മലയാളത്തിന്റെ പ്രിയ കവിയും , ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ)

Facebook
Twitter
WhatsApp
Email

മലയാളത്തിന്റെ പ്രിയ കവിയും , ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25) ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമ്മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ പെട്ട കൊടുങ്ങല്ലൂരിൽ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതുമക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21-നാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്. ഭാസ്കരൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പത്മനാഭമേനോൻ മരിച്ചു. ശൃംഗപുരം ഗവ: ബോയ്സ് ഹൈസ്കൂളിലും മഹാരാജാസ് കോളേജിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കവിതകൾ എഴുതിത്തുടങ്ങിയ ഭാസ്കരന്റെ ആദ്യകവിതകൾ അധികവും അക്കാലത്തെ മാസികകളിലൂടെയാണ് പുറത്തുവന്നത്.
വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി മാറിയ അദ്ദേഹം അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. ഓൾ കൊച്ചിൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന വിദ്യാർത്ഥിസംഘടനയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി. ഇക്കാലത്താണ് അദ്ദേഹം അന്ന് മദിരാശി എന്നറിയപ്പെട്ടിരുന്ന ചെന്നൈ നഗരത്തിലെത്തുന്നത്. ‘ജയകേരളം’ എന്ന പേരിൽ അന്നുണ്ടായിരുന്ന ഒരു മാസികയിൽ അദ്ദേഹം ചേർന്നു.

തന്റെ ഇരുപതാമത്തെ വയസിൽത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, എക്കാലത്തും കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം. മലയാളചലച്ചിത്രഗാനശാഖയിൽ സംസ്കൃതാതിപ്രസരവും, മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണെന്ന് ഏവരും സമ്മതിക്കും.

“ മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കിൽ മലയാള ഗാനങ്ങളുടെ പിതാവ് പി. ഭാസ്കരൻ ആണ് ”
എന്നാണ് യൂസഫലി കേച്ചേരി പറഞ്ഞിട്ടുള്ളത്. കാൽപ്പനികതക്ക് ജനകീയത നൽകിയ അദ്ദേഹം, നിരാശാന്തമായ ആധുനിക സാഹിത്യത്തിൽ വിശ്വസിച്ചിരുന്നില്ല.

1949-ൽ പുറത്തിറങ്ങിയ അപൂർവ്വസഹോദരർകൾ എന്ന തമിഴ് ചിത്രത്തിലെ ബഹുഭാഷാഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്രഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ പി. ഭാസ്കരൻ മലയാളചലച്ചിത്ര മേഖലയുടെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്തതാണ് ഇരുട്ടിന്റെ ആത്മാവ്, ജഗദ് ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം..കദളി വാഴക്കൈയിലിരുന്ന്.., മാമലകൾക്കപ്പുറത്ത്.., പുലർകാല സുന്ദര സ്വപ്നത്തിൽ.. തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി. ഭാസ്കരന്റേതായിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ സൗദാമിനി എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം അവസാനമായി ഗാനരചന നിർവ്വഹിച്ചത്.

എം.എസ്. ബാബുരാജ്, കെ. രാഘവൻ എന്നിവരാണ് ഭാസ്കരന്റെ ഗാനങ്ങളിൽ ഭൂരിപക്ഷത്തിനും ഈണം പകർന്നത്. വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, എം.കെ. അർജ്ജുനൻ തുടങ്ങിയവരും അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. പി. ഭാസ്കരനും വയലാർ രാമവർമ്മയും എഴുതിയ ഗാനങ്ങൾ അറുപതുകളിലും എഴുപതുകളിലും മലയാളചലച്ചിത്രഗാനലോകത്ത് ഒരു സുവർണകാലം സൃഷ്ടിച്ചു. ഇരുവരും ഇക്കാലത്ത് തുല്യശക്തികളായി നിലകൊണ്ടു. കെ.ജെ. യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്.

ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺ‌തരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു.
ജീവിതത്തിന്റെ അവസാനകാലത്ത് അൾഷിമേഴ്സ് രോഗം ബാധിച്ച ഭാസ്കരന് അടുത്ത ബന്ധുക്കളെ തിരിച്ചറിയാനോ, പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. ഒരിക്കൽ ഗായിക എസ്. ജാനകിക്ക് തിരുവനന്തപുരം വഴുതക്കാട്ടെ അദ്ദേഹത്തിന്റെ വീട്ടിൽ വന്നപ്പോഴുണ്ടായ അനുഭവം അതിനുദാഹരണമായി പ്രശസ്ത ചലച്ചിത്രസംഗീതനിരൂപകൻ രവിമേനോൻ ചൂണ്ടിക്കാട്ടുന്നു. ജാനകിയെ ഓർമ്മയില്ലാതിരുന്ന കവി അവർ പാടിക്കൊടുത്ത തന്റെ ഗാനങ്ങൾ മുഴുവൻ ഓർത്തെടുത്ത് കൂടെപ്പാടി. ഓർമ്മക്കുറവ് അദ്ദേഹത്തെ തെല്ലും അലട്ടിയിരുന്നില്ല അപ്പോൾ. പക്ഷേ ആ ഗാനങ്ങൾ താനാണ് എഴുതിയത് എന്ന കാര്യം കവിക്ക് ഓർമ്മയില്ലായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജാനകി അന്ന് പോയത്… 2007 ആയപ്പോയേക്കും അദ്ദേഹം തീർത്തും അവശനായിക്കഴിഞ്ഞിരുന്നു. ഒടുവിൽ 2007 ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് 1:10-ന് തന്റെ 83-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ചരമവാർഷികദിനമാണിന്ന്.
മലയാള കാവ്യഭാവനയിൽ അണമുറിയാത്ത ഗന്ധർവ്വഗീതങ്ങൾ വിലയംകൊള്ളിച്ച,കവികളിലെ സൂര്യതേജസ്സായിരുന്നു കൈരളിയുടെ പ്രിയങ്കരനായ കാവ്യകലയുടെ ചക്രവർത്തി പി.ഭാസ്കരൻ എന്ന അതുല്യപ്രതിഭാപർവ്വതം.ഭാസ്കരൻ മാസ്റ്ററുടെ ചിരസ്മരണയ്ക്ക് മുന്നിൽ
റൈറ്റേഴ്സ് സ്കൈയുടെ സാദര പ്രണാമം!
അഡ്മിൻ പാനലിനുവേണ്ടി,
രാജേന്ദ്രൻ പോത്തനാശ്ശേരി,
ചീഫ് അഡ്മിൻ.

About The Author

Leave a Reply

Your email address will not be published. Required fields are marked *