- കപ്പബിരിയാണി
ഷെവലിയർ ഹൗസിന്റെ അടുക്കള ഭാഗത്തു ഓട് മേഞ്ഞ ചായ്പ്പിൽ രണ്ട് വലിയ അടുപ്പുകളിൽ ചിരട്ടക്കനലുകൾ ആളിക്കൊണ്ടിരുന്നു.
ഒന്നാമത്തെ അടുപ്പിലെ വലിയ ചെമ്പുകുട്ടകത്തിൽ രണ്ടു വേലക്കാരികൾ എണ്ണയൊഴിച്ചു. ഇഞ്ചിയും വെളുത്തുള്ളിയും സവോള അരിഞ്ഞതും തേങ്ങാക്കൊത്ത് മൂപ്പിച്ചതും ചേർത്ത് പങ്കായം പോലത്തെ രണ്ടു വലിയ കോരികൾ കൊണ്ട് വഴറ്റുവാൻ തുടങ്ങി.
മറ്റു രണ്ടു വേലക്കാരികൾ രണ്ടാമത്തെ അടുപ്പിലെ ചെമ്പുകുട്ടകത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ വെന്തുകൊണ്ടിരുന്ന കൊത്തിയരിഞ്ഞ കപ്പ മെല്ലെ ഇളക്കുകയും ചെയ്തു.
”കറിപ്പൊടികളും ഗരംമസാലയും പാകത്തിന് വേണം.”
മിസ്സിസ് ഡിസൂസ വേലക്കാരികൾക്ക് നിർദേശം നൽകി. കയ്യിലൊരു ഗ്ലാസ്സുമായി അമ്മിക്കല്ലിനരികിലേക്കു ചട്ടിനടന്നു. ഓരോ ചുവടു വെയ്ക്കുമ്പോഴും ഒരു വശം ചരിയും. മുട്ടുവരെയുള്ള മാക്‌സിയിൽ വൃക്ഷങ്ങളും കിളികളും പച്ചപ്പ് വിതറി. ബോബ് ചെയ്ത മുടിയിൽ വെള്ളിനൂലുകൾ കാണാം. ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ അറുപത്തിയഞ്ച് വയസ്സായിട്ടും പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ ഗരിമ ജ്വലിക്കുന്നു. മുഖത്ത് ടൈനി യൂറോപ്പെന്ന പഴയ കൊച്ചിയുടെ പ്രതാപം.
അമ്മിക്കല്ലിൽ ഒരു കുപ്പി വിദേശ സ്‌കോച്ച് വിസ്‌കി, സോഡ. ചിപ്‌സ്. സിഗരറ്റ്. അവിടെ ചിന്നമ്മവക്കീലും ഏലീശ്വാ മത്തായിയും നിൽപ്പുണ്ട്. ഇരുവരും രണ്ടാമത്തെ പെഗ്ഗിലേക്കു കടക്കുകയാണ്. മിസ്സിസ് ഡിസൂസ കയ്യിലിരുന്ന ഗ്ലാസ് അമ്മിക്കല്ലിൽ വെച്ചു.
ഏലീശ്വാ മത്തായി ഗ്‌ളാസ്സിലേക്കു വിസ്‌കി പകർന്നു. ചിന്നമ്മ സോഡാ കലർത്തി. മിസ്സിസ് ഡിസൂസ ഒറ്റ വലിക്ക് വിസ്‌കി അകത്താക്കി. ചിപ്‌സെടുത്ത് ചവച്ചു. ഇങ്ങനെ ഉപചാരമോ സാവകാശമോ ഇല്ലാതെ അകത്താക്കുന്നതിനെ ”ഞാനിതങ്ങു അവോയ്ഡ് ചെയ്തു” എന്നാണ് മിസ്സിസ് ഡിസൂസ പറയാറുള്ളത്.
”പാപ്പു വക്കീൽ ഉണ്ടായിരുന്നപ്പോൾ എനിക്ക് ഒരു പെഗ് ദിവസവും രാത്രി തരുമായിരുന്നു. ഗ്ലാസിൽ ഐസിട്ടു കൊടുക്കുമ്പോൾ ഒരെണ്ണം നീക്കി വെയ്ക്കും. എന്നിട്ട് പറയും, അന്നാമ്മയെക്കൊണ്ട് ഒന്നും പറയിപ്പിക്കരുതൂട്ടോ. അതൊക്കെ ഒരു കാലം!”
മിസ്സിസ് ഡിസൂസയുടെ കണ്ണുകൾ ഏലീശ്വായെ കൗതുകത്തോടെ ഉഴിഞ്ഞു. ചിന്നമ്മയുടെ നേരെ ഇളയവൻ മത്തായിയുടെ കെട്ടിയോൾ. അമേരിക്കയിൽ നേഴ്‌സ്. മുടിയും ആഭരണവും വേഷവും കണ്ടാൽ ഒരു അമേരിക്കൻ ചേല്. തലമുടി ചുരുൾച്ചുരുളാക്കി സ്വർണം പൂശിയതു മാതിരി. ഈർക്കിൽ വണ്ണത്തിലുള്ള പുരികക്കൊടികൾക്കു താഴെ കൺപോളയിൽ നീല നിറത്തിൽ ഐ ഷാഡോ. തവിട്ടുനിറം മിന്നുന്ന ചുണ്ടുകൾ. കഴുത്തിൽ പ്ലാറ്റിനം പോലുള്ള മാല. കാതിൽ ചെറു വളയങ്ങൾ. കൈത്തണ്ടയിൽ സ്വർണത്തിന്റെ സ്പ്രിംഗ് വളകൾ. മഴ പോലെ പെയ്യുന്ന നീലയും ചുവപ്പും നിറഞ്ഞ ടീഷർട്ട് പൊക്കിൾക്കുഴി വരെ. പിന്നെ, വെളുത്ത ജീൻസ് ബെർമൂഡ.
