റോമിനെ വിറപ്പിച്ച സെന്‍റ് പീറ്റര്‍
സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മുന്നിലെ ചത്വരം നിറയെ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. ഈ പുണ്യഭൂമിയിലേയ്ക്ക് കയറുന്നതിന് മുന്‍പ് റോഡരികില്‍ മലകളില്‍ നിന്ന് വരുന്നതുപോലെയൊരു നീരുറവ. മലനിരകളൊന്നും കാണാനില്ല. വെള്ളം ലഭിക്കുന്നത് ഫൗണ്ടനിലൂടെയാണ്. അവിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സ്നേഹത്തോടെ ദാഹമകറ്റുന്നു. ഞങ്ങളും അവിടേയ്ക്ക് ചെന്ന് ദാഹമകറ്റി. ഏതോ അരുവിയില്‍ നിന്നും ഒഴുകിയെത്തുന്ന തണുത്ത ജലം. ഏതുകാലത്തും ഈ വെള്ളത്തിന് കൊടും തണുപ്പായിരിക്കും. ദാഹം ശമിച്ചപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു നിര്‍വൃതി അനുഭവപ്പെട്ടു. അവിടെ നില്ക്കുന്നവര്‍ ഓരോ ഭാഷകളില്‍ സംസാരിക്കുന്നുണ്ട്. ഒരമ്മ വെള്ളം കുടിക്കുന്നരംഗം അവരുടെ മകളത് ക്യാമറയില്‍ പകര്‍ത്തി.
ഞങ്ങള്‍ അതിവിശാലമായ ചത്വരത്തിലേയ്ക്കു നടന്നു. എല്ലാവരും നീണ്ടുനിവര്‍ന്നു നില്ക്കുന്ന ക്യൂവില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നു. കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. സൂര്യന്‍റെ പ്രഭാകിരണങ്ങള്‍ ഇവിടെയാണോ എന്ന് തോന്നുമാറ് എങ്ങും തിളങ്ങുന്നു. ബസ്സലിക്കയുടെ മുകളില്‍ പ്രാവുകള്‍ പറക്കുന്നു. നിശ്ചലപാദങ്ങളുമായി ആകാശത്തേയ്ക്ക് തലയുര്‍ത്തി ശിഷ്യന്‍ന്മാരുടെയും മറ്റ് വിശുദ്ധന്‍ന്മാരുടെയും ഒരാള്‍പൊക്കത്തിലുള്ള 140 പ്രതിമകള്‍ സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങുന്നു. സാധാരണ പ്രകാശത്തെക്കാള്‍ ദിവ്യ പ്രകാശമെന്ന് തോന്നി. എന്‍റെ മനസ്സ് ആ ദിവ്യ സൗന്ദര്യത്തിന്‍റെ തുടിപ്പുകള്‍ തേടിയലഞ്ഞു. പ്രതിമകള്‍ ആകാശത്ത് നിന്ന് വരുന്ന സൂര്യരശ്മികളെ കോരിക്കുടിച്ച് പ്രകാശിക്കുന്നു. അതിന്‍റെ താഴ്വാരങ്ങളില്‍ വെറും നിഴലുകളായി നില്‍ക്കുന്ന ജനക്കൂട്ടം. മറ്റൊന്ന് എന്നെ ആശ്ചര്യപ്പെടുത്തിയത് മുകളില്‍ പറക്കുന്ന പ്രാവിന്‍ കൂട്ടങ്ങളാണ്. യുറോപ്പിലെങ്ങും മനുഷ്യനൊപ്പം പ്രാവുകള്‍ ഇണങ്ങി ചേര്‍ന്നാണ് ജീവിക്കുന്നത്. ഇവിടുത്തെ പ്രാവുകളില്‍ കണ്ട ഒരു പ്രത്യേകത പട്ടാളച്ചിട്ടയാണ്. വളരെ അച്ചടക്കത്തോടെ ഒരു നിരയായി താളാത്മകമായി നടക്കുന്നതുപോലെ തത്തിത്തത്തി നടക്കുന്നു, പറക്കുന്നു. മറ്റൊരു ഭാഗത്ത് നിന്ന് ഒരേ താളക്രമത്തില്‍ ഒരു കൂട്ടര്‍ ഒരേ നിരയായി പറന്നു വരുന്നു. ഉടനടി ഇവിടെയിരുന്നു പ്രാവിന്‍ കൂട്ടം മറ്റൊരു ഭാഗത്തേക്ക് അതുപോലെ പറക്കുന്നു. ആരിലും കൗതുകമുണര്‍ത്തുന്ന കാഴ്ച. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആയിരകണക്കിനാളുകള്‍ ക്യുവില്‍ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വലിയ ജനക്കൂട്ടം കാണുമെന്ന് ആരില്‍ നിന്നും കേട്ടതുമില്ല. ഇവരൊക്കെ രാത്രിയില്‍ ഉറങ്ങാതെ സെന്‍റ് പീറ്ററിന്‍റെ ശവകുടീരം കാണാന്‍ വന്നവരാണ്. ഞങ്ങള്‍ ഏഴുമണിക്കുതന്നെ വന്നിട്ടും ഇത്ര വലിയൊരു ക്യുവില്‍ നില്ക്കുമെന്ന് കരുതിയില്ല.
