നിസ്സാര കാര്യങ്ങളെപ്പറ്റി ചിന്തിച്ച് ആകുലപ്പെടുന്നവരാണ് നമ്മിൽ പലരും. ഈ ആകുലതകളിൽ നല്ലൊരു പങ്കും അടിസ്ഥാന രഹിതമായ കാര്യങ്ങളെക്കുറിച്ചായിരിക്കും. ഇതു കൊണ്ട് തേരട്ടയുടെ ജീവിതാനുഭവമല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകാനിടയില്ല. എണ്ണമറ്റ കാലുകൾ കൊണ്ട് ഇഴഞ്ഞ്, തൊട്ടാൽ ചുരുളുന്ന തേരട്ടയോട് ഒരിക്കൽ ഒരു സുഹൃത്തു ചോദിച്ചു: താങ്കൾ ഏതു കാലുകൊണ്ടാണ് ഇഴഞ്ഞു തുടങ്ങിയത്? ഇതു കേട്ടതോടെ തേരട്ട ചിന്താധീനനായി.ഇതേക്കുറിച്ച് ആലോചിച്ചും ചിന്തിച്ചും പട്ടിണി കിടന്ന് തേരട്ട ചത്തുപോയി.വെറുതെ ചിന്തിച്ചു കൂട്ടാതെ ഇഴഞ്ഞു കൊണ്ടിരുന്നെങ്കിൽ ആ തേരട്ട അതിവേഗം ചത്തുപോകില്ലായിരുന്നു.
ഇതു തന്നെയല്ലേ പല കാര്യങ്ങളിലും നമ്മുടെയും അനാവശ്യ ആകുലതയും ചിന്തകളും.ഭീതികൾക്കും ഭയാശങ്കകൾക്കും പലപ്പോഴും നാം ഉൾപ്പെട്ടു പോകുമെന്നത് വാസ്തവമാണ്. എന്നാൽ മറ്റുള്ളവർ നമ്മെക്കുറിച്ച് ചിന്തിക്കുന്നതെന്തെന്നും പറയുന്നതെന്തെന്നും ഓർത്ത് ഭയാശങ്കകളോടെ കഴിയാതെ അത്തരം ആകുലതകളൊക്കെ മാറ്റിവച്ച് കർത്തവ്യ ബോധത്തോടെ ജീവിച്ചാൽ ജീവിതം ആസ്വാദ്യകരമാക്കാം. നമ്മുടെ ജീവിതം തേരട്ട സമാനമാകാതെ തേനീച്ച സമാനമാക്കുക.