ലോകത്തിലെ ഒന്നാം നമ്പർ പരിഷ്‌കൃത പൗരസമൂഹത്തിൽ ജീവിക്കുന്നതിന്റെ മഹത്വം മറ്റുള്ളവർക്ക് മനസ്സിലാവണമെന്നില്ല. അത് ചില സ്ത്രീകൾ മനപ്പൂർവം മനസ്സിലാക്കാൻ ശ്രമിക്കാത്തതിൽ ഏലീശ്വായ്ക്ക് കുണ്ഠിതമുണ്ട്. തന്റെ പക്ഷത്തു നിൽക്കുന്നവർ ഏറ്റവും ഉയർന്ന ജീവിത നിലവാരത്തെ അംഗീകരിക്കുന്നവരാണെന്നു ഏലീശ്വായ്ക്കു തോന്നാറുണ്ട്. കൂറുണ്ടെങ്കിൽ ഏലീശ്വായുടെ ചോറ് എപ്പോഴും അവർക്കുണ്ട്.
ചിന്നമ്മ പണ്ട് മുതൽക്കേ സാധാരണ വേഷത്തിൽ തന്നെ. സാരിയും ബ്ലൗസും. പരിഷ്‌കാരമൊന്നുമില്ല. നൂല് പോലത്തെ മാലയും വളയും. മേക്കപ്പ് ഒട്ടുമില്ല. കണ്ണാടിക്കു മുന്നിൽ സമയം ചിലവഴിക്കാറില്ല. നടപ്പ് കണ്ടാൽ അറിയാം ഒതുക്കം. അധികം സംസാരിക്കാറില്ല. കേസിന്റെ കാര്യം വരുമ്പോഴാണ് ചിന്നമ്മ പുലിയാണെന്നു മനസ്സിലാവുന്നത്. ആ കോലാഹലം കോടതിയിൽ മാത്രം.
”ചിന്നമ്മ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനിവിടെ വന്നത്. അന്ന് അന്നാമ്മ ടീച്ചർ അന്തപ്പായിയെ പ്രസവിച്ചു കിടക്കുന്നു. ആറാമത്തെ പ്രസവം ഇത്തിരി ബുദ്ധിമുട്ടായിരുന്നു. പോരാത്തതിന് അടിയന്തിരാവസ്ഥയും. പാപ്പു വക്കീലിന്റെ ഏതോ കൂട്ടുകാർ ഇവിടെ തട്ടുമ്പുറത്തു ഒളിച്ചു പാർക്കുന്നു. ഇടയ്ക്കിടെ പോലീസ് വരും. നാൽപ്പത്തിയഞ്ച് വർഷം കടന്നുപോയതറിഞ്ഞില്ല.” ഏലീശ്വായുടെ കയ്യിൽനിന്നും സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ടു മിസ്സിസ് ഡിസൂസ തുടർന്നു. ”ഏലീശ്വായ്ക്കിപ്പോൾ അമ്പതു വയസ്സായിക്കാണും – അല്ലേ?”
”യെസ്. യു ആർ റൈറ്റ്.” ഏലീശ്വാ രണ്ടു ഗ്‌ളാസ്സ്‌സുകളിലെ വിസ്‌കിയിൽ സോഡ കുറച്ചുകൂടി ചേർത്തു. മറ്റൊരു സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിച്ചു. ”ഐ ബോട്ട് സം ഡ്രസ്സ് ഫോർ യു ആന്റി!”
”എന്നെ മറക്കില്ലെന്ന് എനിക്കറിയാം. നിനക്ക് ദൈവാനുഗ്രഹമുണ്ട്. ഞാനെപ്പോഴും പ്രാർത്ഥിക്കും, എന്റെ കുഞ്ഞിന് ഒരു കുറവും വരുത്തല്ലേയെന്ന്. കൊറോണ വന്നതിൽപ്പിന്നെ മത്തായിയുടെ ബിസിനെസ്സ് എങ്ങനുണ്ട്? വല്ല പ്രശ്‌നോം ഉണ്ടോ?”
”ഹി ഈസ് ആൾസോ വർക്കിങ് അസ് മാനേജിങ് പാർട്ണർ ഓഫ് ആൻ അഡ്വാൻസ്ഡ് മെഡിക്കൽ അപ്ലയൻസ് എക്‌സ്‌പോർട് കമ്പനി. ഞങ്ങൾക്കിങ്ങോട്ടു വരാൻ വലിയ ബുദ്ധിമുട്ടായിരുന്നു. മില്യയും മാനുവലും എയർപോർട്ടിൽ മടുത്തു പോയി. എംബസ്സിയിൽ പരിചയമുള്ളതു കൊണ്ട് മാനേജ് ചെയ്തു. ഇന്ത്യൻ പ്രൈം മിനിസ്റ്റർ മോദിക്കുള്ള ഒരു റെസ്‌പെക്ട് കാണണം! മൈ ഗോഡ്! വീ ഗോട്ട് എ പ്രിവിലേജ് ട്രീറ്റ്മെന്റ്. ബട്ട് കോവിഡ് ഈസ് സ്‌പ്രെഡ്ഡിങ് എവെരിവെയർ.”
ചിന്നമ്മ സാരി ഒന്നുകൂടി മുറുക്കിക്കുത്തി. മുന്താണികൊണ്ട് കഴുത്തു തുടച്ചു.
