ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -7 ചാണകം

Facebook
Twitter
WhatsApp
Email

വല്ലാത്ത ചാണകനാറ്റം ബാത്‌റൂമിൽ നിന്ന് അടുക്കളയ്ക്കടുത്തുള്ള അതിഥിമുറിയിൽ വ്യാപിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്ന് ഏലീശ്വായുടെയും ചിന്നമ്മയുടെയും കുഴഞ്ഞ സമാശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. പ്രധാന ഹാളിലെ ഭക്തിസാന്ദ്രമായ പ്രാർത്ഥനയുടെ താളവും അലയടിച്ചു. ഗ്രേസിന്റെ കയ്യിലിരുന്ന കുഞ്ഞിന്റെ നേർത്ത കരച്ചിലും ഗ്രേസിന്റെ മൂളലും ഇടയ്ക്കിടെ ഉയർന്നതാണു.

ബാത്‌റൂമിൽ ഏലിശ്വായും ചിന്നമ്മവക്കീലും കാലുറയ്ക്കാതെ ആടി നിൽക്കുന്നു. വസ്ത്രങ്ങൾ മാറ്റി, ദേഹം കഴുകി, പുതിയ ഗൗണുകൾ അണിഞ്ഞിരിക്കുന്നു. മൂലയിൽ നിക്ഷേപിച്ച ബർമുഡയിൽ നിന്നും ടീഷർട്ടിൽ നിന്നും സാരിയിൽ നിന്നും ചാണകവെള്ളം പച്ചനിറത്തിൽ വെളുത്ത ടൈൽസിലൂടെ ഒഴുകുന്നത് കാണാം. ഭിത്തിയിൽ കൈകുത്തി നിൽക്കുന്ന ചിന്നമ്മയ്ക്കു വീണ്ടും ഓക്കാനം വരുന്നുണ്ട്. പൊക്കത്തിലുള്ള ചെറിയ ചില്ലുജനാലപ്പടിയിൽ സ്‌കോച്ച് വിസ്‌കിയും സോഡയും ഗ്ലാസുകളും. ഒരു ഗ്ലാസ്സിൽ പകുതിയോളം വിസ്‌കി. അതെടുക്കുവാനുള്ള ബദ്ധപ്പാടിലാണ് ഏലീശ്വാ. ചിന്നമ്മയ്ക്കു തൊണ്ടയിൽ നിന്നും എന്തൊക്കെയോ കളയണമെന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഉള്ളിൽ നിന്നും വായുഗോളങ്ങൾ പൊങ്ങിവരുന്നത് പോലെ തോന്നുമ്പോൾ ഗോ എന്ന ശബ്ദത്തിൽ വീണ്ടും വായ തുറന്നു പിടിക്കുന്നു. ഏലീശ്വാ കുഴഞ്ഞ ശബ്ദത്തിൽ ചിന്നമ്മയെ ആശ്വസിപ്പിച്ചു.

”സോ സിമ്പിൾ. ഒരെണ്ണം കൂടി കഴിച്ചാൽ ഓക്കാനം നിൽക്കും ചേച്ചീ. യൂ നീഡ് എ മെഡിസിനൽ ഡ്രിങ്ക്. ദാറ്റ്‌സ് ഓൾ. ബൈ ദി ബൈ വെയറീസ് മൈ ഷൂസ്?”

ഏലീശ്വാ തറയിൽ നോക്കിയിട്ടും കാണുന്നില്ല. അപ്പോൾ ചിന്നമ്മ ഓർമിപ്പിച്ചു.

”കുഴിയിലുണ്ട്. നാളെയെടുക്കാം.”

”ബുൾഷിറ്റ്. അതെനിക്ക് വേണ്ട. ആരും അറിഞ്ഞു കാണില്ലല്ലോ? അല്ലേ?”

”നോ. നെവർ ”

”ആ മിസ്സി വന്നു നോക്കീട്ട് പോയത് പോലെ തോന്നി.”

”കുട്ടികളും വന്നിട്ട് പോയി.”

”അവർ അറിഞ്ഞു കാണുമോ?”

”നോ. നെവർ.”

”ഔർ പ്രസ്റ്റീജ് ഈസ് ഇമ്പോർട്ടന്റ്.”

”ഡിഗ്‌നിറ്റി ആൾസോ.”

”മഴ പെയ്യുന്നുണ്ടോ?”

”പ്രാർത്ഥന തുടങ്ങി. അതിന്റെയാ!”

”മൈ ഗോഡ്!”

”വീഴാതെ നോക്കണേ. അവിടെക്കൂടി ചാണകം ഒഴുകുന്നുണ്ട്.”

ഏലീശ്വാ ഗ്ലാസിൽ നിന്നും പകുതി വിസ്‌കി കൂടി അകത്താക്കിയിട്ടു ചിന്നമ്മയ്ക്കു നേർക്ക് നീട്ടി.

പക്ഷെ ചിന്നമ്മയ്ക്കു ഭിത്തിയിൽ നിന്നും കൈ എടുക്കാൻ പറ്റുന്നില്ല. എടുത്താൽ ഒരു വശത്തേക്ക് ചരിയും. ഏലീശ്വാ സഹായിച്ചു. ഗ്ലാസിലെ അവശേഷിച്ച വിസ്‌കി ചിന്നമ്മയുടെ വായിലൊഴിച്ചു കൊടുത്തു. ഒറ്റ ശ്വാസത്തിന് വിസ്‌കി വിഴുങ്ങിയ ചിന്നമ്മ വായ തുറന്നു ഊതി.

”തൊട്ടുനക്കാനൊന്നുമില്ലല്ലോ?”

”തല്ക്കാലം എന്നെ തൊട്ടു നക്കിക്കോ.”

ചിന്നമ്മയ്ക്ക് ചിരി ഊറി.

ബാത്‌റൂമിന്റെ വാതിൽക്കൽ നിന്ന് മോളിക്കുട്ടി അകത്തെ ദൃശ്യങ്ങൾ ഉത്സാഹത്തോടെ ക്യാമറയിൽ പകർത്തുന്നത് മുറിയുടെ മൂലയിൽ ജനാലയ്ക്കു സമീപമുള്ള കസേരയിലിരുന്ന് മൊബൈൽ ഫോണിലൂടെ സംസാരിക്കുന്ന ഗ്രേസ് കാണുന്നുണ്ടായിരുന്നു.

