LIMA WORLD LIBRARY

ജോസ് പായമ്മൽ – ഓർമ്മകുറിപ്പ് – (ജയരാജ്‌ പുതുമഠം)

ഒരുകാലത്ത് തൃശ്ശൂരിന്റെ സായം സന്ധ്യകളെ പ്രഫുല്ലമാക്കി നിലയ്ക്കാത്ത പൊട്ടിച്ചിരിയുടെ തിരി കൊളുത്തിയിരുന്ന സ്രോതസ്സായിരുന്നു ഇന്ന് അന്തരിച്ച പായമ്മൽ എന്ന നാട്ടുപേരിൽ വിഖ്യാതനായ ജോസ് പായമ്മൽ എന്ന ജോസേട്ടൻ.
നാടകം നാടകം നാടകം, നാടകം മാത്രമായിരുന്നു മൂപ്പരുടെ ജീവവായുവും, തുടർന്നുള്ള മറ്റെല്ലാ കാര്യങ്ങളും.
തൃശ്ശൂരിലെ പൂരം എക്സിബിഷൻ നഗറിലെ വർഷങ്ങളോളം നീണ്ടുനിന്ന നാടകരാവുകളുടെ പ്രധാന സൂത്രധാരകൻ ഈ മഹാപ്രതിഭയായിരുന്നു. കൂട്ടത്തിൽ ഇന്ന് നമ്മോടൊപ്പമില്ലാത്ത ചിത്രമോഹൻ, നന്ദനൻ മാസ്റ്റർ തുടങ്ങി എന്തിനും ഏതിനും പ്രാപ്തരായ മറ്റ് പ്രതിഭകളും. എല്ലാ നാടകങ്ങളിലും പൂർണ്ണ ചന്ദ്രികപോലെ നിറഞ്ഞുവിളങ്ങിയിരുന്ന ജോസേട്ടന്റെ പ്രിയതമയായ കലാലയം രാധ എന്ന രാധേച്ചിയെ എത്ര പ്രകീർത്തിച്ചാലും തൃശ്ശൂർക്കാർക്ക് മതിവരില്ല.
മുൻകൂട്ടി ചിട്ടപ്പെടുത്താത്ത, അന്നന്നത്തെ പത്രങ്ങളിൽ വന്നതോ അല്ലെങ്കിൽ നഗരത്തിൽ നടന്ന ഒരു പ്രധാന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയതോ ആയ കാര്യങ്ങൾ നർമ്മരസത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരിൽ ആനന്ദരസങ്ങൾ ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു ഈ രസികസംഘത്തിന്റെ എക്സിബിഷൻ നഗറിലെ ദൗത്യം.  100% വും വിജയക്കൊടി പാറിച്ച സംരംഭങ്ങളായിരുന്നു അവയൊക്കെ.
എല്ലാ ചലനങ്ങളിലും, സംസാരത്തിലും നർമ്മത്തിന്റെ മേമ്പൊടി വിതറിമാത്രം പ്രത്യക്ഷനാകാറുള്ള പായമ്മലിന്റെ ഉള്ളിൽ സർവ്വവികാരങ്ങളും പൂത്തുലയുന്ന ഒരു വലിയ നടൻ അന്തർലീനമായിരുന്നു. കിട്ടിയ അവസരങ്ങളിലൊക്കെ ഈ അഭിനേതാവ് അതിന്റെ വിശാലത പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട് എന്നതിന്റെ
ഏറ്റവും വലിയ തെളിവാണ് ‘വിശ്വരൂപ’ത്തിലെ ‘ബാലേട്ടൻ’ എന്ന കഥാപാത്രം.
സ്വന്തം ട്രൂപ്പ് ആയ ബ്രിന്നർ ആർട്സ് ക്ലബിന്റെ ‘യതി’ എന്ന നാടകവും, സുരാസുവിന്റെ ‘വിശ്വരൂപ’വും ജനഹൃദയങ്ങളിൽ മുദ്രകൾ ചാർത്തിയതിനു പിന്നിൽ പി. കെ. സണ്ണി(സണ്ണി മാഷ്)യുടെ ആലാപനമാധുര്യത്തിനും നിഷേധിയ്ക്കാനാകാത്ത പങ്കുണ്ട് എന്നത് ഞാൻ  ഓർക്കുന്നു.
