വടക്കെ കൂട്ടാലെ നാരായണൻകുട്ടി നായർ 1932 ഏപ്രിൽ 6 ന് തുശ്ശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു മട്രികലേഷൻ ജയിച്ച ശേഷം ഒൻപതു വർഷംമലബാർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു 1959 മുതൽ 69 വരെ ഡൽഹിയിൽ പത്രപ്രവർത്തകൻ 1955-ൽ സാഹിത്യ രംഗത്ത് വന്നു. കഥയും നോവലുമായി 59 കൃതികൾ രണ്ടു നോവലും ഏതാനും കഥകളും ഇ oഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് ആരോഹണം എന്ന നോവലിന് 1969-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.1978-ൽ കഥകർക് പൊതുവായി സാഹിത്യ പ്രവർത്തക സഹകരണസംഘം വക പ്രാഫ.എം.പി പോൾ അവാർഡ് .1982ൽ പയ്യൻ കഥകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് .1981-ൽ മതേതരത്വം മുൻനിർത്തിയുള്ള രചനക്ക് എം.ജെ അകമ്പറോടൊപ്പം ഡൽഹി ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഓഫ് അണ്ടർസ്റ്ൽ ഡിംങ്ങ് ആൻഡ് പ്രെമേ ഡിറ്റി എന്ന സ്ഥാപനത്തിന്റെ ശാർമണി അവാർഡ് കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായിരുന്നു. കിള്ളി കറിശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാർ സമാരക ത്തിന്റെ ചെയർമാനായിരിക്കെ 2004 ജനുവരി 25-ന് അന്തരിച്ചു .
ഭാര്യ: വേദവ തി അമ്മ
മക്കൾ: ബാലചന്ദ്രൻ, രഞ്ജന .
വി.കെ.എൻ:
മലയാള സാഹിത്യനഭസ്സിലെ ഒറ്റനക്ഷത്രം.
———————————-
മലയാള സാഹിത്യത്തിൽ ഒരു വടവൃക്ഷമായി പന്തലിച്ചു നിൽക്കുകയാണ് ഇന്നും വി.കെ.എൻ എന്ന ത്രയ്യ ക്ഷരി. പതിനാറ് വർഷങ്ങൾക്ക് മുമ്പ് ,വി.കെ.എൻ. എന്ന ആ മഹാപ്രതിഭ തീർച്ചയായും എന്നും ജീവിക്കുന്ന എഴുത്തുകാരിൽ ഒരാളായി ഉൾപ്പെടേണ്ടതാണ്.അത് ചരിത്രത്തിന്റെ യെന്ന പോലെ, ഒരു നിസ്തുലവും, പർവ്വത സമാനവുമായ ഒരു പ്രതിഭാശക്തിക്ക് അവശ്യം അർഹതപ്പെട്ട മിനിമം കാവ്യനീതിയാണ്. മയിൽപ്പീലിയും, മേഘത്തുണ്ടും, നാലു കെട്ടുകളിലെ വിതുമ്പുന്ന സ്ത്രൈണതയും മലയാള ഭാവനയുടെ ആഭിജാത്യത്തെ നിർണ്ണയിക്കുന്ന ഏക മാത്ര ചിഹ്നങ്ങഓണെന്ന കപട ധാരണയെ സർഗ്ഗാത്മകമായും, ബൗദ്ധികമായും ദൃഢമായി പ്രതിരോധിച്ച പ്രതിരോധിച്ച എഴുത്തുകാരനാണ് വി.കെ.എൻ.
