ഇളവെയിലിലെ തുമ്പികൾ 🙏🏻 മാർച്ച്‌ 30- ഒ. വി. വിജയന്റെ ഓർമദിനം♥️ – എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന് സ്നേഹാഞ്ജലി🙏🏻

Facebook
Twitter
WhatsApp
Email

നാല് വർഷം മുമ്പ് ഇതേ ദിവസം, ഒരിക്കൽക്കൂടി തസറാക്കിന്റെ സാന്ദ്രസവിധത്തിലണഞ്ഞത് ഇന്ന് ഓർമയെ കുളിർ ചൂടിക്കുന്നു. ഗർഭവതിയായ ചിങ്ങവെയിൽ അന്നേരം ഖസാക്കിനെ പൊതിഞ്ഞിരുന്നു. കരിമ്പനകളിൽ കാറ്റ് ശമിച്ചിരുന്നു.
ഒ. വി ഉഷ പറഞ്ഞു: ഏട്ടന്റെ ആത്മാവ് ഇന്നിവിടെ നമ്മോടൊപ്പമുണ്ട്. വിക്ടോറിയ കോളേജ് അധ്യാപന കാലം തൊട്ട് വിജയന്റെ ആത്മസുഹൃത്തായ പ്രിയമിത്രം വാസുമാഷ് (പ്രൊഫ. പി. എ. വാസുദേവൻ) ഓർത്തെടുത്തു: വിജയനും ഞാനുമൊരിക്കൽ ഇവിടെ വന്നപ്പോൾ മൈമൂനയുടെ – അതോ ആബിദയുടെയോ? – താവഴിയിൽ പെട്ട മജീദിനെ കെട്ടിപ്പിടിച്ചു. മജീദിന്റെ ശക്തിയുള്ള ആ സ്നേഹാശ്ലേഷത്തിനിടെ, തീർത്തും മെലിഞ്ഞു ക്ഷീണിതനായ വിജയൻ ഞാറ്റുപുരയുടെ മുറ്റത്ത് വീണു… അന്നേരം വെയിൽ കാഞ്ഞിരുന്ന കുപ്പുവച്ചന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങിയ പോലെ….മജീദ്ക്ക വാസുമാഷ് പറഞ്ഞ ഈ കഥ കേൾക്കെ ഞങ്ങൾക്കരികെ നിന്ന് ഉറക്കെ ചിരിക്കുകയും പിന്നെ കണ്ണ് തുടയ്ക്കുകയും ചെയ്തു.
ആഴത്തിൽ വേരുറച്ച പാലക്കാടൻ ചങ്ങാത്തം പുതുക്കാനും എനിക്കൊരു സുവർണാവസരം. മുണ്ടൂർ സേതുമാധവൻ, വിനോദ് മങ്കര, ടി. കെ ശങ്കരനാരായണൻ, രഘുനാഥ് പറളി….. (ഏറനാട്ടിലെ പാണ്ടിക്കാട്ടു നിന്ന് തസറാക്കിലോളം ഏകാന്തനായി എത്തിയ അവധൂത സുഹൃത്ത്, കവി, വി. പി ഷൗക്കത്തലി), തിരുവനന്തപുരത്ത് നിന്ന് അടൂർ ഗോപാലകൃഷ്ണനെ അനുഗമിച്ചെത്തിയ മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് സി. റഹീം എന്നിവരോടൊപ്പം ഓർമയിൽ തങ്ങി നിന്ന ഒരു വിജയൻസ്മൃതി. നീലത്താമര തല നീട്ടിയ ഖസാക്കിലെ കുളത്തിന് മീതെ പായൽ നരച്ചു കിടക്കുകയായിരുന്നു. പക്ഷെ ജലത്തിന്റെ വില്ലീസ് പടുതയില്ല. ഉൾക്കിണറിലേക്ക് കൂപ്പു കുത്തിയ മുങ്ങാം കോഴിയെന്ന ചുക്രു റാവുത്തർ ഇല്ല….. അനാദിയായ വെളുത്ത മഴയുമില്ല. വിജയന്റെ കഥാപാത്രങ്ങൾ മനസ്സിന്റെ ജലരാശിയിൽ നിറഞ്ഞേന്തി, ശിരസ്സറ്റ ഒറ്റക്കരിമ്പന ഖസാക്കിന്റെ ആകാശത്തെ നമിച്ചു നിൽക്കുന്ന ചേതോഹര ദൃശ്യം. ഇഷ്ടപ്പെട്ട എഴുത്തുകാരനെ മനസാ വണങ്ങി ശിവരാമൻ നായരുടെ ഞാറ്റുപുരയോട് വിട പറയുമ്പോഴൊരു ദുഃഖം. സുഹൃത്ത് ആഷാ മേനോനെ കണ്ടില്ലല്ലോ. ഉവ്വ്, ‘തീവ്ര ഖസാക്കിസ്റ്റ്’ ആഷാ മേനോനില്ലാതെ വിജയൻ അനുസ്മരണം തീർത്തും അപൂർണമല്ലേയെന്ന സന്ദേഹം വാസു മാഷോട് പങ്ക് വെച്ചു. വിജയന്റെ ‘പ്രിയ ശ്രീ’ (ആഷാ മേനോൻ) ഏതോ ഉത്തരേന്ത്യൻ യാത്രയിലായിരുന്നുവത്രെ.
**
♥️Haunting the eternal beauty of khasak♥️ നെടുവരമ്പിലെ ഒറ്റക്കരിമ്പന ***** അശാന്തരായ ഇഫ്‌രീത്തുകളുടെ സഞ്ചാരപഥം. കൂമന്‍കാവിലെ മാവുകള്‍ പിന്നിട്ട ചിങ്ങമാസ സായാഹ്നം. പഥികന്റെ കാല്‍വിരലിലെ മു റിവ് നൊന്തില്ല പക്ഷേ…….

