മലയാള സിനിമയുടെ വിഷാദനായകൻ വേണുനാഗവള്ളിയുടെ 74-ാം ജന്മവാർഷികം

Facebook
Twitter
WhatsApp
Email

☘️ വെള്ളിത്തിരയിലെ വിഷാദ നായകന്‍ വേണു നാഗവള്ളി
മോഹന്‍ലാല്‍ നായകനായ “സുഖമോ ദേവി” യിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന വേണു സര്‍വ്വകലാശാല, ഏയ് ഓട്ടോ, ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അഹം, കളിപ്പാട്ടം, ആയിരപ്പറ, അയിത്തം തുടങ്ങീ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു ☘️
ഒരു കാലഘട്ടത്തിന്റെ മലയാളിയുടെ കാമുക സങ്കല്‍പ്പമായിരുന്നു വേണു നാഗവള്ളിയുടെ കഥാപാത്രങ്ങള്‍. ശാന്തമായ പ്രകൃതം, നിഷ്‌കളങ്കമായ നോട്ടം വേണു നാഗവള്ളി എന്ന നായകനെ മലയാളി മനസ്സിലേക്ക് അടുപ്പിക്കാന്‍ ഇതു മാത്രം മതിയായിരുന്നു. നായികാനായകന്മാരുടെ പ്രണയസാഫല്യം മാത്രമല്ല പ്രണയത്തിനൊടുവിലെ വിരഹവും നിരാശയും എല്ലാം തന്റേതായ ശൈലിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ഈ നടന്. എഴുത്തുകാരനായിരുന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് 1949 ഏപ്രില്‍ 16ന് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്. പലമേഖലകളിലും പ്രവര്‍ത്തിച്ച ശേഷമാണ് സിനിമാ രംഗത്തേക്കെത്തിയത്. ജോര്‍ജ് ഓണക്കൂറിന്റെ ‘ഉള്‍ക്കടല്‍’ സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍. 1978 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ രാഹുലനു പുറമെ ശാലിനി എന്റെ കൂട്ടുകാരിയില്‍ ഉര്‍വശി ശോഭയോടൊപ്പം നായകനായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രവും ജനമനസ്സുകളില്‍ ഏറെ സ്ഥാനം പിടിച്ചു. വിഷാദം തുളുമ്പുന്ന പ്രണയനായകനായി അക്കാലത്ത് നിരവധി ചിത്രങ്ങളില്‍ വേണു നായകനായി. യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയവ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വേണുവിന്റെ ചിത്രങ്ങളാണ്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ വേണു നാഗവള്ളി, സുഖമോദേവി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീടങ്ങോട്ട് രക്തസാക്ഷികള്‍ സിന്ദാബാദ്, അഗ്നിദേവന്‍, ആയിരപ്പറ, കളിപ്പാട്ടം, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ, ലാല്‍ സലാം, സ്വാഗതം, അയിത്തം, സര്‍വകലാശാല തുടങ്ങി
ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്നു ജേർണലിസം പഠിച്ചിറങ്ങിയ ഉടനെ ആകാശവാണിയില്‍ ജേലി ലഭിച്ചു.
ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലി ചെയ്യുമ്പോഴായിരുന്നു വേണു നാഗവള്ളിയുടെ സിനിമയിലേയേക്കുളള കടന്നു വരവ്. ഡിഗ്രി പഠനത്തിനു ശേഷം 1975 ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാ രചന പഠിക്കാന്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. ‘കിലുക്കം’ എന്ന ജനപ്രീതി നേടിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് വേണു നാഗവള്ളിക്ക് ഹാസ്യവും നന്നായി വഴങ്ങുമെന്നതിന്റെ തെളിവായി. കിലുക്കം, അര്‍ത്ഥം, അഹം, സുഖമോ ദേവി മുതല്‍ ഭാര്യ സ്വന്തം സുഹൃത്ത് വരെ (2009) തിരക്കഥയില്‍ വേണു തന്റെ കൈയൊപ്പ് ചാര്‍ത്തി. 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവതയായിരുന്നു അവസാന ചിത്രം. 2010 സെപ്തംബര്‍ 9 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
Kalagramam Book Shelf ✒️

About The Author

Leave a Reply

Your email address will not be published. Required fields are marked *