എന്‍റെ മുന്നില്‍ നിന്ന ഒരു ശ്രീലങ്കനെ തമിഴനാണെന്ന് തെറ്റിധരിച്ച് പരിചയപ്പെട്ടു. അയാള്‍ തമിഴനല്ല. ശ്രീലങ്കയില്‍ നിന്നുള്ള ഒരു ബുദ്ധമത സന്യാസിയാണ്. വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കും. ലോകത്തെ എല്ലാം തീര്‍ത്ഥാടനകേന്ദ്രങ്ങളും ജാതിമതഭേതമെന്യേ സന്ദര്‍ശിക്കുമെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. ബദരിനാഥിലെ മഹാവിഷ്ണു ക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലുലൊക്കെ വന്നുപോയതും പറഞ്ഞു. ജാതിമത ചിന്തകളെക്കാള്‍ ആത്മാവില്‍ ഒന്നിക്കുന്നവരാണ് സന്യാസിമാര്‍. ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം അതാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ആധ്യാത്മിക മൂല്യങ്ങള്‍ പരമപ്രധാനമെന്ന് വിശ്വസിക്കുന്ന സന്യാസി ഈശ്വര സാക്ഷാത്കാരത്തിനായി ലോകമെങ്ങും സഞ്ചരിക്കുന്നു. ഇവിടേക്ക് തീര്‍ത്ഥാടകരായി വരുന്നത് ക്രിസ്ത്യാനികള്‍ മാത്രമല്ലെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. 1657 ല്‍ പുതിയ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ രൂപകല്പന ചെയ്ത് പണി തുടങ്ങിയത് പ്രശസ്ത ശില്‍പ്പിയും ചിത്രകാരനുമായിരുന്ന ജയാന്‍ ലോര്‍ണിയോ ബര്‍ണിനിയാണ്.
സൂര്യപ്രഭയില്‍ ശുഭവസ്ത്രധാരികളെപ്പോലെ തിളങ്ങുന്ന കെട്ടിടങ്ങളില്‍ നിന്ന് ആത്മീയഗീതങ്ങളോ മറ്റ് മതവേദമന്ത്രോച്ചാരണങ്ങളോ ഒന്നും കേള്‍ക്കുന്നില്ല. ജനസാഹരം നിശ്ശബ്ദമാണ്. എല്ലാവരിലും ആത്മാവിന്‍റെ മുഖം തെളിഞ്ഞു നിന്നു. കുറെ മുന്നില്‍ കമിതാക്കള്‍ മുട്ടിയുരുമ്മി നില്‍ക്കുന്നു. ആ പുരുഷന്‍ ഒരു കറുത്ത കണ്ണട ഊരിമാറ്റി പിറകിലേക്ക് നോക്കി.