….പത്ത് മണിയ്ക്ക് ഖാലിയാരും ശിവരാമന്‍നായരും തുന്നല്‍ക്കാരന്‍ മാധവന്‍നായരും കുപ്പുവച്ചനും പിന്നെ കുറെ ഖസാക്കുകാരും ഞാറ്റുപുരയില്‍ കൂടി. മുറ്റത്തെ ചന്ദനക്കല്ലില്‍ ചാണകം പിടിച്ച് പിള്ളയാറ് വെച്ച് ശിവരാമന്‍ നായര്‍ സ്‌കൂള് തുറന്നു. അവരെല്ലാം പൊയ്ക്കഴിഞ്ഞപ്പോള്‍ രവിയും കുട്ടികളും മാത്ര മായി.
ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് രവി ഇത്തിരി നേരം കൂടി അങ്ങനെ നിന്നുപോയി. മേഘങ്ങള്‍ക്കിടയില്‍ താമരക്കുളം നീലച്ചു. താമരയിലകള്‍ക്കിടയില്‍ നിന്നു പുറത്ത് വരാന്‍ ഒരു കുളക്കോഴിക്കുഞ്ഞ് പാടുപെടുന്നത് രവി കണ്ടു. ഒടുവില്‍ അത് കരകേറി. കാട്ടുചെടികളുടെ കടയ്ക്കല്‍ ആലംബമില്ലാതെ അത് നിന്നു. ഇത്തിരി നേരത്തിനുള്ളില്‍ കുളക്കോഴിപ്പിടയും ഇണയും പറന്നെത്തി ചിറകടിച്ച് കൊണ്ട് കുഞ്ഞിനുചുറ്റും നടന്നു. രവി ജനാലയില്‍ നിന്നു തിരിഞ്ഞു. കുളക്കോഴിക്കുഞ്ഞ് കുറുകുന്നത് അപ്പോഴും കേള്‍ക്കാനുണ്ട്.
തുന്നല്‍ക്കാരന്‍ മാധവന്‍നായര്‍ പടിയ്ക്കല്‍ നിന്ന് വീണ്ടും വിളിച്ചു.
– മാഷ്‌ഷേ, നിങ്ങളുടെ പട്പ്പ്‌
മൊടക്കാന്‍ ഞാന്‍ രണ്ടാമ്മെറീം വന്നെട്ക്ക്ണ്. – – വരണം മാധവന്നായരേ..
മാധവന്‍നായര്‍ ഞാറ്റുപുരയിലേക്ക് കേറി. പുറകെ വലിയ കോടിക്കുപ്പായങ്ങളിട്ട രണ്ടു പൊടികളും കേറി.
– ഇതാ രണ്ടെണ്ണങ്കൂടി പിടിച്ചോളിന്‍ ! മാധവന്‍നായര്‍ പറഞ്ഞു.
കവറക്കുട്ടികളാണ്. എന്താ മോശം?
രവി ചിരിച്ചു.
നിങ്ങളൊക്കെ ശ്ശി സഹായിച്ചു മാധവന്നായരേ
-അസ്സല് കാരിയം.
രവി ഹാജര് പുസ്തകം നിവര്‍ത്തി പേരുകളെഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുത്തു.
കാല്‍മുട്ടും കടന്ന് താഴോട്ടുവരുന്ന ഷര്‍ട്ടുകളിട്ട പൊടികള്‍ മേശയോട് ചേര്‍ന്നു നിന്നു.
– മൂക്ക് തുടയ്‌ക്കെടാ മലയോ.. മാധവന്‍നായര്‍ ഒരുത്തനോട് പറഞ്ഞു. ചെറുക്കന്‍ ആനക്കൊമ്പുകള്‍ മേലോട്ട് വലിച്ചു.
– അസരീകരമേ, ഉതിച്ച് കളാ..
അവന്‍ കുപ്പായത്തിന്റെ അറ്റം കൊണ്ട് മൂക്ക് തുടച്ചു.
………..

