കത്രീനയുടെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യകാഴ്ച്ച, ഭിത്തിയുടെ നീല നിറത്തിൽ പ്രശോഭിക്കുന്ന കന്യാമറിയത്തിന്റെ ചിത്രമാണ്. ത്രിമാന രൂപത്തിൽ വർണ്ണപ്രകാശത്തിൽ പ്രത്യക്ഷപ്പെട്ട് കാരുണ്യപൂർവം നോക്കുന്നു. മുറിയിൽ എവിടെനിന്നാലും നോക്കും. പരിശുദ്ധ മാതാവിന്റെ കണ്ണുകൾ ഓരോ നിമിഷവും തന്നെ ആശ്രയിക്കുന്നവരിൽ ഉറപ്പിക്കും. സങ്കടങ്ങൾ വായിച്ചെടുക്കും. ഹൃദയത്തിൽ സ്പർശിക്കും. ഉള്ളിലെ മലിന ചിന്തകളെ വിമലീകരിക്കും. മാതാവിന്റെ സങ്കേതത്തിൽ ഓടിവന്നു സഹായം തേടി മാധ്യസ്ഥം അപേക്ഷിക്കുന്നവരിൽ ഒരാളെയെങ്കിലും ഉപേക്ഷിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ട് താൻ കറയില്ലാത്തവളാണെന്നു കത്രീന വിശ്വസിച്ചു.
അടുത്ത ഭിത്തിയിൽ ചിത്രം ഹോളിവുഡ് നടി മർലിൻ മൺറോയുടേതാണ്. പല ഫോട്ടോകൾ ഒരുമിച്ചു ചേർത്തത്. മാദകത്വം നിറഞ്ഞ ചിരി. മാതളയല്ലികൾക്കിടയിൽ മുത്തുകൾ പോലുള്ള പല്ലുകൾ. കണ്ണുകളിൽ നിലാവെട്ടം. തലയിൽ വെള്ളിപ്പൂക്കൂട. തന്റെ മുഖചിത്രത്തിന്റെ ഫോട്ടോസ്റ്റാറ്റിനോട് സാദൃശ്യമുള്ളതിനാൽ കത്രീന ആ ചിത്രത്തെ നന്മയുടെ പ്രതീകമായി കാണുന്നു. മുടിയും കണ്ണും മൂക്കും ചുണ്ടും നിറവും ഒരേപോലെ. തന്റെ തൊഴിലിന്റെ ഭാഗമായ വേഷാലങ്കാരത്തിന് ഒരു മാതൃക. മോഡലിങ്ങിൽ താനൊരിക്കൽ ലോകപ്രശസ്തയാവുമ്പോൾ തനിക്കു ചുറ്റുമുള്ള അസൂയാലുക്കളായ ശത്രുക്കളാൽ കൊലചെയ്യപ്പെടുമെന്നും അത് മർലിൻ മൺറോയുടേത് മാതിരി ആത്മഹത്യയായി ചിത്രീകരിക്കപ്പെടുമെന്നും കത്രീനയ്ക്ക് മുൻകരുതലുണ്ട്.
അടുത്തതായി വിവിധ മോഡലുകളുടെ പടങ്ങളാണ്. തന്റെ സർഗ്ഗാത്മക കലാബോധത്തിൽ ഒരു മോഡൽ കത്രീനയുടെ ഉള്ളിൽ രഹസ്യമായി ജീവിക്കുന്നുണ്ട്. അന്നാമ്മയുടെ സദാചാരബോധത്തിന്റെ പരിധിയിൽ നിൽക്കുന്നതിനാൽ ആ മോഡൽ ലോകപ്രശസ്തിയിലേക്ക് ഉയരാതെ അനാഥത്വത്തിന്റെ ശോകഭാവനയിൽ ഒരു തടവറയ്ക്കുള്ളിലാണ്. അല്ലെങ്കിൽ കാണാമായിരുന്നു, പുതിയ വേഷങ്ങളോടെയും വേഷങ്ങളില്ലാതെയും ഒരു മോഡൽ! പുതിയൊരു മർലിൻ മൺറോ!
കുടുംബം പലപ്പോഴും ജീനിയസ്സുകൾക്കു പ്രതിബന്ധമാണല്ലോ. തന്നെപ്പോലുള്ളവർക്കു കോ-ഹാബിറ്റേഷൻ ആണ് നല്ലത്. വിവാഹമില്ലാതെയുള്ള സഹവാസം. സ്‌നേഹിക്കുന്ന ആഴത്തിൽ സ്‌നേഹം തിരിച്ചുകിട്ടുന്നില്ലെങ്കിൽ ദുഃഖിക്കേണ്ടതില്ല. ഇണയായി എത്തുന്ന ഒരാളോടും കടപ്പാടില്ല. മനസ്സുകൊണ്ട് കൊറോണക്കാലത്തെ പോലെ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും വേണ്ടെന്നും വെയ്ക്കാം. സ്വാതന്ത്രമാണ് ഒരു മനുഷ്യന്റെയല്ല, ഒരു വ്യക്തിയുടെ അസ്തിത്വത്തിന് പരമ പ്രധാനം. സമൂഹത്തിൽ കേവലം ഒരു മനുഷ്യജീവിക്കല്ല, വ്യക്തിക്കാണ് പ്രസക്തി. ആ വ്യക്തിയുടെ വ്യക്തിത്വത്തിന്റെ സാമൂഹിക നിലനിൽപ്പാണ് അസ്തിത്വം. സാർത്രിന്റെ സഹവാസി സെമാൻ ദേ ബൂവിനെ പോലെ സ്വാതന്ത്രത്തെ കുറിച്ച് ചിന്തിച്ചവർ കത്രീനയെ പോലെ കേരളത്തിൽ വേറെയുണ്ടാവില്ല. വായിക്കുക എന്നതല്ല, അത് ജീവിതത്തിൽ പകർത്തിക്കാണിച്ചു. തന്റെ പ്രതീക്ഷകളാണ് തന്നെ നിലനിർത്തുന്നതെന്ന് കാതറീൻ ജോസഫ് എന്ന കത്രീന കരുതുന്നു.
മുൻവശത്തെ വരാന്തഭാഗത്തു വലിയ ജനലിൽ തുന്നൽപ്പണിയുള്ള നേർത്ത കർട്ടൻ കുളിർകാറ്റിൽ ഇളകുന്നു, അതിലൂടെ അമ്മിണി തത്തയുടെ കലമ്പൽ കേൾക്കാം. എസി ഉണ്ടെങ്കിലും ജനാലകൾ തുറന്നിട്ടിരിക്കുന്നു. മുറിയുടെ നടുക്കായി മച്ചിൽ സ്വർണ്ണക്കാലുകളുള്ള അലങ്കാര റാന്തൽവിളക്ക് പ്രകാശിക്കുന്നുണ്ട്. ഭിത്തിയിലെ ചില്ലലമാരിയിൽ നിറയെ പുസ്തകങ്ങൾ. വേറൊരു അലമാരി തുറന്നിട്ടില്ല. മേശയിൽ പലതരം മേക്കപ്പ് ഉപകരണങ്ങൾ.
