LIMA WORLD LIBRARY

യൂസഫലിയുടെ ഓർമ്മദിനം (മാർച്ച് 21) – പാട്ടിനുണ്ടോ ജാതീം മതോം?

———–
ഒപ്പം വന്ന കൂട്ടുകാരന് ഒരു സംശയം: ഇസ്ലാം മതവിശ്വാസിയായിട്ടും എങ്ങനെ ഇത്ര ഭംഗിയായി കൃഷ്ണഭക്തിഗാനങ്ങൾ എഴുതാൻ കഴിയുന്നു യൂസഫലി കേച്ചേരിക്ക്?

ചോദ്യം കേട്ട് കവി പൊട്ടിത്തെറിക്കുമെന്നാണ് കരുതിയത്‌. ഭാഗ്യത്തിന് അതുണ്ടായില്ല. പകരം നേർത്ത മന്ദസ്മിതത്തോടെ പഴയൊരു പാട്ട് ഞങ്ങളെ പാടിക്കേൾപ്പിച്ചു അദ്ദേഹം. അമർ (1954) എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി മുഹമ്മദ്‌ റഫി പാടി അനശ്വരമാക്കിയ ഗാനം: “ഇൻസാഫ് കാ മന്ദിർ ഹേ യേ ഭഗവാൻ കാ ഘർ ഹേ, കഹനാ ഹേ ജോ കഹ് ദേ തുജെ കിസ് ബാത് കാ ഡർ ഹേ…”

“കേൾവിക്കാരെ ഭക്തിയുടെ പാരമ്യത്തിലേക്ക്‌ നയിക്കുന്ന ഗാനമാണിത്. എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയിൽ പിറന്ന ഏറ്റവും തികവാർന്ന ഭജൻ”– കവി പറഞ്ഞു. “ഇതെഴുതിയത് ആരെന്നറിയുമോ? മുസ്ലീമായ ശക്കീൽ ബദായുനി. ഈണമിട്ടതും പാടിയതും അടിയുറച്ച ഇസ്ലാം മത വിശ്വാസികളായ നൗഷാദും റഫിയും. തീർന്നില്ല. ക്ഷേത്ര പശ്ചാത്തലത്തിൽ ഗാനം ഹൃദയ സ്പർശിയായി ചിത്രീകരിച്ചത് മെഹബൂബ് ഖാൻ; രംഗത്ത് അഭിനയിച്ചത് യൂസഫ്‌ ഖാനും മുംതാസ് ജഹാൻ ബീഗം ദഹലവിയും. നമ്മൾ അവരെ അറിയുക ദിലീപ് കുമാറും മധുബാലയുമായാണ്. ഈ പറഞ്ഞവരിൽ ആരെങ്കിലും ഉണ്ടോ ഹിന്ദുക്കളായി? അതാണ്‌ സിനിമാ സംഗീതത്തിന്റെ മഹത്വം. ഇവിടെ ജാതിയും മതവും ഇല്ല. പണ്ഡിതനും പാമരനുമില്ല; ആകെയുള്ളത് ഗാനശിൽപ്പികളും ശ്രോതാവും മാത്രം. ”

ബൈജു ബാവരാ എന്ന ചിത്രത്തിന് വേണ്ടി ശക്കീൽ ബദായുനി –നൗഷാദ് — റഫി ടീമൊരുക്കിയ മറ്റൊരു വിഖ്യാത ഭജൻ ഗാനവും ഓർമ്മയിൽ നിന്ന് മൂളിത്തന്നു, അന്ന് യൂസഫലി: മൻ തർപത് ഹരിദർശൻ കോ ആജ്, മോരെ തും ബിൻ ബിഗരെ സഗരെ കാജ്….“വെറും സിനിമാക്കാർ മാത്രമായി കാണാൻ പറ്റില്ല നൗഷാദിനെയും റഫിയേയും. സംഗീതത്തിന്റെ ആത്മീയതലം തിരിച്ചറിഞ്ഞ മഹാനുഭവൻമാരായിരുന്നു അവർ. കൃഷ്ണനേയും ക്രിസ്തുവിനെയും അല്ലാഹുവിനേയും അവർക്കെങ്ങനെ വേറിട്ട്‌ കാണാൻ കഴിയും? ആ വിശ്വാസത്തിന്റെ ഒരംശം എന്നിലും ഉണ്ടായിരിക്കാം. റസൂലേ നിൻ കനിവാലേ എന്നെഴുതിയ അതേ പേന കൊണ്ട് കൃഷ്ണകൃപാ സാഗരം എന്നും കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ എന്നും എഴുതാൻ കഴിഞ്ഞത് അതുകൊണ്ടാകാം…” ഒന്നും പറയാതെ വിസ്മിത നേത്രനായി നിന്നു സുഹൃത്ത്.

–രവിമേനോൻ (പാട്ടുവഴിയോരത്ത്)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px