മാധവന്‍ നായര്‍ പോയി. രവി മേശപ്പുറത്ത് ചാരിക്കൊണ്ട് നിന്നു.
– ഇന്നൊര് കഥ പറയാം. അയാള്‍ പറഞ്ഞു.
എന്ത് കഥ്യാ വേണ്ടത്?
കുട്ടികളെല്ലാരുമൊന്നിച്ച് സംസാരിക്കാന്‍ തുടങ്ങി.
-സാര്‍, സാര്‍.. സുറുമയിട്ട പെണ്‍കുട്ടി കയ്യുയര്‍ത്തിക്കാട്ടി.
പറയൂ.. രവി പറഞ്ഞു.
സാര്‍, ആരും ചാകാത്ത കത.
രവി ചിരിച്ചു പോയി. അവള്‍ തുടുത്തു.
എന്താ പേര്? രവി ചോദിച്ചു.
കുഞ്ഞാമിന.
ശരി, രവി പറഞ്ഞു.
രവി കഥ പറയാനൊരുങ്ങി.
………..

തസറാക്കില്‍ ഞാറ്റുപുര അതേ പടി നിലനിര്‍ത്തിയിരിക്കുന്നു, ചെറിയ പരിഷ്‌കാരങ്ങളോടെ. പനങ്കാടുകള്‍ കാണാനില്ല. പള്ളിക്കുളം പായല്‍ വന്ന് മൂടിയിരിക്കുന്നു. പറന്നകലുന്ന പനന്തത്തകളുടെ ധനുസ്സുകളില്ല. അപ്പുക്കിളിയുടേയും അല്ലാപിച്ച മൊല്ലാക്കയുടേയും ഖാലിയാരുടേയും മൈമൂനയുടേയും ആബിദയുടേയും കുഞ്ഞുനൂറുവിന്റേയും ഓര്‍മ്മകള്‍ നിറഞ്ഞു. കുപ്പുവച്ചന്‍ വെയില്‍കാഞ്ഞ അത്താണി ഇവിടെയില്ല. അപ്പുക്കിളിയുടെ അദൃശ്യസാന്നിധ്യം വൃഥാ മനസ്സില്‍ നിറഞ്ഞു. ഏറെക്കാലം പാലക്കാട് വിക്ടോറിയാ കോളേജിനടുത്ത് ജീവിച്ചിരുന്ന അപ്പുക്കിളിയുടെ ബന്ധുക്കളാരും ഇപ്പോഴില്ല.
മൈമൂനയുടെ പിന്തുടര്‍ച്ചക്കാരുടെ വീട് കണ്ടു. അന്നേരം രാജാവിന്റെ പള്ളിയില്‍ നിന്ന് ( പള്ളി പുതുക്കിപ്പണിത് മോടി പിടിപ്പിച്ചിരിക്കുന്നു) സ്മൃതിധാരയെ പൊട്ടിച്ച് വാങ്ക് വിളി. ഞങ്ങള്‍ ‘വുളു’ വെടുത്ത് പള്ളിയില്‍ കയറി പ്രാർത്ഥിച്ചു. ബൈക്കോടിച്ച് പള്ളിയിലെത്തിയ തസറാക്കിലെ ചെറുപ്പക്കാരായ ലിയാഖത്തിനെയും യാക്കൂ ബിനെയും പരിചയപ്പെട്ടു.
