നമുക്ക് ഭീഷണിയാണെന്ന് തോന്നുന്നവരെപ്പറ്റി നൻമ പറയാൻ നമുക്ക് വിമുഖതയാണ്.മദർ തെരേസയെക്കുറിച്ചോ, അബ്ദുൾ കലാമിനെക്കുറിച്ചോ നമുക്ക് നന്മ പറയാൻ ബുദ്ധിമുട്ടുണ്ടാകില്ല.പക്ഷെ, നമ്മുടെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപാഠികൾ, ബന്ധുമിത്രാദികൾ, സഹോദരങ്ങൾ ഇവരെക്കുറിച്ചൊക്കെ നന്മ പറയാൻ നമുക്ക് ബുദ്ധിമുട്ടനുഭവപ്പെടും.കാരണം, ഇവരൊക്കെ നമ്മുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കും നിലനിൽപ്പിനും ഭീഷണിയാകുമോയെന്ന ഭയം. നമുക്ക് നന്മ പറയാനും കാണാനും ചെയ്യാനും അറിയാഞ്ഞിട്ടല്ല. നന്നായിട്ടറിയാവുന്നവർ തന്നെയാണ്. പക്ഷെ വേണ്ടെന്നു വയ്ക്കുകയാണ്.കാരണം, അവർ നമ്മേക്കാൾ വലുതാകുമോയെന്ന ഭയം! അപരൻ നമ്മേക്കാൾ വലുതാകുമോയെന്ന ഭയമാണ് അപരനെക്കുറിച്ച് നന്മ പറയുന്നതിൽ നിന്നും അപരൻ്റെ നന്മ കാണുന്നതിൽ നിന്നും അപരന് നന്മ ചെയ്യുന്നതിൽ നിന്നും നമ്മെ പിൻതിരിപ്പിക്കുന്നത്. അതേ സമയം സമൂഹത്തിൽ നമ്മേക്കാൾ സുസമ്മതരും സ്ഥാനമുള്ളവരുമായി മാറാതിരിക്കാൻ മറ്റുള്ളവരെ എത്ര വേണേലും ഇകഴ്ത്തിക്കാണിക്കാൻ നാം മിടുക്കരുമാണ്. അസൂയയിൽ നിന്നുള്ള ഈ ഭയം മാറാൻ ഒരേ ഒരു പരിഹാരമേയുള്ളൂ. എല്ലാവരേയും പ്രിയപ്പെട്ടവരായി കാണുക.