ഗ്രേസിന്റെ മുഖം സങ്കടത്തിന്റെ കുഴിയിൽ മുക്കിയത് പോലെ തോന്നിച്ചു. തേങ്ങലിന്റെ വക്കിൽ നിന്ന് പുറത്തേക്കുവന്ന ശബ്ദം അത്യന്തം ദുഃഖത്തിൽ നനഞ്ഞിരുന്നു. ഖത്തറിൽനിന്ന് സംസാരിക്കുന്ന പ്രിൻസിന്റെ വാക്കുകളുടെ ഒഴുക്കിൽ കടുത്ത നിരാശയും അതേസമയം തന്റെ ഭർത്താവ് എന്നേയ്ക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്കയും കണ്ണുകളിലെ സ്ഫടികത്തുള്ളികളിൽ പ്രതിഫലിച്ചു.

മോളിക്കുട്ടി തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ”ഏലീശ്വാന്റീ, ചാണകക്കുഴിയിൽ വീണതിന്റെ ഒരു ഷോട്ട് വേണം. നാളെ രാത്രി നമുക്ക് അതൊന്നെടുക്കണം. ബെർമൂഡയും ടീഷർട്ടും ഒന്നുകൂടി ഇടേണ്ടിവരും. അല്ലെങ്കിൽ കോസ്റ്റ്യൂം കണ്ടിന്യൂയിറ്റി ഉണ്ടാവില്ല. ജമ്പാവും.”

ചാണകക്കുഴിയിലെ രംഗം ഷൂട്ട് ചെയ്യാൻ പറ്റാതെ വന്നതിൽ മോളിക്കുട്ടിക്ക് സങ്കടമുണ്ട്. പശുത്തൊഴുത്തിനടുത്തു ഛർദ്ദിക്കാൻ പോയ ചിന്നമ്മയെ സഹായിച്ചതാണ് ഏലീശ്വാ. പക്ഷേ ചുവടുവെയ്ക്കുന്നതിനിടയിൽ കാലുതെന്നി ചാണകക്കുഴിയിൽ വീണു. അരഭാഗം വരെ ചാണകത്തിൽ താണു. ചിന്നമ്മയാണ് വലിച്ചുകയറ്റിയത്. ഇരുവരുടെയും വസ്ത്രങ്ങളിൽ നിറയെ ചാണകമായിരുന്നു. വേലക്കാരികളാണ് രണ്ടുപേരെയും ബാത്‌റൂമിൽ എത്തിച്ചത്. അവർ വന്ന വഴി നീളെ വേലക്കാരികൾ ലോഷനിൽ തുണിമുക്കി നനച്ചുതുടച്ചു.

ബാത്‌റൂമിൽ ഇരുവരും വസ്ത്രം മാറ്റി വലിയ ബാത്ത് ടവ്വൽ ഉടുത്തു ഷവറിനു താഴെ ദേഹം പരസ്പ്പരം കഴുകി. നന്നായി സോപ്പ് പതപ്പിച്ചു. തലമുടി നനയാതെ സൂക്ഷിച്ചു. ഗൗണുകളടക്കം പുതിയ വസ്ത്രങ്ങൾ കൊണ്ട് വന്നത് മോളിക്കുട്ടിയായിരുന്നു. ദേഹം വൃത്തിയാക്കിയ ഇരുവരും പുതിയ വസ്ത്രങ്ങൾ ധരിച്ചുവെങ്കിലും ചാണകനാറ്റം മാറിയിരുന്നില്ല.

മൂലയിലെ കസേരയിൽ നിറമിഴികളോടെ ഫോൺ വിളിച്ചുകൊണ്ടിരുന്ന ഗ്രേസ് ഇടയ്ക്കിടെ മൂക്ക് പൊത്തുന്നുണ്ടായിരുന്നു. മാറിൽ ചേർത്തു പിടിച്ച കുഞ്ഞിനെ തടവി. ഫോണിന്റെ അങ്ങേ തലക്കൽ ഭർത്താവു പ്രിൻസിന്റെ വിങ്ങുന്ന ശബ്ദം…

”പറയാൻ പറ്റുന്നില്ല. ഇന്ന് പോൾസാർ ദുബായിയിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു! എല്ലാം തകർന്നു. ഖത്തറിലെ കമ്പനി പൂട്ടുകയാണ്. ഞാനിനി എന്ത് ചെയ്യും?”

”എന്ത്? പോൾ സാറിനെ പോലൊരാൾ ആത്മഹത്യചെയ്‌തെന്നോ?”

ഗ്രേസിനു വിശ്വസിക്കാനായില്ല. കേരളത്തിലെ ഏറ്റവും ധനവാന്മാരുടെ മുൻ നിരയിലുള്ള വ്യവസായി ആണ് പോൾ. ഗൾഫിലെ സാമ്പത്തിക സാമ്രാജ്യത്തിൽ പടിപടിയായി ഉയർന്നുവന്ന അദ്ദേഹത്തിന് ഇപ്പോൾ തന്നെ പത്തോളം രാജ്യങ്ങളിലായി പലതരം ബിസിനെസ്സ് കമ്പനികളുണ്ട്. ഖത്തറിലെ പ്രധാന കമ്പനിയിലാണ് പ്രിൻസ്.

”ഇനി പോൾസാറിന്റെ എണ്ണബിസിനസ്സും റിഫൈനറി പ്രോജെക്ടും നടക്കില്ല. അതിൽ മുടക്കിയ പണം കേട്ടാൽ നീ ബോധം കെടും. മുഴുവൻ കടമാണ്. കറുത്ത സ്വർണം നമ്മെ ചതിച്ചു മോളെ.”

