കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-25

പതിയെ പതിയെ മുന്നില്‍ തെളിഞ്ഞുവന്ന രൂപത്തെ അവര്‍ വ്യക്തമായി കണ്ടു. കസവുനേര്യതില്‍ കാണപ്പെട്ട ആ രൂപത്തിന്റെ അഴിഞ്ഞുവീണ പനങ്കുല പോലുള്ള മുടിയിഴകള്‍ കാറ്റില്‍ പരന്നുലഞ്ഞു. നക്ഷത്രത്തിളക്കമുള്ള വെള്ളാരംകണ്ണുകള്‍ ഉദയസൂര്യന്റെ കിരണങ്ങള്‍ തട്ടിയപ്പോള്‍ വജ്രം പോലെ തിളങ്ങി. അനുപമവും അലൗകികവുമായ സൗന്ദര്യത്തിന്റെ തേജസ് ചുറ്റുപാടും നിറഞ്ഞു. അഭൗമമായ ആ സൗന്ദര്യത്തില്‍ ആര്‍ക്കുമൊന്ന് കൈകൂപ്പി തൊഴാന്‍ തോന്നിപ്പോകും. ഇളംതണുപ്പുള്ള കാറ്റ് മന്ദം മന്ദം വീശിയപ്പോള്‍ അന്തരീക്ഷത്തില്‍ ഇലഞ്ഞിപൂക്കളുടെ സുഗന്ധം പരന്നു.
കാണെക്കാണെ ആ രൂപം വലുതായി ആകാശത്തോളം മുട്ടി. കണ്ണുകളിലെ ഭാവം സ്ഥായിയായിരുന്നെങ്കിലും അസാമാന്യമായ രൂപഭാവത്തില്‍ വന്യത കലര്‍ന്ന് തുടങ്ങി. ഉമ പേടിയോടെ രവിയെ മുറുക്കെപ്പിടിച്ചു. വിനയന്റെ കണ്ണുകളിലും ഭയത്തോടൊപ്പം അരുതേയെന്നൊരപേക്ഷ നിറഞ്ഞു. ലാളിത്യത്തിന്റെ നിറകുടമായിരുന്ന കുഞ്ഞാത്തോലിനെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന അയാള്‍ക്ക് പെട്ടെന്നു കണ്ട ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പൂജയില്‍ നിമഗ്‌നരായിരുന്ന കിഴക്കേടത്ത് മൂസ്സോ സൂര്യദേവന്‍ തിരുമേനിയോ ഇതൊന്നും തന്നെ അറിഞ്ഞിരുന്നുമില്ല. പൊടുന്നനെ, അന്തരീക്ഷത്തില്‍ ഇടിവെട്ടുന്നതുപോലെ അട്ടഹാസശബ്ദം മുഴങ്ങിയപ്പോള്‍ ഒരു നിമിഷം ഒന്നു ഞെട്ടിനിന്നെങ്കിലും അവര്‍ മന്ത്രജപവും പുഷ്പാരാധനയും തുടര്‍ന്നു കൊണ്ടേയിരുന്നു. തുടര്‍ന്ന് ആരോ ചരല്‍ വാരിയെറിയുന്നത് പോലെ ഹോമാഗ്‌നിയില്‍ എന്തോ വീണുതുടങ്ങിയപ്പോള്‍ മൂസ്സ് മിഴികള്‍ തുറന്നു. ഹോമാഗ്‌നി ഒരു വേള ആളിയതിനു ശേഷം പുകഞ്ഞുനിന്നപ്പോള്‍ വെളുത്ത് കാണപ്പെട്ട ആ വസ്തുക്കള്‍ ആലിപ്പഴങ്ങളാണെന്ന് മൂസിനു മനസ്സിലായി. കോപിഷ്ഠയായ കുഞ്ഞാത്തോലിനെ ശാന്തയാക്കുവാന്‍ കിണഞ്ഞ് ശ്രമിച്ച് മൂസ് യക്ഷിണീമന്ത്രം ഉരുവിട്ടുകൊണ്ടേയിരുന്നു.