ഞാനും ക്യുവില്‍ നിന്ന് തിരിഞ്ഞുനോക്കി ക്യൂവിന്‍റെ നീളം കൂടിക്കൊണ്ടിരുന്നു. റോമന്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് ഈ മൈതാനത്ത് വിനോദപരിപാടികള്‍ മാത്രമായിരുന്നില്ല നടന്നത് ക്രൂരവും നിന്ദ്യവുമായ മനുഷ്യക്കുരുതിയും നടന്നിരുന്നു. നീറോ ചക്രവര്‍ത്തിയുടെ കാലം മുതലാണ് ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടത്. വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും കാല്പാടുകള്‍ പതിഞ്ഞ മണ്ണില്‍ നിന്നപ്പോള്‍ അത്യന്തം ആദരവ് തോന്നി. ചക്രവര്‍ത്തിക്കൊപ്പം അകമ്പടി സേവിച്ചു കുതിരവണ്ടികളും പരിചാരകന്മാരുമെല്ലാം മുന്നില്‍ തെളിഞ്ഞു വന്നു. ചക്രവര്‍ത്തിമാര്‍ ഓരോരോ ദേശങ്ങള്‍ കീഴടക്കി വരുമ്പോള്‍ ഈ മൈതാനം ഒരു മഹോത്സവ പറമ്പായി മാറും. ഗംഭീരമായ നാദഘോഷങ്ങളാല്‍ അന്തരീക്ഷം പ്രകമ്പനം കൊള്ളും. ആ ദിനം അന്ത:പുരവാസികളും ദേശങ്ങളിലെ ജനങ്ങളും ഇവിടെ തടിച്ചുകൂടും. ദേശമാകെയും ഓരോ തെരുവീഥിയിലും ജയാരവങ്ങളയരും. റോഡിലുയരുന്ന പെരുമ്പറയുടെ ശബ്ദമെന്നാല്‍ വിജയാവേശം ജനങ്ങളുടെ ചെവിയിലെത്തിക്കാനുള്ള സന്ദേശമാണ്. പൂജകളെല്ലാം അതി രാവിലെയാണ്. മറ്റുള്ള ആഘോഷങ്ങളെല്ലാം സായാഹ്നങ്ങളിലാണ് നടക്കുന്നത്. അലംകൃതമായ വേദിയില്‍ വരുന്ന ചക്രവര്‍ത്തിയെ സ്നേഹാദരവോടെ എല്ലാവരും എഴുന്നേറ്റ് നിന്ന് തലകുനിച്ച് നമിക്കും. അപ്പോഴൊക്കെ തിടുക്കപ്പെട്ടുവരുന്ന ഒരു ജനക്കൂട്ടത്തെ വഴിയോരങ്ങളില്‍ കാണാന്‍ സാധിക്കും. അന്തവിശ്വാസം, മൃഗബലി, നരബലി. ക്രിസ്തീയ വിശ്വാസികളെ മൃഗങ്ങള്‍ക്ക് ഭക്ഷണമായി കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാളായി ജറുശലേമിലെ ഗലീലയില്‍ ജനിച്ചുവളര്‍ന്ന മുക്കുവനായ 34 വയസ്സുള്ള സൈമണ്‍ എന്ന വിളിപേരുള്ള പീറ്റര്‍ എന്ന പത്രോസ് കടന്നുവരുന്നത്. നൂറ്റാണ്ടുകളായി ലോകത്തെ അടക്കി ഭരിച്ച റോമന്‍ ചക്രവര്‍ത്തിമാര്‍ മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുന്നതും അവരുടെ അസ്ഥികൂടങ്ങള്‍ മഞ്ഞിലും മണ്ണിലും തള്ളുന്നതും പത്രോസും പൗലോസും ജറുശലേമില്‍വച്ചു തന്നെ അറിഞ്ഞിരുന്നു. ഈ ദുഷ്ട സിംഹാസനത്തിന് നേരെ ദൈവ സ്നേഹത്തിന്‍റെ പരിചയുമായി റോമിലെത്താന്‍ അവര്‍ കപ്പല്‍ കയറി.
കണ്ണുനീര്‍ താഴ്വരയില്‍ കൂടി പൊയ്ക്കൊണ്ടിരുന്ന ജനങ്ങളുടെയിടയില്‍ യേശുക്രിസ്തുവിന്‍റെ ദിവ്യ സ്നേഹം അവര്‍ ഗ്രാമങ്ങള്‍തോറും പ്രസംഗിച്ചു. ദൈവത്തെ പ്രസാദിപ്പിക്കാന്‍ ഒരു യാഗവും ആവശ്യമില്ലെന്നെവര്‍ പഠിപ്പിച്ചു. പത്രോസിന്‍റെ വാക്കുകള്‍ ദിവ്യസന്ദേശങ്ങളായി ജനങ്ങള്‍ കണ്ടു. അദ്ദേഹത്തിലെ അമാനുഷിക മാഹാത്മ്യം അവര്‍ തിരിച്ചറിഞ്ഞു. ജറുശലേമില്‍ നിന്നെത്തിയ പത്രോസ്, ചക്രവര്‍ത്തിയെയും മുഖ്യ പുരോഹിതന്മാരെയും, ദേവീ ദേവന്‍ന്മാരെയും അധിക്ഷേപിക്കുന്നത് ചക്രവര്‍ത്തിയുടെ ചെവിയിലെത്തി. മണ്ണില്‍ ഈശ്വരന്‍റെ മഹത്വവും അധികാരവും തേജസ്സും ധരിച്ചിരിക്കുന്ന ഏക വ്യക്തിയാണ് ഈശ്വരന് തുല്യനായ ചക്രവര്‍ത്തി. തലമുറകളായി പുലര്‍ത്തിപ്പോരുന്ന പാരമ്പര്യ വിശ്വാസങ്ങള്‍ക്ക് അറുതിവരുത്താന്‍ നീതിയും ന്യായവും മണ്ണില്‍ വിധിപ്പാന്‍ ഈ മുക്കുവന്‍ ആരെന്ന് ചക്രവര്‍ത്തി രോഷാകുലനായി ചോദിച്ചു. മുഖ്യ പുരോഹിതന്‍ന്മാരുടെ പാദപീഠത്തിങ്കല്‍ വന്ന് നമസ്ക്കരിക്കാന്‍ രാജകല്പന ലഭിച്ചെങ്കിലും പത്രോസ് അതിന് തയ്യാറായില്ല. റോമില്‍ മഹാ പുരോഹിതന്‍റെ മേലങ്കിയണിഞ്ഞിരിക്കുന്നത് ചക്രവര്‍ത്തിയാണ്. ഇതിന് കൊടുത്തിരിക്കുന്ന പേരാണ് ‘പോണ്ടിഫെക്സ് മാക്സിമസ്’.