”വല്ലാത്ത ചൂട്.”
”അടുപ്പിനരികിലല്ലേ നിൽക്കുന്നത്? മുകളിൽ എസിയിൽ ഇരുന്നുകൂടായിരുന്നോ?” മിസ്സിസ് ഡിസൂസ അടുപ്പിലേക്ക് നോക്കി മണം പിടിച്ചു. ”എടീ – മസാല മൂത്തു. ഇനി മുഴനെഞ്ച് ഇട്ടേക്ക്. പാകത്തിന് വെള്ളോം ഒഴിക്ക്. മറ്റേ അടുപ്പില് കപ്പ വെന്തുകാണും.”
വേലക്കാരികൾ പോത്തിന്റെ മുഴനെഞ്ച് ഭാഗമായ വേവുന്ന എല്ലും മാംസവും ചെമ്പിലേക്കിട്ട് കോരി കൊണ്ട് മസാല ഇളക്കിമറിച്ചു. വെള്ളമൊഴിച്ചു. തീ കൂട്ടി.
”ഇനിയങ്ങു മൂടിയേക്ക്. എല്ല് നേരത്തേ വേവിച്ചതുകൊണ്ട് പെട്ടെന്നാവും. ഇതൊക്കെ ആണുങ്ങളേക്കൊണ്ടേ പറ്റൂ. നല്ല പണിയാ. കപ്പ വെന്തോടീ?”
മിസ്സിസ് ഡിസൂസയ്ക്ക് അരികിലേക്ക് വേലക്കാരി ഒരു തവിയിൽ കോരിയ കപ്പയുമായി വന്നു. ഒരു കഷണം കപ്പ നുള്ളിയെടുത്തിട്ടു നിർദ്ദേശിച്ചു. ”ങ്ഹാ – മതി. ഇനി വെള്ളമൂറ്റിയേക്ക്.”
ചിന്നമ്മയും ഏലിശ്വായും കപ്പബിരിയാണി തയ്യാറാക്കാൻ നേതൃത്വം കൊടുക്കുന്ന മിസ്സിസ് ഡിസൂസയെ കൗതുകത്തോടെ നിരീക്ഷിക്കുകയായിരുന്നു.
കുട്ടൂസൻ എന്ന വെളുത്ത പൂച്ച ഓടിവന്ന് മൂക്കുയർത്തി മണം പിടിച്ചിട്ട് മിസ്സിസ് ഡിസൂസയുടെ കാലുകളിൽ ഉരുമ്മി നിന്നു.
പാപ്പു വക്കീലിന്റെ ഓഫീസിലെ ക്ലെർക്കായിരുന്നു ഡിസൂസ. യോഗ്യൻ. കോട്ടും സൂട്ടുമേ ധരിക്കൂ. ആംഗ്ലോ ഇന്ത്യൻ കുടുംബം. ഷെവലിയർ ഹൗസിൽ സേവ്യറുകുട്ടി ജനിച്ച വർഷത്തിൽ ഒരു സ്‌കൂട്ടറപകടത്തിൽ പെട്ട് ഡിസൂസ മരിച്ചു. അന്ന് മിസ്സിസ് ഡിസൂസയ്ക്ക് വെറും പതിനെട്ടു വയസ്സ്. അന്നാമ്മക്ക് വലിയ കാര്യമായിരുന്നു. സ്‌കൂട്ടർ അപകടത്തിൽപ്പെട്ടാണ് ഒരു കാലിനു സ്വാധീനക്കുറവ് ഉണ്ടായത്. രണ്ടു വർഷം വക്കീലാഫീസിൽ ജോലി നോക്കി. പിന്നെ അന്തപ്പായി ജനിച്ചപ്പോൾ അന്നാമ്മയുടെ സഹായത്തിനായി വീട്ടിലേക്ക് കൊണ്ടുപോന്നു. വീട്ടിലെ കാര്യസ്ഥയായി. പറമ്പിലെ തേങ്ങായുടെയും പൊക്കാളി പാടത്തെ കൊയ്ത്തിന്റെയും ചെമ്മീൻക്കെട്ടിന്റെയും കണക്കു മുതൽ ബാങ്ക് ഇടപാട് വരെ മിസ്സിസ് ഡിസൂസയാണ് നോക്കുന്നത്. പിടിപ്പതു പണിയുണ്ട്. പാപ്പു വക്കീൽ ഒരു ശമ്പളം നിശ്ചയിച്ചിരുന്നു. അതൊക്കെ ഒരു നിക്ഷേപമായി ബാങ്ക് അക്കൗണ്ടിൽ ഉണ്ട്. എന്തുകാര്യത്തിനും മിസ്സിസ് ഡിസൂസയാണ് ആദ്യം ഇടപെടാനുള്ളത്. പാപ്പു വക്കീൽ ഉള്ളപ്പോൾ ഇസ്രായേലിലും റോമിലും അമേരിക്കയിലും ജർമ്മനിയിലും കുവൈറ്റിലും ഒക്കെ പോകുമ്പോൾ അന്നാമ്മയുടെ കൂടെ മിസ്സിസ് ഡിസൂസയുമുണ്ടാകും. കൊച്ചിയുടെ ചരിത്രം പറയുമ്പോൾ പോർട്ടുഗീസ് പാരമ്പര്യം കൂടി ഉയർത്തിപിടിക്കും.