പ്രിൻസിന്റെ വാക്കുകൾ കേൾക്കുന്തോറും ഗ്രേസിനു ലോകം മറിയുകയാണെന്നു തോന്നി. ഒരു സൂക്ഷ്മാണു വരുത്തി വെച്ച ഭൂമികുലുക്കം. പ്രത്യക്ഷത്തിൽ ഒന്നും തകർന്നുവീഴുന്നില്ല. പിളരുന്നില്ല. കാണാതാവുന്നില്ല. പക്ഷെ എവിടെയോ അജ്ഞാതമായ ഉരുൾപൊട്ടൽ. എന്തൊക്കെയോ ഒലിച്ചുപോകുന്നു. നിശ്ചലമാവുന്ന വർണ്ണലോകത്തിന്റെ അടിത്തറ ഇളക്കിയത് പോലെ. വിഭ്രാന്തിയുടെ വൈറസ് മനസ്സുകളെയും ബാധിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് വെറുമൊരു നിരത്തിലേക്കല്ല പോൾസാർ ചാടിയത്. ലോക സാമ്പത്തിക ക്രമത്തിന്റെ സ്വർണ്ണഗോപുരത്തിൽ നിന്ന് സ്വപ്‌നസാമ്രാജ്യത്തിന്റെ ചാണകക്കുഴിയിലേക്കായിരുന്നു!.

”എനിക്കൊന്നും മനസ്സിലാവുന്നില്ല പ്രിൻസ്. എന്താ ഇത്ര പ്രശ്‌നം? ദൈവത്തെയോർത്തൊന്നു സമാധാനിക്ക്.”

”ദൈവത്തെ ഓർത്തിട്ടു കാര്യമില്ല. ഒന്നും ഇന്നലെ വരെയുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല. അതോടൊപ്പം മനുഷ്യരും തിരിച്ചുവരില്ല.”

”ഒന്നുമില്ലെങ്കിലും നമുക്ക് ഇവിടെ ജീവിച്ചുകൂടെ? നമ്മുടെ കുഞ്ഞിനെ കാണണ്ടേ?”

ഗ്രേസ് ഫോണിലൂടെ എല്ലാം കേൾക്കുകയാണ്. ലോകം അവസാനിക്കുന്നത് മാതിരി ഒരു വിഭ്രമം പ്രിൻസിനെ പിടികൂടിയിരിക്കുന്നു. സമനില തെറ്റിയോ?

കൊറോണ വരുത്തിവെച്ച ലോക്ക്ഡൗൺ വാസ്തവത്തിൽ ഒരു ഗ്ലോബൽ ഇക്കണോമിക് ഷട്ട്ഡൗൺ കൂടിയാണോ?

എണ്ണ വില ഇടിഞ്ഞതാണ് വെപ്രാളത്തിനു കാരണം. വിലക്കയറ്റവും വിലയിടിച്ചിലുമൊക്കെ സാധാരണ സംഭവിക്കുന്നതല്ലേ? എന്നാൽ സാഹചര്യം വ്യത്യസ്തമാണ്. അതാണ് പ്രിൻസ് പറയുന്നത്.

എണ്ണയുടെ ഉൽപ്പാദനം കൂടുതലും അതിനു ആവശ്യക്കാരില്ലാത്ത അവസ്ഥയും! വിലയിൽ തൊണ്ണൂറു ശതമാനം ഇടിവുണ്ടായിരിക്കുന്നു. അതിന്റെ ആഴം അഗാധമാണ്. ഉദാഹരണത്തിന് മാർക്കറ്റ് ഷെയറിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് നൂറ് ഡോളർ എന്ന് സങ്കല്പിച്ചാൽ അത് വെറും പത്തു ഡോളറിലേക്കു കൂപ്പുകുത്തിയാൽ പിന്നെ ഭീകരമായ കടക്കെണിയുടെ ഒരു കുഴിയിലാണ് പതിക്കുക. ഒരിക്കലും തിരിച്ചുകയറാനാവാത്ത ചാണകക്കുഴിയിൽ!

പ്രതീക്ഷയുടെ ലോകം ചാണകം പോലെ.

സഹിക്കാൻ സാധിക്കില്ല.

തീർന്നു ജീവിതത്തിന്റെ ഗണിതഗോപുരങ്ങൾ.

ഭീമാകാരങ്ങളായ എണ്ണടാങ്കറുകൾ എണ്ണയുമായി എങ്ങോട്ടും പോകാനില്ലാതെ കടലിൽ വെറുതെ പൊന്തിക്കിടക്കുന്നു. പത്തു ഫുട്‌ബോൾ ഗ്രൗണ്ടിനെക്കാൾ വലിപ്പമുള്ള, പതിനാറ് കോടി ബാരലുകളുള്ള, ആയിരത്തോളം കൂറ്റൻ ക്രൂഡ്ഓയിൽ കണ്ടെയ്‌നർ കാരിയർ കപ്പലുകൾ എല്ലാ തുറമുഖങ്ങളിലും കെട്ടിക്കിടക്കുന്നു. സ്റ്റോക്ക് എടുക്കാൻ ഒരു രാജ്യവും മുൻപോട്ടു വരുന്നില്ല. നിരത്തുകളിൽ വാഹനമില്ലല്ലോ. ആകാശങ്ങളിൽ പഴയതുപോലെ വിമാനങ്ങളും പറക്കുന്നില്ല. എണ്ണ വാങ്ങി വെറുതെ സംഭരിച്ചുവെയ്ക്കാൻ ആർക്കും താൽപ്പര്യവുമില്ല. കൊറോണക്കാലം മാറിയാലും ലോകം പഴയതുപോലെ ആകണമെന്നില്ല.

തന്നെയുമല്ല ഇലക്ട്രിക്ക് വാഹനങ്ങൾ ഇറങ്ങിത്തുടങ്ങി. വിലകൂടിയ പെട്രോൾ – ഡീസൽ വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുക എന്നത് ബുദ്ധിശൂന്യതയുടെ അടയാളമായി കാണുന്ന പ്രവണത പരക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ പോലും സ്വദേശീയ മോപ്പെഡുകളിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നു.

ഭ്രമകൽപ്പനയിൽ നിന്ന് യുക്തിബോധത്തിലേക്ക് മനുഷ്യൻ തിരിച്ചുവരണമെന്ന സന്ദേശങ്ങൾ വാട്‌സ് ആപ്പിൽ വ്യാപിക്കുന്നു. നന്മയിലേക്കുള്ള തിരിച്ചുവരവിന്റെ കാലം കൂടിയാണ് ഈ ദുരന്തകാലമെന്നു ഫേസ്ബുക്കിൽ പലരും പ്രത്യാശിക്കുന്നു. ഈ ലോകം കുറച്ചുപേർക്കുള്ളതല്ല, എല്ലാവർക്കും ഉള്ളതാണെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചില സ്വാമിമാർ ഓർമ്മിപ്പിക്കുന്നു.