ഈ ഭൂലോകത്ത് വസിക്കുന്നവരുടെ രക്ഷകനായ ചക്രവര്‍ത്തി ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന മഹാപുരോഹിതനാണ്. പൂജാദിനങ്ങളില്‍ വിശുദ്ധ വസ്ത്രാലങ്കാരത്തോടെയാണ് പുരോഹിതര്‍ക്കൊപ്പം ദേവീ ദേവ വിഗ്രഹങ്ങളില്‍ മഹാപുരോഹിതനായ ചക്രവര്‍ത്തി ചുടുരക്തംകൊണ്ടുള്ള യാഗങ്ങള്‍ നടത്തുന്നത്. ആരക്തം മൃഗങ്ങളുടെ മാത്രമല്ല മനുഷ്യരുടെതുമുണ്ട്. അതിന്‍റെ ലക്ഷ്യം ഇതുവരെ ചെയ്തിട്ടുള്ള അതിക്രമങ്ങളും അകൃത്യങ്ങളും ക്ഷമിച്ച് യഥാസ്ഥാനപ്പെടുത്താനാണ്. അത്യുന്നതനായ ചക്രവര്‍ത്തിക്ക് മുഖം കാണിപ്പാന്‍ വലിയേറിയ പൊന്നും മുത്തുകളുമായി ലോകത്തിന്‍റെ പലഭാഗത്ത് നിന്ന് നാട്ടുരാജാക്കന്മാര്‍ അവിടെയെത്തും. അതെല്ലാം ചക്രവര്‍ത്തിക്ക് തേന്‍കട്ടപോലെയാണ്. പത്രോസ്സില്‍ നിന്ന് വന്ന സമ്മാനം പരിഹാസമാണ്. ജീവനുള്ള ദൈവത്തെ അറിയുക. ഭക്തന്മാരോട്, പാവങ്ങളോട് കരുണ കാട്ടുക. ജീവനും മരണവും ദൈവത്തിന്‍റെ പരമാധികാരിത്തിലാണ്. അല്ലാതെ ചക്രവര്‍ത്തിയിലല്ലെന്നും മനുഷ്യരെ അന്ധന്മാരായ വിശ്വാസികളാക്കരുതെന്നും പത്രോസ് അറിയിച്ചു.
പത്രോസിന്‍റെ നാവും പൗലോസിന്‍റെ അക്ഷരങ്ങളും ഇറ്റലിയിലെങ്ങും മൂര്‍ച്ചയുള്ള ആയുധങ്ങളായി. പൗലോസ് യൂറോപ്പിന്‍റെ പല ഭാഗങ്ങളിലേക്ക് യേശുവിന്‍റെ സുവിശേഷം പ്രസംഗിപ്പിനായി പോയി. അവരുടെ അചഞ്ചല വിശ്വാസവും നിശ്ചയദാര്‍ഢ്യവും ജനങ്ങളെ അത്ഭുതപ്പെടുത്തി. ആത്മീയ പരിജ്ഞാനം അവര്‍ ജനങ്ങള്‍ക്ക് പകര്‍ന്നുകൊണ്ടിരുന്നു. അധികാരത്തിലിരിക്കുന്ന ദൈവത്തിന്‍റെ പേരില്‍ നിഗളിക്കുന്ന അഹങ്കാരികളും അന്ധന്‍ന്മാരുമായ പുരോഹിതന്‍ന്മാരെ അവര്‍ തുറന്നുകാട്ടി. യേശുവിന്‍റെ നാമത്തില്‍ ആരാധകരുടെയെണ്ണം പെരുകുകയും കുറ്റന്‍ വിഗ്രഹങ്ങളുടെ മുന്നില്‍ പൂജ നടത്താന്‍ വരുന്നവരുടെയെണ്ണം കുറയുകയും ചെയ്തു. മുഖ്യ പുരോഹിതര്‍ ഗൂഢാലോചനനടത്തി മഹാ പുരോഹിതനായ ചക്രവര്‍ത്തിയുടെ മുന്നില്‍ പത്രോസിനെതിരെ ഈശ്വരനിന്ദയടക്കം ധാരാളം കുറ്റങ്ങള്‍ നിരത്തി. ഉടനടി ചക്രവര്‍ത്തി പട്ടാളക്കാര്‍രോട് ആജ്ഞാപിച്ചു. “പത്രോസിനെ വിചാരണ ചെയ്യാന്‍ കൊണ്ടുവരിക.”
