കമുകറ പുരുഷോത്തമൻ – ചരമദിനം – (Adv. V.V Jose Kallada)

Facebook
Twitter
WhatsApp
Email

🔴
ഓർമ്മ
മെയ് 26
🟢
കമുകറ പുരുഷോത്തമൻ
(1930 -1995)
ചരമദിനം
🔳
1950 കളിലും 60കളിലും മലയാളചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന ശ്രദ്ധേയനായ പിന്നണിഗായകനാണ് കമുകറ പുരുഷോത്തമൻ.1953 മുതൽ 1993 വരെയുള്ള സംഗീതജീവിതത്തിൽ നൂറ്റിയെഴുപത്താറോളം സിനിമാഗാനങ്ങൾ ആലപിച്ചു. ആയിരത്തിനു മുകളിൽ ലളിതഗാനങ്ങളും.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ 1930 ഡിസംബർ 4-ന് ജനിച്ചു.
അച്ഛൻ: കമുകറ പരമേശ്വരക്കുറുപ്പ്
അമ്മ: ലക്ഷ്മിക്കുട്ടിയമ്മ

ചെറുപ്പത്തിൽ തന്നെ ശസ്ത്രീയ സംഗീതം പരിശീലിച്ചിരുന്നു. 13-മത് വയസിൽ തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ അരങ്ങേറ്റം. 15-മത് വയസിൽ തിരുവിതാംകൂർ പ്രക്ഷേപണ നിലയത്തിൽ കർണാടക സംഗീതം ആലപിച്ചു. 1950-ൽ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോൾ അനേകം ലളിതഗാനങ്ങളും.

1953-ൽ പൊൻകതിർ എന്ന ചിത്രത്തിനു വേണ്ടി കവിത ആലപിച്ചുകൊണ്ട് സിനിമാരംഗത്തേക്കു പ്രവേശിച്ചു.

ബി.എ, എൽ,ടി. ബിരുദങ്ങൾ സ്വന്തമാക്കിയതിന് ശേഷം മാതാപിതാക്കൾ സ്ഥാപിച്ച തിരുവട്ടാർ സ്കൂളിലെ പ്രധാനാധ്യാപകനും മാനേജരുമായി. ജോലിയും സംഗീത സപര്യയും തുടർന്നു.

കമുകറയെ ഏറെ പ്രശസ്തനാക്കിയത് ഹരിച്ചന്ദ്രയിലെ ആത്മ വിദ്യാലയമേ
അവനിയിൽ ആത്മ വിദ്യാലയമേ എന്ന ഗാനമാണ്. തിരുനയിനാർകുറിച്ചി മാധവൻനായരുടെ വരികളിൽ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെയും കുമാരനാശാന്റെ പ്രരോദനത്തിന്റെയും സ്വാധീനമുണ്ടായിരുന്നു. ബ്രദർ ലക്ഷ്‌മണൻ ഒരുക്കിയ സംഗീതത്തിനാകട്ടെ സദാശിവ ബ്രഹ്‌മേന്ദ്രയുടെ ‘മാനസസഞ്ചരരേ’ എന്ന ശ്യാമരാഗത്തിലുള്ള കൃതിയോട്‌ സാമ്യവും. എന്നിട്ടും ഈ ഗാനം കാലാതിവർത്തിയായി. കാരണം ആലാപനമികവുതന്നെ. ഇതേ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ് ഭക്തകുചേലയിലെ
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീയുലകിൽ… എന്ന ഗാനം.

‘മായാമയനുടെ ലീല’ (ചിലമ്പൊലി),
ഏകാന്തതയുടെ അപാര തീരം (ഭാർഗ്ഗവീ നിലയം),
‘മാതളമലരേ’ (കളിയോടം), ‘മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു’ (തറവാട്ടമ്മ), ‘ആരറിവൂ ആരറിവൂ’ (കറുത്തരാത്രികൾ), ‘വില്ലും ശരവും കൈകളിലേന്തിയ’ (വിപ്ലവകാരികൾ), ‘ഗംഗാ യമുനാ സംഗമസമതലഭൂതി’ (ഹോട്ടൽ ഹൈറേഞ്ച്‌), ‘മനുഷ്യൻ കൊതിക്കുന്നു ദൈവം വിധിക്കുന്നു’ (കടൽ), ‘മന്നിടം പഴയൊരു മൺവിളക്കാണതിൽ’ (അധ്യാപിക) എന്നീ ഗാനങ്ങൾ വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും മലയാളികൾ ഇഷ്ടപ്പെടുന്നു.
മറ്റ് ഗായകർക്കൊപ്പം പാടിയും മികവ്‌ വെളിവാക്കി. കറുത്ത കൈ’ എന്ന ചിത്രത്തിലെ ‘പൂക്കാത്ത മാവിന്റെ കായ്‌ക്കാത്ത കൊമ്പത്തെ’ എന്ന കവ്വാലിയും (യേശുദാസുമായി ചേർന്ന്‌) ‘ആരോരുമറിയാതെ’യിലെ ‘ആ ചാമരം ചാ ചാമരം’ എന്ന ഗാനവും (സി ഒ ആന്റോയ്‌ക്കൊപ്പം) ഉദാഹരണങ്ങൾ. കമുകറ ആലപിച്ച യുഗ്മഗാനങ്ങൾ ഗായികാഗായക സമാഗമത്തിന്റെ നിസ്‌തുല മാതൃകകളായി. ‘സംഗീതമേ ജീവിതം’ (ജയിൽപ്പുള്ളി, ശാന്ത പി നായർക്കൊപ്പം), ‘തുമ്പപ്പൂ പെയ്യണ പൂനിലാവേ’ (രണ്ടിടങ്ങഴി, കെപിഎസി ലളിതയ്‌ക്കൊപ്പം), ‘ചന്ദ്രന്റെ പ്രഭയിൽ’ (സ്‌നേഹദീപം, എസ്‌ ജാനകിക്കൊപ്പം), ‘ആകാശപ്പൊയ്‌കയിലുണ്ടൊരു പൊന്നും തോണി’ (പട്ടുതൂവാല, പി സുശീലയ്‌ക്കൊപ്പം), ‘അശോകവനത്തിലെ സീതമ്മ’ (കള്ളിച്ചെല്ലമ്മ, ബി വസന്തയ്‌ക്കൊപ്പം), ‘ശരവണപ്പൊയ്‌കയിൽ’ (കുമാരസംഭവം, പി ലീലയ്‌ക്കൊപ്പം) അങ്ങനെ എത്രയോ ഗാനങ്ങൾ.

അവസാനമായി പാടിയത് കിളിവാതിൽ(1993) എന്ന ചിത്രത്തിന് വേണ്ടി യൂസഫ് അലി എഴുതി മോഹൻ സിതാര സംഗീതം നൽകിയ കാശേ നീയാണു ദൈവം എന്ന ഗാനമാണ്.

1995 മെയ്‌ 26ന്‌ അന്തരിച്ചു.
🟠
◼Adv V V Jose Kallada◼
📱9400586501📱

About The Author

One thought on “കമുകറ പുരുഷോത്തമൻ – ചരമദിനം – (Adv. V.V Jose Kallada)”

Leave a Reply

Your email address will not be published. Required fields are marked *