”പ്രിൻസ്, തിരിച്ചുവരാൻ നോക്ക്. ദയവായി മറ്റൊന്നും ആലോചിക്കരുത്. പ്ലീസ്. എനിക്ക് സഹിക്കാനാവില്ല.”

ഗ്രേസിന്റെ നനഞ്ഞ കണ്ണുകൾ പെട്ടെന്ന് നിശബ്ദമായ ഫോണിൽ മങ്ങുന്ന വെളിച്ചത്തിൽ തങ്ങിനിന്നു. മറ്റുള്ളവർ കാണാതിരിക്കാൻ കൺതടങ്ങൾ തുടയ്ക്കുകയും ബാത്‌റൂമിൽ നിന്നുള്ള ചാണകനാറ്റം മാറ്റാൻ മൂക്കിൽ രണ്ടുവിരലുകൾ ഇറുക്കിപ്പിടിച്ചു മൂന്നു തവണ ഉഴിയുകയും ചെയ്തു.

തൊട്ടടുത്ത ഹാളിലും പ്രാർഥനാമുറിയിലും പ്രാർഥനയ്ക്കിടയിൽ ഗാനമുയരുന്നു. ഭക്തിയിൽ അലിഞ്ഞ സ്ത്രീശബ്ദങ്ങൾക്കൊപ്പം പുറമെ നിന്നും പുരുഷശബ്ദങ്ങളും ഒന്ന് ചേരുന്നു.

തിരുഹൃദയത്തിൻ മുന്നിൽ…

നിറമിഴിയാൽ നിൽക്കും…

ഉടമ്പടിതൻ ജനമേ…

അകമ്പടിയായെന്നും ദൈവം…

ഇല്ലായ്മകളിലും..

വല്ലായ്മകളിലും…

എല്ലാമേകുന്നൂ…

നല്ലിടയനേശുനാഥൻ…

മോളിക്കുട്ടി ക്യാമറയുമായി അടുത്ത ഹാളിലേക്കു നീങ്ങിക്കഴിഞ്ഞിരുന്നു. ബാത്‌റൂമിൽ നിന്നും വാതിൽപ്പടിയിൽ പിടിച്ചു ആദ്യം ഏലീശ്വാ ഒന്നാംചുവട് പുറത്തേക്കു വെച്ചു. ഒരു കുഴിയിലേക്കെന്ന പോലെ താഴ്ന്നുപോകില്ലെന്ന് ഉറപ്പാക്കിയശേഷം കൈകൾ ബാത്‌റൂമിലേക്കു നീട്ടി. ചിന്നമ്മവക്കീലിനെ ഏതോ നരകത്തിൽ നിന്നും രക്ഷപ്പെടുത്തും വിധം.

ഏലീശ്വാ ഭക്തിഗാനത്തിന്റെ അലകളിൽ അലിഞ്ഞുചേർന്ന പോലെ കണ്ണുകൾ പാതിയടച്ചു തലയാട്ടിക്കൊണ്ടു മുറിയിലേക്ക് കടന്ന പാടെ ഗ്രേസിനെ നോക്കി പുഞ്ചിരിച്ചു. പിന്നാലെ വന്ന ചിന്നമ്മ വക്കീലിന്റെ ചുണ്ടുകളിൽ വരികൾ അടരുന്നുണ്ടായിരുന്നു.

”ദാ – അവിടെ പൗഡറും സ്‌പ്രേയും വെച്ചിട്ടുണ്ട്.” ഗ്രേയ്‌സ് മേശയിലേക്കു ചൂണ്ടി, നേർത്ത തുണികൊണ്ടു കൈക്കുഞ്ഞിനെ ഒന്നുകൂടി പുതപ്പിച്ചു മെല്ലെ താലോലിച്ചു.

”നീ കുഞ്ഞിന് ഇതുവരെ മുലകൊടുത്തില്ലേ?” ഏലിശ്വാ കുഞ്ഞിനെ നോക്കി അന്വേഷിച്ചു.

”കൊടുത്തു. ദാ -ആ പൗഡർ എടുത്തിട്. വല്ലാത്ത നാറ്റം.” ഗ്രേസിന്റെ നോട്ടത്തിൽ അൽപ്പം നീരസമുണ്ട്.

ചിന്നമ്മ മുറിയിലേക്കു വന്നെങ്കിലും ബാത്‌റൂമിൽ വെച്ച് എന്തോ മറന്നു പോയത് മാതിരി സംശയിച്ചു നിന്നു.

”ഓ -കുപ്പിയെടുത്തില്ല.”

”അതവിടെ ഇരിക്കട്ടെ ആന്റി. ആരും കൊണ്ടുപോകില്ല. വേഗം സ്‌പ്രേയടിക്കു.” ഗ്രേസ് ചിന്നമ്മയോടു അപേക്ഷിച്ചു.

”പൗഡർ ഞാനിട്ടു തരാം.” സൂസി വയറിൽ കൈവെച്ചു കടന്നുവന്ന് മേശയിലെ പൗഡറെടുത്തു. പത്തുമാസം കഴിഞ്ഞു, പതിനൊന്നു മാസമായിട്ടും പ്രസവിക്കാത്ത വീർത്ത വയറുണ്ടെന്നൊരു തോന്നൽ സൂസിയുടെ നടപ്പിലുണ്ട്. കഴുത്തിൽ വള്ളിയിൽ തൂക്കിയിട്ട ചുവപ്പു നിറമുള്ള പുതിയ മൊബൈൽ ഫോൺ പൊക്കിളിനു മുന്നിൽ ഒരു പ്രദർശനവസ്തുപോലെ ചേർന്നുകിടക്കുന്നു.

”ഇനിയെങ്കിലും വീഴാതെ നോക്കണേ.”

സൂസിയുടെ വാക്കുകൾ ഏലിശ്വായ്ക്കു പിടിച്ചില്ല.

”അതെന്താ, ഇവിടെയൊക്കെ ചാണകക്കുഴിയാണോ എപ്പഴുമെപ്പഴും വീഴാൻ?”

”അല്ലാ -ഇവിടെയൊക്കെ തുടച്ചിട്ട് പോയതേയുള്ളൂ. നനവ് കാണും.”