ഒന്നര നോവൽ എഴുതിയവർക്ക് പോലും ഡസൻ കണക്കിന് പഠന ഗ്രന്ഥങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ,അഞ്ചു പതിറ്റാണ്ടോളം തുടർച്ചയായി സാഹിത്യ സപര്യ നടത്തിയ വി.കെ.എന്നിന് അങ്ങിനെയൊരു ഭാഗ്യം സിദ്ധിച്ചില്ല, മാത്രമല്ല, മലയാളത്തിൽ സംഭവിച്ച ആ അത്യപൂർവ്വ പ്രതിഭാശാലിയുടെ മരണാനന്തര ചടങ്ങുകളിൽ പോലും ,അന്നത്തെ ഭരണീയരും, സാംസ്കാരിക രംഗത്തെ ബഹുമാന്യരും ആയ വരേണ്യവർഗ്ഗമൊട്ടാകെ സംഘടിതരായി വിട്ടുനിന്നു കൊണ്ട്, അദ്ദേഹത്തിലെ സൂര്യതേജസ്സിന് സമാനമായ പ്രതിഭാ പ്രകാശത്തിന് ഓലക്കുട കൊണ്ട് മറപിടിക്കാൻ ശ്രമിച്ചു. എന്നിട്ടും ചരിത്രത്തിന്റെ അനിവാര്യതയേറ്റുവാങ്ങി, ചിരിയിൽ മുക്കിയ കാലത്തെ ,നീട്ടിയും കുറുക്കിയും, ഇഴപിരിച്ചു മുള്ള ,അദ്ദേഹം അഷ്ടദിക്കുകളിലേക്കും വിന്യസിച്ച ,ഹാസ്യ പ്രപഞ്ചം, ദുരന്ത രചനകളെക്കാൾ ഗൗരവമുളവാക്കി.അങ്ങിനെ ആ എഴുത്തിന് സാർവ്വത്രിക സ്വീകാര്യത സിദ്ധിക്കുകയും അവ ഒരു പ്രത്യേകതരം ഭാഷാപ്രയോഗവും, മിത്ത് തന്നെയായി രൂപാന്തരപ്പെടുകയോ ചെയ്തിരിക്കുന്നു ഇന്ന് .അങ്ങിനെയും മലയാളഭാഷയിലെ തന്റെ നിയോഗത്തെ അദ്ദേഹം സാർത്ഥകമാക്കി.
ഒരു സൈന്യത്തിന്റെ പ്രഹരശേഷി ഉൾക്കൊണ്ടിരിക്കുന്നതും, മൂർച്ചയുള്ളതും പൊള്ളിക്കുന്നതുമായ തന്റെ സ്വതസിദ്ധമായ ആഖ്യാനരീതിയിലൂടെ, തിരസ്കരിക്കപ്പെട്ടതി ന്റെയും, തഴയപ്പെട്ടതിന്റെയും സന്നിഗ്ദ്ധതകളെ ,ഒരു ൾച്ചിരികൊണ്ടവഗണിച്ച്, സ്വന്തം പ്രപഞ്ചവും, സ്വന്തം വായനക്കാക്കാരുമുള്ള അപൂർവ്വം എഴുത്തുകാരനായി വി.കെ.എൻ. മാറിയിരിക്കുമ്പോഴാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്.
ഫാൾ സ്റ്റാഫ് പ്രത്യക്ഷപ്പെടുമെന്ന് ഷേക്സ്പീരിയൻ ജനത വിശ്വസിച്ചതുപോലെ, മലയാളത്തിൽ അച്ചടി ലിപി പതിയുന്ന എല്ലാ താളുകളിലും ഈ ഹാസ്യ സാന്നിദ്ധ്യം വി.കെ.എൻ.ജനതയും പ്രതീക്ഷിക്കുന്നു. അങ്ങിനെ ഒരേ സമയം ഈ വില്വാദ്രിനാഥൻ, പ്രതിഭയുടെ മഹത്വവും, ഹാസ്യത്തിന്റെ കരുത്തും ഉറപ്പുവരുത്തുന്നു.