അലറിവിളിച്ചും പൂജാവസ്തുക്കള്‍ വലിച്ചെറിഞ്ഞും കുഞ്ഞാത്തോല്‍ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ രവിയും ഉമയും കൂപ്പുകൈകളുമായി ശാന്തയാകുവാന്‍ കുഞ്ഞാത്തോലിനോടപേക്ഷിച്ചു. തൊണ്ടപൊട്ടിയ ശബ്ദത്തില്‍ അലറിക്കരഞ്ഞും അട്ടഹസിച്ചും കുഞ്ഞാത്തോല്‍ തന്റെയുള്ളില്‍ കെട്ടിക്കിടന്നിരുന്ന പകയും വൈരാഗ്യവും പുറത്തെടുത്തു. പതിനഞ്ച് വര്‍ഷങ്ങളായി അലഞ്ഞുനടന്നതെന്തിനോ ആ കര്‍മ്മം പൂര്‍ത്തിയാക്കാതെ ഈ ഭൂമി വിട്ടുപോകാനാവില്ല. കുഞ്ഞാത്തോലിന്റെ നിസ്സഹായത മൂസ്സിനു മനസ്സിലായിത്തുടങ്ങിയിരുന്നു. അദ്ദേഹം ഇനി പൂജ തുടരുന്നതിലെ അര്‍ത്ഥമില്ലായ്മയെ സ്വയം അപഗ്രഥിച്ചു. നിസ്സഹായയായിരുന്ന ഒരു പെണ്ണില്‍ നിന്നും അപകടകാരിയായ ഒരു രക്ഷസിലേക്ക് രൂപാന്തരം പ്രാപിക്കാനുണ്ടായ സാഹചര്യങ്ങള്‍ സ്വാഭാവികമല്ലാതിരുന്നതുകൊണ്ട് ഇനിയും കുഞ്ഞാത്തോലിനെതിരെ എന്തെങ്കിലും വ്യഥാ ചെയ്യാന്‍ ആ വൃദ്ധന്‍ തയ്യാറായില്ല.

കര്‍മ്മഫലം… ദൈവങ്ങള്‍ക്കുപോലും അതില്‍ നിന്നും മോചനം ഉണ്ടായിട്ടില്ല, പിന്നെയല്ലേ വെറും മനുഷ്യനായ വാര്യര്‍….! ചിന്തകള്‍ അത്തറ്റമെത്തിയപ്പോള്‍ അദ്ദേഹം സൂര്യദേവന്‍ തിരുമേനിയെ ഒന്നു നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം ഗ്രഹിച്ചെന്ന വണ്ണം സൂര്യദേവന്‍ തിരുമേനി നിശബ്ദനായിരുന്നു.