കട്ടിലിലെ പട്ടുമെത്തയിൽ പുതിയ വസ്ത്രങ്ങളുടെയും ആഭരണപ്പെട്ടികളുടെയും അടുക്കുകൾ. അതിനടുത്തു മറിയവും ദേവികയും മണവാട്ടി ഉടുക്കുന്ന ചന്ദനനിറമുള്ള കല്യാണവസ്ത്രം പരിശോധിക്കുകയാണ്. അലങ്കാരപ്പണികൾ ചെയ്ത്, നീണ്ട കയ്യുള്ള ചട്ട. മുണ്ടു പോലുള്ള ബോട്ടം. ബോട്ടം ഉടുത്താൽ അതിനു പിന്നിൽ വിശറി പോലെ ഞൊറിയുണ്ട്. കസവു കരയുള്ള വലിയ ഷാൾ. ഈ ഫാഷൻ വസ്ത്രം കത്രീന തന്നെ ഡിസൈൻ ചെയ്തതാണ്.
തലയിണക്കരികിൽ കിടന്ന ഒരു ഇംഗ്ലീഷ് പുസ്തകം ദേവിക സൂക്ഷിച്ചു നോക്കി. പ്ലേഗ്. ആൽബേർ കാമു.
”മറിയം നാത്തൂനേ, ഇതെന്തോന്നാ? പ്‌ളേഗ്!”
മറിയം നാത്തൂൻ ആ പുസ്തകം നോക്കിയതേയില്ല. ”അത് കത്രീനയുടേതാ. കഴിഞ്ഞ ആഴ്ച്ച അപ്പച്ചന്റെ അലമാരേന്നെടുത്തു വായിക്കുമ്പോ ഞാൻ ചോദിച്ചതാ, എന്തിനാ ഈ പഴയതു വായിക്കുന്നതെന്ന്. കൊറോണയുടെ കാലത്താണോ പ്‌ളേഗ് വായിക്കുന്നതെന്ന്. അവളൊന്നും മിണ്ടിയില്ല. നമ്മളൊക്കെ വല്ല വീട്ടീന്നും വന്ന വിവരംകുറഞ്ഞവരല്ലേ! ഒന്നും മനസ്സിലാവില്ലാന്നു വിചാരിച്ചു കാണും. അതിൽ അപ്പച്ചന്റെ ഒപ്പുണ്ട്!”
”പിന്നേയ് ചേച്ചീ, ഒരു കാര്യം”
”എന്തോന്ന്?”
”ചെറുക്കന് നാല്പതുവയസ്സുണ്ട്. രണ്ടാം കെട്ട്. കത്രീനയ്ക്ക് ഇരുപത്തിയേഴും! ഇതാരാ ഒപ്പിച്ചതെന്ന് പലരും ചോദിക്കാൻ തുടങ്ങി.”
”ഏലീശ്വായുടെ കണ്ടുപിടുത്തമല്ലേ! നിന്നെ തോൽപ്പിക്കാൻ! കല്യാണം കഴിഞ്ഞ് അമേരിക്കയിലേക്കു പോകാനല്ലേ പ്ലാൻ!”
”നടന്നത് തന്നെ.”
”ചിലപ്പോ നടന്നെന്നും വരും ദേവികേ.”
”എങ്കിൽ കത്രീന അവിടന്നും ചാടും. അമേരിക്കയിലാവുമ്പോൾ മർലിൻ മൺറോ ആവാൻ എളുപ്പമാ! ജോർജ് ജോസഫ് വീണ്ടും പെരുവഴിലാകും.”
”പതുക്കെ പറ. കൊച്ചുങ്ങള് കേൾക്കും.”
”ഏലീശ്വായ്ക്കു ചേച്ചിയോടും ഒരു പകയുണ്ട്. പഴയ പറമ്പിനു ഇപ്പൊ എന്താ വില!”
”അത് ഞാൻ പൈസാ എണ്ണിക്കൊടുത്തു വാങ്ങീതാ. ഇപ്പൊ വിലയുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം? പണ്ട് ബോംബെയില് മത്തായി ജയിലിൽ കിടക്കുമ്പോ ആലോചിക്കണമായിരുന്നു.”
”അത് കൊച്ചൗസേപ്പ് ചേട്ടന്റെ ബിസിനെസ്സ് വഴി ജപ്തിയിലായെന്നു കേട്ടപ്പോ ഏലിശ്വായ്ക്കു വലിയ സന്തോഷമായി.”
”നിന്റെ കെട്ടിയോൻ ഏതോ സ്റ്റോക്ക് എക്‌സേഞ്ചു ബിസിനെസ്സിലും എണ്ണക്കമ്പനിയിലും ഇട്ട പണമൊക്കെ കൊറോണ വന്ന് വിലയിടിഞ്ഞതോടെ ഒലിച്ചുപോയെന്നു കേട്ടപ്പോഴും ഏലിശ്വായ്ക്കു സന്തോഷമായിക്കാണും.”
”പൗലോച്ചൻ ആകെ നിരാശയിലാണ് ചേച്ചി. പുറത്തൊന്നും കാണിക്കില്ല. വല്ലതും ചെയ്തു കളയുമോന്നാ പേടി.”
”ആരോ വരുന്നുണ്ട്.”
മറ്റൊരു ഭിത്തിയിൽ പിടിപ്പിച്ച ടെലിവിഷൻ സ്‌ക്രീനിനു മുന്നിൽ, ഒരു ദിവാനിൽ, ഷെവലിയർ ഹൗസിലെ പേരമക്കളായ പെൺകിടാങ്ങൾ – ഗേളിയും മില്യയും സിസിലിയും സീനയും കിറ്റിയും എയ്ഞ്ചലും ചക്ക വറുത്തത് കൊറിച്ചു കൊണ്ട് വാർത്ത കാണുകയാണ്.