ഇന്ത്യൻ ചരിത്രത്തിലേക്ക് ലോകത്തിന്റെ പരിഷ്‌കൃത സംസ്‌കാരം കടന്നു വന്നത് കൊച്ചിയിലൂടെയാണെന്ന് മിസ്സിസ് ഡിസൂസ വിശ്വസിക്കുന്നു. ശക്തമായ സവർണ ജാതിവ്യവസ്ഥയും അനീതിയും അടിമത്തവും ക്രൂരതയും നടമാടിയ കാലത്ത് കൊച്ചിയിലെ പാവപ്പെട്ട ജനങ്ങളുടെ മോചനമാർഗമായി ക്രിസ്തുമതത്തെ മുന്നോട്ട് വെച്ചത് പോർട്ടുഗീസുകാരായിരുന്നു. നിസ്വരായ ജനത്തിന് ആദ്യമായി ആധുനിക വിദ്യാഭ്യാസം നൽകിയ പ്രദേശം കൊച്ചിയാണ്. തെങ്ങു് ഒരു കൃഷിയായി വികസിപ്പിച്ചു. കൊച്ചിയെ തുറമുഖ നഗരമാക്കി….. സവർണ്ണ ഹൈന്ദവതയുടെ പരിധിയിൽപ്പെടാത്ത പഴയ ജനത ക്രിസ്ത്യാനികളായപ്പോൾ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് പോർട്ടുഗീസുകാരുടെ ഡിസൂസ, പെരേര എന്നൊക്കെ പേരിനൊപ്പം ചേർത്തത്…
കൊച്ചി പണ്ട് ലിറ്റിൽ ലിസ്ബണും ഹോംലി ഹോളണ്ടും മിനി ഇംഗ്ലണ്ടുമായിരുന്നു. വിദ്യാഭ്യാസവും എഞ്ചിനീയറിങ്ങും മെഡിസിനും മലഞ്ചരക്ക് വ്യാപാരവും സാങ്കേതികവിദ്യയും അവർ അവതരിപ്പിച്ചു. വിദേശ സാമ്രാജ്യത്വം എന്നൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ കേരളത്തിന് കാരണം അവർതന്നെയാണ്. ഇപ്പോൾ ഇവിടുത്തെ ജനാധിപത്യത്തെ കുറിച്ച് വീമ്പിളക്കുന്ന രാഷ്ട്രീയപാർട്ടികൾ ഭരിച്ചു ഭരിച്ചു വിദേശത്തു നിന്നുവരെ എടുത്ത കേരളത്തിന്റെ പൊതുകടം മൂന്നു ലക്ഷം കോടിയാണ്!. മിസ്സിസ് ഡിസൂസ തുടങ്ങിയാൽപ്പിന്നെ നിർത്തില്ല….
”ഒരെണ്ണം കൂടി ഒഴിച്ചേക്ക്. ഈ കുടുംബത്തിലെ അവസാനത്തെ കല്യാണമാണ്!” ഡിസൂസ എന്തോ ഓർത്തിട്ടു കൂട്ടിച്ചേർത്തു. ”മറിയോം ദേവികയും കൂടി കത്രീനയുടെ മുറിയിലുണ്ട്. വേറൊരിടത്തു ഡെയ്സിയും ആലീസും. ദേവിക പറയുന്നു, കത്രീനയ്ക്ക് ഒരു കെളവനെയാണ് ഏലീശ്വാ കൊണ്ടുവന്നതെന്ന്!”
ഏലീശ്വാ മത്തായിയുടെ മനസ്സിലെവിടെയോ തീ പിടിച്ചു. ”ദേവിക ഗുരുവായൂരും പോകും വേളാങ്കണ്ണിയിലും പോകും. എന്ത് ഫലം? മറിയം എല്ലാത്തിനും കൂട്ട് നിൽക്കും. കിട്ടുന്നത് മുഴുവൻ കയ്യിലാക്കും. ദേവിക ഉണ്ടാക്കി വെച്ച പുകില് എല്ലാവർക്കും അറിയാമല്ലോ? അവളുടെ ആങ്ങളേടെ മോൻ അര്‍പ്പിതുമായുള്ള കത്രീനയുടെ ഓട്ടങ്ങൾ!. ആ നാറ്റകേസ് ഇതുവരെ മാറീട്ടില്ല. ഞാനില്ലായിരുന്നെങ്കിൽ കത്രീനയ്ക്ക് ഈ കല്യാണമെങ്കിലും നടക്കുമായിരുന്നോ?”
ചിന്നമ്മ വീർപ്പടക്കി നിന്നു. ദേവികയുടെ സഹോദരൻ ദേവദത്തന്റെ മകനാണ് അര്‍പ്പിത്. കത്രീനയ്ക്കും അര്‍പ്പിതിനും ഒരേ പ്രായം. കത്രീന അര്‍പ്പിതുമായി ടൂർ പോയത്, രണ്ടു തവണ പോലീസ് പിടിച്ചത് പത്രങ്ങളിൽ വാർത്തയായി. അമ്പലത്തിൽ വെച്ച് കെട്ടുന്ന പരിപാടി ആസൂത്രണം ചെയ്തത് ദേവികയാണ്. ദേവികയ്ക്കു മാത്രമല്ല. പൗലോച്ചനും പങ്കുണ്ട്. പൗലോച്ചനും ദേവദത്തനും സോഷ്യലിസ്റ്റുകളാണ്. ചുവപ്പൻ രാഷ്ട്രീയക്കാർ. എന്നാൽ കമ്മ്യൂണിസ്റ്റുകാർക്ക് അമ്പലത്തിൽ വെച്ച് താലി കെട്ടാൻ സൗകര്യമൊരുക്കിയത് ദേവികയ്ക്കു ബന്ധമുള്ള കാവി രാഷ്ട്രീയക്കാരും!.
