മാർട്ടിൻ ലൂതർ കിങ് ജൂനിയർ
(1929 —-1968)
സ്വർഗ ദൂതന്റെ സ്വപ്നം
ചില വിശേഷ ശബ്ദങ്ങൾ വായുവിൽ ലയിക്കില്ല .അവ അശാന്തമായ അന്തരീക്ഷത്തിൽ എന്നെന്നും തങ്ങി നിൽക്കും .ചില വജ്രത്തിളക്കമുള്ള വാക്കുകൾ അഗ്നിച്ചിറകുകൾ വിടർത്തി മാനം മുട്ടെ നിറഞ്ഞു നിൽക്കും .ചില ഗർജ്ജനങ്ങൾ കാലത്തിന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കും …….
പൗരാവകാശ ജനകീയ പോരാട്ടങ്ങളുടെ നായകനെന്ന നിലയിൽ മാർട്ടിൻ ലൂഥർ കിങ് ഒരുപാട് പ്രസംഗങ്ങൾ അമേരിക്കയിൽ പലേടത്തുമായി നടത്തിയിട്ടുണ്ട് .കിടയറ്റ വാഗ്മിയായിരുന്ന ആ നേതാവ് 1963 ൽ തന്നെ 350 ഓളം വേദികളിൽ സംസാരിക്കുകയുണ്ടായി .വാക്ധോരണി കൊണ്ട് ഏതു സദസ്സിനെയും അത്ഭുതപ്പെടുത്താൻ കഴിഞ്ഞിരുന്നു .
അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആളുകൾ തടിച്ചു കൂടുമായിരുന്നു .
” Inspirational “—
പ്രചോദകം —
എന്നാണ് ലൂതറുടെ പ്രഭാഷണത്തെ പൊതുവെ പത്രങ്ങൾ വിശേഷിപ്പിച്ചിരുന്നത് .59 വർഷങ്ങൾക്ക് മുൻപ് 1963 ൽ പൗരാവകാശപ്പോരാളിയായ മാർട്ടിൻ ലൂതർ കിങ് Jr.വാഷിംഗ്‌ടൺ നഗരത്തിൽ Lin Colu memorial ലെ സ്റ്റേഡിയത്തിൽ നിന്ന് കറുമ്പനും വെളുമ്പനും സങ്കര വർണ്ണനുമടങ്ങിയ ഒരു മനുഷ്യ മഹാസമുദ്രത്തെ അഭിമുഖീകരിച്ചു കൊണ്ട് ചെയ്ത കാവ്യാത്മകമായ പ്രഭാഷണം ബഹു വർണ്ണമായ മനുഷ്യ സമൂഹം ഈ പ്രവാചകന്റെ വാക്കുകൾ ആർത്തിയോടെ ഏറ്റെടുക്കുന്നു .
നീതി നിഷേധത്തിനും പൗരാവകാശ ലംഘനത്തിനും അയിത്താചരണത്തിനുമെതിരായി ജനലക്ഷങ്ങൾ അണിനിരന്ന ഒരു പ്രതിഷേധ റാലിയായിരുന്നു ലിങ്കൺ മെമ്മോറിയലിൽ എത്തിച്ചേർന്നത് .
പ്രകടന പ്രവാഹത്തിൽ പങ്കെടുത്തത് കറുത്ത തൊലിക്കാർ മാത്രമല്ല .ആയിരക്കണക്കിന് സാധാരണക്കാരായ വെള്ളക്കാരും തൊഴിലാളികളും ബുദ്ധിജീവികളും ചെറുപ്പക്കാരും തീർത്തും സമാധാനപരമായ ആ പ്രക്ഷോഭ മാർച്ചിൽ തോൾചേർന്നു നിന്നു .അത് മനുഷ്യ സാഹോദര്യത്തിന്റെ വിളംബരം കൂടിയായിരുന്നു .
ക്രമസമാധാനം തർക്കപ്പെടുമെന്ന ഭീതി പൗരാവലിയിൽ ഉളവാക്കാൻ ഭരണവർഗം കിണഞ്ഞു ശ്രമിച്ചു .കടകമ്പോളങ്ങൾ കൊള്ളയടിക്കപ്പെടുമെന്നും ചോരപ്പുഴയൊഴുകുമെന്നുമൊക്കെ വെള്ള മേലാളന്മാരും അവരെ പിന്താങ്ങുന്ന പത്രങ്ങളും പറഞ്ഞു പരത്തി .തോക്കും ജലപീരങ്കിയുമായി പട്ടാളം ഒരുങ്ങി നിന്നു .