സംസ്ഥാനത്തു ഇന്ന് പന്ത്രണ്ടു പേർക്ക് കൂടി കോവിഡ്! വീടുകളിൽ നാല്പത്തിനാലായിരത്തി ഒരുന്നൂറ്റി അറുപത്തഞ്ചു പേർ നിരീക്ഷണത്തിൽ. ആശുപത്രികളിൽ ഇരുനൂറ്റിയിരുപത്തഞ്ചു പേർ. കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിൽ സംസ്ഥാനത്തു കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌കൂൾ, കോളേജ് പരീക്ഷകൾ മാറ്റിവെച്ചു. സർക്കാർ ജീവനക്കാരിൽ അമ്പതു ശതമാനം ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരായാൽ മതി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടുക്കും പ്രഖ്യാപിച്ച ജനതാകർഫ്യൂ മറ്റന്നാൾ. ബസ്സുകളും പാസഞ്ചർ ട്രെയിനുകളും ഓടില്ല. പെട്രോൾ പമ്പുകളും മദ്യഷാപ്പുകളും ബാറുകളും അടച്ചിടും. വാറ്റുചാരായ റെയ്ഡും കഞ്ചാവ് വേട്ടയും ശക്തമാക്കി. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉടനെ പുനരാരംഭിക്കില്ല. ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനമില്ല. ഇതുവരെ അഭ്യർത്ഥന മാത്രമാണ് നടത്തിയതെന്നും കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ പാലിക്കാതെ വന്നാൽ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴു വർഷം മുൻപ് ഡൽഹിയിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ തീഹാർ ജയിലിൽ രാവിലെ അഞ്ചേ മുപ്പതിന് തൂക്കിലേറ്റി. വാർത്തകൾ വിശദമായി…
”കുട്ടികളേ എഴുന്നേറ്റാട്ടേ. നമുക്ക് പ്രാർത്ഥനാമുറിയിലേക്ക് പോകാം. വല്യമ്മച്ചി വിളിക്കുന്നു.” അവിടേയ്ക്ക് ചട്ടിവന്ന മിസ്സിസ് ഡിസൂസ പെൺകുട്ടികളെ ക്ഷണിച്ചു.
പത്തിനും ഇരുപത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ള അവരുടെ കണ്ണുകൾ മിസ്സിസ് ഡിസൂസയ്ക്ക് പിന്നിൽ രഹസ്യമായി ക്യാമറ ചലിപ്പിക്കുന്ന മോളിക്കുട്ടിയെ കണ്ട് ക്യാമറയിൽ നോക്കി വിവിധ കോപ്രായങ്ങൾ മുഖങ്ങളിൽ വരുത്തി. വിവിധ വർണ്ണങ്ങളിലുള്ള കുർത്തിയും ചുരിദാറും ലാച്ചയും മിഡിയും ടീഷർട്ടും പിന്നെ തലമുടിയുടെ രൂപങ്ങളും ഭംഗിയുള്ള മുഖങ്ങളും ഒരേ കുടുംബത്തിന്റെ പാരമ്പര്യത്തെ ഓർമ്മിപ്പിച്ചു.
ഗേളി കഥകളി വേഷത്തിലെ ഭാവങ്ങൾ അവതരിപ്പിച്ചു.
മില്യ രണ്ടു ചൂണ്ടുവിരലുകൾ ചുണ്ടുകൾക്കിരുവശത്തും അമർത്തിവെച്ചു ചിമ്പാൻസി ചിരിക്കുന്നത് പോലെ കാണിച്ചു.
സിസിലി കൺപുരികങ്ങൾ ഉയർത്തിത്താഴ്ത്തി കണ്ണുകൾ മാറിമാറി ഇറുക്കി നാക്കു പുറത്തേക്കിട്ടു.
സീന ചക്കവറുത്തത് ചുണ്ടിൽ വെച്ച് സിഗരറ്റ് വലിച്ചൂതി.
കിറ്റി ഇരുകവിളും വീർപ്പിച്ചു കണ്ണുകൾ പൂർവാധികം തുറന്നു.
എയ്ഞ്ചൽ നാണിച്ചു മുഖം കുനിച്ചു.
മോളിക്കുട്ടി ആ ഭാവാവിഷ്‌ക്കാരങ്ങൾ അവർക്കടുത്തേക്കു വന്ന് പൂർണ്ണതയോടെ ക്യാമറയിൽ പകർത്തി. എന്നിട്ടു മിസ്സിസ് ഡിസൂസയോട് പറഞ്ഞു.
”ആന്റി, ഇതൊക്കെ ഇവളുമാരെ പെണ്ണുകാണാൻ വരുന്ന കോന്തന്മാരെ കാണിക്കാൻ കൊള്ളാം.”
”ശരിയാ. മോള് സൂക്ഷിച്ചു വെച്ചേക്ക്. എന്നെങ്കിലും ഉപകാരപ്പെടും.” മിസ്സിസ് ഡിസൂസ ഷെവലിയർ ഹൗസിലെ പേരക്കിടാങ്ങളിലെ പെൺപടയെ കൗതുകത്തോടെ നോക്കിനിന്നു. അവരെ ഒന്നിച്ചു കാണുമ്പോൾ ഓർമ്മകൾ പള്ളിത്തുരുത്തു കടവിലെത്തുന്ന കായലോളങ്ങൾ പോലെ ഒഴുകി വരുന്നു.
മോളിക്കുട്ടി പെൺകുട്ടികളുടെ കലാപരമായ കഴിവുകൾ ചരിഞ്ഞും കുനിഞ്ഞും ഇരുന്നും ഉയർന്നും ക്യാമറയിൽ ഒപ്പിയെടുത്തുകൊണ്ടിരുന്നു.
മറിയംകൊച്ചൗസേപ്പിന്റെ രണ്ടാമത്തെ മകളായ ഗേളിക്ക് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോക്ടറായിട്ടു പോലും ഒരു കൂസലുമില്ല. ഇരുപത്തിയഞ്ചിലും ഒരു കൊച്ചുകുട്ടിയെ പോലെ.
ഏലീശ്വാമത്തായിയുടെ മകളാണ് മില്യ. രണ്ടായിരത്തിൽ ജനുവരി ഒന്നിന് ജനിച്ചതിനാൽ പേര് മില്യ. അമേരിക്കയിൽ ബിരുദ വിദ്യാർത്ഥിനി. ഇരുപതു വയസ്സാണെങ്കിലും വലിപ്പം അതിനേക്കാൾ കൂടുതൽ.
പതിനെട്ടു വയസ്സുള്ള സിസിലിയും പതിനഞ്ചു വയസ്സുള്ള സീനയും ദേവികാപൗലോച്ചന്റെ മക്കൾ, കുവൈറ്റിന്റെ സമ്പന്നത കെട്ടിലും മട്ടിലുമുണ്ട്.
ഇംഗ്ലണ്ടിൽ നേഴ്‌സായ ഡെയ്സിസേവ്യറുകുട്ടിയുടെ രണ്ടുമക്കളിൽ ഇളയവളാണ് ഇരുപത്തിരണ്ടുകാരിയായ കിറ്റി.