അൻപതുകളിലാണ് വി.കെ.എൻ.രചന ആരംഭിക്കുന്നത്.ആദ്യ രചന ശങ്കേഴ്സ് വീക്കിലിയിൽ. ആംഗലേയ ഭാഷയിൽ .മലയാളത്തിലെ ആദ്യത്തെ കഥ ” ബുഷ് ഷർട്ട് ” .ഈ കഥ എം.വി.ദേവന്റെ ഇല്ലസ്ട്രേഷനോടെ 1952-ൽ മാതൃഭൂമിയിൽ വന്നു.തുടർന്ന് തന്റെ ഹിറ്റ് കഥയായ “വിവാഹപ്പിറ്റേന്ന് “വരുന്നു.ഇതിലൂടെ തന്റേത് ഹാസ്യപ്രതിഭയാണെന്ന് വായനക്കാരെ അദ്ദേഹം അറിയിച്ചു.പിന്നീടതൊരു അഗ്നിപർവ്വതത്തിൽനിന്ന് കുത്തിയൊഴുകിയ ലാവാപ്രവാഹംപോലെ ഒരവിരാമ കഥാ നിർദ്ധരിയായിരുന്നു 2004-ൽ അന്തരിക്കും വരെ .അതിൽ നോവലും കഥാസമാഹാരങ്ങളുമടക്കം 59 കൃതികളുടെ സഞ്ചയമാണുൾക്കൊള്ളുന്നത്.
പക്ഷേ ഇതിലൊക്കെ അതിശയ കരമായിരിക്കുന്നത് ,മലയാളത്തിലെ ആധുനികതയെ അന്വേഷിച്ചുപോയ ഇവിടുത്തെ ആസ്ഥാന വിദ്വാൻമാരടങ്ങുന്ന നിരൂപകലോകം, ഏറ്റവും ആധുനികനായിരുന്ന ഈ പ്രതിഭാശാലിയെയും ,അദ്ദേഹത്തിന്റെ അനശ്വര കൃതികളെയും ,മൗനം കൊണ്ട് നിശ്ശബ്ദമാക്കുക എന്ന ഹീനതന്ത്രംകൊണ്ട് ,മൗലികമായ കലാത്മകതയാൽ സമ്പന്നമായ അവയെ തിരസ്കരിക്കുകയും, അവഗണിക്കുകയും ചെയ്തു. തീരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം ” ഹാസ്യകഥാകാരൻ” എന്നൊരു കോമാളിത്തം പുരണ്ട ക്ലീഷേ കൊണ്ട് ,ഈ .വി .കൃഷ്ണപിള്ളയുടെയും, എൻ.പി.ചെല്ലപ്പൻ നായരുടെയും, വേളൂർ കൃഷ്ണൻ കുട്ടിയുടെയും വിഹാരരംഗമായിരുന്ന വ്യക്തി വിലക്ഷണതയെയും, അമളികളെയും ഹാസ്യമുദ്ര ചാർത്തി അവതരിപ്പിച്ചുകൊണ്ടിരുന്നതും,ഒരു കാട്ടുതാറാവിന്റെ ഭാവന കൊണ്ടുപോലും സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലുള്ള വിലക്ഷണ ഹാസ്യത്തിന്റെ നാലാംനിരയിലേക്ക് മാറ്റി പ്രതിഷ്ഠിച്ച് സായൂജ്യം കൊണ്ടു.ഇതിൽ മലയാള നിരൂപണരംഗം നടത്തിയ കുറ്റകരമായ ഒരനാസ്ഥയായിത്തന്നെ സമകാലീന വിമർശനം തിരിച്ചറിയുന്നു എന്നത് ആശ്വാസകരമാണു്.