ഒരട്ടിമറിക്കാണ് അവർ കോപ്പുകൂട്ടുന്നതെന്ന് FBI തലവൻ മാധ്യമങ്ങളോട് പറഞ്ഞു .
” അമേരിക്കയിലെ ഏറ്റവും അപകടകാരിയായ കാപ്പിരി Rev.മാർട്ടിൻ ലൂതർ കിങ് ആണ് ”
Rev.Martin Luther King Jr.ന്റെ വിശ്വ വിശ്രുതമായ 1963 ലെ ലിങ്കൺ മെമ്മോറിയൽ പ്രസംഗത്തിന്റെ സുവർണ ജൂബിലി
ഏഷ്യൻ രാജ്യങ്ങളിൽ ,യൂറോപ്പിൽ ,അമേരിക്കയിൽ ആ ചരിത്ര പ്രാധാന്യമുള്ള പ്രഭാഷണം ആദരവോടെ അനുസ്മരിക്കപ്പെട്ടു .വാഷിങ്ടണിൽ നടന്ന ഗംഭീര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് അന്ന് US പ്രസിഡന്റ് ബറാക് ഒബാമ തന്നെ ആയിരുന്നു .വൈറ്റ് ഹൗസിൽ എത്തിയ ആദ്യത്തെ കറുമ്പൻ .മാർട്ടിൻ ലൂതർ ജൂണിയറിന്റെ കുടുംബത്തോടൊപ്പം അദ്ദേഹം ചടങ്ങിൽ ഉടനീളം പങ്കെടുത്തു .
എന്താണ് മാർട്ടിൻ ലൂതർ കിങ് അന്നു പറഞ്ഞത് ?
” എനിക്കൊരു സ്വപ്‍നമുണ്ട് .
എന്റെ 4ചെറിയ കുട്ടികൾ ഒരു ദിവസം
അവരുടെ തൊലിയുടെ നിറത്തിന്റെ പേരിലല്ലാതെ അവരുടെ സ്വഭാവത്തിന്റെ ഉള്ളടക്കത്തിന്റെ പേരിൽ പരിഗണിക്കപ്പെടുന്ന ഒരു രാഷ്ട്രത്തിൽ ജീവിക്കുമെന്ന് ”
എനിക്കൊരു സ്വപ്‍നമുണ്ട് എന്റെ നാട് ഉണർന്നെഴുന്നേൽക്കുമെന്ന് ,അതിന്റെ വിശ്വാസപ്രമാണത്തിന്റെ സത്യമായ അർഥം സാക്ഷാത്കരിക്കുമെന്ന് .ഈ സത്യങ്ങൾ സ്വയം പ്രത്യക്ഷമാണെന്ന് ,എല്ലാ മനുഷ്യരും തുല്യരാണെന്ന് നമ്മൾ വിശ്വസിക്കുന്നു .
” I have a dream ,
I have a dream today ,
അത് ഒരു പല്ലവി പോലെ പ്രതിധ്വനിച്ചു .
മാർട്ടിൻ ലൂതർ കിങ് ന്റെ രക്തസാക്ഷിത്വം വെറുതെയായില്ല .വിമോചന പ്രസ്ഥാനവും പൗരാവകാശ കൂട്ടായ്മയും പൂർവ്വാധികം ശക്തി പ്രാപിച്ചു .ഒടുവിൽ കറുത്തവന്റെ അന്തസ്സും അവകാശവും അംഗീകരിക്കപ്പെട്ടു .ഒരു കറുമ്പൻ വൈറ്റ് ഹൗസിൽ എത്തുകതന്നെ ചെയ്തു .
മനുഷ്യ മനസ്സാക്ഷിയുടെ സാഗര ഗർജ്ജനമായിരുന്നു മാർട്ടിൻ ലൂതർ കിങ് .
അദ്ദേഹത്തിന്റെ നിത്യസുന്ദരമായ സ്വപ്നം ഇന്നും ജനകോടികളെ കോരിത്തരിപ്പിക്കു ന്നു .
വെള്ളക്കാരുടെ വെടിയേറ്റ് രക്തസാക്ഷിയാകുമ്പോൾ അദ്ദേഹത്തിന് 39വയസ്സ് മാത്രം .
പ്രണാമം .
About The Author
No related posts.