LIMA WORLD LIBRARY

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ *അധ്യായം -1 വെള്ളി വൈകുന്നേരം ആറര **

അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരേണമേ. ഒരുക്കമുള്ള ഹൃദയം വഴി എന്നെ താങ്ങേണമേ.

അത്യുന്നതനേ എന്റെ സങ്കേതവും കോട്ടയും നീയാകുന്നു.

വേടന്റെ കെണിയിൽനിന്നും മാരകമായ മഹാമാരിയിൽ നിന്നും അവിടുന്ന് രക്ഷിക്കുന്നു.

രാത്രിയുടെ ഭീകരതയെയും പകലിലെ അസ്ത്രത്തേയും ഞാൻ ഭയപ്പെടുകയില്ല. സ്വർഗത്തിൽ വാഴുന്ന നീതിമാനായ ബാവാതമ്പുരാന്റെ വലതുഭാഗത്തിരിക്കുന്ന ഈശോമിശിഹായോടൊപ്പം വസിക്കുന്ന ഷെവലിയർ പാപ്പുവക്കീലേ, അങ്ങ് ദൈവകൃപയാൽ ഏറ്റവും സന്തുഷ്ടനാണല്ലോ. ഇപ്പോൾ, ഈ രാത്രിയിൽ നടക്കാൻ പോകുന്ന മധുരംവെയ്പ്പ് ചടങ്ങിനെയും നാളത്തെ വിവാഹകൂദാശയെയും ആശീർവദിക്കേണമേ.

ഇരുപത്തിയാറു സംവത്സരം മുൻപ് ആകാശത്തിലെ പറവകൾക്കും മണ്ണിലെ പച്ചപ്പുകൾക്കും സാക്ഷിയായി വേനൽമഴ പൊട്ടിവീണ നട്ടുച്ചനേരത്തു, കത്രീനയെ ഞാൻ ശ്വാസമെടുത്തു പെറ്റപ്പോൾ, അങ്ങേയ്ക്കുണ്ടായ അന്തിമ സന്തതിയെ കണ്ട്, ഷേയ്ക്ക്‌സ്പീയർ ജനിച്ച ദിവസമാണെന്ന് പറഞ്ഞു, ദൈവത്തിനും ലോകത്തിനും റോമാനഗരത്തിനും അങ്ങ് സ്തുതി ചൊല്ലുകയുണ്ടായല്ലോ.

ചൈനയിലും ഇറ്റലിയിലും സ്‌പെയിനിലും അമേരിക്കയിലും ബ്രിട്ടനിലും ജർമ്മനിയിലും മറ്റു രാജ്യങ്ങളിലും കൊറോണാവ്യാധിയിൽ നൂറു കണക്കിന് ആത്മാക്കൾ സ്വർഗത്തിലേക്ക് ഓരോ ദിവസവും ആനയിക്കപ്പെടുന്ന വാർത്തക്ക് നടുവിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ ഞായറാഴ്ച രാജ്യമൊട്ടുക്കും കർഫ്യൂ പ്രഖ്യാപിച്ചിരിക്കെ, നമ്മുടെ ഒൻപതു മക്കളും മരുമക്കളും കൊച്ചുമക്കളും അങ്ങയുടെ ഭവനത്തിൽ വീണ്ടും ഒത്തുകൂടിയിരിക്കുന്നത് ആനന്ദാശ്രുക്കളോടെ കാണുന്നുണ്ടാവുമല്ലോ.

ദൈവകൃപയാൽ അനുഗ്രഹീതമായ ഷെവലിയർ ഹൗസിലെത്തിയ ഈ മക്കളിൽ വാത്സല്യം വാർക്കേണമേ. ഇവരുടെ അപരാധങ്ങളും കുറവുകളും കുന്നായ്മകളും നമ്മുടെ മഹത്തായ തോമാശ്ലീഹായുടെ പൈതൃകത്തെപ്രതി പൊറുക്കേണമേ.

രണ്ടായിരം വർഷം മുൻപ്, അറേബ്യായിൽ നിന്നും ഈജിപ്തിൽ നിന്നും റോമയിൽ നിന്നും ഗ്രീസിൽ നിന്നും കുരുമുളക് പെട്ടകങ്ങൾ വന്നുപോയ കൊടുങ്ങല്ലൂർ മുസിരിസിലെ തുറമുഖത്തുള്ള കടൽനാക്കിലൊന്നിൽ, ദൈവനിശ്ചയത്താൽ തോമാശ്ലീഹാ എഴുന്നള്ളിയതും ഈശോമിശിഹായുടെ ശ്ലോകങ്ങൾ ചൊല്ലി കേരളമക്കളെ ജ്ഞാനത്തിൽ സ്‌നാനപ്പെടുത്തിയതും നന്ദിയോടെ ഓർക്കുന്നു.

