ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -2 മധുരം വെയ്പിനു മുൻപ്

Facebook
Twitter
WhatsApp
Email

”വല്യമ്മച്ചീ, ഈ ക്യാമറയിലേക്കൊന്നുനോക്കി ചിരിച്ചേ.”

അന്നാമ്മയുടെ എഴുപത്തിയെട്ടു വർഷം പഴക്കമുള്ള കണ്ണുകൾ ക്യാമറാലെൻസിലേക്കു പറന്നു.  മോളിക്കുട്ടി ചുരിദാറിന്റെ ഷാൾ പിന്നിലേക്ക് നീക്കിയിട്ടു. പുട്ടപ്പ് ചെയ്തു പിന്നിയ തലമുടിയുടെ ഒരു വശത്തു കോർത്ത മുല്ലപ്പൂമാല തോളിനു മുന്നിലേക്കിട്ട് നിർദേശിച്ചു.

”ആ കണ്ണടയെടുത്തു വെച്ചോളൂ. എന്നാലേ ഒരു ഗെറ്റപ്പ് ഉള്ളൂ.”

”ഒള്ള ഗെറ്റപ്പൊക്കെ മതി. ചിരിയൊന്നും വരണില്ല മോളി.  ഇനിയീ ലോകമൊക്കെ വീണ്ടും നേരെചൊവ്വേ ആകണമെങ്കിൽ എത്ര കാലമെടുക്കും? കെട്ടിപൊക്കിയതൊക്കെ ഇടിഞ്ഞുവീണതു പോലെയായി.  നാളത്തെ കല്യാണമൊന്നു കഴിഞ്ഞുകിട്ടിയാ മതിയായിരുന്നു.”

അന്നാമ്മ സ്വർണഫ്രെയ്മുള്ള കണ്ണടയെടുത്തു വെച്ചു.  പക്ഷെ മുഖത്ത് മ്ലാനത.

”ഒന്നു ചിരിച്ചേ വല്യമ്മച്ചീ.”

”എനിക്ക് വയ്യ ചിരിക്കാൻ.  ഓരോന്നോർക്കുമ്പോൾ…”

”മറ്റന്നാളല്ലേ ജനതാ കർഫ്യൂ? കല്യാണമൊക്കെ നാളെത്തന്നെ നടക്കും.  പോലീസിന്റെ കടലാസ്സു വാങ്ങിയിട്ടുണ്ടല്ലോ?”

”വളരെ കര്‍ശന നിബന്ധനയോടെയുള്ള സ്പെഷ്യല്‍ സാങ്ഷനാ. വീട്ടുകാര്‍ മാത്രമേ പാടുള്ളൂ.”

”കമ്മീഷണറും കളക്ടറുമൊക്കെ നമ്മെ അറിയുന്നതല്ലേ വല്യമ്മച്ചീ? എന്തായാലും ഒരു ഭാഗ്യമുണ്ട്!”

”എന്തോന്നാ?”

”എത്തേണ്ടവരൊക്കെ നേരത്തേ വന്നു.  അമേരിക്കേന്നും കുവൈറ്റിന്നും ഇംഗ്ലണ്ടീന്നും ജർമ്മനീന്നും. അവരുടെ ക്വാറന്റൈനും കഴിഞ്ഞു.  അല്ലേ കാണാമായിരുന്നു!”

”പക്ഷേ എല്ലാവർക്കും ഒരു ചങ്കിടിപ്പാ.  ബിസിനെസ്സിൽ മുടക്കിയ സമ്പാദ്യമൊക്കെ വെള്ളത്തിൽ വരച്ചത് പോലെയാ.”

”ദൈവം തമ്പുരാൻ ഓരോ പാഠം തരേണതാ വല്യമ്മച്ചീ.  എല്ലാത്തിന്റെയും ഒരുതരം ഭാവോം പെരുമാറ്റവുമൊക്കെ കാണണമായിരുന്നു! ഒരു പാറ്റയെ കണ്ടാ കൊക്രാച്ചി കൊക്രാച്ചി എന്നുംപറഞ്ഞുള്ള തുള്ളലും ഒരു നാടകോം! ഒരുതരം ബലൂൺ കൾച്ചർ.”

താഴെ മുറ്റത്തു ഡോബർമാൻ നായ ഫാന്റം കുരക്കുന്നത് കേട്ട് അന്നാമ്മ എന്തോ ഓർത്തു.

”ശരിയാ.  പണ്ടത്തെ മനുഷ്യരൊന്നും ഇങ്ങനെയല്ലായിരുന്നു.  ഒക്കെ മാറീട്ടുണ്ട്.”

”ങ്ങാ – വല്യമ്മച്ചിയൊന്നു ചിരിച്ചേ.  ഇതേതാണ്ട് ആരാണ്ടു ചത്തത് പോലെ! കൊറോണ വേറെ, കല്യാണം വേറെ.”

