LIMA WORLD LIBRARY

തോറ്റുകൊടുത്തില്ല, വൈശാഖ്

ഹാരിസ് എം.വി

ഭയമാണ് ഏറ്റവും വലിയ വൈകല്യം. ഭയമില്ലെങ്കിൽ നമുക്ക് എന്തും ചെയ്യാനാകും. വിധിയുടെ മുന്നിൽ തോറ്റുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കുക. നന്നായി പരിശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല. ഇന്ത്യൻ ആമ്പ്യൂട്ടി ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായ വൈശാഖിന്റേതാണ് ഈ വാക്കുകൾ.
കാലു നഷ്ടപ്പെട്ടവർ കളിക്കുന്ന കാൽപന്തുകളിയെയാണ് ആമ്പ്യൂട്ടി ഫുട്‌ബോൾ എന്നു വിളിക്കുന്നത്. ഗോളിയാകട്ടെ കൈകളിലൊന്ന് നഷ്ടപ്പെട്ടയാളുമായിരിക്കും. പല രാജ്യങ്ങൾക്കും ഇത്തരം ടീമുണ്ട്. അക്കൂട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് വൈശാഖ്.
സ്വന്തം ജീവിതം കൊണ്ട് വിധിയെ തോൽപിച്ച ഒരു ജേതാവിനെപ്പോലെയാണ് വൈശാഖിന്റെ സംസാരം. ചെറിയൊരു പരിക്കേറ്റാൽപോലും ഒന്നിനുമാവില്ല എന്നുപറഞ്ഞ് ഓടിയൊളിക്കുന്നവർ ഈ പേരാമ്പ്രക്കാരനെ കണ്ടുപഠിക്കണം. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടിട്ടും രാജ്യാന്തരതലത്തിൽതന്നെ ഈ ചെറുപ്പക്കാരന്റെ ഊർജം നിറഞ്ഞുനിൽക്കുകയാണ്.