കാരാഗ്രഹത്തിലടച്ചിരുന്ന പത്രോസിനെ മുഖ്യപുരോഹിതരുടെ, ചക്രവര്‍ത്തിയുടെ മുന്നില്‍ ഹാജാരാക്കി വിചാരണ തുടര്‍ന്നു. പത്രോസിന്‍റെ ഭാഗം വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം തുറന്നു പറഞ്ഞു. ” നിങ്ങള്‍ നടത്തുന്ന നരബലി, മൃഗബലി, സുഗന്ധദ്രവ്യ പൂജകള്‍ പിശാചിന്‍റെതാണ്. ദൈവത്തിനു നിങ്ങളുടെ ചുടുചോരയും, സുഗന്ധവും, സ്വര്‍ണ്ണവും വെള്ളിയും ആവശ്യമില്ല. പാവപ്പെട്ട ക്രിസ്തു വിശ്വാസികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കുക ഇല്ലെങ്കില്‍ നിങ്ങള്‍ ധരിച്ചിരിക്കുന്ന കീരീടം ഇവിടെ വീണുടയും. നിങ്ങള്‍ ഇരിക്കുന്ന കോട്ടകള്‍ എന്‍റെ ജീവനുള്ള ദൈവം തകര്‍ക്കും. നിങ്ങള്‍ സുഖിച്ചുല്ലസിക്കുന്ന ഈ മണിയറകള്‍ മണ്ണോട് ചേര്‍ന്ന് ഇവിടെ ജീവനുള്ള ദൈവത്തിന്‍റെ സിംഹാസനമുയരും. ജനത്തോട് ദുഷ്ടതയും അനീതിയുമാണ് നിങ്ങള്‍ ചെയ്യുന്നത് പുണ്യപ്രവര്‍ത്തികളല്ല. കുറ്റമില്ലാത്ത രക്തത്തെ നിങ്ങള്‍ ദേവിദേവന്‍ന്മാര്‍ക്ക് ദാനമായി നല്കുന്നു. ദൈവം ദുഷ്ടതയില്‍ പ്രസാദിക്കുന്നവനല്ല. ദൈവത്തിനാവശ്യം പുണ്യപ്രവൃര്‍ത്തികള്‍, ത്യാഗങ്ങള്‍, കരുണയും ദയയും ആണ്. നിങ്ങളുടെ നാളുകള്‍ ഭൂമിയില്‍ എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്കു നിലനില്ക്കണമെങ്കില്‍ ജീവനുള്ള ദൈവത്തെ ആരാധിക്കു. നീതിയില്ലാത്ത സിംഹാസനം ജനത്തിനെന്തിന്? പത്രോസിന്‍റെ വാക്കുകള്‍ തുടരാന്‍ ചക്രവര്‍ത്തി അനുവദിച്ചില്ല. ഉടനടി കല്പന വന്നു. ഇയാളെ യേശുവിനെപ്പോലെ കുരിശില്‍ തറച്ചുകൊല്ലുക. ന്യായസന സദസ്സിലിരുന്ന മുഖ്യ പുരോഹിതരും വിശ്വസ്തരും ആ രാജകല്പന കേട്ട് ആഹ്ലാദത്തിലാറാടി. ന്യായാധിപന്‍ന്മാര്‍ മൗനികളായി. പുരോഹിതര്‍ കവിളില്‍ ചുംബിച്ചു സന്തോഷം പങ്കുവച്ചു. പുഞ്ചിരിയോടെ എല്ലാവരും മടങ്ങി.