ക്യാമറയുടെ ഡിസ്പ്‌ളേയിൽ അന്നാമ്മയുടെ മുഖത്തെ പ്രൗഢി തുടുത്തു.  തളർന്ന പുഞ്ചിരിയിൽ ലോകത്തിന്റെ വേദനയുണ്ട്. നരകയറിയ മുടി ഇടതൂർന്നു കിടക്കുന്നു.  ചെവികളിൽ സ്വർണ്ണകുണുക്കും മേയ്ക്കാമോതിരവും.  തൂവെള്ള ചട്ടയും മുണ്ടും. മാറിൽ കസവുകരയുള്ള ഇളംമഞ്ഞ കവണിയുടെ ഞൊറികളിൽ പൂക്കൾ പോലുള്ള ബ്രോച്ചുകൾ.  കഴുത്തിൽ പല നിറങ്ങളിലുള്ള കല്ലുകൾ കോർത്ത സ്വർണ്ണമാല അഞ്ചു പവനെങ്കിലും വരും. റോമിൽ നിന്ന് വെഞ്ചെരിച്ചു വന്ന വെന്തിങ്ങയും.  കയ്യിൽ തൂക്കിപിടിച്ച വെള്ളിക്കൊന്ത.  കൈത്തണ്ടയിൽ കല്ലുവെച്ച വളകൾ.  തേക്ക് മരത്തിൽ കൊത്തുപണി ചെയ്ത വലിയ കസേരയിൽ അന്നാമ്മ ഇരുകൈകളും നീട്ടി വെച്ചു.

”വിമാനത്താവളങ്ങളൊക്കെ അടച്ചു -അല്ലയോ?”

”എല്ലായിടത്തും അടച്ചു.  യൂറോപ്യൻ യൂണിയനും അതിർത്തി അടച്ചു.  ഗൾഫിലേക്കുള്ള വിസ നിർത്തി.  സ്‌കൂളും കോളേജും ബസ്സും ട്രെയിനും ഒക്കെ നിർത്തി.”

”മൊത്തം പ്രശ്‌നമാ.”

”യൂറോപ്പിലും ചൈനയിലും മാത്രമല്ല, അമേരിക്കയിൽ വാഷിംഗ്ടണിലും ന്യൂയോർക്കിലും പോലും സഞ്ചാരമില്ലെന്നാ ഏലീശ്വാന്റി പറഞ്ഞത്.”

”ജർമ്മനീലും ലോക്ക് ഡൗൺ ആയല്ലേ?”

”മരണസംഖ്യ കൂടുകയാണ് വല്യമ്മച്ചീ.  ഇന്ത്യയിലും അങ്ങിനെ തന്നെ. രോഗികളുടെ എണ്ണവും കൂടുന്നു.  ഇപ്പോ കേരളത്തിൽ തന്നെ നിരീക്ഷണത്തിൽ മുപ്പത്തിയൊന്നായിരം ആയി.”

”പണ്ടത്തെ പ്‌ളേഗും വസൂരിയും പോലെ!”

”ഒരാഴ്ച കഴിയുമ്പോഴറിയാം വിവരം. വല്യമ്മച്ചി കാലൊന്നു നീട്ടിവെച്ചു നേരെയിരി. പടം കണ്ടാൽ എലിസബത്തു രാജ്ഞിയെ പോലെ തോന്നണം. അപ്പോ ആളുകൾ പറയും, ഈ പടമെടുത്ത ആളുകൊള്ളാമെന്ന്!”

അന്നാമ്മയുടെ വിടർന്ന ചുണ്ടുകൾ ചുവന്നു. മുഖത്തെ നിഴൽ മാഞ്ഞു.  അന്നാമ്മക്ക് വാസ്തവത്തിൽ എലിസബത്ത് രാജ്ഞിയുടെ ഛായയുണ്ട്.  നോട്ടവും അങ്ങിനെ തന്നെ.  പാപ്പു വക്കീൽ മരിച്ചതിനു ശേഷം ഷെവലിയർ ഹൗസിലെ രാജ്ഞിയാണ് അന്നാമ്മ.

ക്യാമറയിൽ അന്നാമ്മയുടെ കാതിലെ മേയ്ക്കാമോതിരം വലുതായി വന്നു.  മാലയിൽ വജ്രം പോലെ കല്ലുകൾ തിളങ്ങി.  കയ്യിലെ കൊന്തയിൽ കുരിശുരൂപത്തിൽ യേശുവിന്റെ പാതിയടഞ്ഞ കണ്ണുകൾക്കരികിൽ ഉരുകിയൊലിച്ച ലാവ പോലെ നേർത്ത ചാലിന്റെ തുമ്പിൽ ഒരു തുള്ളി.

മരുമക്കൾ വിദേശത്തു നിന്നും വരുമ്പോൾ അന്നാമ്മയ്ക്ക് സമ്മാനിക്കുന്ന വിലകൂടിയ ആഭരണങ്ങൾ എല്ലാം പെട്ടിയിലാണ് സൂക്ഷിക്കുന്നത്.  അതൊന്നും അണിയാറുമില്ല ആരെയും കാണിക്കാറുമില്ല.  അതിലെന്തോ രഹസ്യമുണ്ട്.  ആർക്കുമറിയില്ല അതെത്രയുണ്ടെന്ന്. പാപ്പു വക്കീലിനും ഇത്തരം നിധി സൂക്ഷിപ്പ് സ്വഭാവം ഉണ്ടായിരുന്നു.  അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചതിനു ശേഷമാണ് അതൊക്കെ അന്നാമ്മ കാണുന്നത്. അന്നാമ്മ മാത്രം.