സാധാരണ താരങ്ങൾക്കൊപ്പം മൈതാനത്ത് ഫുട്്‌ബോൾ കളിക്കുന്ന, അവരേക്കാൾ വേഗത്തിൽ പന്തിനു പിന്നാലെ ഓടിയടുക്കുന്ന ഈ ചെറുപ്പക്കാരനെ കണ്ടാൽ ആരും പറയില്ല ഒരു കാൽ നഷ്ടപ്പെട്ടുപോയെന്ന്. കുട്ടിക്കാലംതൊട്ടേ കാൽപന്തുകളിയെ സ്േനഹിച്ച് മൈതാനങ്ങളിൽനിന്നും മൈതാനങ്ങളിലേയ്ക്ക് പാറിപ്പറന്നു നടന്നിരുന്ന കാലത്താണ് വിധിയുടെ ക്രൂരത ഈ ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങളുടെ നിറം കെടുത്തിയത്.
അക്കഥ വൈശാഖ് തന്നെ പറയട്ടെ:  ഒരു സെപ്തംബർ രണ്ടിനായിരുന്നു സംഭവം. ഞാനന്ന് എട്ടാം ക്ലാസിൽ പയ്യോളി ജൂനിയർ ടെക്‌നിക്കൽ സ്‌കൂളിലാണ് പഠിക്കുന്നത്. ഓണാവധിക്ക് അമ്മയുടെ സഹോദരിയുടെ കായണ്ണയിലുള്ള വീട്ടിൽ പോയി. ഒട്ടേറെ കൂട്ടുകാരും കളിക്കാൻ നല്ല മൈതാനവുമുള്ളതുകൊണ്ട്് അവധിക്കാലം അവിടെ ആഘോഷിക്കാനായിരുന്നു തീരുമാനം. എന്നാൽ അവിടെയെത്തിയപ്പോഴാണ് കോഴിക്കോട്ട് ജൂനിയർ ഫുട്‌ബോൾ ടീമിന്റെ സെലക്ഷൻ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഉടൻതന്നെ വീട്ടിലേയ്ക്കു മടങ്ങാമെന്നായി. അമ്മയുടെ സഹോദരിയുടെ മകന്റെ ബൈക്കിൽ ഞങ്ങൾ വീട്ടിലേയ്ക്കുള്ള മടക്കയാത്ര തുടങ്ങി. പേരാമ്പ്രക്കടുത്ത കക്കാട് പള്ളിക്കടുത്തുള്ള വളവിൽവച്ച് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന്റെ ക്രാഷ് കാർഡിൽ തട്ടി. ചേട്ടൻ പുറത്തേയ്ക്കും ഞാൻ ബസിനടിയിലേയ്ക്കും തെറിച്ചുവീണു. ബസിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി. ചതഞ്ഞരഞ്ഞ കാലുമായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് എത്തിയത്. പരിശോധനയ്‌ക്കൊടുവിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. ഇടതുകാലിലാകട്ടെ കമ്പിയിടുകയും ചെയ്തു.
സ്വപ്‌നങ്ങളെല്ലാം അവിടെ അവസാനിക്കുകയായിരുന്നു. കാല് മുറിച്ചുമാറ്റിയതൊന്നും ഞാനറിഞ്ഞിരുന്നില്ല. കാലുള്ളതുപോലെയാണ് അനുഭവപ്പെട്ടത്. കാലിൽ തപ്പി നോക്കിയപ്പോൾ കൈ വീണുപോയി. അപ്പോഴാണ് മനസ്സു പൊള്ളുന്ന ആ യാഥാർഥ്യം ഞാനറിയുന്നത്. ഇനി കളിക്കാൻ പറ്റില്ലെന്നറിഞ്ഞപ്പോഴായിരുന്നു ഏറെ സങ്കടം. പട്ടാളത്തിൽ ചേരണമെന്നും നല്ലൊരു കളിക്കാരനായി അറിയപ്പെടണമെന്നുമൊക്കെയുള്ള സ്വപ്‌നങ്ങളാണ് തകർന്നടിഞ്ഞത്. ഇടതുകാലിനും നല്ല പരിക്കുണ്ടായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും ഒന്നരമാസത്തോളം ഫിസിയോതെറാപ്പി ചെയ്താണ് ക്രച്ചസുപയോഗിച്ച് നടക്കാൻ തുടങ്ങിയത്.
പിച്ചവച്ചു തുടങ്ങിയപ്പോൾ സുഹൃത്തുക്കളാണ് രക്ഷക്കെത്തിയത്. മാനസികമായി തളരാതിരിക്കാൻ അവർ എപ്പോഴും കൂടെ നിന്നു. വീൽ ചെയറിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ അതിലിരുന്ന് ഷട്ടിൽ ബാറ്റും ക്രിക്കറ്റുമെല്ലാം കളിച്ചുതുടങ്ങി. കൂട്ടുകാരും വീട്ടുകാരുമെല്ലാം കരുത്തായുണ്ടായിരുന്നു. ഒരു വർഷത്തോളം പഠനം മുടങ്ങി. അടുത്ത വർഷം ഓട്ടോറിക്ഷയിലാണ് സ്‌കൂളിൽ പോയിത്തുടങ്ങിയത്. ക്രച്ചസ് ഉപയോഗിച്ച് നടന്നു ക്ലാസിലെത്തി.