ഈ വാര്‍ത്ത കേട്ട് ക്രിസ്തു വിശ്വാസികളുടെ ഹൃദയം തകര്‍ന്നു. ഇരുട്ടുപരന്ന ഈ മണ്ണില്‍ ഒരല്പം പ്രകാശം വന്നത് കെട്ടടങ്ങിയതില്‍ ജനങ്ങള്‍ക്ക് അസഹ്യമായ വേദന തോന്നി. ദൈവത്തിനു മുന്നില്‍ അത്മ സമര്‍പ്പണം ചെയ്ത ആ വിശുദ്ധനെ ഏ.ഡി. 64 ഒക്ടോബര്‍ 13 ന് പത്രോസിന്‍റെ ആഗ്രഹ പ്രകാരം തലകീഴായി ഇവിടെയാണ് ക്രൂശിലേറ്റിയത്. കൊടുംകാടായി കിടന്ന പ്രദേശങ്ങളില്‍ കൊടുങ്കാറ്റായി വന്ന പത്രോസ് നീറോയുടെ അന്ത: പുരത്തിലും തന്‍റെ സാന്നിദ്ധ്യമറിയിച്ചു. നീറോയുടെ മുന്നില്‍ രാപകല്‍ ഒരു നിഴലായി പത്രോസ് സഞ്ചരിച്ചു. ഉറക്കത്തില്‍ നിന്നുപോലും ചക്രവര്‍ത്തി ഞെട്ടിയുണരാന്‍ തുടങ്ങി. പത്രോസ്സിന്‍റെ വിധി ഹൃദയത്തിനേറ്റ ഏറ്റവും വലിയ മുറിവായി നീറോയെ പിന്‍ തുടര്‍ന്നു.റോം കത്തിച്ചാമ്പലായപ്പോഴും അദ്ദേഹം വീണ വായിച്ചുകൊണ്ടിരുന്നു. പത്രോസിന്‍റെ ക്രൂശുമരണം ജനങ്ങള്‍ ഒരു വിപ്ലവ കാഹളമായി ഏറ്റെടുത്തു.
ആ ക്രൂശുമരണം പാശ്ചത്യ ലോകത്തെങ്ങും പ്രകമ്പനം സൃഷ്ടിച്ചു. കുനിഞ്ഞ ശിരസ്സുമായി ജീവിച്ചിരുന്ന അടിമകളുടെ ശിരസ്സുയുര്‍ന്നു. പല ഭാഗങ്ങളിലും പ്രതിഷേധമുയര്‍ന്നു. അതു കണ്ട് കലിയിളകിയ റോമന്‍ പട്ടാളം എതിരാളികളെ കൊന്നൊടുക്കി. വീടുകള്‍ തീവച്ചു നശിപ്പിച്ചു. റോമന്‍ സാമ്പ്രാജ്യത്തിനതിരെ ശബ്ദിക്കുന്നവരെ ദേവീദേവന്‍ന്മാരെ ആരാധിക്കാത്തവരെ ബന്ധികളാക്കി എത്തിച്ചത് വന്യമൃഗങ്ങള്‍ക്കു മുന്നിലാണ്. ധാരാളം മനുഷ്യര്‍ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി. മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ ഭരിച്ചത്. ഈ ദുഷ്ടശക്തികളെ പിടിച്ചുലച്ചത് പത്രോസാണ്. ആ കാറ്റ് ജീവന്‍റെ തുടിപ്പായി ലോകമെങ്ങുമുയര്‍ന്നു. നീറോ ചക്രവര്‍ത്തിയുടെ പാതപിന്‍തുടര്‍ന്നവര്‍ക്കെതിരെ പൗലോസും അന്ത്രയോസും രംഗപ്രവേശം ചെയ്തു. അവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി എ.ഡി. 68 ല്‍ ക്രൂരമായി കൊലപ്പെടുത്തി. ആ വര്‍ഷമാണ് മന:ശാന്തി നഷ്ടപ്പെട്ട നീറോ അഗസ്റ്റസ് സീസ്റ്റര്‍ ചക്രവര്‍ത്തി ആത്മഹത്യ ചെയ്തത്.
