായി എന്നല്ല, നിത്യതൃപ്തനായി എന്നാണ് അയാളുടെ മനോഗതം.

ആറ് ഈരടികളുള്ള ഈ കവിതയിൽ വെറും രണ്ടേ രണ്ട് വാചകങ്ങളേ ഉള്ളു. ‘അനഘ സങ്കല്പ ഗായികേ’ എന്നു തുടങ്ങി ‘സുഖദ നർത്തനം ചെയ്യുന്നു ചുറ്റിലും’  വരെ ഒരു വാചകം. ‘തരള മാനസ’ മുതൽ ‘നിത്യ തൃപ്തനായി’ വരെ അടുത്ത വാചകം.    മലയാള ഭാഷയിലെ ശോകാർദ്ര വൃത്തങ്ങളിലൊന്നായ      ഉപസർപ്പിണിയിലാണ് ഈ കവിത രചിച്ചിരിക്കുന്നത്. പിന്നീട് വന്ന ‘സ്പിരിറ്റ്’ എന്ന സിനിമയിലെ ‘മരണമെത്തുന്ന നേരത്ത്’  എന്നു തുടങ്ങുന്ന റഫീക്ക് അഹമ്മദിൻറെ കവിതയും ഈ വൃത്തത്തിലാണ്. ശങ്കരാഭരണം എന്ന രാഗത്തിലാണ് ഗാനം ചിട്ട ചെയ്തിരി ക്കുന്നത്. അനന്തമായ ആലാപന സാധ്യതകളുള്ള രാഗമാണത്. എങ്കിലും അതിൻറെ ഭാവതലങ്ങളെ മാത്രം ആഴത്തിൽ തലോടിക്കൊണ്ടാണ് ദേവരാജൻ മാസ്റ്റർ ഇതിൽ ഈണം പകർന്നിരിക്കുന്നത്. വീണാ തന്ത്രികൾ പോലെ മുറുകിയ മാനസിക സമ്മർദ്ദങ്ങളെ അയച്ചുവിട്ട്, ശാന്തത പ്രദാനം ചെയ്യാൻ ശങ്കരാഭരണ രാഗത്തിനു കഴിയും. മറ്റ് നിരവധി ഗാനങ്ങളുടെ ആലാപനരീതിയിൽ നിന്നും വ്യത്യസ്തമായ  സമ്പ്രദായത്തിലാണ് യേശുദാസിൻറെ  ആലാപനം. സംഗീതസംവിധായകൻറെ നിർദ്ദേശം അനുസരിച്ച്, താഴ്ന്ന സ്ഥായിയിൽ അധികം ബൃഗകളില്ലാതെ, ഏതാണ്ട് നിർവികാരതയോട് അടുത്തു നിൽക്കുന്ന ആർദ്രതയിൽ ആലപിച്ചിരിക്കുന്നു. ഇത് കവിതയുടെ ആശയത്തെ പ്രഫുല്ലമാക്കിക്കൊണ്ട് ശാന്തനിർവൃതിയിലേക്ക് നമ്മെ ഒഴുക്കിക്കൊണ്ടുപോകും. കവിതയുടെ സുഖസാന്ത്വനത്തിലും സംഗീതത്തിൻറെ മാസ്മരികതയിലും ഒരു നീർക്കുമിള പോലെ ഒഴുകി   ഒന്നുമല്ലാതായി തീരുന്നതു പോലെയുള്ള അനുഭവം.

അനൗചിത്യത്തിൻറെ കടുംമുറിക്കലുകളില്ലായിരുന്നെങ്കിൽ മലയാളത്തിലുണ്ടായവ യിൽ ഒന്നാംനിരയിൽ എണ്ണപ്പെടേണ്ട ഗാനമാണിത്. ഇതു കേൾക്കുമ്പോളെല്ലാം വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. അറിവുള്ള ദേവരാജൻ മാസ്റ്റർ എന്തിനിങ്ങനെ ഒരു ക്രൂരത ചെയ്തു എന്നോർത്തു വേദനപ്പെടാറുണ്ട്. അദ്ദേഹം നമുക്കു നൽകിയ നൂറായിരം ഗാനതല്ലജങ്ങളുടെ പ്രഭാപൂരത്തിൽ ഈ സുന്ദര വികല്പത്തെ മറക്കാനും മറയ്ക്കാനുമാണ് ഇഷ്ടം. ഈ അനൗചിത്യം കൂടി ഇല്ലാതിരുന്നെങ്കിൽ എത്ര ആസ്വാദ്യമാകുമായിരുന്നു ഗാനം! എങ്കിലും ഗാനരൂപേണ ആവിഷ്കരിക്കപ്പെട്ട ഈ കാവ്യ സംഗീത ശില്പത്തിന്  ‘ഭാസ്കരൻ ദേവരാജൻ യേശുദാസ്’ ത്രയത്തെ  പ്രണമിക്കുന്നു.

(മലയാളത്തിലെ അനർഘ രത്നങ്ങളായ മുപ്പതു പാട്ടുകളുടെ ആസ്വാദന വിശകലനങ്ങളുമായി ഉടൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ നിന്ന്)

  • Comment (1)
  • So beautifully explained. Thank you. I’ve always felt something is wrong with this. This is cathartic. Thanks again. God bless.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px