ജർമനിയിൽ നേഴ്‌സായ ആലീസ്അന്തപ്പായിയുടെ രണ്ടുമക്കളിൽ ഇളയവളാണ് പത്തു വയസ്സുള്ള എയ്ഞ്ചൽ. മലയാളം കേട്ടാലറിയാം, പറയാൻ തപ്പലുണ്ട്.
”ആന്റി കുടിച്ചിട്ടുണ്ടല്ലേ?” ഗേളി ഒരു ഡോക്ടറുടെ താക്കീതോടെ ചോദിച്ചു.
”അമ്മയും ഏലീശ്വാന്റിയും കൂടി സൽക്കരിച്ചതാ!” മോളിക്കുട്ടി ചിരിച്ചപ്പോൾ ഒന്നും കേട്ടില്ലെന്ന മട്ടിൽ മിസ്സിസ് ഡിസൂസ കട്ടിലിനരികിലേക്കു നടന്നു.
”കത്രീന ഇറങ്ങിയില്ലേ?”
”ഇല്ലയാന്റി. കത്രീനയുടെ കുളി കഴിയുമ്പോൾ പ്രാർത്ഥന കഴിയും.” മറിയമാണ് മറുപടി നൽകിയത്.
ദേവിക ചോദിച്ചു. ”ആന്റി കണ്ടോ, പെണ്ണിന്റെ കല്യാണവേഷം?”
മിസ്സിസ് ഡിസൂസ ചിരിച്ചു. ”പഴയ ചട്ടേം മുണ്ടുമല്ലേ! ഫാഷനാ! എന്തെങ്കിലും പറയാൻ പറ്റുവോ!”
”ആന്റീ, ഈ നെക്‌ളേസ് കണ്ടോ? ഡയമണ്ട് ആണ്. നല്ല വിലയുണ്ട്. കുവൈറ്റീന്ന് ദേവിക വാങ്ങിയതാ! നാളെ കല്യാണത്തിന്!” മറിയം ഒരു ചെറിയ പെട്ടി തുറന്നു മിസ്സിസ് ഡിസൂസയെ കാണിച്ചു.
നെക്ലേസിൽ കണ്ണ് നട്ട മിസ്സിസ് ഡിസൂസയുടെ മനസ്സ് പുകയാൻ തുടങ്ങി.
കട്ടപിടിച്ച രക്തത്തിന്റെ നിറമുള്ള പട്ടു സാരിയിൽ പൊതിഞ്ഞ മറിയത്തിന്റെ തടിച്ച ശരീരത്തിന് സ്വർണ്ണത്തിന്റെ നിറമാണ്. പച്ച കണ്ണുകൾ. മാംസളമായ കവിൾത്തടങ്ങളിൽ ചുവപ്പു തുടിപ്പുകൾ. തലമുടി അടുക്കിയടുക്കി കെട്ടിവെച്ചിരിക്കുന്നു. ഇരുചെവികൾക്കും മുന്നിൽ സ്പ്രിങ് പോലെ മുടിച്ചുരുൾ ഞാന്ന് കിടക്കുന്നു. ബ്ലൗസിൽ വിയർപ്പിന്റെ നനവ്. കഴുത്തിലും കൈത്തണ്ടയിലും കനമുള്ള സ്വർണ്ണം. മൺപ്പാത്രത്തിൽ കൊട്ടുന്ന ശബ്ദം. ആ ശബ്ദത്തിനു മധുരമുണ്ടെങ്കിലും ആലോചനയുടെ ആഴങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അളന്നു മുറിച്ച വാക്കുകൾ. ഷെവലിയർ ഹൗസിലെ ആദ്യത്തെ മരുമകൾക്കുള്ള അധികാരം ആർക്കും ചോദ്യം ചെയ്യാനാവില്ല. തന്റെ അന്തിമ തീരുമാനം മറ്റുള്ളവരെ അറിയിക്കും മുൻപ് രഹസ്യമായി അന്നാമ്മയുമായി ധാരണയിലെത്തിയിരിക്കും. മൂത്ത മകൻ കൊച്ചൗസേപ്പിനേക്കാൾ മനക്കരുത്തുണ്ടെന്ന് അന്നാമ്മ പോലും വിശ്വസിക്കുന്നു.
ദേവിക മറ്റൊരു വനിതാരത്‌നമാണ്. നീണ്ടുമെലിഞ്ഞ അഴക്. വേഷത്തിലും ആഭരണത്തിലും മേക്കപ്പിലും ആരെയും കണ്ണഞ്ചിപ്പിക്കുന്ന വശ്യത. ഒരു നോട്ടം മതി ആരും ഇഷ്ടപ്പെട്ടുപോകും. എപ്പോഴും മുഖത്ത് പ്രസാദത്തിന്റെ ഉദയഭംഗി. ദേവികയുടെ സാരിയുടെ മയിൽപ്പീലിനിറം ഭിത്തിയുടെ നീലനിറത്തിൽ അലിഞ്ഞുചേർന്നു നിലാവ് പരക്കുന്നുണ്ട്. നീണ്ട തലമുടിയ്ക്ക് രാത്രിമഴയുടെ ഇളക്കമുണ്ട്. കുയിൽനാദംപോലെ ഇമ്പമാർന്ന സ്വരത്തിൽ പാടുന്നത് കേൾക്കാൻ നല്ല രസമാണ്. തികഞ്ഞ കൃഷ്ണഭക്ത. യേശുക്രിസ്തുവിലും വിശ്വാസം. പലരും ചോദിക്കാറുണ്ട് ഇതെങ്ങിനെ സംഭവിച്ചുവെന്ന്! ഷെവലിയാർ കുടുംബത്തിൽ മരുമകളായതെങ്ങിനെയെന്ന്!
ഉത്തരം നിസ്സാരമായ രണ്ടു കാര്യങ്ങളാണ്.
ഒന്ന്, ഷെവലിയർ പാപ്പു വക്കീൽ മതത്തിനു അതീതനാണ്. ജനാധിപത്യം. സോഷ്യലിസം. മതേതരത്വം. ഇന്ത്യൻ ഭരണഘടനയിലാണ് പാപ്പു വക്കീലിന്റെ ചിന്തകളുടെ ആകാശം. അപ്പോൾ ജീവിതത്തിൽ ക്രിസ്തുമതത്തിന്റെ സ്ഥാനം? റോമൻ കത്തോലിക്കാ സഭയുടെ സ്ഥാനം?
ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ ക്രിസ്തു മനുഷ്യസമൂഹത്തിൽ എന്താണോ ചെയ്തത് അത് അനുസരിക്കുക. ആ കുരിശുമെടുത്തു പിഞ്ചെല്ലുക. അവനാണ് യഥാർത്ഥ ക്രിസ്ത്യാനി. മിശിഹാനുകരണം… രക്ഷകനെ അനുകരിക്കുക. വിശുദ്ധ തോമസ് അകേമ്പസിന്റെ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനം പാപ്പു വക്കീൽ രചിച്ചിട്ടുണ്ട്, ഭാരതീയ ദർശനത്തിലെ കർമവും ധർമ്മവുമായി ബന്ധപ്പെടുത്തി. അതിന്റെ ഇംഗ്ലീഷ് പതിപ്പ് റോമിൽ വരെ എത്തി. മാർപാപ്പയുടെ അംഗീകാരവും ഉണ്ടായി. ക്രിസ്തുവിന്റെ മാർഗം കാലാകാലങ്ങളിൽ ഭൂമിയിൽ വെട്ടിത്തെളിക്കുക എന്നതാണ് തിരുസഭയുടെ ആത്യന്തിക ദൗത്യം. മനുഷ്യരക്ഷയാണ് ദൈവലക്ഷ്യം. നാലാം നൂറ്റാണ്ടിൽ എഴുപത്തിമൂന്ന് പുസ്തകങ്ങളായി ബൈബിളിൽ ക്രോഡീകരിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ തിരുസഭ പിന്നീട് വിവിധ സംസ്‌കാരങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. പൗരസ്ത്യ സംസ്‌കാരത്തോടു ഇഴുകിച്ചേരാൻ പാപ്പു വക്കീലിന് പ്രചോദനമായത് രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളിലെ കണ്ടെത്തലുകളാണ്. ഭാരതീയ സംസ്‌കാരത്തോടുള്ള വലിയ ആഭിമുഖ്യം പാപ്പു വക്കീലിന് ഉണ്ടായിരുന്നു. മതങ്ങളുടെ പരിധിക്കുള്ളിൽ നിലനിന്നുകൊണ്ടു മതങ്ങളുടെ സനാതന മൂല്യങ്ങളിൽ ജീവിക്കുക എന്നൊരു കാഴ്ച്ചപ്പാടും പ്രസക്തമാണെന്ന് പാപ്പു വക്കീൽ സ്ഥാപിക്കുകയുണ്ടായി. ആപേക്ഷിക സത്യങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ആത്യന്തിക സത്യങ്ങൾക്കാണ്. എന്നാൽ പുസ്തകങ്ങളിൽ ഉള്ളതുപോലെയല്ല തിരുസഭ ഉണ്ടായത്. പത്രോസ് വിശ്വസിച്ചത് നമ്മൾ വിശ്വസിക്കുന്നു. അപ്പസ്‌തോലിക കൈവെയ്പ്പു വഴിയുള്ള പാരമ്പര്യം. അപ്പസ്‌തോലിക സഭക്ക് വിശ്വാസത്തിൽ വ്യത്യാസമില്ല. പക്ഷെ പ്രായോഗിക കാര്യങ്ങളിൽ വ്യത്യാസമുണ്ട്. പല ഭാഷകൾ പോലെ പരമ്പരാഗതമായ വൈരുധ്യങ്ങൾ ഒരു മാർഗതടസ്സമല്ല. അതുകൊണ്ടു മനുഷ്യസ്‌നേഹത്തിനു മുന്നിൽ പൗലോച്ചൻ ദേവികയെ കല്യാണം കഴിക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ല.
രണ്ടാമതായി, പൗലോച്ചനും ദേവികയും കടുത്ത പ്രേമത്തിലായിരുന്നു. പൗലോച്ചൻ ഒരു സോഷ്യലിസ്റ്റാണ്. സോഷ്യൽ ഡെമോക്രസിയിൽ വിശ്വസിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവം. ദേവികയുടെ സഹോദരൻ ദേവദത്തൻ പാർട്ടിയുടെ ജില്ലാ ഭാരവാഹി. പൗലോച്ചൻ ദേവദത്തന്റെ വീട്ടിലും ദേവദത്തൻ പൗലോച്ചന്റെ വീടായ ഷെവലിയർ ഹൗസിലും വരുമായിരുന്നു. പൗലോച്ചന് ദേവികയുമായുള്ള അടുപ്പം അങ്ങിനെയാണ്. ദേവിക അപ്പോൾ ബി.എസ്.സി നേഴ്‌സിങ്ങിന് പഠിക്കുന്നു. പാർട്ടി ഓഫീസിൽ വെച്ചായിരുന്നു വരണമാല്യം ചാർത്തിയത്. ചില പ്രശ്‌നങ്ങളെ തുടർന്ന് മതപരമായ ചടങ്ങുകൾ ഒഴിവാക്കി. ചെറിയൊരു സദ്യ. പൗലോച്ചൻ ദേവികയെയും കൊണ്ട് ഷെവലിയർ ഹൗസിൽ എത്തുമ്പോൾ ആരും ഒന്നും മിണ്ടിയില്ല… പാപ്പു വക്കീൽ മുറ്റത്തു നിന്ന് അകത്തേക്ക് വിരൽ ചൂണ്ടി. അന്നാമ്മ ഒരു വയസ്സുള്ള കത്രീനയെ മാറോടടുക്കി ഇറങ്ങി വന്നു ദേവികയുടെ നെറ്റിയിൽ ചുംബിച്ചു. ദേവിക പാപ്പു വക്കീലിന്റെയും അന്നാമ്മയുടെയും പാദങ്ങൾ തൊട്ടുവണങ്ങി ഷെവലിയർ ഹൗസിന്റെ പടികൾ കയറി. – മൂന്നാമത്തെ മരുമകളായി!
അപ്പോഴവിടെ കൊച്ചൗസേപ്പും മറിയവും ഉണ്ടായിരുന്നു. മൂത്തമകൾ ഗ്രേയ്‌സിന് രണ്ടു വയസ്സ്. ചിന്നമ്മയുടെയും വർക്കിച്ചന്റെയും മകൻ ജോസുകുട്ടിക്കു ഒരു വയസ്സ് തികഞ്ഞിട്ടില്ല. പൗലോച്ചന്റെ നേരെ മൂത്തവൻ മത്തായിയുടെയും ഏലീശ്വായുടെയും വിവാഹം നടന്നതും ഇറാഖിലെ മൂസലിലെ കത്തീഡ്രലിൽ നിന്നും തോമാശ്ലീഹായുടെ തിരുശേഷിപ്പിന്റെ ചെറിയൊരു ഭാഗം കൊണ്ടുവന്ന് മുളന്തുരുത്തിയിലെ മാർത്തോമ്മാ പള്ളിയിൽ സംസ്‌കരിച്ചതും ഗുജറാത്തിൽ പ്‌ളേഗ് പരന്നതും ഇന്ത്യയിലേക്കുള്ള വിദേശ വിമാന സർവീസുകൾ നിർത്തലാക്കിയതും ആ വർഷമാണെന്നു മിസ്സിസ് ഡിസൂസയുടെ മനസ്സിൽ മിന്നിമാഞ്ഞു.