സുഹൃത്തുക്കളാണ് സൈക്കിൾ ചവിട്ടാൻ പരിശീലിപ്പിച്ചത്. ഒരു കാലില്ലാതെത്തന്നെ സൈക്കിൾ ഓടിച്ചുതുടങ്ങി. കൂടാതെ നീന്തലും കാർ ഡ്രൈവിംഗും പഠിച്ചു. സാഹസികയാത്രകളോടായിരുന്നു എപ്പോഴും പ്രിയം. മലയുടെ മുകളിൽ കയറണമെന്നു പറഞ്ഞാലും സുഹൃത്തുക്കൾ കൂട്ടുണ്ടാവും. നാട്ടിലെ ഫാൽക്കൻസ് ക്ലബ്ബിലെ സജീവപ്രവർത്തകനായിരുന്നതുകൊണ്ട് എപ്പോഴും സൗഹൃദവലയത്തിലായിരുന്നു ജീവിതം. സഹതാപത്തോടെയാണ് പലരും എന്നെ കണ്ടിരുന്നതെങ്കിൽ സുഹൃത്തുക്കളെല്ലാം അവരിൽ ഒരാളെപ്പോലെയാണ് എന്നോടു പെരുമാറിയത്. ആ പെരുമാറ്റം എന്നിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
കാൽപന്തുകളിയെ എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നതുകൊണ്ട് അപകടത്തിനുശേഷവും വീൽ ചെയറിൽ ഇരുന്നുകൊണ്ട് കളിക്കുമായിരുന്നു. കൃത്രിമകാൽ വെച്ചതിനുശേഷവും പരീക്ഷണം തുടർന്നു. തുടക്കകാലത്ത് ശരീരമാസകലം നല്ല വേദനയായിരുന്നു. മനസ്സിന്റെ ധൈര്യത്തിൽ കളി തുടർന്നു. വോളിബാളും കളിച്ചുതുടങ്ങി. എങ്കിലും ഫുട്ബാളിനോടായിരുന്നു പ്രിയം. ക്രമേണ കൂട്ടുകാർ അവർക്കൊപ്പം വൈശാഖിനേയും ചേർത്തു. ആദ്യമൊന്നും വേഗത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. നിരന്തരമായ പരിശീലനത്തിലൂടെ കളിക്കളത്തിൽ നിറഞ്ഞുകളിക്കാൻ തുടങ്ങി.
ദേവഗിരി കോളേജിൽ സുവോളജി ബിരുദ വിദ്യാർഥിയായിരുന്ന കാലത്ത് അവിടത്തെ ഹോസ്റ്റൽ ടീമിൽ കളിക്കുമായിരുന്നു. ആമ്പ്യൂറ്റി ടീമിനെക്കുറിച്ച് അറിയുന്നത് അവിടെവച്ചാണ്. എന്നാൽ കേരളത്തിൽ ഇത്തരമൊരു ടീമില്ലെന്ന് അറിഞ്ഞു. പിന്നീട് റഹ്മാനിയ സ്്കൂളിലെ കായികാധ്യാപകനായ തൃശൂർക്കാരൻ കിഷോറാണ് വോളിബാളിൽ ആമ്പ്യൂറ്റി ടീമുണ്ടെന്നും കളിക്കാമെന്നും പറഞ്ഞത്. അതിനായി തൃശൂരിലെത്തി സെലക്ഷനിൽ പങ്കെടുത്തു വിജയിയായി. കേരള ടീമിൽ കളിച്ചു. ക്യാപ്റ്റനായി. പിന്നീട് ഇന്ത്യൻ ടീമിലും കളിച്ചു. ശ്രീലങ്കയിലെല്ലാം പോയി കളിച്ചിട്ടുണ്ട്. പാരാ ഒളിമ്പിക്‌സിലും ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞ് വോളിബോൾ കളിച്ചു. അപ്പോഴും മനസ്സ് മുഴുവൻ കാൽപന്തുകളിയിലായിരുന്നു.
ഒടുവിൽ ഫുട്‌േബാളിലും ആമ്പ്യൂറ്റി ടീം രൂപീകരിച്ചു. തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ ആമ്പ്യൂറ്റി ഫുട്‌ബോൾ ടീമിൽ വൈശാഖും ഇടംനേടി.  ഒരിക്കൽ ബഹ്്‌റൈനിൽ നടന്ന മത്‌സരത്തിൽ സാധാരണ താരങ്ങൾക്കൊപ്പവും ഫുട്‌ബോൾ കളിച്ചിട്ടുണ്ട്. മറ്റൊരു അവസരത്തിൽ മലബാർ യുണൈറ്റഡിന്റെ താരങ്ങൾക്കൊപ്പം ചേർന്ന് മൈതാനത്ത് പന്തുതട്ടുന്ന വൈശാഖിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. രണ്ടു കാലുള്ളവരേക്കാൾ വേഗത്തിൽ ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും ഓടുകയും ആവേശത്തോടെ പന്തു തട്ടുകയും ചെയ്യുന്ന വീഡിയോ രാജ്യങ്ങൾ കടന്നും ചലനമുണ്ടാക്കിയിരുന്നു.