ഏലീശ്വാ മത്തായി സിഗരറ്റ് ആഞ്ഞുവലിച്ചു വായുവിൽ കരിമേഘങ്ങളെ ഊതിവിട്ടു. ”എത്ര കഷ്ടപ്പെട്ടാ ഒരു ചെറുക്കനെ അമേരിക്കേന്ന് കിട്ടിയത്! നല്ല ബിസിനസ്സുകാരൻ. അന്തസ്സുള്ള കുടുംബം! ദേവികയും മറിയോം എന്നെ കുറിച്ച് പലതും പറയും. അസൂയ! ഷെവലിയർ കുടുംബത്തിലേക്ക് വന്ന മരുമക്കളിൽ വെച്ച് എനിക്കിത്തിരി പണം കൂടിപ്പോയി. സൗന്ദര്യോം അന്തസ്സുമുണ്ട്. അതിന്റെ വിഷമം അവർക്കു കാണും!”
”ചെറുക്കന്റെ രണ്ടാം കെട്ടല്ലേ? പ്രായോം കൂടുതലാണ്. അതാണ് അവർക്കു പിടിക്കാത്തത്.” മിസ്സിസ് ഡിസൂസ സ്വരമടക്കി പറഞ്ഞു.
”ഓ – അതൊക്കെ അമേരിക്കയിൽ ആര് നോക്കുന്നു? നോ മാറ്റർ. തന്നെയമല്ല കത്രീനയ്ക്ക് വയസ്സ് ഇരുപത്തിയേഴായി. ചരിത്രമൊന്നും പറയുകയും വേണ്ട. ബൈ ദി ഗ്രെയ്‌സ് ഓഫ് ഗോഡ്, ജോർജ് ജോസഫ് ഈസ് എ ജന്റിൽമാൻ. മത്തായി നോസ് ഹിം വെരി വെൽ. ആഫ്റ്ററോൾ അമ്മച്ചി ഹാസ് കൺവിൻസ്ഡ് ദാറ്റ് പ്രൊപോസൽ ആൻഡ് ടുക് ദി ഡിസിഷൻ.” ഏലീശ്വാ ശ്വാസം പുറത്തേക്കു വിട്ടു.
ചിന്നമ്മ പിന്താങ്ങി. ”ഇത് ഏലീശ്വാ കൊണ്ടുവന്ന ആലോചനയായതുകൊണ്ടാ മറിയം നാത്തൂനും ദേവികയ്ക്കും ഇത്ര ഒതപ്പ്. ചെറുക്കന്റെ പ്രായമൊന്നുമല്ല പ്രശ്‌നം.”
ഏലീശ്വാ ഒരു കവിൾ വിസ്‌കി അകത്താക്കി. ”അമേരിക്കാന്നു വെച്ചാൽ ദേവിക വിചാരിച്ചതു അറബീടെ നാട് പോലെയാണെന്നാ. അമേരിക്കേ പോകാൻ കുറേ നോക്കീതല്ലേ? അതിനൊക്കെ എഫിഷ്യൻസി വേണം. ഒരു മിനിമം സ്റ്റാൻഡേർഡ് വേണം. അവളുടെ കൂടെ നിൽക്കണ മറിയം ആരാ മോള്! കൊച്ചൗസേപ്പ് ചേട്ടന്റെ കൈയ്ക്ക് എല്ലില്ലാഞ്ഞിട്ട്!”
ചിന്നമ്മ വക്കീലും മിസ്സിസ് ഡിസൂസയും പരസ്പ്പരം നോക്കി. ആ നോട്ടങ്ങളിൽ മിന്നലുകൾ വീശിമാഞ്ഞു. ഷെവലിയർ ഹൗസിലെ മൂത്ത സന്താനം കൊച്ചൗസേപ്പാണ്. കുടുംബത്തിൽ ആദ്യമെത്തിയ മരുമകൾ മറിയവും.
കൊച്ചൗസേപ്പിന് അൻപത്തിയഞ്ചു വയസ്സ് കാണും. സ്വന്തമായി ഒരു ഐടി കമ്പനിയുണ്ട്. വിദേശ കമ്പനികളുമായി സഹകരിച്ചു സോഫ്റ്റ് വെയർ ഡെവലപ്‌മെന്റും. അൻപതോളം ജോലിക്കാർ. കൊറോണ വന്നതിൽപ്പിന്നെ കമ്പനി പൂട്ടി. പകുതി ശമ്പളത്തിൽ കുറച്ചുപേർ മാത്രം വീടുകളിരുന്നു ജോലിചെയ്യുന്നു. കട ബാധ്യതയും പലിശയും വർധിക്കുന്നു.
മറിയം നാത്തൂന് ഏതാണ്ട് അമ്പത്തിരണ്ട് വയസ്സ്. തോപ്പുംപടിയിൽ സീഫുഡ് കച്ചവടക്കാരൻ പൊറിഞ്ചുവിന്റെ മകൾ. ഒരു കാറും ഫ്രീസിങ് പ്ലാന്റും സ്വർണവും കൊടുത്താണ് മറിയത്തെ കൊച്ചൗസേപ്പിനെ ഏൽപ്പിച്ചത്. അന്നാമ്മ കഴിഞ്ഞാലുള്ള സ്ഥാനമാണ് മൂത്ത മരുമകൾ മറിയത്തിന്. അങ്ങനെയാണ് കീഴ്‌വഴക്കം. അത് എല്ലാവർക്കും ബാധകമാണ്. പാപ്പു വക്കീലിന് മറിയം മൂത്ത മകൾ തന്നെയായിരുന്നു.
