LIMA WORLD LIBRARY

പ്രൊഫ.തുമ്പമൺ തോമസ് ഓർമ്മദിനം

പ്രൊഫ.തുമ്പമൺ തോമസ് ഓർമ്മദിനം

  (23.01.1945 – 17.07.2014)
        സാഹിത്യത്തിലും അദ്ധ്യാപനരംഗത്തും
രാഷ്ട്രീയത്തിലും ഒരുപോലെ പ്രോജ്വലിച്ചുനിന്ന വ്യക്തിയായിരുന്നു പ്രൊഫ. തുമ്പമൺ തോമസ്.പത്തനംതിട്ട ചെന്നീർക്കരയിൽ ജോസഫ് മാത്യുവിൻ്റെയും മറിയാമ്മ തോമസിൻ്റെയും മകനായി ജനനം. നാട്ടിലെ എസ്.എൻ.ഡി.പി.സ്കൂളിലെ സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പന്തളം എൻ.എസ്.എസ്‌.കോളേജ്, തിരു: യൂണി. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തുടർന്ന് കേരളധ്വനി, മലയാള മനോരമ എന്നീ പത്രങ്ങളിൽ പത്രാധിപസമിതിയംഗമായി കുറച്ചുകാലം പ്രവർത്തിച്ചു. തിരുവല്ല മാർത്തോമ്മ കോളേജിൽ 33 വർഷത്തോളം മലയാളം അദ്ധ്യാപകനായിരുന്നു. വിപുലമായ ശിഷ്യസമ്പത്തിനുടമയായ അദ്ദേഹം നല്ലൊരു മാതൃകാധ്യാപകനായിരുന്നു. സി.ജെ.തോമസിൻ്റെ നാടകങ്ങളിലെ പാപ സങ്കല്പം എന്ന പ്രബന്ധത്തിന് കോഴിക്കോട് സർവ്വകലാശാലയിൽനിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
         മലയാള നിരൂപണ സാഹിത്യത്തിൽ ശ്രദ്ധേയമായ സംഭാവനകൾ ചെയ്ത തുമ്പമൺ തോമസ് മലയാള നോവലിൻ്റെ അടിവേരുകൾ, മലയാള നോവൽ ഒരു പുനഃപരിശോധന, സി.ജെ.തോമസിൻ്റെ നാടകങ്ങളിലെ പാപസങ്കല്പം, കുട്ടനാടിൻ്റെ ഇതിഹാസകാരൻ (തകഴിയുടെ സാഹിത്യകൃതികളെ ആസ്പദമാക്കി രചിച്ചത് ) തുടങ്ങിയ കൃതികൾ അദ്ദേഹത്തിൻ്റേതാണ്. കേരള സംസ്കാരം എന്ന പേരിൽ ഒരു ഒരു മാസികയും കുറച്ചു കാലം നടത്തിയിരുന്നു.
           തകഴിയുമായി അടുത്തബന്ധമുള്ള തുമ്പമൺ തോമസാണ് ആദ്യമായി ‘കയർ ‘
പ്രസിദ്ധീകരിച്ചത്.
           കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും നാഷണൽ ബുക്ക് ട്രസ്റ്റ് എന്നിവിടങ്ങളിലും ഭരണസമിതിയംഗമായി പ്രവർത്തിച്ച അദ്ദേഹം സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് ഉപദേശകസമിതി ചെയർമാനായും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ഡയറ്ക്ടറായും പ്രവർത്തിച്ചിരുന്നു.
           2012-ൽ പാപവിചാരം സി.ജെ.യുടെ നാടകങ്ങളിൽ എന്ന കൃതിക്ക് മികച്ച ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഇ.വി.സ്മാരക അവാർഡ്, ധിഷണ അവാർഡ്, യു.എ.ഇ മലയാളി സമാജം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച പ്രൊഫ. തുമ്പമൺ തോമസ് 2014 ജൂലൈ 17ന് നിര്യാതനായത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px