സ്ഥിരമായി റീജിയണൽ തീയേറ്ററിൽ നാടകസായന്തനങ്ങളിൽ തിരക്കുപിടിച്ച് ഓടിയെത്താറുള്ള ജോസേട്ടനെ വളരെ വൈകിയാണ് അടുത്തറിയാൻ എനിയ്ക്കായത്.
ഒരു സുഹൃത്തിന്റെ ഡോക്യുമെന്ററി ചിത്രത്തിന്റെ ചിത്രീകരണവുമായി പുത്തൂരിലെ ഒരു ചാരിറ്റബിൽ ട്രസ്റ്റിന്റെ പൂവാടിയിൽ വെച്ചായിരുന്നു ആ സൗഹൃദം മുളപൊട്ടിയത്.പിന്നീടത് അഭിനയം എന്ന മറ്റൊരു ലോകത്തിന്റെ വിഹായസ്സിലേക്ക് പറന്നുപോകുകയായിരുന്നു.
ജോസേട്ടന്റെ കൂട്ടാളികളിൽ വളരെ ജൂനിയർ എന്ന് പറയാവുന്ന ഒരാളായിരുന്നു എന്റെ അയൽവാസിയായിരുന്ന തട്ടിൽ വർഗീസ് എന്ന സഹൃദയൻ. വർഗീസിന്റെ  ഉൾപ്രപഞ്ചങ്ങൾക്ക് വ്യാപ്തിവർദ്ധിച്ചപ്പോൾ അറിയാതെ തന്നെ അയാൾ ജോസേട്ടനിലെത്തി ചേർന്നതായിരുന്നു. തട്ടിൽ പറയുന്നു “20 വർഷത്തോളം ജോസേട്ടൻ എന്നെ സ്നേഹപൂർവ്വം ഉൾക്കൊണ്ടു. കൃത്യനിഷ്ടത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഓരോ സിരകളിലും നാടകത്തിന്റെ വ്യാപ്തമായ ലോകങ്ങൾമാത്രം കണ്ടുകൊണ്ട് ജീവിച്ച എന്റെ ഗുരുനാഥനായിരുന്നു അദ്ദേഹം.
സി. ഐ. പോളേട്ടനും, ടി. ജി. രവിയേട്ടനും, ജഗന്നാഥവർമ്മയും,
ബാലകൃഷ്ണമേനോനും ഉൾപ്പെട്ട ‘ജ്യോതിർഗമയ” യിൽ എന്നെ വിശ്വാസപൂർവ്വം ഏൽപ്പിച്ച കഥാപാത്രത്തിനെ നീതിയോടെ അവതരപ്പിച്ച് ദക്ഷിണ നൽകുവാൻ എനിയ്ക്കായിട്ടുണ്ട്. ദൂരദർശനുവേണ്ടി ഇത്‌ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ അഭിനന്ദനങ്ങളും ഏറ്റുവാങ്ങാനായിട്ടുണ്ട്.എല്ലാം ജോസേട്ടന്റെ പ്രതിഭയിലെ രശ്മിത്വം കൊണ്ടുമാത്രം.
ഇതൊക്കെയാണെങ്കിലും ദൃശ്യ മാധ്യമരംഗത്ത് ഈ ദമ്പതികളെ വേണ്ടത്ര കേരളത്തിന്‌ കാണാനായില്ല, എന്തോ.
എന്തായാലും, ജോസ് പായമ്മലിനെയും കാലം കൊണ്ടുപോയി. ജോസേട്ടന് പകരം വെയ്ക്കാൻ ഒരാളുണ്ടാകുമോ? എനിക്ക് തോന്നുന്നില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px