മരുമക്കളായ പെണ്ണുങ്ങളിൽ മറിയം ഒഴികെ മറ്റുള്ളവർ വിദേശങ്ങളിൽ നേഴ്‌സുമാരായതു കൊണ്ട് താന്താങ്ങളുടെ വലുപ്പം കാണിക്കാനായിരുന്നു ഈ രഹസ്യസമ്മാനങ്ങൾ അന്നാമ്മക്ക് കൈമാറിയിരുന്നത്.  മൂന്നാമത്തവൻ മത്തായിയുടെ ഭാര്യ ഏലീശ്വാ അമേരിക്കയിൽ. നാലാമത്തവൻ പൗലോച്ചന്റെ ഭാര്യ ദേവിക കുവൈറ്റിൽ. അഞ്ചാമത്തവൻ സേവ്യറുകുട്ടിയുടെ ഭാര്യ ഡെയ്സി ഇംഗ്ലണ്ടിൽ.  ആറാമത്തവൻ അന്തപ്പായിയുടെ ഭാര്യ ആലീസ് ജർമ്മനിയിൽ. വിദേശങ്ങളിൽ പോയതിൽ പിന്നെ, ആരും കീഴടക്കാത്ത കൊടുമുടിയോളം ആത്മാഭിമാനം ഉള്ളവർ.

ഭിത്തിയിലെ ഫോട്ടോകളിലൂടെ ക്യാമറ ഞരങ്ങി. ഫ്രെയിമിട്ട ചില്ലുകളിൽ ആ ഹാളിലെ ദീപങ്ങളും കൗതുക വസ്തുക്കളും വിജൃംഭിച്ചു.  ട്രോഫികൾ.  ശിൽപ്പങ്ങൾ.  മറ്റൊരു വശത്തു സർ റോബർട്ട് ബ്രിട്ടോ സായിപ്പിന്റെ ഫോട്ടോ. പിന്നെ മഹാത്മാ ഗാന്ധിയുടെ ഫോട്ടോ. മൂലയിൽ ശില്പവേല ചെയ്ത മരപ്പീഠത്തിൽ പിയാത്ത. മാതാവിന്റെ മടിയിൽ യേശുവിന്റെ ചേതനയറ്റ ശരീരം. മുൾക്കിരീടം, തിരുമുറിവുകൾ. ചോരപ്പാടുകൾ.  അതിനു മുന്നിൽ വെഞ്ചെരിച്ച ഉപ്പ്. അന്നാമ്മയും പാപ്പു വക്കീലും ജറുസലേമിൽ പോയപ്പോൾ കൊണ്ടുവന്ന ഹാനാൻ വെള്ളവും.

ക്യാമറയുടെ ചലനങ്ങളിൽ നിന്നും മോളിക്കുട്ടിയുടെ ഉത്സാഹം അന്നാമ്മ കണ്ടറിഞ്ഞു. ഇടയ്ക്കിടെ കുനിഞ്ഞും ചരിഞ്ഞും ക്യാമറ കൈകാര്യം ചെയ്യുമ്പോൾ താനൊരു മികച്ച സംവിധായിക കൂടിയാണെന്ന് അവൾ ബോധ്യപ്പെടുത്തി.

താഴെ മുറ്റത്തും പറമ്പിലുമായി ആണുങ്ങളാണ്. ഒൻപതു മക്കളിൽ ആറും ആൺമക്കൾ. അവർ മാതാപിതാക്കൾക്ക് പല കാലങ്ങളിൽ ജനിച്ചതിനാൽ പ്രായത്തിൽ വ്യത്യാസമുണ്ട്. ഷെവലിയർ ഹൗസിലെ മൂപ്പിളമ നോക്കിയാൽ കൊച്ചൗസേപ്പ്, ചിന്നമ്മ, മത്തായി, പൗലോച്ചൻ, സേവ്യറുകുട്ടി, അന്തപ്പായി, യോഹന്നാൻ, ത്രേസ്യാമ്മ, കത്രീന.

എല്ലാവരും അകലം പാലിച്ചിട്ടുണ്ടാവണം. അവരുടെ ചിരിയും പാട്ടും ബഹളവുമൊക്കെ അന്നാമ്മ കേട്ടില്ലെന്നു നടിച്ചു. പണ്ടത്തെ പോലെയാണോ കുടുംബം?

പകലിന്റെ ചൂട് ബാക്കി നിൽക്കുന്നു. ചിലപ്പോൾ നുരഞ്ഞുപതഞ്ഞ വിസ്‌കിയുടെ മണമുള്ള തണുത്ത കാറ്റ് വീശുന്നു. മഴക്കോളുണ്ട്. ഇന്നലത്തെ പോലെ പെയ്യണമെന്നില്ല. ഒന്ന് ചാറും. അപ്പോഴേക്കും ചൂടും കൂടും.

താഴെ നിന്നും ആരോ മിസ്സിയെ വാപൊളിച്ചു വിളിക്കുന്നു. മിസ്സിസ് ഡിസൂസയ്ക്കാണെങ്കിൽ അവർക്കു ഇറച്ചി പൊരിച്ചതും കരിമീൻ പൊള്ളിച്ചതും കൊണ്ടുപോയി കൊടുക്കാൻ ഒരു മടിയുമില്ല. ടിപ്പ് ഗ്ലാസ്സിലൊഴിച്ചു കിട്ടും. വീട്ടുകാര്യസ്ഥ എന്നതിലുപരി ഇളയമ്മയെ പോലെ അവർക്കു സ്‌നേഹവും ആദരവും വിശ്വാസവുമുണ്ട്. ഒരു കാലിനു സ്വാധീനമില്ലെങ്കിലും അവരോടൊപ്പം ഉറച്ചുനിൽക്കും. പണ്ടുമുതൽക്കേ അങ്ങിനെയാണ്.

