LIMA WORLD LIBRARY

വൃശ്ചിക കുളിരും മണ്ഡല കാലവും ഓർമ്മയാകുകയാണോ – ഉല്ലാസ് ശ്രീധർ

വൃശ്ചിക കുളിരും മണ്ഡല കാലവും ഓർമ്മയാകുകയാണോ…

അമ്പലങ്ങളിൽ മാത്രമല്ല വീടുകളിലും പന്തൽ കെട്ടി ശരണം മുഴങ്ങിയിരുന്ന തണുത്ത പ്രഭാതങ്ങളും സന്ധ്യകളും…

കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച് തണുപ്പകറ്റിയിരുന്ന പുലർകാലങ്ങൾ…

മഞ്ഞു കാലത്ത് ചുണ്ടുകൾ വിണ്ടു കീറാതിരിക്കാൻ മായമില്ലാത്ത കരുപ്പട്ടി കാപ്പിയിൽ മായമില്ലാത്ത പശുവിൻ നെയ്യൊഴിച്ച് കുടിച്ചിരുന്ന തണുത്ത പ്രഭാതങ്ങൾ…

കുളിക്കാ തമ്പികളായ കുട്ടികൾ പോലും 41 ദിവസവും രാവിലേയും വൈകുന്നേരവും കുളിച്ച് ക്ഷേത്ര ദർശനം നടത്തി തൊഴുതിരുന്ന മണ്ഡലകാലങ്ങൾ…

ജാതിയും മതവും നോക്കാതെ കൂട്ടുകാരൊന്നിച്ച് തോളിൽ കൈയിട്ട് ക്ഷേത്രങ്ങളിൽ പോയിരുന്ന വൈകുന്നേരങ്ങൾ…

അയ്യപ്പൻമാർ പൊട്ടിക്കുന്ന തേങ്ങാ കഷ്ണങ്ങൾ എടുക്കാനായി മത്സരിച്ചിരുന്ന കുട്ടികൾ…

അയ്യപ്പൻമാരെ യാത്രയാക്കാൻ ബസ് സ്റ്റോപ്പ് വരെ കൊട്ടിപ്പാടി ശരണം വിളിച്ച് പിന്തുടർന്ന നാളുകൾ…

ശരണംവിളി കേൾക്കുമ്പോൾ അമ്മമാർ വീടുകൾക്കു മുന്നിൽ വന്നു നിന്ന് അയ്യപ്പൻമാരെ തൊഴുതു നിന്നിരുന്ന നാളുകൾ…

നിറമുള്ള മുത്തു മാലകൾക്ക് വേണ്ടി,
അയ്യപ്പന്റെ ചിത്രമുള്ള പ്ലാസ്റ്റിക് മോതിരത്തിന് വേണ്ടി,
ശബരിമലയിൽ മാത്രം കിട്ടിയിരുന്ന അരവണക്ക് വേണ്ടി,
ഉണ്ണിയപ്പത്തിന് വേണ്ടി,
തേങ്ങയും മഞ്ഞൾപൊടിയും നെയ്യും കൂടിക്കലർന്ന ഉപ്പു രസമുള്ള പൊരിക്ക് വേണ്ടി
അയ്യപ്പൻമാരുടെ വരവും കാത്തിരുന്ന നാളുകൾ…

വൃശ്ചിക കുളിരുള്ള രാവിൽ മൂടി പുതച്ചുറങ്ങുമ്പോഴും പേടിപ്പിച്ചിരുന്ന ക്രിസ്മസ് പരീക്ഷകൾ…

കുളിരും നിലാവും നക്ഷത്രങ്ങളും ശരണം വിളിയും വാങ്ക് വിളിയും കരോൾ ഗാനങ്ങളും നിറഞ്ഞിരുന്ന മണ്ഡലകാലവും ഓർമ്മയാകുകയാണോ…?

വൃശ്ചികം പാതിയായിട്ടും ഈ മണ്ഡലകാലത്ത് ഇതുവരെ തണുപ്പെത്തിയില്ല, ശരണംവിളികളും കേട്ടില്ല…

ഓർമ്മിക്കാൻ ഓർമ്മകളെങ്കിലുമുള്ള ഒരു തലമുറയുടെ
നഷ്ട കാലത്തെ കുറിച്ചുള്ള ഓർമ്മകളുമായി എന്റെ എല്ലാ കൂട്ടുകാർക്കും നല്ലൊരു ‘ശുഭദിനം’ നേരുന്നു………………………………….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px