മൂന്നു മക്കൾ. ഗ്രേയ്‌സ്. ഗേളി. ഗീവർഗീസ്. ഗ്രേയ്‌സിന്റെ കല്യാണം കഴിഞ്ഞു. ഒരു കൈക്കുഞ്ഞുണ്ട്. ഗേളി എംബിബിഎസ് കഴിഞ്ഞു ഹൗസ് സർജെൻസി ചെയ്യുന്നു. ഗീവർഗീസ് ബി ടെക്കിനു പഠിക്കുന്നു.
കപ്പബിരിയാണി വെന്ത മണം പരക്കാൻ തുടങ്ങി. മിസ്സിസ് ഡിസൂസ ഒരു തവി കൊണ്ട് അൽപ്പം കോരിയത് ചിന്നമ്മയ്ക്കു രുചിക്കാൻ നീട്ടി. ആദ്യം കിട്ടിയ ചെറിയ എല്ലിൻ കഷ്ണം മ്യാവൂ മ്യാവൂ എന്ന് വിളിച്ചുകൊണ്ടിരുന്ന കുട്ടൂസനു കൊടുത്തു. മെല്ലെ നുള്ളി രുചിച്ചു, അപ്പോഴും ചിന്നമ്മയുടെ മനസ്സിൽ ഒരു പഴയ കഥ തിളയ്ക്കുന്നുണ്ടായിരുന്നു.
ഏലിശ്വയും മറിയവും തമ്മിൽ പണ്ട് മുതൽക്കേ ശത്രുതയുണ്ട്. ഒരു സ്വത്തു പ്രശ്‌നത്തിൽ നിന്നാണ് തുടക്കം. അതിന്റെ പക ചാരത്തിനുള്ളിലെ കനൽ പോലെ.
ഏലീശ്വാ അമേരിക്കയിൽ പോകും മുൻപ് ബോംബെയിൽ നേഴ്‌സായിരുന്നു. ബോംബെയിൽ വെച്ച് മത്തായി ഒരു ചെക്ക് കേസിൽ അകത്തായി. മത്തായിയെ ആരോ കള്ളക്കേസിൽ കുടുക്കിയതാണെന്നു ഏലീശ്വാ പറയുന്നു. പക്ഷെ തെളിവുകൾ മത്തായിക്ക് എതിരായി. കേസ് നടത്താൻ പണത്തിനു ആവശ്യം വന്നപ്പോൾ മത്തായിയുടെ പേർക്ക് പാപ്പു വക്കീൽ പ്രമാണം ചെയ്ത മൂന്നേക്കർ തെങ്ങിൻ പുരയിടം പണയമായി മറിയത്തിന് നൽകി. ഏതോ രേഖകളിൽ ജയിലിൽ കിടന്ന മത്തായി ഒപ്പിട്ടു കൊടുത്തു. വസ്തു സൊസൈറ്റിയിൽ ഈട് വെച്ച് കേസ് ഒത്തുതീർപ്പാക്കാൻ പണം തരപ്പെടുത്താനായിരുന്നു ഉദ്ദേശ്യം. പറമ്പിൽ നിന്നും കിട്ടുന്ന തേങ്ങ സൊസൈറ്റിക്ക് കൊടുത്തു് ഏതാനും വർഷം കൊണ്ട് പണയഭൂമി തിരിച്ചെടുത്തു. പക്ഷെ ആ വസ്തു മറിയത്തിന്റെ പേരിലായി. വസ്തു തിരിച്ചു കൊടുക്കാൻ മറിയം തയ്യാറല്ല. സമയത്തിന് പണം കൊടുത്തുവെന്നും മാത്രമല്ല പല പ്രാവശ്യമായി വസ്തുവിലയുടെ മൂന്നിരട്ടി മത്തായിക്ക് വേണ്ടി ചെലവാക്കി എന്നുമാണ് മറിയത്തിന്റെ വാദം. ഏലീശ്വാ അമേരിക്കയിൽ പോയി വലിയ പണക്കാരിയായപ്പോൾ നെഗളിപ്പ് കാട്ടുകയാണെന്നു മറിയം വിമർശിക്കുന്നു.
ഇപ്പോൾ മറിയവും ദേവികയും ഒരു ചേരിയിലാണ്.
മറുചേരിയിൽ ഏലീശ്വായോടൊപ്പം ചിന്നമ്മയും.
ഇരുചേരിയിലും കൂടെച്ചേരാൻ ആളുണ്ട്. ഡെയ്സിയും ആലീസും സൂസിയും. ഒരു ചേരിയിലുമില്ലാതെ നിഷ്പക്ഷ ചേരിയായും സമയാസമയങ്ങളിൽ ഇവർ നിലകൊള്ളും.
”ഏലീശ്വാ, അവിടെ എല്ലു വെന്ത മണം വരുന്നുണ്ടല്ലോ!” അടുക്കളയുടെ പിന്നിൽ ഇരുട്ടിൽ നിന്ന് മത്തായിയുടെ ശബ്ദം നീണ്ടു വന്നു.
”വെന്തെങ്കിൽ ഒരു പ്‌ളേറ്റിൽ ഇത്തിരിയിങ്ങ് തന്നേക്ക് ചിന്നമ്മേ.” മൂത്തളിയൻ വർക്കിച്ചന്റെ ശബ്ദം പിന്തുടർന്നു.