”സൂസി, നീയാണ് സൂക്ഷിക്കേണ്ടത്. വയറ്റില് ആറ്റുനോറ്റുണ്ടായതാ!” ചിന്നമ്മ ഉപദേശിച്ചു.

അത് കേട്ടപ്പോൾ ഏലീശ്വായുടെ മുഖത്ത് അർത്ഥവത്തായ ചിരി വിടർന്നു. സൂസിയെ തലയാട്ടി അഭിനന്ദിച്ചു.

”യു ആർ നോട്ട് ഒൺലി എ മിടുക്കി, ബട്ട് എ മിടുമിടുക്കി ആൾസോ! കുറെ മെത്തേഡ്‌സ് ഒക്കെ ഉപയോഗിച്ചുകാണും. അല്ലേ സൂസി? അമേരിക്കയിലായിരുന്നെങ്കിൽ നീ ഒരു സ്റ്റാറായേനെ! യു മേ ബി അവാർഡഡ് ഫോർ യുവർ ഇനീഷ്യേറ്റിവ് സ്പിരിറ്റ്! സത്യം പറയാലോ, യോഹന്നാനും നിനക്കും കുട്ടികൾ ഉണ്ടാവില്ല എന്നാണ് ഞങ്ങളൊക്കെ വിചാരിച്ചത്.”

ചിന്നമ്മയ്ക്ക് പെട്ടെന്ന് സഹോദരസ്‌നേഹം കൂടി.

”അതെന്താ? യോഹന്നാന് കേൾക്കാനും പറയാനും കുറച്ചു ബുദ്ധിമുട്ടുണ്ടെന്നല്ലേയുള്ളൂ? വേറെയെന്താ കുഴപ്പം?”

ഏലീശ്വായുടെ മുഖം വികസിച്ചു. എന്തോ ഓർത്ത് സമ്മതിച്ചു.

”യെസ്, ബ്ലഡ് ഈസ് തിക്കർ ദാൻ വാട്ടർ!”

സൂസി പൗഡർ എടുത്തു ചിന്നമ്മയുടെയും ഏലീശ്വായുടെയും കഴുത്തിലും ഗൗണിനു ഉള്ളിലേക്കും മുതുകിലും കുടഞ്ഞിടാൻ തുടങ്ങി. അനന്തരം വിദേശ നിർമ്മിത പെർഫ്യൂം കുപ്പിയെടുത്തു ആദ്യം സ്വന്തം കക്ഷങ്ങളിൽ പൂശി. അത് മണത്തു നോക്കി നല്ല സുഗന്ധമുണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം ഏലീശ്വായുടെ ഗൗണിൽ മൊത്തം പൂശി.

”എനിക്കടിക്കണ്ട. അതിന്റെ മണം എനിക്കിഷ്ടമല്ല. ചിലപ്പോ അലർജി ഉണ്ടാവും.” ചിന്നമ്മ സൂസിയെ വിലക്കി.

”അത് പറ്റില്ല ആന്റീ. ചാണകത്തിന്റെ നാറ്റം പോകട്ടെ. കുറച്ചു സ്‌പ്രേ ചെയ്യൂ.” മൂലയിൽ നിന്നും ഗ്രേസിന്റെ അപേക്ഷ.

”ഏലീശ്വാന്റി, ചാണകത്തിന്റെ നാറ്റം മാത്രമല്ല പശുവിൻ മൂത്രം കൂടി നാറുന്നുണ്ട്.”

അതുകേട്ടപാടെ സൂസി കുനിഞ്ഞു ഏലീശ്വായുടെ ഗൗൺ അൽപ്പം പൊക്കി അകത്തേക്ക് സ്‌പ്രേ അടിച്ചു.

”ശ്ശേ – എന്ത് പണിയാ ഇത്?” ഏലീശ്വാ കാലുറപ്പിച്ചു മേശയിൽ പിടിച്ചു നിന്നു.

ചിന്നമ്മ തന്റെ ഗൗണിനകത്തേക്കു കയ്യിട്ട് പൗഡർ തൂക്കുന്നതിനിടയ്ക്കു പറഞ്ഞു.

”പശുവിന്റെ മൂത്രത്തിന്റെ നാറ്റം പോകാനായിരിക്കും!”

”പശുവിന്റെ മൂത്രം ഇതിനകത്താണോ?”ഏലിശ്വായ്ക്കു അഭിമാനപ്രശ്‌നമായി.

അതിനിടെ സൂസിയുടെ പൊക്കിൾ വരെ തൂങ്ങിക്കിടന്ന മൊബൈൽ ശബ്ദിച്ചു.

”ഇതെവിടുന്നു കിട്ടി?” ചിന്നമ്മയ്ക്ക് ഫോണിന്റെ ചുവപ്പു നിറം ഇഷ്ടപ്പെട്ടു.

”കത്രീന തന്നതാ. ദേവിക ചേച്ചി കൊടുത്തത്! ങ്ഹാ, പിന്നേയ്, ചേച്ചീ ഞാനൊരു കാര്യം പറയാൻ വിട്ടു.”

”എന്തൂട്ടാ?” ഏലിശ്വായ്ക്കായിരുന്നു ആകാംക്ഷ.

സൂസി മൂലയിലിരിക്കുന്ന ഗ്രേസിനെ ശ്രദ്ധിച്ചു. അവൾ ഫോണിൽ എന്തോ കേട്ടുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വിങ്ങുന്നു. സൂസി ശബ്ദമടക്കി കൈവിരലുകളുടെ ആംഗ്യങ്ങളോടെ അറിയിച്ചു.

”കത്രീനയുടെ മുറിയിൽ ആ നാലുപേരും മാത്രം. എന്തോ രഹസ്യമുണ്ട്.”

”ആര്?”

”ആ കൗൺസിലറും കൂടെയുള്ളവരും. പർദ്ദയിട്ട അവർ മുറിയിൽ കയറിയപ്പോൾ കത്രീന വാതിലടച്ചു. ഇക്കൂട്ടര്‍ക്കെന്താ ഇത്ര രഹസ്യം?”

ഏലീശ്വായുടെ ചുളിഞ്ഞ മുഖം ചിന്നമ്മയിലേക്കായി.

”വക്കീൽബുദ്ധിയിൽ എന്തെങ്കിലും തോന്നുന്നുണ്ടോ?”