ആൺമക്കൾ ആറുപേരും ഷെവലിയർ ഹൗസിൽ ഒത്തുകൂടുമ്പോൾ ഒറ്റക്കെട്ടാണ്. ബാല്യകാലം അവരെ ഒന്നിപ്പിക്കുന്നു.  വേർപെടുത്താനാവാത്ത ഓർമ്മകൾ രസിപ്പിക്കുന്നു. ബന്ധങ്ങളുടെ വേരുപടലങ്ങൾ അവരുടെ ഭാര്യമാർക്ക് കാണാൻ കഴിയില്ല.  കഴിഞ്ഞിട്ടുമില്ല.  മരുമകളായി എത്തിയ പെണ്ണുങ്ങൾ പല കുടുംബങ്ങളിൽ നിന്നും കഴുത്തുകുനിച്ചു വന്നവർ. പല സ്വഭാവങ്ങൾ.  വേറിട്ട ചിന്തകൾ. അവർക്കെങ്ങനെ ഒന്നിക്കാനാവും? മത്സരിക്കാനേ കഴിയൂ. അതിൽ പരസ്പരം സഖ്യമുണ്ടാക്കും. പലതരം മുന്നണികൾ. രഹസ്യധാരണകൾ.

വലിയ കുടുംബങ്ങളായാൽ ഇപ്പോൾ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക!

”വല്യമ്മച്ചി എന്തോന്നാ ഓർക്കുന്നേ?”

”ഒന്നുമില്ല മോളിക്കുട്ടി. ചിന്നമ്മയെവിടെ?”

”താഴെ കപ്പബിരിയാണി ഉണ്ടാക്കുന്ന ചായ്പ്പിൽ. കൂടെ ഏലീശ്വാന്റിയുമുണ്ട്.”

”അവർക്കു തമ്മിൽ കുറച്ചു രഹസ്യങ്ങൾ പറയാനുണ്ടാവും.”

”വല്യമ്മച്ചീ, ഞാനീ ക്യാമറ മെല്ലെ അങ്ങോട്ട് കൊണ്ടുവരും. സിംഗിൾ ഷോട്ടാണ്. വല്യമ്മച്ചി വല്യപ്പച്ചന്റെ ഫോട്ടോയിൽ തന്നെ നോക്കിയിരുന്നോണം. അനങ്ങരുത്. റീടേക് പറ്റില്ല.”

മോളിക്കുട്ടി പിയാത്തോയുടെ ശില്പവേലയിലൂടെ ക്യാമറ തിരിച്ചു. സൂക്ഷ്മമായി കൊത്തുപണി ചെയ്ത ശരീര ഭാഗങ്ങൾ.  മാതാവിന്റെ നോട്ടത്തിനു പല അർഥങ്ങൾ.

അന്നാമ്മയുടെ പ്രിയങ്കരിയാണ് മോളിക്കുട്ടി. ഷെവലിയർ ഹൗസിലെ രണ്ടാമത്തെ സന്താനമായ ചിന്നമ്മയുടെ രണ്ടുമക്കളിൽ രണ്ടാമത്തവൾ. ജനിച്ചിട്ട് ഇത് ഇരുപത്തിരണ്ടാമത്തെ വണക്കമാസം.

പാപ്പു വക്കീലിന്റെ വലിയ ആഗ്രഹമായിരുന്നു ചിന്നമ്മയും വക്കീലാവണമെന്ന്. തന്റെ ഓഫീസിന് പിൻഗാമി വേണമെന്ന് അദ്ദേഹം നിരൂപിച്ചിട്ടുണ്ടാകും. അപ്പന്റെ ആഗ്രഹം മകൾ നിറവേറ്റി. അമ്പത്തിമൂന്നു വയസ്സായിട്ടും അതേ വക്കീലാഫീസിൽ. ഹൈക്കോടതിയിൽ പ്രഗത്ഭയായ വക്കീൽ.