”ഒന്നുമായില്ല. കുറച്ചു കഴിയും. അവിടെ വേറെ സാധനമുണ്ടല്ലോ.” മിസ്സിസ് ഡിസൂസയാണ് ഉത്തരം പറഞ്ഞത്. മത്തായിയും വർക്കിച്ചനും തിരികെ പോയെന്നു കണ്ടപ്പോൾ മിസ്സിസ് ഡിസൂസ ചെമ്പുകുട്ടകത്തിന്റെ മൂടിയനക്കി. ആവി മണത്തിട്ടു വേലക്കാരികളോട് നിർദേശിച്ചു. ”ഇനി കപ്പയിട്ടേക്ക്. നന്നായി ഇളക്കി മൂടിവെയ്ക്കണം. തീയൊന്ന് കുറച്ചേക്ക്.”
ഏലീശ്വാ മൂന്നാമത്തെ പെഗ്ഗിന്റെ പകുതി അകത്താക്കി. വീണ്ടും ഒരു സിഗരറ്റ് കത്തിച്ചുപുകച്ചു. ”കഴിക്കുന്നില്ലേ? യു ഹാവ് ഇറ്റ് ചേച്ചി.”
”വേണ്ട മതി. ഞാൻ ചിലപ്പോ ച്ഛർദ്ദിക്കും. കഴിച്ചു ശീലമില്ല.” ചിന്നമ്മ വക്കീലിന് കണ്ണടക്കു തകരാറുള്ളത് പോലെ തോന്നി. ലെൻസ് പലവട്ടം തുടച്ചിട്ടും മങ്ങൽ മാറുന്നില്ല. പരിസരം ഇളകുന്നുണ്ട്.
മിസ്സിസ് ഡിസൂസ ചിന്നമ്മയ്ക്കു ഒഴിച്ച് വെച്ച വിസ്‌കി കൂടി അവോയ്ഡ് ചെയ്തിട്ട് മുകളിലേക്ക് നോക്കി ചെവിയോർത്തു. ”പ്രാർത്ഥനയ്ക്ക് സമയമായെന്ന് തോന്നുന്നു. അന്നാമ്മ ടീച്ചറെ കണ്ടിട്ട് വരാം. ദേ – തീ കുറച്ചേക്ക്.”
മിസ്സിസ് ഡിസൂസ അകത്തെ കുട്ടികളുടെ ബഹളത്തിലേക്ക് ഓരോ ചുവടും സൂക്ഷിച്ചു വെച്ചു. മുന്നിൽ ചിരട്ടക്കനൽ കിടപ്പുണ്ടെന്നൊരു തോന്നൽ.
രാത്രിയുടെ തണുത്ത കാറ്റിൽ മുറ്റത്തു നിന്നും ആണുങ്ങളുടെ കോലാഹലം ചിറക് വീശുന്നു. ഉച്ചത്തിലുള്ള സംസാരം. പൊട്ടിച്ചിരി. ചീട്ടുകളിയിലെ ആഹ്ലാദങ്ങൾ. ആരോ പാടുന്നു. ”സോജാ രാജകുമാരീ, സോജാ…” അതുകേട്ട് ഡോബർമാൻ ഫാന്റം കുരയ്ക്കുന്നു.
അടുപ്പിൽ ചുവന്ന വജ്രങ്ങൾ. ചെമ്പുകുട്ടകത്തിന്റെ മൂടിക്കരികിലൂടെ എല്ലും മാംസവും മസാലയും കപ്പയും വെന്ത മണം.
ചിന്നമ്മ അമ്മിക്കല്ലിൽ ചാരിയിരുന്നു സാരിയുടെ മുന്താണി കൊണ്ട് മുഖം പലവട്ടം തുടച്ചു. മൂക്ക് ചീറ്റി. വായ തുറന്ന് പരമാവധി വായുവിനെ പുറത്തേക്കു വിട്ടു.
ഏലീശ്വാ വേലക്കാരിയിൽ നിന്നും തവിയിൽ കോരിയ എല്ലു രണ്ടു വിരൽകൊണ്ട് കോർത്തെടുത്തു വായിലേക്കിട്ടു. ചൂട് കാരണം പുറത്തേക്കെടുത്തു.
”യൂ നോ ചേച്ചീ, ഡൊണാൾഡ് ട്രംപ് ഈസ് എ സ്‌ട്രോങ്ങ് റിപ്പബ്ലിക്കന്‍. അമേരിക്കൻ എക്കോണമിയെ വീഴ്ത്താമെന്നാ ചൈന വിചാരിച്ചത്. അതുകൊണ്ടല്ലേ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ അവർ തെറ്റിദ്ധരിപ്പിച്ചത്? ചൈനാ വൈറസിനെ കണ്ടിട്ട് ട്രംപ് വിരളുകയില്ല. അമേരിക്കയ്ക്ക് ഉണ്ടാകുന്ന നഷ്ടം മുഴുവൻ ചൈന കൊടുക്കേണ്ടി വരും. ഇറ്റ് ഈസ് എ സോർട് ഓഫ് ബയോ വാർ. ഫക്ക് ഓഫ്. ”ഏലീശ്വായുടെ മാറിടം തുടിച്ചു. ദേശീയ വികാരം തിളച്ചത് മാതിരി അമ്മിക്കല്ലിനരികിൽ വെച്ചിരുന്ന അമ്മിക്കുഴവി ഒരു കൈകൊണ്ടു തള്ളിയുരുട്ടി താഴേക്കിട്ടു. അമ്മിക്കുഴവിയിരുന്ന സ്ഥലത്തു് മെല്ലെ വിശാലമായ പിൻഭാഗത്തിന്റെ പകുതി ഉറപ്പിച്ചു.