ദേവദത്തൻ ഷെവലിയർ പാപ്പു വക്കീലുമായും അന്നാമ്മയുമായും നല്ല സ്‌നേഹബന്ധത്തിലായിരുന്നു. പിൽക്കാലത്തു ഷെവലിയർ ഹൗസിലേക്കുള്ള ദേവദത്തന്റെ സന്ദർശനങ്ങളിൽ മകൻ അര്‍പ്പിതിനെയും കൂട്ടുമായിരുന്നു. അര്‍പ്പിതിനും കത്രീനയ്ക്കും ഒരേ പ്രായം.
മിസ്സിസ് ഡിസൂസയുടെ ഓർമ്മയിൽ പള്ളിത്തുരുത്തിലെ തീരങ്ങളിൽ ഒരേ പ്രായത്തിലുള്ള ഓളങ്ങൾ ഓടിക്കളിച്ചു വളർന്നു. കറുത്ത കക്കകൾ പെറുക്കി പങ്കുവെച്ചു.
മഴക്കാലങ്ങൾ തോടുകളിൽ നെറ്റിപ്പൊട്ടൻ മീനിനെ വളർത്തി. കാറ്റ് പറമ്പിൽ വെള്ളം നിറഞ്ഞൊഴുകിയ കുളത്തിൽ വാഴപ്പിണ്ടി ചങ്ങാടത്തിലേറി നീന്തൽ പഠിച്ചു.
”കൊള്ളാം. ഇതാണോ നാളെ കത്രീന ഇടുന്നത്?” മിസ്സിസ് ഡിസൂസയ്ക്ക് സംശയം.
”അതെ” ദേവിക ഉറപ്പിച്ചു.
”അപ്പോ, മറ്റേ മാലയോ?” മിസ്സിസ് ഡിസൂസ മറിയത്തെ നോക്കി.
”അത്… നല്ലതാ… പക്ഷെ ഇതല്ലേ നല്ലത്?” ദേവിക ആരും കേൾക്കാതെ സ്വരമടക്കി അഭിപ്രായം ആരാഞ്ഞു.
”കത്രീനയാണോ സെലക്ട് ചെയ്തത്?”
”അതെ ആന്റി.” മറിയം ടെലിവിഷന് മുന്നിലെ പെൺകുട്ടികളെ ഒന്ന് ശ്രദ്ധിച്ച ശേഷം രഹസ്യമായി വ്യക്തമാക്കി. ”ഇന്നത്തെ മധുരം വെയ്പ്പിന് നമ്മൾ ആദ്യം സെലക്ട് ചെയ്ത മാല!. ഏലീശ്വാ കൊണ്ടുവന്നത്.”
”ഓ-ഞാനറിഞ്ഞില്ല. ഏലിശ്വായ്ക്കു ഇഷ്ടപ്പെടുമോ?” മിസ്സിസ് ഡിസൂസയ്ക്കു സൂചന കിട്ടി. ഈ പരിപാടി മറിയത്തിന്റെയും ദേവികയുടെയും ആലോചനയാണ്, ഏലീശ്വായെ ഒതുക്കാൻ.
നാളെ കല്യാണപെണ്ണിന്റെ മാല ദേവിക കൊടുത്തതാകുമ്പോൾ എല്ലാവർക്കും മുന്നിൽ തിളങ്ങുന്നത് ദേവിക!
”എല്ലാം കൂടി നാളെ ഇടാൻ പറ്റുമോ?” മറിയം ന്യായീകരിച്ചു. ”ഇതിപ്പോ ആരോടും പറയേണ്ട.”
മിസ്സിസ് ഡിസൂസയുടെ മുഖത്തെ മങ്ങൽ ദേവിക ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഫോൺ ശബ്ദിച്ചു. വിളിക്കുന്ന നമ്പർ കണ്ടപ്പോൾ ഒന്ന് പരുങ്ങി. മിസ്സിസ് ഡിസൂസയുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറി ജനാലക്കരികിൽ ചെന്ന് നിന്ന് ആരോടോ ശബ്ദമടക്കി സംസാരിച്ചു.
വരാന്തയിലെ അമ്മിണിത്തത്ത എന്തോ കാര്യമായി പറയുന്നുണ്ട്. ആരെയോ വിളിക്കുന്നുണ്ട്. കള്ളീ… കള്ളീ…
മിസ്സിസ് ഡിസൂസ മെല്ലെ തിരിഞ്ഞു പെൺകുട്ടികളെ നോക്കി. ”വാ – വാ. എല്ലാരും വന്നാട്ടെ. വല്യമ്മച്ചിയുടെ അടുത്തേക്ക് പോകാം.”
മുന്നിൽ ചട്ടിനടക്കുന്ന മിസ്സിസ് ഡിസൂസയെ പെൺകുട്ടികൾ അനുഗമിച്ചു. ചിലർ അനുകരിച്ചു.
മോളിക്കുട്ടി കട്ടിലിനു അടുത്തേക്ക് വന്നു. നെക്‌ളേസ് ക്യാമറയിൽ പകർത്തി. വജ്രം മുഴുവനായും ഫ്രെയിമിൽ നിറഞ്ഞു. അതിന്റെ ഉള്ളിലെ പല വെട്ടുകളിൽ നിന്ന് പ്രകാശം വിളങ്ങുന്നു. വെള്ളിവെളിച്ചത്തിനുള്ളിൽ പിന്നെയും വെള്ളിനക്ഷത്രങ്ങൾ. ദൂരദർശിനിയിലൂടെ കാണപ്പെടുന്ന പൗർണ്ണമിയിലെ പ്രപഞ്ചം പോലെ.
മോളിക്കുട്ടി മെത്തയിൽ അടുക്കിവെച്ച വസ്ത്രങ്ങളിലൂടെയും ആഭരണപ്പെട്ടികളിലൂടെയും ക്യാമറ ചലിപ്പിച്ചുകൊണ്ടിരുന്നു. വസ്ത്രങ്ങൾ പരിശോധിക്കുന്ന മറിയത്തെയും ഭംഗിയായി പകർത്തി.
”ആന്റി, മുഖമൊന്നു ഉയർത്തിപ്പിടിച്ചേ. ങ്ഹാ – അങ്ങിനെ. അൽപ്പം ചിരിക്കണം.”