ചിന്നമ്മയുടെ ഭർത്താവ് വർക്കിച്ചൻ പറവൂർകാരനാണ്. എല്ലാവർക്കും മൂത്തളിയൻ. അതിനു കാരണം കൊച്ചൗസേപ്പിനേക്കാൾ ഒരു വയസ്സ് മൂത്തതാണ് വർക്കിച്ചൻ. അൻപത്തിയാറ് കാണും. റിയൽ എസ്റ്റേറ്റ് ബിസിനസ്.  ഫ്‌ളാറ്റ് നിർമാണം. രാഷ്ട്രീയം. വീമ്പുപറച്ചിൽ തുടങ്ങിയാൽ ഏതു വമ്പനും വീണുപോകും. പക്ഷേ ഡീമോണിറ്റൈസേഷൻ വന്നതിനു ശേഷം ആകെ പരുങ്ങലിലാണ്. ബ്ലാക്ക് മണി മറിയുന്നില്ല. ചതുപ്പു നികത്തിയ സ്ഥലങ്ങളൊന്നും വിറ്റുപോകുന്നില്ല. പണിത വീടുകൾക്ക് വില കിട്ടുന്നില്ല. ഫ്‌ളാറ്റ് സമുച്ചയം പണിത സ്ഥലം നിയമപ്രശ്‌നങ്ങളിൽ തൂങ്ങിനിൽക്കുന്നു. കോസ്റ്റൽ സോൺ റെഗുലേഷൻ പ്രകാരം പൊളിക്കേണ്ടിയും വരും. എന്നാലും വർക്കിച്ചന് ഒരു കൂസലുമില്ല. ഒരു കപ്പൽ മുങ്ങിയാൽ രണ്ടു കപ്പൽ ഉണ്ടാക്കുക എന്ന ലക്ഷ്യം കുറിച്ചവൻ. ഉന്നത രാഷ്ട്രീയ സ്വാധീനം. തന്റെ മുന്നിൽ അച്ചടക്കമുള്ളവനും സാധുവുമാണ് വർക്കിച്ചൻ എന്ന് അന്നാമ്മ വിശ്വസിക്കുന്നുണ്ട്. അതുകേട്ടിട്ട് ചിന്നമ്മ പറയാറുണ്ട്… അമ്മച്ചീ സൂക്ഷിച്ചോ, ഇതെല്ലം അങ്ങേരുടെ അഭിനയമാ, അമ്മച്ചീടെ കയ്യീന്ന് എന്തോ രഹസ്യമായി തട്ടിയെടുക്കാനുള്ള ബുദ്ധിയാ…

ചിന്നമ്മയുടെ മൂത്തമകൻ ജോസുകുട്ടിയ്ക്ക് മർച്ചന്റ് നേവിയിലാണ് ജോലി. എൻജിനീയർ. കല്യാണത്തിന് എത്തിയിട്ടുണ്ട്. പേരക്കുട്ടികളിൽ ആണുങ്ങൾ എല്ലാം മുറ്റത്തെ പന്തലിൽ കൂട്ടം കൂടിയിരിപ്പുണ്ടെന്നു മോളിക്കുട്ടി പറഞ്ഞു.  അവർ ഡോബർമാൻ നായ ഫാന്റത്തെ ഓമനിക്കുന്നു. ജോസുകുട്ടിക്കു താഴെയാണ് അവൾ. മിടുക്കി. ഹൃദയമുള്ളവൾ. സിംപിൾ. വായിക്കും. എഴുതും. ഫോട്ടോഗ്രഫിയിലാണ് കമ്പം.  അന്നാമ്മയുടെ ആഗ്രഹപ്രകാരം പാപ്പുവക്കീലിന്റെ പാതയിൽ തന്നെ. ഡിഗ്രി കഴിഞ്ഞു.  ഒന്നാംവർഷ നിയമബിരുദ വിദ്യാർത്ഥിനി.

”നിന്റെ ക്യാമറ ഇങ്ങോട്ടു വരുന്നില്ലേ? കഴുത്തു വേദനിക്കുന്നു.”

”ഞാനൊന്നു കട്ട് ചെയ്തു വല്യമ്മച്ചീ. ഒരു എക്‌സ്ട്രീം ക്ലോസ് ഷോട്ട് എടുത്തിട്ട് അങ്ങോട്ട് വരും.”

”നാളെ വണ്ടിയൊക്കെ വിടുമോ ആവോ?”

”അതൊക്കെ ശരിയാക്കീട്ടുണ്ട്.”

”അവർക്കു വല്ല പ്രശ്‌നോം ഉണ്ടാവുമോ?”

”ആർക്ക്?”

”ചെക്കനും വീട്ടുകാർക്കും?”

”അതിനവർ എട്ടുപത്തു പേരല്ലേയുള്ളു? കഴിഞ്ഞ മാസം അമേരിക്കേന്നു വന്നയുടൻ ക്വാറന്റൈനിൽ. അതും കഴിഞ്ഞു. നെഗറ്റീവ്. ഇനിയെന്തോന്നാ പ്രശ്‌നം?”

”ഈ വീഡിയോ കോൺഫറൻസിലൂടെ മനസമ്മതം നടന്നത് കാനോനികമല്ല.”

”സെന്റ് തോമസ് മൗണ്ടീന്ന് കർദ്ദിനാൾ സമ്മതിച്ചില്ലേ? അങ്ങിനെയാവാം വല്യമ്മച്ചി.”

”ഇന്ന് കേരളത്തിൽ അറുപത്തിനാല് പേരാ ആശുപത്രീലായത്. മുഖ്യമന്ത്രി പറഞ്ഞത് കേട്ടോ?”

”എന്തോന്ന്?”

”കോവിഡ് വ്യാപിക്കുന്നതിനെതിരെ പലയിടത്തും ആൾക്കാർക്ക് ജാഗ്രതക്കുറവുണ്ടെന്ന്! മുതിർന്ന പൗരന്മാർ പല സ്ഥലങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നുവെന്ന്!”

”നാളെ പുറത്തേക്കിറങ്ങിയാൽ മാസ്‌ക് ധരിക്കണം.  അകലം പാലിക്കണം.  അത്രേയുള്ളൂ.”

”പള്ളിക്കകത്തോ?”

”അതെനിക്കറിയില്ല. പക്ഷേ അകലം പാലിക്കണം.”

”വലിയ കഷ്ടം തന്നെ.”