”അവളുടെ കാര്യമല്ലേ. ഒന്നുംപറയാൻ പറ്റില്ല. അന്വേഷിക്കാൻ ചെന്നാൽ കടിച്ചു തിന്നാൻ വരും.” ചിന്നമ്മ ഒഴിഞ്ഞു മാറി.

സൂസിയുടെ ഫോണിൽ വീണ്ടും ശബ്ദം. ഒരു വാട്‌സ് ആപ് സന്ദേശം വന്നതാണ്. സൂസി ഫോണെടുത്തു.

”ദാ – ഇതുകണ്ടോ? കൊറോണ കാരണം രണ്ടു കോടി ജനങ്ങൾ മരണപ്പെടുമെന്ന്!”

ഏലിശ്വായും ചിന്നമ്മയും ഫോണിലേക്കു നോക്കി. സമൂഹ മാധ്യമത്തിൽ ഒരു റിപ്പോർട്ടർ തൊള്ളതുറക്കാൻ തുടങ്ങി.

”നൂറു വർഷത്തിനിടെ ഏറ്റവും വലിയ വിപത്തിലേക്കാണ് ലോകം പോകുന്നത്. അമേരിക്ക എന്ന സാമ്പത്തിക അതികായൻ ഏറ്റവും വലിയ തകർച്ച നേരിടാൻ പോകുന്നു. വൈറസിനെ നിയന്ത്രിക്കാനാവാതെ മരണസംഖ്യ കുതിച്ചുയരുന്നു. ശവപ്പറമ്പായി മാറുന്ന സമ്പന്ന രാജ്യങ്ങളെ കൊറോണ എന്ന ഭീകരൻ വിറപ്പിക്കുന്നു. ലോക സമ്പദ്‌വ്യവസ്ഥയെ ആകെ ഉലയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ആയിരത്തി തൊള്ളായിരത്തി നാല്പത്തിയാറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് അമേരിക്ക നേരിടുക. സമ്പദ്‌വ്യവസ്ഥ രണ്ടായിരത്തി ഇരുപതിൽ വെറും അഞ്ചേ ദശാംശം അഞ്ചിലേക്ക് ചുരുങ്ങിയേക്കാം. ബിൽ ഗേറ്റ്‌സ് പറയുന്നത് ഭൂമുഖത്തു നിന്നും രണ്ടു കോടി ജനങ്ങൾ തുടച്ചു നീക്കപ്പെടാമെന്നാണ്. ലോകത്തിലുള്ള പ്രായമായവരെയും രോഗാവസ്ഥയിലുള്ളവരെയും ബാധിക്കുമെങ്കിൽ ഏകദേശം ഇരുപതു കോടി ജനങ്ങൾ മരണപ്പെട്ടേക്കാം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നേരിട്ടതിനേക്കാൾ അതിശോചനീയമായ അവസ്ഥയിലേക്കാണ് യൂറോപ്യൻ രാജ്യങ്ങൾ കടന്നുപോകുന്നത്. ഗൾഫ് മേഖലയിലും പ്രതിസന്ധി രൂക്ഷം. എണ്ണ വിലയിലുണ്ടായ വൻ ഇടിവ് വലിയ സാമ്പത്തികമാന്ദ്യം സൃഷ്ടിച്ചിരിക്കുന്നു. വാണിജ്യ – വ്യവസായ മേഖല നിർജീവമാകുന്നതോടെ വിദേശത്തു പണിയെടുക്കുന്നവർക്കു തൊഴിൽ നഷ്ടപ്പെടും. ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ചെറുകിട വ്യവസായ രംഗങ്ങളിൽ പോലും സാമ്പത്തിക മാന്ദ്യം ബാധിക്കും….”

”അതൊന്നു നിർത്തൂ. ഇതൊക്കെ കേട്ടാൽ തലവേദന വരും.”

ഏലീശ്വാ കിതച്ചു.

പെട്ടെന്ന് പ്രാർത്ഥനയുടെ ഇടവേളയിലെ നിശബ്ദതയിൽ പാദസരത്തിന്റെ കിലുക്കം.

കത്രീന!

സെറ്റു സാരിയും മുണ്ടും പച്ച ബ്ലൗസും. മുത്തുമാല. കുപ്പിവളകൾ. തലമുടി മർലിൻ മൺറോയെ ഓർമ്മിപ്പിച്ചു.

ലിപ്സ്റ്റിക് തേച്ച ചുണ്ടുകൾക്കുള്ളിൽ വെള്ളിത്തിളക്കം.

”എങ്ങനുണ്ട്?”

ഏലീശ്വാ അതിശയിച്ചു. ”ഫന്റാസ്റ്റിക്!”

”വല്യേച്ചിക്ക് ഇഷ്ടമായോ?”

ചിന്നമ്മ സൂക്ഷിച്ചു നോക്കി. ”നീയെന്താ നാടകം അഭിനയിക്കാൻ പോകയാണോ?”

കത്രീന തിരിഞ്ഞു. ”ഗ്രേസേ, ഇതെങ്ങനെയുണ്ടെടീ?”

ഗ്രേയ്‌സ് കണ്ണ് തുടച്ചു. ”കൊള്ളാം ആന്റീ.”

പ്രായംകൊണ്ട് ഗ്രേസിനേക്കാൾ ഒരു വയസ് ഇളപ്പമാണ് കത്രീന. പക്ഷെ സ്ഥാനംകൊണ്ട് ഇളയമ്മയാണ്.

കുടുംബത്തിൽ ഓരോരുത്തർക്കും ഓരോ സ്ഥാനമുണ്ട്. അങ്ങനെയാണ് കുടുംബത്തിന് ഘടനയുണ്ടാകുന്നത്. മാതാപിതാക്കളിൽ നിന്നാണ് അത് മക്കൾ പഠിക്കുന്നത്. പരസ്പരം എത്ര വൈരുധ്യമുണ്ടെങ്കിലും പൊട്ടിച്ചെറിയാനാവാത്ത ദൃഢമായ ബന്ധങ്ങൾ. സമ്പത്തിലും ആപത്തിലും കൈവിടാത്ത വികാരങ്ങൾ. ആ പരിശുദ്ധി പ്രകൃതിയിൽ നോക്കിയാലും കാണാം. പ്രകൃതിക്ഷോഭത്തിലും പലായനത്തിലും ജനനത്തിലും മരണത്തിലും ആ വിശുദ്ധി ആശ്രയമാകുന്നു. സമാധാനം പകരുന്നു. പ്രത്യാശ നൽകുന്നു. ലോകം ഒരു കുടുംബമാകണമെന്ന് സഹസ്രാബ്ദങ്ങൾക്ക് മുൻപ് ആദ്യലിപികളിൽ തന്നെ മനുഷ്യൻ കുറിച്ച് വെച്ചു.