റോമില്‍ ആദ്യമായി രക്തസാക്ഷി മരണത്തിന് വിധേയമായത് സെബദിയുയെ മകനും വിശുദ്ധ ജോണിന്‍റെ സഹോദരനുമായ വിശുദ്ധ ജയിംസാണ്. ക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ 11 പേരും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി രക്തസാക്ഷി മരണം വരിച്ചവരാണ്. അതില്‍ കേരളത്തിലെത്തിയ വിശുദ്ധ തോമസ് എ.ഡി 52 ലാണ് കടല്‍ മാര്‍ഗ്ഗം കൊടുങ്ങലൂരെത്തിയത്. കേരളത്തില്‍ ഏഴുപള്ളികള്‍ തീര്‍ത്തു. അരപള്ളി തീര്‍ത്തത് തമിഴ് നാട്ടിലാണ്. എ.ഡി. 63ല്‍ സ്ഥാപിക്കപ്പെട്ട, ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയുടേതായ, പാറശാലക്കടുത്തുള്ള വിശുദ്ധ തോമാശ്ലീഹായുടെ തിരുവിതാംകോട് അരപ്പള്ളിയില്‍ ഞാനും പത്രപ്രവര്‍ത്തകന്‍ കുര്യന്‍ പാമ്പാടിയും ഒരു ദിവസം താമസിച്ചിട്ടുണ്ട്. പണ്ടുകാലത്തു കാല്‍കഴുകിയാണ് അതിനുള്ളില്‍ പ്രവേശിച്ചിരുന്നത്. കരിങ്കല്ലുകൊണ്ടുള്ള ആ പാത്രവും തൊട്ടടുത്ത് പടിഞ്ഞാറു ഭാഗത്തു നില്‍ക്കുന്ന അമ്പലവവും പള്ളിമുറ്റത്തു സന്ധ്യനേരത്തു തെളിയുന്ന ദീപങ്ങളും ആ ക്ഷേത്രപരിസരങ്ങളില്‍ ചുറ്റിനടന്നതുമൊക്കെ ഓര്‍മ്മയിലെത്തി. അന്നത്തെ മതമൈത്രിയുടെ മന്ദഹാസം ഇന്നൊരു വിളറിയ മന്ദഹാസമായി മാറുന്നുണ്ടോ? എ.ഡി. 72ല്‍ മദ്രാസ്സില്‍ തമിഴര്‍ അദ്ദേഹത്തെ ശൂലമെറിഞ്ഞും കല്ലെറിഞ്ഞും കൊലപ്പെടുത്തി. സെന്‍റ് തോമസിനെ കൊലപ്പെടുത്തിയ കുന്നിന്‍ മുകളില്‍ 1547ല്‍ പോര്‍ച്ചുഗീസുകാരാണ് അവിടെയൊരു ദേവാലയം തീര്‍ത്തത്. ഞാനവിടെ പോയിട്ടുണ്ട്. ഇന്നും ഈ ദേവാലയത്തില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ പ്രാര്‍ഥിക്കാനായി വരുന്നു.
അകലെ കുന്നില്‍മുകളില്‍ ഏതോ ഒരു ദേവാലയം ശോഭിച്ചുനില്‍ക്കുന്നത് കണ്ടു. നമ്മുടെ സന്യാസി വര്യന്മാരും യോഗികളും ഹിമശൃംഗങ്ങളിലും, ഹിമാലയന്‍ ഗുഹകളിലും, പര്‍വ്വതനിരകളിലും പുഴയോരങ്ങളിലും മറ്റും ഈശ്വരനെ ധ്വാനിച്ചതെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളിലെ പുരാതന ദേവാലങ്ങളില്‍ പലതും വലിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ന് കേരളത്തിലെ ചില ദേവാലങ്ങള്‍ കണ്ടാല്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ ആഡംബര തങ്കത്തളികയില്‍ അണിയിച്ചൊരുക്കിയതുപോലെയാണ് ഇന്ന് എവിടെയും മനസ്സിന് കുളിര്‍മനല്കുന്ന അതിമനോഹരങ്ങളായ ദേവാലയങ്ങളാണുള്ളത് അത് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലും കാണാം. വിശുദ്ധ പത്രോസും പൗലോസും അടിമത്വത്തിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞ ജനതയ്ക്ക് നല്കിയത് ദൈവരാജ്യത്തേപ്പറ്റിയുള്ള പ്രബോധനങ്ങളായിരുന്നു. അത് പാശ്ചാത്യ രാജ്യത്തെങ്ങും ആത്മാവില്‍ പത്തും അന്‍മ്പതും നൂറും മേനികളായി വിളഞ്ഞു. ഞാന്‍ നില്‍ക്കുന്ന ഈ മണ്ണിലൂടെ സര്‍വ്വാഡംബര വിഭൂഷിതരായി, ആരാധനാമൂര്‍ത്തികളായി സ്വര്‍ണ്ണത്തിളക്കമുള്ള നാലും ആറും കുതിരകളെ തെളിയിക്കുന്ന രഥത്തില്‍ ചക്രവര്‍ത്തിമാര്‍ പോകുന്നത് ഓര്‍ത്തു നില്ക്കവെ ഇന്ത്യക്കാരന്‍റെ രൂപസാദൃശ്യമുള്ള ഒരാള്‍ കൈയ്യില്‍ ചെറുതും വലുതുമായ കുരിശുകള്‍, ചിത്രങ്ങള്‍, ജപമാലകള്‍, ക്രിസ്തീയ ഗാനങ്ങളുടെ സി.