കിഴക്ക് വെള്ള കീറിത്തുടങ്ങി. അരനാഴികയ്ക്കുള്ളില്‍ അമാവാസിയുടെ സ്വാധീനം പൂര്‍ണ്ണമായും കഴിയും. ഹോമകുണ്ഡത്തിലേക്ക് ഇപ്പോഴും നനുനനുത്ത ആലിപ്പഴങ്ങള്‍ തുരുതുരാ വിതറുകയാണ് കുഞ്ഞാത്തോല്‍. കെട്ടുതുടങ്ങിയ ഹോമാഗ്‌നിയെ വന്ദിച്ച് ആ വൃദ്ധന്‍ പീഠത്തില്‍ നിന്നും എഴുന്നേറ്റു. രണ്ടുകൈകളും കൂപ്പി ആ ഭീമാകാരമായ രൂപത്തിന്റെ മുന്നില്‍നിന്നു. താന്‍ ചെയ്ത കര്‍മങ്ങള്‍ കൊണ്ടുണ്ടായ വേദന മറക്കണമേയെന്നപേക്ഷിച്ച് മൂസ് പൂജയില്‍ നിന്നും പിന്മാറിയപ്പോള്‍ ദിഗന്തങ്ങള്‍ വിറയ്ക്കുമാറുച്ചത്തില്‍ കുഞ്ഞാത്തോല്‍ പൊട്ടിച്ചിരിച്ചു. ‘ഈ ഭൂമി വിട്ടുപോവാം, ഒരു കണക്ക് തീര്‍ത്തതിനുശേഷം’ കുഞ്ഞാത്തോല്‍ പറയുന്നത് ശബ്ദം മുഴങ്ങിയില്ലെങ്കിലും മൂസിനു അറിയാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ഞൾ കൊണ്ട് പെരുമരത്തോലില്‍ ചക്രം വരച്ച് മഞ്ഞനൂല് കെട്ടി കുഞ്ഞാത്തോലിന്റെ വാക്‌സ്തംഭനം നടത്തിയത് അദ്ദേഹത്തിനപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നു. ഒരു നുള്ളു തെച്ചിപ്പൂക്കള്‍ കൈക്കുടന്നയിലെടുത്ത് നെഞ്ചോട് ചേര്‍ത്ത് മന്ത്രമുരുവിട്ട് മൂസ് കിഴക്കോട്ടെറിഞ്ഞതും മുരളലും അട്ടഹാസവും ആയി ശബ്ദം പുറത്തുവന്നിരുന്ന ആ നാവില്‍ നിന്നുമുയര്‍ന്ന ‘വാര്യരേ’ എന്ന വിളിയില്‍ അകത്ത് മുറിയില്‍ കിടന്നിരുന്ന വാര്യര്‍ ഞെട്ടിവിറച്ചു.

‘വാര്യരെ കൊന്നുകൊല വിളിച്ചിട്ടേ ഞാന്‍ പോവൂ’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ കുഞ്ഞാത്തോലിനു മുന്നിലേക്ക് ഉമ കൂപ്പുകൈകളുമായി ചെന്നു.

അച്ഛനെ വെറുതെ വിടണമെന്നും ശിക്ഷിക്കല്ലേയെന്നുമുള്ള ഉമയുടെ അപേക്ഷ കേട്ട് കുഞ്ഞാത്തോല്‍ മുഖംവെട്ടിച്ചു.

തന്റെ കുടുംബം കുളം തോണ്ടിയ വാര്യരെ വെറുതെ വിടാനാവില്ലെന്ന് അതിയായ ക്രോധത്തോടെ കുഞ്ഞാത്തോല്‍ പറയുന്നത് ഉമ കേട്ടു. ആ ഭീമാകാരരൂപത്തിന്റെ വലതുകരം വാര്യത്തേക്ക് നീട്ടിയതും ആരോ കരങ്ങളില്‍കോരിയെടുത്ത മട്ടില്‍ വാര്യരുടെ ശരീരം പുറത്തുവന്നു. അന്തരീക്ഷത്തില്‍ ആടിയുലഞ്ഞ അച്ഛന്റെ ശരീരം ഒരു കളിപ്പന്തുപോലെ താഴേക്ക് പതിച്ചപ്പോള്‍ ഉമ കണ്ണുകള്‍ അടച്ചു. ഒന്നു കരയുവാന്‍ പോലുമാകാതെ നിലത്ത് വീണ വാര്യര്‍ ആ ഭീമാകാരരൂപത്തെ നോക്കി ദയയ്ക്കായി കേണു.