”നീയെന്താ മോങ്ങുന്നത്? നിന്റപ്പൻ ചത്താ?”

”ആന്റീടെ മൂത്ത ചേട്ടൻ അവിടെ മുറ്റത്തിരിപ്പുണ്ട്. കേൾക്കണ്ടാട്ടൊ.”

”ഓ. കേട്ടാൽ എന്നെയങ്ങു മൂക്കിലൂടെ വലിച്ചു കേറ്റും. നീയെന്താ നനഞ്ഞ പൂച്ചയെ പോലിരിക്കുന്നത്?”

ഗ്രേസിനു സങ്കടം കൂടി. ഭർത്താവ് പ്രിൻസിന്റെ കാര്യം ആരോട് പറയാൻ? പറഞ്ഞിട്ടെന്തു ഫലം?

സൂസി മെല്ലെ കത്രീനയുടെ അടുത്ത് ചെന്ന് ചെവിയിൽ എന്തൊക്കെയോ വിസ്തരിച്ചു.

നിമിഷങ്ങൾ കടന്നുപോകുന്തോറും കത്രീനയുടെ മുഖത്തെ പ്രകാശം മങ്ങിക്കൊണ്ടിരുന്നു.

ഏലിശ്വായും ചിന്നമ്മയും പരസ്പരം ദുഖത്തോടെ നോക്കി.

ഷെവലിയർ ഹൗസ് എന്ന മഞ്ഞുതുള്ളിയിൽ ലോകം പ്രതിഫലിക്കുന്നു.

കത്രീനയുടെ മുഖത്ത് ചുവപ്പു രാശിയിൽ ഗൗരവം പടർന്നു. മെല്ലെ ഗ്രേസിനു സമീപത്തേക്കു ചുവടു വെച്ചു.

കത്രീനയുടെ ഹൃദയം കല്ലാണെങ്കിലും ചിലപ്പോൾ ശർക്കര പോലെ അലിയും.

ഏലീശ്വാ ചൂണ്ടുവിരൽ കൊണ്ട് ചിന്നമ്മയെ ബാത്‌റൂമിനകത്തേക്കു ചൂണ്ടിക്കാണിച്ചു.

ചിന്നമ്മയുടെ പുരികം ഉയർന്നു.

ഏലീശ്വായുടെ പുരികം താഴ്ന്നു.

ഏലീശ്വാ ചൂണ്ടുവിരലും നടുവിരലും ചുണ്ടിനടുത്ത് രണ്ടുതവണ മുട്ടിച്ചു.

ചിന്നമ്മ മറുപടിയായി ചൂണ്ടുവിരൽ മാത്രം ഉയർത്തി.

ഏലീശ്വാ ചൂണ്ടുവിരലും നടുവിരലും ചുണ്ടിനടുത്തു രണ്ടു തവണ മുട്ടിച്ചു.

ചിന്നമ്മ സൂസിയുടെ തലയിലേക്ക് കണ്ണെറിഞ്ഞു കാണിച്ചു.

”സിഗരറ്റല്ലേ ഞാൻ കൊണ്ടുവരാം.” സൂസി മെല്ലെ വാതിൽക്കലേക്കു നടന്നു.

”മില്യയോട് ചോദിച്ചാൽ മതി. അല്ലെങ്കിൽ മത്തായിയുടെ കയ്യിൽ കാണും.” ഏലീശ്വാ രഹസ്യമായി സൂസിയെ ഓർമ്മിപ്പിച്ചു.

”ഇത്തിരി ഇഞ്ചി അച്ചാറും കൂടിയെടുത്തോ സൂസി. ശരീരത്തിന് പ്രതിരോധശേഷി കൂടും. കൊറോണവൈറസിനെ ചെറുക്കാൻ നല്ലതാ!” ചിന്നമ്മയും ഓർമ്മിപ്പിച്ചു.

”യെസ്. യെസ്. ഒഫ്‌കോഴ്‌സ്. ഇറ്റ് മെയ്ക്‌സ് മോർ റെസിസ്റ്റൻസ് പവർ!” ഏലീശ്വാ മുഖം കുനിച്ചു. ഗൗൺ അൽപ്പം പൊക്കി മണത്തുനോക്കി. ശേഷം ചിന്നമ്മയുടെ ഗൗണും മണത്തു.

ഗ്രേസ് കണ്ണുകളടച്ചു കാതിൽ വെച്ച ഫോണിലൂടെ പ്രിൻസിനെ കേട്ടുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ മാറിൽ ചേർത്ത് പിടിച്ച കുഞ്ഞിന് തണുപ്പ് ഏൽക്കാത്ത വിധം വെളുത്ത തുണി വീണ്ടും മൂടുന്നു. നെറ്റിയിൽ ചുണ്ടുകൾ മുട്ടിക്കുന്നു.

”എയർ സർവീസ് ഉണ്ടാകും പ്രിൻസ്. അവിടത്തെ പരിപാടിയൊക്കെ മറന്നേക്കൂ. നമുക്ക് ജീവിതമാണ് വലുത്. പട്ടിണിയായാലും ഞാനുണ്ടാകും കൂടെ.”

ഗ്രേസ് തേങ്ങുകയാണ്.

തന്റെ നെറ്റിയിൽ ആരോ തൊടുന്നത് അറിഞ്ഞ ഗ്രേസ് കണ്ണുതുറന്നു.

കത്രീനയുടെ കണ്ണുകളിൽ കോപം പിടയുന്നു.

”പ്രിൻസാണോ?”

”അതെ.”

”അവൻ വരുന്നില്ലേ?”

”ഇനി കാണില്ലെന്ന്! അഭയാർത്ഥിയെ പോലെ വരുന്നതിലും ഭേദം മരിക്കുകയാണ് നല്ലതെന്ന്!”

”ആ ഫോണിങ്ങു തരൂ.”