ഇദ്ദേഹത്തിന്റെ കലാലോകത്തെക്കുറിച്ചും ,സാഹിത്യ പ്രപഞ്ചത്തിൽ നടത്തിയ രാസപ്രക്രിയയെക്കുറിച്ചും നാമമാത്രമായെങ്കിലും പഠിക്കാൻ ശ്രമിച്ചു കൊണ്ട് പുസ്തക രൂപത്തിൽ 3 കൃതികളേ എൺപതുകൾ വരെ പുറത്ത് വന്നിട്ടുള്ളു എന്നത് നിരൂപകലോകം ഈ ജീനിയസ്സിനെതിരെ ഭൂതകാലത്തിൽ നടത്തിയ ആ കൊടും കുറ്റത്തിനുള്ള പ്രകടമായ തെളിവുകളിലൊന്നാണ്.വി.കെ.എന്നിനെപ്പറ്റി അക്കാലത്ത് പ്രസിദ്ധീകൃതമായ ലേഖനങ്ങൾ അദ്ദേഹത്തിന്റെ നോവലുകളുടെ ആകെ എണ്ണത്തോളം പോലുമില്ല. അക്കാദമിക് തലത്തിലുള്ള പഠനങ്ങളാവട്ടെ അതിന്റെയും പകുതിയിലൊതുങ്ങുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണിത്. അനവധി പരിപ്രേഷ്യങ്ങളിൽ നിരീക്ഷിക്കാൻ പരമാവധി സാദ്ധ്യതയുള്ള ഒരെഴുത്തുകാരനെ ഇങ്ങനെ യാണ് പോയകാല നിരൂപണം ഒരിക്കലും മാപ്പർഹിക്കാത്ത വിധം കുറ്റം ചെയ്തിരിക്കുന്നത്.
അവർ ആധുനികരെന്ന് കൊണ്ടാടിയത് കാക്കനാടൻ ,മുകുന്ദൻ, വിജയൻ ത്രയങ്ങളെ ചുറ്റിപ്പറ്റിയുള്ള “ഞാനാരെന്ന് പറഞ്ഞുതാ നാണ്വാരേ ” എന്ന നിലവിളിയുടെ അർത്ഥാന്വേഷണങ്ങൾ മാത്രമായിരുന്നു.
അൻപതുകളിൽ എഴുതിത്തുടങ്ങിയ വി.കെ.എന്നിനെ ഏതാണ്ട് എൺപതുകളിലാണ് നിരൂപകർ ശ്രദ്ധിച്ചു തുടങ്ങിയതു തന്നെ. ഇതിനും വളരെ മുമ്പേ തന്നെ ആരോഹണം, പിതാമഹൻ, പയ്യൻ കഥകൾ, ചാത്തൻസ്, ജനറൽ ചാത്തൻസ്, സിൻഡിക്കേറ്റ്,ചിത്രകേരളം, നാ ണ്വാര് തുടങ്ങിയ തന്റെ മാസ്റ്റർ പീസുകൾ അദ്ദേഹം എഴുതിക്കഴിഞ്ഞിരുന്നു.
എൻ.എം.നമ്പൂതിരി പിതാമഹൻ എന്ന നോവലിനെ ഒട്ടു നേരത്തേ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, കെ.പി.അപ്പന്റെ “കോമാളി യുഗത്തിലെ പുരുഷ ഗോപുരങ്ങൾ ” എന്ന ലേഖനമാണു് വി.കെ.എൻ.ഭാവനയെ പ്രകാശഗോപുരമായി ചുണ്ടിക്കാണിച്ച് തന്നത്.ആ അർത്ഥത്തിൽ അപ്പന്റെ ലേഖനം മലയാള നിരൂപണത്തിലെ ഗോലിയാത്തിനെ കീഴ്പ്പെടുത്തിയ ദാവീദിന്റെ ധീര പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. അപ്പന്റെ ലേഖനത്തോടെ വി.കെ.എന്നിന്റെ വനഭംഗിയിലേക്ക് പയ്യെപ്പയ്യെ ചിലരെങ്കിലും യാത്ര ചെയ്യാൻ തയ്യാറായി.ഇന്നത് കൂടി വരുന്നുമുണ്ട്. എങ്കിലും പൂർണ്ണമായ അർത്ഥത്തിൽ ആ പ്രതിഭാവിലാസം നിർദ്ധാരണം ചെയ്യപ്പെട്ടിട്ടില്ല.