പോരാന്‍ തോന്നിയില്ല, തസറാക്കില്‍ നിന്ന്. ചാറ്റല്‍ മഴ പെയ്യവെ, കൂട്ടുകാരന്‍ സിറാജ് പറഞ്ഞു: കാലവര്‍ഷത്തിന്റെ വെളുത്ത മഴ…
പോതിയുടെ പുളിമരമുണ്ടോ ഇവിടെ? വഴിയിറമ്പുകളില്‍ കണ്ടത് പോതിയുടെ പുളിമരം തന്നെയോ? അറിയില്ല.
ചെതലി മറ്റെവിടെയോ ആണ്. അങ്ങ് ദൂരെയാണ്. പിറ്റേന്ന് മഞ്ഞ് നനഞ്ഞ പുല്ലില്‍ ചവിട്ടി രവിയും കുട്ടികളും ചെതലിമല കയറി. പാട്ടുകാരനായ മങ്കുസ്താന്‍, ബദര്‍ യുദ്ധത്തിന്റെ കഥ പാടി. വാറു പൊട്ടിയ ചെരുപ്പുമായി ഇതിഹാസകാരന്‍ യുദ്ധഭൂമിയിലൂടെ ഇടറിത്തടഞ്ഞുനടന്നു. ആ ഗാഥയുടെ വികല്‍പങ്ങള്‍ മരപ്പടര്‍പ്പുകള്‍ കടന്ന് ഖസാക്കിലെത്തുകയായി. ഖസാക്കിലെ പനങ്കാടുകളില്‍ ബദരീങ്ങള്‍ പടവെട്ടി….
***
(ഖസാക്കിന്റെ നിത്യ കാമുകന്‍, അഥവാ ”തീവ്ര ഖസാകിസ്റ്റ് ‘ ആഷാമേനോനുമൊത്ത് ഒറ്റപ്പാലത്ത് അടുത്തടുത്ത മുറികളില്‍ താമസിക്കുന്ന കാലത്ത് ഖസാക്കിന്റെ ഇതിഹാസത്തിലെ പല ഖണ്ഡികകളും കാണാതെ പറഞ്ഞിരുന്ന ഞാനിപ്പോള്‍ അതൊക്കെ മറന്നേ പോയി- പക്ഷേ വിജയനും ഖസാക്കും തന്നെയാണ് അന്നും ഇന്നും എന്നും ഇഷ്ടപ്പെട്ട എഴുത്തുകാരനും ഇഷ്ടപ്പെട്ട കൃതിയും…ഖസാക്ക് ഇന്നും ഒഴിയാ ലഹരി തന്നെ. വീഞ്ഞിന്റെ വീര്യമായി, ആനന്ദ മകരന്ദമായി….)

