വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 198082ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990 -95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19þþാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.
അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006 -11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ അത്യുജ്വല പ്രവര്‍ത്തനം കാഴ്ചവച്ചു. പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊ ണ്ടുപോകുന്നതിലും ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിലും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നതിലും കരുത്ത് പ്രകടിപ്പിച്ചു.
ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളില്‍നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാപ്രവര്‍ത്തനം, പാര്‍ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്കാന്തി, അചഞ്ചലമായ പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം. ഇവയെല്ലാം കോടിയേരിയില്‍ ഉള്‍ച്ചേരുന്നു.
2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു. തുടര്‍ന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
തലശേരി എംഎല്‍എയും സിപിഐ എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.
About The Author
No related posts.