നോർത്ത് ഈസ്റ്റിന്റെ പരിശീലകൻ ഈ വീഡിയോ കണ്ടാണ് വൈശാഖിനെ ക്ഷണിച്ചത്. ഗുവാഹത്തിയിലേയ്ക്കാണ് നോർത്ത് ഈസ്റ്റ് വൈശാഖിനെ ക്ഷണിച്ചത്. കോഴിക്കോട് നാഗ്ജി ഫുട്‌ബോൾ കളിക്കാനെത്തിയ അർജന്റീനയുടെ അണ്ടർ 22 ടീമിനൊപ്പം കളിക്കാനുള്ള അവസരവും വൈശാഖിനു ലഭിച്ചു. ഏറെ അഭിനന്ദനങ്ങൾക്കൊപ്പം വൈശാഖിന്റെ കളിപ്പെരുമ കടലുകടക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ലോകകപ്പിനു മുന്നോടിയായി അടുത്ത മാർച്ചിൽ ഇറാനിൽ നടക്കുന്ന ആമ്പ്യൂറ്റി ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വൈശാഖ്.
വൈശാഖിന്റെ ജഴ്‌സിക്കുമുണ്ട് പോരാട്ടത്തിന്റെ മറ്റൊരു കഥ. ജഴ്‌സി നമ്പർ രണ്ടിനോടാണ് വൈശാഖിന് ഇഷ്ടം. സെപ്തംബർ രണ്ടിനായിരുന്നു ജീവിതം മാറ്റിമറിച്ച ആ അപകടം സംഭവിച്ചത്. അതിന്റെ വേദനകൊണ്ടല്ല ഈ തിരഞ്ഞെടുപ്പ്. പിറന്നാളുപോലെ അതൊരു ആഘോഷദിവസമാണ്. നെഗറ്റീവിനെ പോസിറ്റീവാക്കിയ ദിനം. റയൽമാഡ്രിഡിന്റെ ആരാധകനായ ബ്രസീലിനെ സ്‌നേഹിക്കുന്ന ഈ മലബാറുകാരൻ ചിരിയോടെ പറയുന്നു.
പ്രൊഫഷണൽ ഫുട്‌ബോൾ കോച്ചിംഗിൽ ഡി ലൈസൻസ് നേടുന്ന ആദ്യത്തെ ആമ്പ്യൂറ്റി ഫുട്‌ബോൾ കളിക്കാരൻ കൂടിയാണ് വൈശാഖ്. കോഴിക്കോട്ടെ ഒട്ടേറെ ക്ലബ്ബുകൾക്ക് വേണ്ടിയും ഫുട്‌ബോൾ കളിക്കാറുണ്ട്. കൂടാതെ ട്രക്കിങ്ങിലും സ്്കൂബാ ഡൈവിങ്ങിലും മോട്ടിവേഷൻ കോച്ചിങ്ങിനുമെല്ലാം മുൻപന്തിയിലുണ്ട് ഈ ചെറുപ്പക്കാരൻ.
ജീവിതത്തിൽ ഇത്തരം വെല്ലുവിളികളെ നേരിടുന്ന ഒട്ടെറെ പേരെ നേരിട്ട് കണ്ടിട്ടുണ്ട്. പല ആശുപത്രികളിൽനിന്നും രോഗികൾക്ക് ഊർജം പകരാനായി ഡോക്്ടർമാർ വിളിക്കാറുണ്ട്. ഏത് ദുർഘടാവസ്ഥയെയും അതിജീവിക്കാനുള്ള മാനസികമായ കരുത്ത് പകരുകയാണ് ലക്ഷ്യം. എന്നാൽ പലരുടെയും പ്രശ്‌നം ഇത്തരമൊരു അവസ്ഥ മറ്റുള്ളവർ അറിയുന്നതിലാണ്. വിരലു നഷ്ടപ്പെട്ട ഒരു സുഹൃത്തുണ്ട്.  അദ്ദേഹം എപ്പോഴും കൈ പോക്കറ്റിലിട്ടാണ് നടപ്പ്. ഈ മനോഭാവം മാറണം.
എല്ലാവരിലും എന്തെങ്കിലും കഴിവുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും. അത് കണ്ടെത്തുകയാണ് വേണ്ടത്. അതിന് പരിശ്രമം ആവശ്യമാണ്. ഏറെ ശ്രമിച്ചിട്ടും നടന്നില്ലെങ്കിൽ പലരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ കിട്ടുന്നതുവരെ പരിശ്രമം തുടരുക. ഒടുവിൽ വിജയം നിങ്ങളെ തേടിയെത്തും. അനുഭവത്തിന്റെ വെളിച്ചത്തിൽ വൈശാഖ് പറയുന്നു.
പാലക്കാട്ട് ഹോമിയോ വകുപ്പിൽ ഉദ്യോഗസ്ഥനാണ് വൈശാഖ്. റിട്ടയേർഡ് അധ്യാപകനായ ശശിധരനാണ് പിതാവ്. അമ്മ രജനി. അനുജൻ നന്ദകിഷോറും ഫുട്‌ബോൾ കളിക്കാരനാണ്. പഞ്ചാബിലെ യുണൈറ്റഡ് എഫ്.സിക്കു വേണ്ടി കളിച്ചിട്ടുണ്ട്.
വൈശാഖിന്റെ പോരാട്ടവീര്യത്തിനു കരുത്ത്്്് പകരാനായി കൂട്ടുകാരിയെത്തുകയാണ് 2022 ജനുവരി ഒൻപതിന്. ബി.എഡുകാരിയായ തീർഥയെയാണ് വൈശാഖ് ജീവിതസഖിയാക്കുന്നത്.

Kadappadu – malayalam news

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px