പെട്ടെന്ന്, ആകാശം കരിനിറം പൂണ്ട് ശക്തിയാര്‍ന്ന മഴ പെയ്തുതുടങ്ങി. കുഞ്ഞാത്തോലിന്റെ രൂപത്തില്‍ തട്ടി വെള്ളിക്കമ്പികള്‍ പോലെ നിലത്തേക്ക് പതിക്കുന്ന മഴത്തുള്ളികള്‍.
മരണം ഇപ്പോഴും പേടിപ്പെടുത്തി മുന്നില്‍ നില്‍ക്കുന്നതറിയാമെങ്കിലും ജീവിതം മടക്കിക്കിട്ടുമെന്നൊരു നേരിയ പ്രതീക്ഷ വാര്യര്‍ക്കിപ്പോഴുണ്ട്. കിഴക്കേടത്ത് മൂസ്സിന്റെ സാമീപ്യം മനസ്സിലാക്കിയപ്പോള്‍ തനിക്ക് രക്ഷപ്പെടാനാവുമെന്നൊരു ശുഭാപ്തിവിശ്വാസം. വാര്യരുടെ ജീവന്‍ പിടിച്ചടക്കാനുള്ള ഓരോ ശ്രമവും പരാജയപ്പെട്ടു തുടങ്ങിയപ്പോള്‍ കുഞ്ഞാത്തോല്‍ കൂടുതല്‍ ക്രൂദ്ധയായി. മഴയില്‍ നനഞ്ഞമണ്ണില്‍ ശരീരം തളര്‍ന്ന് കിടക്കുന്ന വാര്യരുടെ ജീവനെ സംരക്ഷിക്കുന്നത് ഉമയുടെ പിതൃഭക്തിയുടെ കവചമാണെന്നും ഉമയുടെ അനുവാദം കൂടാതെ കുഞ്ഞാത്തോലിനു വാര്യരെ ഒന്നും ചെയ്യാനാവില്ലെന്നും മൂസ്സ് മനസിലാക്കി. അദ്ദേഹം ഉമയെ സമീപിച്ചു കുഞ്ഞാത്തോലിന്റെ മോക്ഷം ഉമയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നറിയിച്ചു. സ്വന്തം മകളെപ്പോലെ കാണേണ്ട ഒരു പെണ്‍കുട്ടിയേയും അവളുടെ കുടുംബത്തേയും നശിപ്പിച്ചതില്‍ അച്ഛനു പങ്കുണ്ടെങ്കില്‍ കുഞ്ഞാത്തോലിന്റെ ലക്ഷ്യപ്രാപ്തിക്ക് ഒരിക്കലും ഒരു തടസം ആവില്ലെന്ന് ഉമ മറുപടി പറഞ്ഞു. ആ ഉത്തരം കേട്ടതും അത്യധികമായ ആഹ്ലാദത്തോടെ കുഞ്ഞാത്തോല്‍ മണ്ണില്‍ നിന്നും ഇരുകൈകളും കുത്തി എഴുന്നേറ്റു. കൂര്‍ത്തനഖങ്ങള്‍ നീട്ടി കണ്ണുകള്‍ തുറിച്ച് സംഹാരരുദ്രയായി വാര്യരുടെ ശരീരത്തിലേക്ക് കുഞ്ഞാത്തോല്‍ വലതുകാല്‍ ഉയര്‍ത്തിയതും ഉമ ഒരു തേങ്ങലോടെ പിന്തിരിഞ്ഞു, ഒപ്പം വിനയനും. കര്‍മ്മബന്ധങ്ങളുടെ മാറാപ്പഴിഞ്ഞെന്നും ഫലങ്ങളോരോന്നായി വാര്യര്‍ക്ക് കിട്ടാനുള്ള സമയമായെന്നും മൂസ്സിനും തിരുമേനിക്കും വ്യക്തമായി. രവിയുടെ കണ്ണുകള്‍ക്ക് മുന്നില്‍ നിലത്തുകിടന്ന് കണ്ണീരൊഴുക്കുന്ന വാര്യരും പ്രതികാരേച്ഛയോടെ അയാളെ സമീപിക്കുന്ന കുഞ്ഞാത്തോലും ഒരു പുകമറയ്ക്കുള്ളിലെന്നവണ്ണം അവ്യക്തമായി കാണപ്പെട്ടു. ‘Life has to go on. Death is a part of it’. ഏതൊരാളുടെയും മരണവാര്‍ത്തയില്‍ മനസ്സിനെ സമാധാനിപ്പിക്കാന്‍ പറയുമായിരുന്ന ആ വാക്കുകള്‍ അയാള്‍ ശബ്ദമില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here