ഗ്രേസ് ഫോണിലൂടെ പറഞ്ഞു. ”കത്രീനാന്റി ഫോൺ ചോദിക്കുന്നു. കൊടുക്കട്ടെ?”

കത്രീന ചുണ്ടുകൾ കടിച്ചുപിടിച്ചു ഫോൺ വാങ്ങി.

”എടാ പ്രിൻസേ, നീയെന്തൊന്നാ ഈ കൊച്ചിനെ കരയിപ്പിക്കുന്നേ?… അതൊക്കെ പോകട്ടെ. ജോലിയല്ലേ പോയുള്ളൂ?….. ശരി, ഓയിൽ ഷെയർ മാർക്കറ്റിലിട്ട ആ പണവും പോയെന്നു വിചാരിച്ചോ. നീ ജനിച്ചപ്പോ കൊണ്ടുവന്നതല്ലല്ലോ? നീ ഉണ്ടാക്കീതല്ലേ? ഇനിയും ഉണ്ടാക്കാൻ പറ്റും…… എന്റെ അപ്പൻ എപ്പോഴും പറയുമായിരുന്നു. ഒരു ബോട്ട് കാറ്റടിച്ചു കടലിൽ മുങ്ങിയാൽ രണ്ടു ബോട്ടുകൾ ഉണ്ടാക്കാൻ നോക്കണമെന്ന്. അതാ കൊച്ചിക്കാരുടെ സ്വഭാവം…..അത് സാരമില്ലെടാ… നമുക്കിവിടെ എന്തെങ്കിലും ബിസിനെസ്സ് തുടങ്ങാം. ഞാൻ കുറച്ചു പൈസ സംഘടിപ്പിച്ചു തരാം. നീ പേടിക്കേണ്ട. ധൈര്യമായി ഇങ്ങു പോര്….. ഫ്‌ളൈറ്റിന്റെ കാര്യം ഞാൻ ശരിയാക്കാം. നമ്മുടെ സ്വാമിനിയമ്മയ്ക്ക് കേന്ദ്രമന്ത്രി മുരളീധരനുമായി പരിചയമുണ്ട്…. ഓക്കേ… നീ റെഡിയായിക്കോ. ഞാൻ നാളെത്തന്നെ നിന്നെ വിളിക്കും. ഓക്കേ.”

കത്രീന ഫോൺ തിരികെ കൊടുത്തുകൊണ്ട് ഗ്രേസിനോട് ആവശ്യപ്പെട്ടു.

”ഇത്രയല്ലേയുള്ളൂ കാര്യം? നീ മോങ്ങാതിരിക്ക്. ആ കുഞ്ഞിനെ ജലദോഷം പിടിപ്പിക്കാതെ.”

കത്രീനയിലേക്ക് ഉയർന്ന കണ്ണുകളിൽ നിന്ന് ഊറിവീണ തുള്ളികൾ ഗ്രേസ് ചൂണ്ടുവിരൽ കൊണ്ട് കോരിയെറിഞ്ഞു.

”ക്രിസ്ത്യാനികളൊക്കെ ചാണകമായെന്നാ തോന്നുന്നേ!” കത്രീന ബാത്‌റൂമിനടുത്തേക്കു വന്നു.

ബാത്‌റൂമിനകത്തു നിൽക്കുകയാണ് ചിന്നമ്മയും ഏലിശ്വായും.

”അതെന്താ?” ചിന്നമ്മയ്ക്കു സംശയം. ”മിക്കവരും വിദേശത്തായത് കൊണ്ടാണോ?”

”പള്ളിയൊക്കെ അടച്ചത് കൊണ്ടായിരിക്കും!” ഏലീശ്വായുടെ ശബ്ദത്തിൽ പരിഹാസം ”എന്നാലും കത്രീനേടെ കല്യാണം നാളെ നടക്കും. ഡോണ്ട് വറി മാഡം മർലിൻ മൺറോ!”

”എന്റെ കാര്യമല്ല പറഞ്ഞത്.”

”പിന്നെ?”

”ഭക്തജനങ്ങളുടെ കാര്യമാ!”

”ഭക്തിക്ക് എന്താ കുറവ്?”

”ഒരു കുറവുമില്ല. പക്ഷെ ഞായറാഴ്ച്ച കുർബ്ബാന കാണാനും പറ്റില്ല. കുമ്പസാരിക്കാനും പറ്റില്ല.”

”ദൈവം തൂണിലും തുരുമ്പിലുമുണ്ട്. വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും മതി. ഇളവുകളുണ്ട്.”

”ങ്ങേ്ഹ! അത് ഞാൻ പണ്ടേ പറയുമ്പോൾ നിങ്ങളാരെങ്കിലും അംഗീകരിച്ചോ? ഞാൻ നരകത്തിൽ പോകുമെന്നല്ലേ പറഞ്ഞത്?”

”അതിനിപ്പോ എന്തുണ്ടായി?”

”കർത്താവിന്റെ ദിവസം കടമുള്ള ദിവസം. കുർബ്ബാന കൊണ്ടില്ലെങ്കിൽ കൊടും പാപം. ഇളവൊന്നും ദൈവം തരില്ല മക്കളേ. ഇതുവരെ കുർബാന കൊണ്ടതും പ്രാർത്ഥിച്ചതും കുമ്പസാരിച്ചതും ഒക്കെ വെറുതെ. സംശയമില്ല, എല്ലാ ക്രിസ്ത്യാനിയും നരകത്തിൽ പോകും! മൊത്തം ചാണകമായി!”

ഏലിശ്വായും ചിന്നമ്മയും ദയനീയമായി കത്രീനയെ നോക്കി.

ഗ്രേസിനു ചിരിപൊട്ടി.

കത്രീനയുടെ പല്ലുകൾ പൂർവാധികം തിളങ്ങി.

സൂസി കയ്യിൽ പൊട്ടിത്തെറിക്കാൻ പോകുന്ന ബോംബ് പോലെ ഒരു സിഗരറ്റു കത്തിച്ചുപിടിച്ചതുമായി മൂളിപ്പാട്ടോടെ കടന്നുവന്നു.

ഇല്ലായ്മകളിലും…

വല്ലായ്മകളിലും…

എല്ലാമേകുന്നൂ…

നല്ലിടയനേശുനാഥൻ…

 

About The Author

Leave a Reply

Your email address will not be published. Required fields are marked *