തസറാക്കില്‍ നിന്നു മടങ്ങുമ്പോള്‍ ചൂട് നഷ്ടപ്പെട്ട വെയിൽ. കരിമ്പനകളുടെ സീല്‍ക്കാരം….
എന്താണ് മനസ്സിലൂടെ കടന്നുപോയത്? കരുണ, ആസക്തി, നീരസം. ക്രൂരമായ ജിജ്ഞാസ, കൃതാര്‍തഥ – എന്തായിരുന്നു അത്? അല്ലെങ്കില്‍ അത് എല്ലാമായിരുന്നു.
ജന്മാന്തരങ്ങളുടെ ഇളവെയിലില്‍ തുമ്പികള്‍ പറന്നലഞ്ഞു. രവി നടന്നു, ഞാനും ഒപ്പം നടന്നു. നെടുവരമ്പ് അറ്റമില്ലാതെ നീണ്ടു കിടന്നു.
——————————
ദുരൂഹമായ സ്ഥലരാശി. കാലത്തിന്റെ ഗംഗാതടം, ദുരൂഹതയുടെ ദുഃഖം. ഉച്ചവെയിലിൽ ആകാശത്തിന്റെ തെളിമയിൽ മരണമില്ലാത്ത ദേവന്മാർ ദാഹം മാറ്റി. കല്പകവൃക്ഷത്തിന്റെ കരിക്കിൻ തൊണ്ടുകൾ താഴോട്ടുതിർന്നു വന്നു…… ഖസാക്കിന്റ ഇതിഹാസത്തിന്റെ സുവർണ ജൂബിലി കൂടിയായിരുന്നു അന്ന്. ഖസാക്കിലെ 28 പേജുകളും അനുബന്ധമായി രണ്ടു പേജുകളും സുഹൃത്ത് ഭട്ടതിരി ചേതോഹരമായി കലിഗ്രഫിയിൽ ചെയ്തതിന്റെ ഉദ്ഘാടനം… തസറാക്കിലെ കരിമ്പനയോലകളിൽ കാറ്റ് പതിയെ താളം പിടിച്ചു. പ്രൗഢമായ ചടങ്ങിനിടെ ഒ. വി വിജയൻ സ്മാരക പോസ്റ്റ്‌ കാർഡുകളും സ്മൃതി ചിത്രങ്ങളും കേരള സംഗീത നാടക അക്കാദമി സാരഥി ശ്രീ. രാധാകൃഷ്ണൻ നായരിൽ നിന്ന് ഏറ്റു വാങ്ങി പ്രകാശനം ചെയ്യാൻ അവസരം ലഭിച്ചു. എന്നെ അതിന് ക്ഷണിച്ച പ്രിയപ്പെട്ട ടി. ആർ. അജയേട്ടന് നന്ദി…. ചെതലിമല, ഒരു വിദൂര സമസ്യയായി. മൈമൂനയുടെ കാൽവണ്ണയിൽ കൊത്തിയ മയിൽ, രജസ്വലയായ കുഞ്ഞാമിന, രവിയുടെ മടിയിലെ ഘനസ്പർശം, കൊഴണശ്ശേരിയിലെ സഖാവ്…. ഖസാക്കിലെ പുരോഹിതൻ അല്ലാപിച്ച മൊല്ലാക്ക…….ഇണർപ്പ് പൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നത് രവി കൗതുകത്തോടെ നോക്കി. കാല്പടത്തിൽ പാമ്പി,ന്റെ പല്ലുകൾ അമർന്നു……🙏 ഫോട്ടോ : പീതാംബരൻ / ബേപ്പൂർ & സിറാജ് തിരൂരങ്ങാടി.

About The Author

Leave a Reply

Your email address will not be published. Required fields are marked *