”ഈ ലോകചരിത്രം ഇങ്ങനെയൊക്കെയാണ് വല്യമ്മച്ചീ. പ്ലേഗ്.  വേൾഡ് വാർ. സ്പാനിഷ് ഫ്‌ളൂ. വസൂരി.  സാർസ്. ഡെങ്കി. നിപ്പ. ഇപ്പോൾ ചൈനീസ് വൈറസ് കോവിഡ്!”

”ഇത് ചൈനക്കാരുണ്ടാക്കിയതാണോ?”

”ആർക്കറിയാം.”

”പക്ഷേ അവർ മൂടിവെച്ചില്ലേ?”

”മനുഷ്യൻ ഇതും അതിജീവിക്കും. കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടാകും. അല്ലെങ്കിൽ തന്നെ ഒരു യുദ്ധമൊക്കെ ഉണ്ടായിട്ട് അമ്പതു വർഷം കഴിഞ്ഞു. ഇടയ്ക്ക് ഒരു യുദ്ധമൊക്കെ ഉണ്ടെങ്കിലേ ആൾക്കാർക്ക് ഒരു ഉശിരുണ്ടാവു എന്നാ അപ്പൻ പറേണത്.”

”വർക്കിച്ചൻ വെള്ളമടിക്കുമ്പോൾ പലതും പറയും. നഷ്ടങ്ങളൊക്കെ ഉണ്ടായാൽ അതൊരു തീരാത്ത പ്രശ്‌നമാ. ചിലർക്ക് സഹിക്കാൻ പറ്റൂല. ആത്മഹത്യ വരെ ചെയ്യും.”

”സഹിക്കാൻ പഠിക്കണം. ജീവിതത്തെക്കാളും വലുതാണോ പണം? വല്യമ്മച്ചി തന്നെ പറയാറുണ്ടല്ലോ?”

”ഉണ്ട്…  എന്നാലും…”

”പ്രയാസമൊക്കെ ഉണ്ടാകും. കല്യാണം കഴിഞ്ഞാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മണവാട്ടീം മണവാളനും ബെഡ്‌റൂമിൽ പോലും ഒരു മീറ്റർ അകലം പാലിക്കണം.”

”ഉവ്വോ?”

മോളിക്കുട്ടി കിണുങ്ങി ചിരിച്ചുകൊണ്ട് ക്യാമറ ഭിത്തിയിലേക്കു തിരിച്ചു.

”നിന്റെ കത്രീനാന്റി കേൾക്കേണ്ട. നിന്നെ പൊടിച്ചുകളയും.  എങ്ങനെയായാലും ലോക്ക്ഡൗൺ വരും മുൻപ് ഈ കല്യാണം നടക്കേണ്ടത് നമ്മുടെ കുടുംബത്തിന്റെ അത്യാവശ്യമാ!”

”വല്യമ്മച്ചി ധൈര്യമായിട്ടിരിക്ക്. ഞാനില്ലേ കൂടെ? എന്റെ ഫോണിൽ ആരോഗ്യമന്ത്രി ടീച്ചറുടെ നമ്പറുണ്ട്!”

മോളിക്കുട്ടിയുടെ ക്യാമറ ഷെവലിയർ പാപ്പു വക്കീലിന്റെ ഫോട്ടോയിലേക്കു വീണ്ടും സൂം ചെയ്തു. അന്നാമ്മയുടെ ചിന്തകൾ പാപ്പു വക്കീലിന്റെ കഷണ്ടി തലോടി.

എറണാകുളത്തു ലോ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തുടങ്ങിയതാണ് പാപ്പുവിന്റെ പ്രണയം. അക്കാലത്തു അന്നാമ്മ പത്തിൽ പഠിക്കുന്നു. മറിയക്കടവിലാണ് വീട്. കൊപ്രാക്കാരൻ വറീതിന്റെ മകൾ. ഇക്കരെ പള്ളിത്തുരുത്തിലാണ് സെന്റ് ജോർജ് സ്‌കൂൾ.  മറിയക്കടവിൽ നിന്നും കടത്തുവള്ളത്തിലോ ബോട്ടിലോ ഇക്കരെ പള്ളിത്തുരുത്തിലെത്തുമ്പോൾ ബോട്ടുജെട്ടിക്കരികിലെ തെങ്ങിൽ ചാരി വീർത്ത ഹൃദയത്തോടെ നിൽപ്പുണ്ടാകും പാപ്പു. അന്നാമ്മയെ ഒരു നോക്കു കണ്ടിട്ട് വേണം ലോ കോളേജിലേക്കുള്ള ബോട്ടിൽ കയറാൻ.