മുസിരിസ്സിന്റെ സ്വർണസമൃദ്ധിയാലെ സുറിയാനിക്രിസ്ത്യാനികളുടെ മഹോന്നതമായ വില്ലാർവട്ടം രാജവംശം പെരുമകൊണ്ടതും കടൽഭാഗമായിരുന്ന തൃപ്പൂണിത്തുറക്കു ചാരെ ഉദയംപേരൂർ സിംഹാസനമാക്കിയതും നമ്മുടെ പൂർവ്വപിതാക്കൾക്ക് ലഭിച്ച നിത്യജീവന്റെ അപ്പം കൊണ്ടാണല്ലോ.

അഞ്ചാം നൂറ്റാണ്ടു മുതൽ ആയിരം വർഷം നമ്മുടെ വില്ലാർവട്ടം രാജവംശം നമ്മൾ വാണതും അങ്ങ് ഓർമ്മിക്കുമായിരുന്നുവല്ലോ. ബാവാതമ്പുരാന്റെ ശക്തിയാൽ പിന്നീട് കടലൊഴിഞ്ഞതും കായലും തുരുത്തും ചതുപ്പും പൊന്തിവന്നതും പടിഞ്ഞാറു കടലിനെ ചെറുത്തു കരഭിത്തി നിർത്തി പൂർവ്വപിതാക്കൾക്ക് സൗഭാഗ്യങ്ങൾ വർഷിച്ചതും ഞങ്ങൾ വണക്കത്തോടെ ഓർക്കുന്നു.

ഞങ്ങളുടെമേൽ ദയയുണ്ടായി പതിനഞ്ചാം നൂറ്റാണ്ടിൽ നാൽപ്പതു രാവും പകലും മഴതൂറ്റിച്ചു പെരിയാറിൽ പ്രളയപ്രവാഹം ചാർത്തിയതും കർത്താവിന്റെ കാരുണ്യമല്ലോ. മുസിരിസ് തുറമുഖം അടഞ്ഞവാറെ ഉദയംപേരൂരിനു പടിഞ്ഞാറ് കരഭിത്തി പിളർത്തി, സ്വർഗത്തിൽ നിന്ന് പുറപ്പെട്ട അത്യുജ്ജ്വല വാദ്യഘോഷങ്ങളോടെ കൊച്ചഴി തീർത്തതും തിരുഹിതം തന്നെയല്ലോ. കൊച്ചഴി വിളംബംവിനാ കൊച്ചി ആയതും കൊച്ചിതുറമുഖത്തു വാസ്‌കോഡി ഗാമ വന്നു വാണതും പറങ്കികൾ തോക്കു കാട്ടി, കൊച്ചിയിൽ കോട്ട പണിതതും കൊച്ചിരാജാവ് സഖ്യപ്പെട്ടതും മാർത്തോമാ മക്കളെ പീഡിപ്പിച്ചതും ഉദയംപേരൂർ സിംഹാസനം കാലുകളിളക്കി വില്ലാർവട്ടം രാജവംശത്തെ കൊച്ചിരാജ്യത്തിൽ കുറ്റിയടിച്ചതും കർത്താവിന്റെ പങ്കപ്പാടുകളെപ്രതി നമ്മൾ സഹിച്ചുവല്ലോ. പറങ്കിക്കു വഴങ്ങി തോമാശ്ലീഹായുടെ മക്കളായ നമ്മെ റോമാനഗരത്തിലെ മാർപാപ്പയ്ക്ക് കീഴിൽ കത്തോലിക്കരാക്കിയതും ആത്മാക്കളുടെ രക്ഷക്ക് വേണ്ടിയാണല്ലോ.