വർത്തമാനകാല സാമൂഹ്യ ജീവിതം യവന പുരാണത്തിലെ എറി ബസ് പോലെ അനന്തമായ നരകമായി മാറിയിരിക്കുന്നു. കോമാളികൾ, കോമാളികളാൽ, കോമാളികൾക്ക് വേണ്ടി കോമിക് നൃത്തം ചവിട്ടുന്ന ഒരു രംഗവിധാനമായി ,ഈ സമൂഹത്തെ വി.കെ.എന്നിനെപ്പോലുള്ള ജീനിയസ്സുകൾ ഭാവന ചെയ്യുന്നു. “ഏഥൻസ് ദുഷിച്ചിരുന്നപ്പോഴും സോക്രട്ടീസ് ദുഷിച്ചിരുന്നില്ല. കേരളം ജീർണ്ണതയിലായിരുന്നപ്പോഴും നമ്പ്യാർ ജീർണ്ണതയിലേക്ക് നീങ്ങിയില്ല. അതു കൊണ്ടാണ് ഐറണിയുടെയും തുറന്ന ചിരിയുടെയും അമ്ല പ്രയോഗം കൊണ്ട് പരിസര ജീർണ്ണതയെ ദ്രവിപ്പിക്കാൻ അവർക്ക് കഴിഞ്ഞത്.വി.കെ.എൻ. എന്ന എഴുത്തുകാരന്റെ കലാപ്രതിഭയുടെ പ്രവർത്തനവും ഈ വിധത്തിൽ എല്ലാ വിധ ജീർണ്ണതകളിൽ നിന്നും സ്വതന്ത്രമായി നിൽക്കുകയാണ്. അതിനാൽ ചിരിയുടെ അസുരനഖങ്ങൾ നിർദ്ദയം ഈ കോമാളിയുഗത്തിനു നേരേ പ്രയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ” എന്ന് കെ.പി.അപ്പൻ നിരീക്ഷിക്കുന്നത് പൂർണ്ണമായും ശരിയാണ്.
കൊടിയ ശോകം സ്ഫോടനാത്മകമായ ക്രോധത്തിനും ,പ്രകടിപ്പിക്കാനാവാത്ത ക്രോധം ചിരിക്കും കാരണമാകുമെന്ന് മനോവിജ്ഞാനീയം തെളിയിച്ചിട്ടുണ്ടിന്ന്.
ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത് വീഴ്ത്തിയപ്പോൾ ആദികവിക്കുണ്ടായ ശോകത്തിൽ നിന്നാണു് ,ക്രുദ്ധതയുടെ ശാപവചസ്സുകൾ പുറപ്പെട്ടതെന്ന് ആദികാവ്യം പറയുന്നു. ഈ ക്രോധം തടയപ്പെട്ടാൽ എന്താകും എന്ന് പക്ഷേ, ആദികവി പറയുന്നില്ലെങ്കിലും ,ശോകം, ക്രോധം, ഹാസം എന്നീ മനുഷ്യമനസ്സിലെ മൂന്ന് ഭാവങ്ങളും ഒരു ത്രികോണത്തിലെ മൂന്ന് വശങ്ങൾ പോലെ പരസ്പരം സന്നിവേശം കൊള്ളുന്നുണ്ട്.
അതിന്റെ ധാരാളിത്ത പൂർണ്ണമായ നിദർശനങ്ങളുടെ ഒരു കേദാരം കൂടിയാണ് വി.കെ.എൻ.സാഹിത്യം എന്നുമാത്രം പറഞ്ഞുവയ്ക്കന്നു.
രാജേന്ദ്രൻ പോത്തനാശ്ശേരി.