പാപ്പു ചിലപ്പോഴൊക്കെ മറിയക്കടവിലേക്കും പോകും. ഏതോ ദിവ്യശക്തി നയിക്കുന്നത് പോലെ. ശ്വാസത്തിന് വെയിലിനേക്കാൾ ചൂടുണ്ടാവും. ഉള്ളിൽനിന്നു പെടപെടാ മിടിക്കുന്നത് കേൾക്കാം. അന്നാമ്മക്കു പിന്നാലെ അനുയാത്ര ചെയ്യും. ആരുമില്ലെങ്കിൽ ഒപ്പം നടക്കും. കാറ്റിനെ പോലും കവിളിൽ തൊടാൻ അനുവദിക്കില്ല. എല്ലാ ഞായറാഴ്ചയും മറിയക്കടവിലെ മൗണ്ട് കാർമെൽ പള്ളിയിലെ കുർബ്ബാനയാണ് പാപ്പുവിനിഷ്ടം. ഇന്ത്യയിൽ ആദ്യമായി റോമിൽ നിന്നും വന്ന കർമ്മെലീത്ത വൈദീകർ സ്ഥാപിച്ച പള്ളിയാണത്. അതിന്റേതായ ചൈതന്യം അവിടെ ഉണ്ടാകാതിരിക്കില്ലല്ലോ. വിവരമുള്ളവർക്കല്ലേ അത് മനസ്സിലാകൂ. ആ പള്ളിയിലെ കുർബ്ബാനയ്ക്ക് എന്തോ പ്രത്യേകത ഉണ്ടെന്നാണ് പാപ്പു സ്വന്തം സ്ഥലമായ പള്ളിത്തുരുത്തിൽ പറഞ്ഞത്. മറിയക്കടവിലെ പാടത്തിനും കുളിർക്കാറ്റിനും കാക്കക്കും കൊക്കിനും മാടത്തത്തകൾക്കും ആകാശത്തിനും മേഘങ്ങൾക്കും അന്നാമ്മയുടെ തൊലിയുടെ മണത്തിനും പവിത്രതയുണ്ടെന്നു പാപ്പു വിശ്വസിച്ചു.

അന്നാമ്മ പത്തു കഴിഞ്ഞു ടിടിസി പാസ്സായി, പള്ളിത്തുരുത്ത് സെന്റ് ജോർജ്ജ് സ്‌കൂളിൽ ലോവർ പ്രൈമറി അദ്ധ്യാപികയായ കാലം… സോവിയറ്റു യൂണിയൻ ലൂണിക് വൺ എന്ന ബഹിരാകാശ വാഹനം വിക്ഷേപിച്ച കാലം. ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ പ്രസിഡന്റിന്റെ കൊട്ടാരം വിപ്ലവകാരികൾ പിടിച്ചെടുക്കുകയും വിപ്ലവ നേതാവ് ഫിദൽ കാസ്‌ത്രോ പട്ടാളനിയമം റദ്ദാക്കി പാർലിമെന്റ് പിരിച്ചുവിട്ട് അധികാരങ്ങൾ മന്ത്രിസഭക്ക് നൽകുകയും ചെയ്ത കാലം. ഇന്ത്യയിൽ മികച്ച അദ്ധ്യാപകർക്ക് ദേശീയ അവാർഡുകൾ നല്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്ത കാലം. ബ്രിട്ടനിൽ സ്ത്രീകളുടെ ചാരിത്രശുദ്ധി അപ്രായോഗികമാണെന്നുള്ള വിവാഹ സംബന്ധമായ ഒരു ലഘുലേഖ നിരോധിച്ച കാലം.

പാപ്പു പരീക്ഷ പാസ്സായി ജൂനിയർ വക്കീലായി ജോലി തുടങ്ങുമ്പോഴാണ് അന്നാമ്മക്കു കല്യാണാലോചന വന്നത്. വരൻ ഒരു ഹോമിയോ ഡോക്ടർ. സ്വന്തമായി ക്ലിനിക്കും കാറുമുണ്ട്.

പാപ്പുവിന് ആധിയായി.

പിന്നെയങ്ങോട്ട് അന്നാമ്മയുടെ കഴുത്തിൽ താലികെട്ടുന്നതു വരെ പള്ളിത്തുരുത്തിലും മറിയക്കടവിലും നടന്ന ചരിത്ര സംഭവങ്ങൾ കേൾക്കാൻ പേരക്കിടാങ്ങൾക്ക് ഇപ്പോഴും ഹരമാണ്.  കൊച്ചൗസേപ്പിൻറെ മക്കൾ ഗ്രേയ്‌സിനും ഗേളിക്കും കൂടെ മോളിക്കുട്ടിക്കുമായിരുന്നു ആകാംക്ഷ. വീർപ്പടക്കി കഥ കേൾക്കുമായിരുന്നു.

കാലം മാറിയപ്പോൾ കടവുകൾ ബന്ധിച്ചു പാലങ്ങൾ വന്നു. ദ്വീപുകൾ നഗരം പോലെയായി. അക്കരെയും ഇക്കരെയും ഇല്ലാതായി.

നമുക്ക് മുന്നിലുള്ള കാലം ഒരു കൊച്ചുകുരുവിയാണെന്ന് തോന്നും. പക്ഷേ നിരവധി വർഷങ്ങൾ കഴിയുമ്പോഴാണ് മനസ്സിലാവുക, കാലത്തിന്റേത് വലിയ ചിറകുകളാണെന്ന്!.

യൂറോപ്യൻ മോടിയുള്ള വേഷമണിഞ്ഞ മൂന്നു പെൺകൊടികൾ, സിസിലിയും കിറ്റിയും എയ്ഞ്ചലും വെളുത്തുതടിച്ച ഒരു പൂച്ചയെ കയ്യിലേന്തി, കിണുകിണെ ചിരിച്ചു, ക്യാമറക്കു മുന്നിലൂടെ ഓടിപ്പോയപ്പോൾ, മോളിക്കുട്ടിയുടെ കണ്ണുകൾ മുഴുമുഴുക്കെ തുറന്നുചുവന്നു.

