നാമൊക്കെ പിറന്നു വീഴുന്നത് ഓരോ നക്ഷത്രങ്ങളായിട്ടല്ലേ? പ്രകാശവും പ്രസാദവും പ്രസരിപ്പിക്കുന്ന കുഞ്ഞുങ്ങൾ! ചിത്രശലഭങ്ങളെപ്പോലെ സ്വാതന്ത്ര്യത്തിൻ്റെ, സന്തോഷത്തിൻ്റെ, പ്രകൃതി സൗന്ദര്യത്തിൻ്റെ സന്ദേശവാഹകരായി!!പക്ഷെ, ഈ സ്വർഗീയ ഭാവങ്ങളും നൈസർഗികതയും നമ്മിൽ നിന്നും അതിവേഗം കവർന്നെടുക്കപ്പെടുന്നു.
അന്ധവും ഭ്രാന്തവുമായ ദുരയും വെറിയും സ്വാർത്ഥതയും കാമക്രോധ കാ പട്യങ്ങളും ഭീരുത്വവും കൊണ്ട് നിറഞ്ഞവരാകുന്നു. ഈ മാറ്റത്തിനു ഉത്തരവാദികൾ നാം തന്നെയല്ലേ?
ആർത്തിപൂണ്ട കഴുകനും ചതിക്കുന്ന കുറുക്കനും പതിയിരുന്നാക്രമിക്കുന്ന കുറുനരിയും കാപട്യം കാണിക്കുന്ന മുതലയും അനുകരിക്കുന്ന കുരങ്ങനും വാലാട്ടിപ്പട്ടികളുമൊക്കെയായി നാം മാറ്റപ്പെടുന്നത് അറിയാറില്ല. ഇനിയെങ്കിലും നാം നമ്മിലേക്ക് സ്വയം നോക്കാൻ ശ്രമിക്കുക. നമ്മുടെ നക്ഷത്ര ശോഭയും സ്നേഹ നൈർമല്യവും ചിത്രശലഭത്തിൻ്റെ മനോഹാരിതയും ദൈവിക തേജസും നമ്മിൽ നിന്നും കവർന്നെടുക്കപ്പെട്ടിട്ടില്ലേ? ഉണ്ടെങ്കിൽ അത് തിരിച്ചുപിടിക്കുക. ഞാനും നീയും എന്ന വേർതിരിവിൽ നിന്ന് നമ്മളെന്ന സ്നേഹ സാമ്രാജ്യത്തിൽ നമുക്കൊന്നാകാം.
സജോസ് ക്ലെമൻ്റ്