ഡി.കള്‍, വിവിധ ഭാഷകളിലെ ചെറു ബൈബിളുകളുമായി ഞങ്ങളുടെ മുന്നിലെത്തി. ഞാന്‍ ഹിന്ദിയില്‍ തന്നെ സംസ്സാരം ആരംഭിച്ചു. അപ്പോഴാണ് മനസ്സിലായത് ഇയാള്‍ ഇന്ത്യക്കാരനല്ല ബംഗ്ലാദേശിയാണെന്ന്. പേര് മുഹമ്മദ് ഷാ. ഹിന്ദി അറിയാം പത്ത് വര്‍ഷമായി ഇറ്റലിയിലാണ്. ഇവിടെ വന്നത് നേരായ മാര്‍ഗ്ഗത്തിലല്ല. ആദ്യം ഫ്രാന്‍സിലും അവിടെ പൊലിസ് പിടിയിലാകുമെന്ന് കണ്ട് ഇവിടെയുള്ള ഒരു ബന്ധുവിന്‍റെ അടുക്കലെത്തി. ഇന്ന് ഇറ്റാലിയന്‍ പൗരനാണ്. ബന്ധു ഒരു ചെറുകിട വ്യവസായിയാണ്. അതിലൊന്നാണ് ഈ നടത്തുന്നത്. ഇവിടെ നിന്നും വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആത്മാവിലേക്കുള്ള യാത്രയെക്കാള്‍ ജീവിക്കാനുള്ള ആത്മവിശ്വാസമാണ് അവനില്‍ കണ്ടത്. ആ കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു. നിനക്ക് ഇവിടുത്തെ ക്രിസ്താനികളില്‍ നിന്ന് പ്രയാസങ്ങള്‍ എന്തെങ്കിലുമുണ്ടോ? അവന്‍റെ പെട്ടെന്നുള്ള ഉത്തരം ” അതൊക്കെ ഇന്ത്യയിലും പാക്കിസ്താനിലുമല്ലേ? നല്ല മത വിശ്വാസികള്‍ ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കില്ല സാറെ. ഇന്നുവരെ എന്നോടാരും ചോദിച്ചിട്ടില്ല നീ ഏത് മതത്തിലുള്ളവനെന്ന്.” ഒരാത്മീയ കേന്ദ്രത്തില്‍ മതത്തെക്കാള്‍ മനുഷ്യരെ സ്നേഹിക്കുന്നവരെ കാണാന്‍ സാധിച്ചു. അതവരുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നു. ഇതുപോലെ എല്ലാ ആത്മീയ കേന്ദ്രങ്ങളിലും കാണാന്‍ കഴിയട്ടെയെന്ന് മനസ്സ് മന്ത്രിച്ചു.
ഞങ്ങള്‍ക്ക് മുന്നില്‍ നിന്ന കുട്ടികളുടെ മുന്നില്‍ മറ്റൊരു ബംഗ്ലാദേശി വില്പനയ്ക്കായിട്ടെത്തി. ഷായും അവനും ബംഗ്ലാളി ഭാഷയില്‍ സംസ്സാരിച്ചപ്പോഴാണ് ബംഗ്ലാളിയെന്ന് മനസ്സിലായത്. ഇളയെ മകന്‍ സിബിന്‍ ചിത്രങ്ങള്‍ വര്ക്കുന്നവാനാകയാല്‍ യേശുവിന്‍റെ ഒരു ചിത്രവും മകള്‍ ജപമാലയും രണ്ടുപേരില്‍ നിന്നുവാങ്ങി സന്തോഷത്തോടെ അവരെ യാത്രയാക്കി. മറ്റു പല ക്യൂവിലും ബംഗ്ലാദേശി കച്ചവക്കാരെ കണ്ടു. നേരെത്തെ വെള്ളം കുടിച്ച റോഡരികില്‍ വത്തിക്കാന്‍ പോലീസ് വാഹനം നിലയുറിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിലധികം നിന്നതിന് ശേഷം സെക്യൂരിറ്റി പരിശോധനക്ക് വിധേയമായി. വിമാനത്താവളങ്ങളിലെ പരിശോധന പോലെ തോന്നി. ഭക്ഷണമോ വെള്ളമോ അകത്തേക്ക് കൊണ്ടു പോകുവാന്‍ അനുവാദമില്ല. കൈകളില്‍ കരുതിയ വെള്ളം കുടിച്ചുതീര്‍ത്തു. തണുത്ത കാറ്റ് ആഞ്ഞുവീശി. സൂര്യ രശ്മികള്‍ ശക്തി പ്രാപിച്ചു. അടുത്ത് നില്ക്കുന്ന പൊലീസ് എല്ലാവരെയും സുസൂഷ്മം ശ്രദ്ധിക്കുന്നുണ്ട്. പരിശോധനകള്‍ കഴിഞ്ഞു ഞങ്ങള്‍ അകത്തേയക്ക് നടന്നു.