”പിള്ളേരെ, നിങ്ങളോടല്ലേ പറഞ്ഞത് ക്യാമറക്കു മുന്നിലൂടെ പോകരുതെന്ന്? ഓവർലാപ്പാകും. കളിയൊക്കെ താഴെ മതി. പോ അപ്പുറത്തു്.”

പെൺകുട്ടികളിൽ സിസിലി തിരിഞ്ഞുനിന്ന് മുഖം വീർപ്പിച്ചു. വിദേശരാജ്യങ്ങളിൽ ഇങ്ങനെയാരും ഇൻസൽട്ട് ചെയ്യാറില്ലല്ലോ.

ചിന്നമ്മക്കു താഴെയുള്ള മത്തായിയും കഴിഞ്ഞുള്ള പൗലോച്ചന്റെ മകളാണ് സിസിലി. കുവൈറ്റിൽ നേഴ്‌സായ ദേവികയുടെ മകൾ. കുവൈറ്റിൽ ജനിച്ചു, കുവൈറ്റിൽ വളർന്ന്, കുവൈറ്റിൽ വിദ്യാർത്ഥിനിയായ പതിനെട്ടുകാരി.  സിസിലിയുടെ സ്വരം കടുത്തു.

”അതിനു മോളിച്ചേച്ചീടെ കല്യാണമൊന്നുമല്ലല്ലോ? കത്രീനാന്റീടെ കല്യാണമല്ലേ? വല്യ ഗമ കാണിക്കുന്നു! നോ ഫൂൾ ലൈക് ആൻ ഓൾഡ് ഫൂൾ!”

മോളിക്കുട്ടി കൈ ഉയർത്തി.  ”ചെലക്കാണ്ട് മുന്നീന്ന് പോടീ. അല്ലെങ്കി കിട്ടും എന്റെ കയ്യീന്ന്.”

അന്നാമ്മ സിസിലിയെ ആശ്വസിപ്പിച്ചു.  ”പൊന്നുമക്കളെ കുറച്ചു നേരത്തേക്ക് ഒന്നുമാറി കൊടുത്തേക്ക്. നമുക്ക് പ്രാർത്ഥിക്കാൻ സമയമായി. താഴെച്ചെന്ന് പ്രാർത്ഥനാമുറിയിൽ തിരിയൊക്കെ കത്തിക്ക്.”

പെൺകുട്ടികൾ പൂച്ചയുമായി മുന്നോട്ടു നീങ്ങുന്നതിനിടയിൽ സിസിലി മോളിക്കുട്ടിക്ക് താക്കീത് നൽകി. ”എന്റെ പപ്പക്ക് കുവൈറ്റിൽ ഹൈ ഡെഫിനിഷൻ ക്യാമറയുണ്ട്. എന്റെ മമ്മിയ്ക്കുമുണ്ട് ഇതിലും നല്ല ഡിജിറ്റൽ ക്യാമറ!”

മോളിക്കുട്ടിയുടെ മുഖം തുടുത്തു. കണ്ണുകൾ സൂചിമുന പോലെയായി. ”പോടീ. നിന്റെ മമ്മീടെ ഡിജിറ്റൽ ക്യാമറ. ഇതേയ്, അമേരിക്കേന്ന് ഏലീശ്വാന്റി കൊണ്ടുത്തന്നതാ. ഫിലിം റെസൊല്യൂഷനാണ്!”

പെട്ടെന്ന് മുറ്റത്ത് ഒരു കാർ വന്നുനിൽക്കുന്ന ഇരമ്പൽ. പന്തലിൽ നിന്നും ആണുങ്ങളുടെ ചെറിയ ബഹളം…

”സ്‌തോത്രം.  സ്‌തോത്രം.”

”ഇപ്പോഴാണ് കോറം തികഞ്ഞത്.”

ആരുടേയോ നാവു കുഴഞ്ഞ ശബ്ദം. ”സിസ്റ്ററേ, ഞങ്ങളെയൊന്നു അനുഗ്രഹിച്ചിട്ട് പോടീ”.

സിസിലി തിരികെ ഓടി മുകൾവരാന്തയിലേക്ക് ചെന്നു. കൂട്ടിൽക്കിടന്ന അമ്മിണി തത്ത ചിലച്ചു – ”തത്തമ്മേ പൂച്ച, പൂച്ച.” സിസിലി കൈവരിക്കരികിൽ നിന്ന് മുറ്റത്തെ കാഴ്ച്ച കണ്ടു തുള്ളി. അന്നാമ്മയോടു വിളിച്ചു കൂവി.

”വല്യമ്മച്ചീ, കന്യാസ്ത്രീ ആന്റി വന്നു!”

അന്നാമ്മയുടെ കണ്ണടക്കുള്ളിൽ രണ്ട് നക്ഷത്രങ്ങൾ തിളങ്ങുന്നതും മുഖപേശികൾ തുടിക്കുന്നതും മോളിക്കുട്ടി ക്യാമറയിൽ പകർത്തി. അന്നാമ്മ ഷെവലിയർ പാപ്പു വക്കീലിനെ ആർദ്രതയോടെ നോക്കി.

എട്ടാമത്തെ സന്താനം.

ത്രേസ്സ്യാമ്മ.

കർത്താവിന്റെ മണവാട്ടി!

About The Author

One thought on “ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -2 മധുരം വെയ്പിനു മുൻപ്”

Leave a Reply

Your email address will not be published. Required fields are marked *