”മത്തായി ചേട്ടന്റെ എക്‌സ്‌പോർട് ബിസിനെസ്സ് പ്രശ്‌നത്തിലാണോ?” ചിന്നമ്മയ്ക്കു സംശയം.
”പ്രോബ്ലെംസ് ഉണ്ട്. ഇൻവെസ്റ്റ്‌മെന്റ് എന്തായാലും പോകും. അതല്ല പ്രശ്‌നം. പ്രോഡക്ട്‌സ് കെട്ടിക്കിടന്നാൽ ലെറ്റർ ഓഫ് ക്രെഡിറ്റ് പ്രശ്‌നമാവും. സമയത്തു വിതരണം ചെയ്തില്ലെങ്കിൽ ഡെഡ് സ്റ്റോക്ക് ആവും. ഫിനാൻസ് കമ്പനിക്കു മത്തായിയുടെ അണ്ടർവെയർ വരെ ഊരിക്കൊടുക്കേണ്ടി വരും. അല്ലെങ്കിൽ അകത്താ!”
ചിന്നമ്മയുടെയും ഉള്ളു പുകയുന്നുണ്ട്. ”നമ്മളൊരു പ്രതിസന്ധിയിലാണെന്നു കണ്ടാൽ തരാനുള്ളവർ മുങ്ങും. ക്രെഡിറ്റ് തന്നവർ ബഹളം തുടങ്ങും. ഇവിടെയൊക്കെ ആ പ്രശ്‌നം ഉണ്ട്. വർക്കിച്ചനെ പ്രതിയാക്കി ചില കേസുകൾ ഹൈക്കോടതിലുണ്ട്.”
”കോവിഡ് മൊത്തത്തിൽ ബാധിക്കും. വാക്‌സിൻ കണ്ടുപിടിച്ചു ക്ലിനിക്കൽ ടെസ്റ്റ് നടത്തി എല്ലാവരിലും കുത്തിവെച്ചു വരുമ്പോഴേക്കും എല്ലാം മാറിമറിയും. അടുത്ത മാസമറിയാം കമ്മ്യൂണിറ്റി സ്‌പ്രെഡ് എങ്ങിനെയെന്ന്.” ഏലീശ്വാ തന്റെ ചുരുളൻ മുടിക്കെട്ടിൽ ചൂണ്ടു വിരലിട്ടു കറക്കി. വിരൽനഖങ്ങളിലെ പോളിഷിനും തലമുടിക്കും ഒരേ നിറം.
”ഏറ്റവും കഷ്ടപ്പെടുന്നത് ഡോക്ടർമാരും നേഴ്‌സുമാരുമാ!”ചിന്നമ്മ മുഖത്ത് കണ്ണട പിടിപ്പിച്ചു ഏലീശ്വായെ സമാധാനിപ്പിച്ചു.
പെട്ടെന്നൊരു കാലനക്കം.
”ഉവ്വ് ഉവ്വ്. കഷ്ടപ്പെടുന്നത് നേഴ്‌സുമാരും വക്കീലുമാരുമാ!”
ശബ്ദം കേട്ട് ചിന്നമ്മയും ഏലീശ്വായും തലതിരിച്ചു.
കന്യാസ്ത്രീ!
”മൈ ഗോഡ്!” ഏലീശ്വാ എഴുന്നേറ്റു ത്രേസ്യായാമ്മയെ കെട്ടിപിടിച്ചു. കറുത്ത ശിരോവസ്ത്രത്തിൽ തലോടി. നെറ്റിയിൽ ചുംബിച്ചു.
”വല്യേച്ചിയും നാത്തൂനും അമേരിക്കൻ സാധനം സേവിച്ചു ഞങ്ങൾ ഇന്ത്യാക്കാരെയൊക്കെ മറന്നോ? പ്രാർത്ഥനയ്ക്കു വരുന്നില്ലേ? അമ്മച്ചി അന്വേഷിക്കുന്നുണ്ട്.” ഷെവലിയർ ഹൗസിലെ എട്ടാമത്തെ സന്താനമായ ത്രേസ്യാമ്മകന്യാസ്ത്രീ ഇരുവരെയും നോക്കി ചിരിച്ചു.
ഏലീശ്വായുടെ വരപോലുള്ള പുരികക്കൊടികൾ പിടഞ്ഞു. മാറിടത്തിൽ സ്‌നേഹം നിറഞ്ഞുതുളുമ്പി. വികാരഭരിതമായി തേങ്ങിക്കരഞ്ഞു. ”ഐ റിയലി മിസ്ഡ് യു മൈ ചൈൽഡ്! സോ സാഡ്!”
”ഗോഡ് ബ്ലസ്സ് യൂ”. ത്രേസ്യാമ്മ കന്യാസ്ത്രീ ഏലീശ്വായുടെ കൈകൾ വിടുവിച്ചു, പുഞ്ചിരിച്ചു നിൽക്കുന്ന ചിന്നമ്മയുടെ കവിളിൽ തന്റെ മുഖം ചേർത്തു.
ചെമ്പുകുട്ടകത്തിൽ രണ്ടു തവികൾ ഇളക്കിമറിച്ച കപ്പബിരിയാണിയുടെ ചൂടൻ മണം ഭക്തിഗാനത്തിനൊപ്പം വേലിയേറ്റ തിരകൾ പോലെ അവിടമാകെ പരന്നുനിറയാൻ തുടങ്ങി.
കന്യാസ്ത്രീ ചിന്നമ്മ വക്കീലിനോട് കാതിൽ ചോദിച്ചു.
”വല്യേച്ചിക്കും വരുന്നില്ലേ മുതലക്കണ്ണീർ?”