ദേവിക അടുത്തേക്കുവന്നു. ആഭരണപ്പെട്ടികളിൽ പച്ച നിറത്തിലുള്ള ചെറിയതൊരെണ്ണം തുറന്നു അതിലുള്ള മാല ക്യാമറക്ക് നേർക്ക് നിവർത്തിക്കാണിച്ചു.
ക്യാമറയുടെ ഡിസ്‌പ്ലേയിലൂടെ അത് നോക്കിക്കണ്ട മോളിക്കുട്ടി പറഞ്ഞു. ”നന്നായിട്ടുണ്ട്”
”മോളിക്കുട്ടിക്ക് ഇഷ്ട്ടപ്പെട്ടോ?” ദേവിക ആരാഞ്ഞു.
”യെസ്. ഐ ലൈക് ഇറ്റ്. ആരാ വാങ്ങിയത്?” മോളിക്കുട്ടിക്ക് ജിജ്ഞാസ.
”കത്രീന.” മറിയം അറിയിച്ചു. ”ആർക്കാണെന്നറിയോ?”
”ആർക്കാ?” മോളിക്കുട്ടി മുഖമുയർത്തി മറിയത്തെ നോക്കി.
”മോളിക്കുട്ടിക്ക് തന്നെ!” മറിയം ചിരിച്ചു.
”ഓഎംജി!” മോളിക്കുട്ടിക്ക് വീർപ്പുമുട്ടി. ഒന്ന് കിതച്ചു. ഓഎംജി എന്നാൽ ഓ മൈ ഗോഡ്! ഭാഗ്യക്കുറി അടിച്ചെന്ന് കേൾക്കുമ്പോൾ ബോധം കെടുന്നത് പോലെ തലകറങ്ങി. ”ഗ്രേറ്റ്! ഷെവലിയർ ഹൗസിലെ ഒൻപതു മക്കളിൽ ഏറ്റവും ഗ്രേറ്റ് കത്രീനാന്റിയാണ്.”
”കത്രീനയിതു രഹസ്യമാക്കി വെച്ചിരിക്കുകയാണ്. നാളെ രാവിലെ തരും. ചിന്നമ്മ ചേച്ചിയും അറിഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ.” ദേവിക മാല തിരികെ ഭദ്രമായി അടച്ചുവെച്ചു.
മോളിക്കുട്ടിയുടെ ക്യാമറ ദേവികയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ തുടങ്ങി.
ബാത്‌റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം!
മറിയവും ദേവികയും മെത്തയിലെ വസ്തുക്കളിൽ നിന്നും കണ്ണെടുത്തു എത്തിനോക്കി.
കുളി കഴിഞ്ഞ്, തലമുടി ഒരു ടവ്വൽ കൊണ്ട് കെട്ടിവെച്ച്, നനവുള്ള പാവാടയണിഞ്ഞ്, മാറിൽ തോർത്ത് മറച്ച്, അഴകാർന്ന മോഡലിനെ പോലെ ഷെവലിയർ ഹൗസിലെ മർലിൻ മൺറോ മേശക്കരികിലേക്കു നീങ്ങി.
മോളിക്കുട്ടി ക്യാമറ മെല്ലെ മുകളിലേക്ക് ഉയർത്തി ഭിത്തിയിലെ മർലിൻ മൺറോയുടെ ചിത്രത്തിൽ നിർത്തി.
കത്രീന ഭിത്തിയിലെ നിലക്കണ്ണാടിയിൽ നോക്കി മാറിലെ ടവ്വൽ വലിച്ചെറിഞ്ഞു. നഗ്‌നമായ മുതുക് കാണാം. ബ്രേസിയർ ഇടാനുള്ള പ്രയത്‌നത്തിലാണ്. പിന്നിലെ ഹൂക് ഇടാൻ പറ്റുന്നില്ല.
”പണ്ടാരമടങ്ങാൻ!” കത്രീനയ്ക്ക് ദ്വേഷ്യം വരുന്നുണ്ട്. ”ഈ സാധനം ഇരുപതാം നൂറ്റാണ്ടിലെ പെണ്ണുങ്ങൾ കെട്ടിയതാ! വല്ല കാര്യോം ഉണ്ടോ? ഒരു സാരീം ബ്ലൗസും! എടീ മോളിക്കുട്ടീ, ഇങ്ങാട്ടു വാ. ഈ ഹുക്കൊന്നു ഇട്ടു തന്നേ.”
”എന്റെ കയ്യിൽ ക്യാമറയാ.” മോളിക്കുട്ടി നേരിട്ട് കത്രീനയെ നോക്കുന്നതേയില്ല. മർലിൻ മൺറോയുടെ മുഖത്തിന്റെ സൗന്ദര്യത്തിലേക്ക് സൂം ചെയ്യുകയാണ്.
”അത് ദേവിക ചേച്ചിക്ക് കൊടുക്ക്. വേഗം,” കത്രീന ബ്രേസിയറിന്റെ പിൻഭാഗത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.
”ഈ പണി നാളെ മുതൽ പുതിയ ആളെ ഏൽപ്പിക്കണം. എപ്പഴുമെപ്പഴും എന്നെക്കൊണ്ട് പറ്റില്ല.” മോളിക്കുട്ടി ക്യാമറ ദേവികയുടെ കയ്യിൽ ഏൽപ്പിച്ചിട്ടു കത്രീനയുടെ പിന്നിൽ ചെന്ന് നിന്ന് ബ്രേസിയറിന്റെ ഹുക്ക് ഇട്ടു.
”നീ എന്റെ കൂടെ അമേരിക്കയിലേക്ക് വരുന്നോ? ഹുക്കിടാനും തുണി കഴുകാനുമുള്ള പണി തരാം.” കത്രീന ക്ഷണിച്ചു.
”എത്ര തരും?” മോളിക്കുട്ടി ഹുക്കിട്ട ശേഷം ദേവികയുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.
ബ്രേസിയറിന്റെ മുൻഭാഗം ഒതുക്കി വെച്ചുകൊണ്ട് കത്രീന തിരിഞ്ഞിട്ട് പറഞ്ഞു. ”ട്രംപിന്റെ വേലക്കാരിക്ക് കൊടുക്കുന്നതു തരാം.”
”എന്റെ എൽ.എൽ.ബി. ഒന്ന് കഴിഞ്ഞോട്ടെ. ഇനി അമേരിക്കേല് കേസ് കൊറെ ഉണ്ടാകുമല്ലോ! പത്രക്കാരെ ഒതുക്കാനും വക്കീലിന് പണി കാണും.” മോളിക്കുട്ടി ക്യാമറ തിരികെ വാങ്ങി റീവൈൻഡ് ചെയ്തു. ഡിസ്‌പ്ലേ നോക്കി സൂക്ഷിച്ചു ഫോർവേഡ് ചെയ്തു.