പറങ്കികളെ തോൽപ്പിച്ചു ലന്തക്കാർ വന്നതും അവരെ പെറുക്കിയെടുക്കാൻ ഇംഗ്ലീഷുകാർ ആഗമിച്ചതും ദൈവനിശ്ചയമാണല്ലോ.  വൈസ്രോയി വില്ലിങ്ങ്ടൺ പ്രഭുവിന്റെ ഭരണകാലത്തു, ഇംഗ്ലണ്ടിൽ നിന്നും കപ്പൽകയറിയെത്തിയ എൻജിനീയർ മഹാനായ റോബർട്ട് ബ്രിസ്റ്റോ മണ്ണുമാന്തിക്കപ്പൽ കൊണ്ടുവന്നു കായലിലെ ചെളികോരി അഴിമുഖത്തുനിന്നും കപ്പൽച്ചാലുണ്ടാക്കിയതും വില്ലിങ്ങ്ടൺ തുരുത്തുണ്ടാക്കിയതും പുറംകടലിലെ പെട്ടകങ്ങൾക്കു ഹാർബർ പണിതീർത്തതും ഭീമാകാരങ്ങളായ രണ്ടു കമ്പിപ്പാലങ്ങൾ കെട്ടി കരകളെ ബന്ധിച്ചതും പരിശുദ്ധ മാതാവായ മറിയത്തിന്റെയും ഗീവർഗീസ് പുണ്യവാളന്റെയും കാരുണ്യത്താലാണല്ലോ.  കൊച്ചിക്കാരുടെ സത്യവാങ്ങ്മൂല പ്രാർത്ഥനയാലേ സ്വർഗ്ഗസ്ഥനായ പിതാവ് കൊച്ചി ഹാർബറിനെ വിദേശക്കപ്പലുകൾ കൊണ്ട് അനുഗ്രഹിച്ചുവല്ലോ. തീവണ്ടിയാപ്പീസും വിമാനത്താവളവും ദാനം നല്കിയാറേ നാല്പത്തിയേഴിൽ ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി പരിശുദ്ധ മറിയത്തിന്റെ തിരുനാളിൽ ഇന്ത്യൻ പതാകയും തന്നുവല്ലോ. സ്വാതന്ത്രസമര സേനാനിയുടെ പുത്രനായി ജനിച്ചു, കഷ്ടപ്പാടുകൾ താണ്ടി, ഹൈക്കോടതി വക്കീലായി മാറിയ പാപ്പു വക്കീലേ, അങ്ങ് എന്റെ ഉദരത്തിൽ പാകിയ ഒൻപതു മക്കളെയും ഈ കൊറോണക്കാലത്തു ഓർത്തുകൊള്ളേണമേ.  ഈ നാട്ടിലും വിദേശത്തുമായിക്കഴിയുന്ന അവരിൽ ഐക്യം കാത്തുസൂക്ഷിക്കാൻ ശക്തി പകരേണമേ. കർത്താവിന്റെയും മാതാവിന്റെയും തോമാശ്‌ളീഹായുടെയും അനുഗ്രഹത്താൽ അങ്ങയുടെ ഭവനത്തിൽ നടക്കുന്ന മധുരംവെയ്പ്പിനെ മംഗളകരമാക്കേണമേ.

ലോകത്തു കൊറോണ പകർച്ചവ്യാധി പടരുന്ന നേരത്തു, കത്രീനയുടെ കല്യാണം നാളെ നടത്തിത്തരേണമേയെന്നു കണ്ണുനീരിന്റെ കടപ്പുറത്തു നിന്നും ഞങ്ങൾ അപേക്ഷിക്കുന്നു. ഒൻപതാമത്തേതും അവസാനത്തേതുമായ അരുമസന്താനം കത്രീനയ്ക്ക് അവളുടെ ഇരുപത്തിയേഴാം വയസ്സിലെങ്കിലും വെളിവ് കൊടുക്കേണമേ. ആ സന്തതിയോടു കനിവ് തോന്നേണമേ. കുത്തഴിഞ്ഞ ജീവിതത്തെ ചിട്ടപ്പെടുത്തേണമേ. ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കാൻ ഷെവലിയർ പാപ്പു വക്കീലേ, അങ്ങ് ഈശോമിശിഹായ്ക്കു സങ്കടഹർജി കൊടുത്തു കരുണക്കായി പ്രാർത്ഥിക്കേണമേ.  ആമേൻ…

അകലെ കൊച്ചിഹാർബറിൽ നിന്നും പുറപ്പെടാൻ പോകുന്ന കപ്പലിന്റെ ഹോൺ മുഴങ്ങി. അന്നാമ്മ കണ്ണുതുറന്നു മുഖമുയർത്തി സ്വർഗ്ഗത്തിലേക്കെന്ന പോലെ നോട്ടമയച്ചു. ഭിത്തിയിൽ തൂങ്ങിക്കിടന്ന ഷെവലിയർ പാപ്പു വക്കീലിന്റെ ഫോട്ടോയിൽ ഹാളിലെ അലങ്കാര ദീപങ്ങൾ മിന്നി. താഴത്തെ നിലയിൽ നിന്നും ഒഴുകുന്ന ഭക്തിഗാനത്തിന്റെയും അകത്തെ പെണ്ണുങ്ങളുടെ സംസാരത്തിന്റെയും അലകൾ ഫോട്ടോക്ക് ചുറ്റും കറങ്ങി. കറുത്ത കോട്ടും തോളിൽ വേഷ്ടിയും കസവുമുണ്ടും പൊതിഞ്ഞ പാപ്പു വക്കീൽ ഊന്നുവടി ഒന്നുകൂടി കുത്തിയുറപ്പിച്ചു. കഷണ്ടി കയറിയ തലയുടെ ഇരുപാടും നരച്ച മുടി രണ്ടു ദ്വീപുകൾ പോലെ തോന്നിച്ചു. ചെവികളിൽ മുടി എഴുന്നുനിൽക്കുന്നു. കട്ടിയുള്ള പുരികങ്ങൾ പിടഞ്ഞു. പഞ്ഞി കണക്കെ മീശ. പല്ലുകൾക്കിടയിലെ സ്വർണപ്പല്ലു തിളങ്ങി. ഷെവലിയർ പാപ്പു വക്കീൽ അന്നാമ്മയെ നോക്കി സമാധാനിപ്പിച്ചു.

”നീ പേടിക്കേണ്ടടി. ഒക്കെ നടക്കും. കൊറോണ കാലത്തെ കല്യാണം!”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px