മറിയവും ദേവികയും കൂടി സാരിയും ബ്‌ളൗസുമായി കത്രീനയുടെ അടുത്ത് ചെന്നു.
ബ്ലൗസ് ധരിക്കുന്നതിനിടയിൽ കത്രീന ഓർമിപ്പിച്ചു. ”എല്ലാ മോഡലുകൾക്കും വക്കീലുണ്ട്. പത്രക്കാർ ചുറ്റുമുണ്ട്. മാങ്ങയുള്ളിടത്തല്ലേ കല്ലെറിയൂ!”
”അതിനു മാങ്ങ ഉണ്ടായിട്ട് വേണ്ടേ?” മോളിക്കുട്ടി ക്യാമറ വീണ്ടും മർലിൻ മൺറോയുടെ മുഖത്തേക്ക് പിടിച്ചു. ”കത്രീനാന്റി, ക്യാമറ നേരെ അങ്ങോട്ട് വരികയാണ്. വേഗം സാരിയുടുത്തോ.”
”അതിനു മുൻപ് നീ എന്റെ കയ്യീന്ന് വാങ്ങുന്ന ലക്ഷണമുണ്ട്!” കത്രീന സാരിയുടുക്കാൻ തുടങ്ങി. മറിയവും ദേവികയും സഹായിച്ചു. അവരുടെ ചുണ്ടുകളിൽ ചിരി പടരുന്നുണ്ട്.
ക്യാമറ കത്രീനയ്ക്ക് ഒരു വശത്തേക്ക് ഒഴുകിയെത്തി. പാർശ്വ ദൃശ്യത്തിൽ കത്രീനയുടെ മുടിക്കെട്ടഴിഞ്ഞു. ഈറൻ തലമുടി കൈവിരലുകൾ കൊണ്ട് ചിക്കി. ക്യാമറ മുഖത്തിന്റെ മുന്നിലെത്തി. മാറിൽ കസവു നിറഞ്ഞ ബ്ലൗസും അരയിൽ ചന്ദന നിറമുള്ള സാരിയും അണിഞ്ഞു കഴിഞ്ഞു. മറിയത്തിന്റെയും ദേവികയുടെയും കൈവിരലുകൾ അതിവേഗം ചലിച്ചു.
”കുഞ്ഞുന്നാളിൽ ഞങ്ങൾ എടുത്തോണ്ട് നടന്നതാ. ഇരുപത്തിയാറു വർഷങ്ങൾ!” ദേവിക ഓർത്തു.
”ഇപ്പോൾ ഇരുപത്തിയേഴായി!. ഇതിനും ഭാഗ്യമുണ്ട്.” മറിയത്തിന്റെ കവിൾത്തടം തുടിച്ചു.
വ്യൂ ഫൈൻഡറിലൂടെ നോക്കിക്കൊണ്ടു മോളിക്കുട്ടി പറഞ്ഞു. ”ഞാൻ ആന്റിയെ ഒരു മർലിൻ മൺറോയാക്കും. ഞാൻ ഒരു പടമെടുക്കുമ്പോ ആന്റി ഹീറോയിൻ. ഞാൻ ഡയറക്ടർ. കല്യാണം കഴിഞ്ഞാൽ ഡേറ്റ് കിട്ടുമോ?”
കത്രീന ഉറപ്പിച്ചു. ”കല്യാണമൊന്നുമെനിക്ക് പ്രശ്‌നമല്ല. നിന്റപ്പനോട് നാളെത്തന്നെ അഡ്വാൻസ് എടുത്തുവെച്ചോളാൻ പറയൂ. കുറച്ചു കഴിഞ്ഞാൽ പാപ്പരായെന്നു വരും.”
”എന്റപ്പൻ ആന്റീടെ ചേച്ചീടെ ഭർത്താവല്ലേ? നേരിട്ട് ചോദിച്ചാൽ മതി.”
”വക്കീല്‌ചേച്ചിയും കൊള്ളാം, മൂത്തളിയനും കൊള്ളാം. അത് വേറെ കാര്യം. പ്രൊഫഷൻ വേറെ കാര്യം.”
”കത്രീനാന്റിക്ക് ഒരു ബിഗ് ചാൻസാണ് ഞാൻ തരുന്നത്. അതിനു എനിക്കിങ്ങോട്ടു തരണം. മർലിൻ മൺറോ ആക്കണമെങ്കിൽ മതി.”
കത്രീന വലതുകാൽ വിരലുകൾ മോളിക്കുട്ടിയുടെ ഇടതുകാൽ വിരലുകളിൽ അമർത്തി.
”നീയെന്നെ മർലിൻ മൺറോ ആക്കുമോ? സത്യം പറ.”
”ആക്കും. അയ്യോ. നോവുന്നേ.”
”ആക്കുമോടി?”
”ഇല്ല… ഇല്ല”
കത്രീന കാൽവിരലുകൾ കൊണ്ട് മോളിക്കുട്ടിയുടെ ഇടതുകാൽ വിരലുകൾ ഞെരിക്കാൻ തുടങ്ങി.
”ആക്കില്ലേ?”
”ആക്കാം. അയ്യോ… വേദനിക്കുന്നു. വിട് -വിട്.”
”നീയെന്നെ ആക്കുമല്ലേ?”
”ഇല്ലേയില്ല. അയ്യോ….”
മോളിക്കുട്ടിക്ക് കരച്ചിൽ വരാൻ തുടങ്ങി.
”അവളെ കരയിപ്പിക്കാതെ. ”മറിയം ഇടപെട്ടു.
”എന്നാൽ നീയാ ക്യാമറയിങ്ങ് തന്നിട്ട് സാരിത്തുമ്പ് പിടി. നന്നായി മടക്കണം.”
വേദനിച്ചു വിങ്ങിപ്പൊട്ടിയ മോളിക്കുട്ടി ക്യാമറ കത്രീനയ്ക്ക് കൈമാറിയിട്ടു സാരിക്ക് മുന്നിൽ താഴെ ഇരുന്നു.
സാരിയുടെ മടക്കുകൾ അടുക്കി പിന്നു കുത്തുന്ന മോളിക്കുട്ടിയുടെ മുഖം കത്രീന ക്യാമറായിൽ പകർത്തി രസിച്ചു.
”നന്നായിമടക്കി പിന്ന്കുത്തെടി.”
മോളിക്കുട്ടിയുടെ കൺകോണിൽ നിന്ന് ഒഴുകിവന്ന ഒരു തുള്ളി കണ്ണുനീർ മൂക്കിൻത്തുമ്പിൽ തൂങ്ങിനിന്നത് കണ്ടു മർലിൻ മൺറോയുടെ ചുണ്ടുകൾ പരമാവധി വിസ്തൃതമായി . .







