അവാര്‍ഡ് കമ്മറ്റിയുടെ അകത്തേ മുറിയില്‍ ചെയര്‍മാന്റെ കസേരയില്‍ ഉപവിഷ്ടനായ സാത്താന്റെ അദ്ധ്യക്ഷതയില്‍ യോഗം.
” ഇത്തവണത്തെ അവാര്‍ഡ് ആ പത്രോസിന് കൊടുക്കണം” കമ്മറ്റിയുടെ മൂലയില്‍ നിന്ന് ഒരു ക്ഷീണിത സ്വരംനിര്‍ദ്ദേശിച്ചു.
അത് കേട്ടതേ ചെയറിന്റെ വക ഒരലര്‍ച്ചയായിരുന്നു ;
” എടോ അധികാരം തെറിച്ച ദൈവമേ, താനൊന്നും പറയേണ്ട – ഞാന്‍ പറയുന്നത് വെറുതേയങ്ങു കേട്ടിരുന്നാല്‍മതി. ‘
‘ ഞാന്‍ പറഞ്ഞത് ഇക്കൊല്ലത്തെ ഏറ്റവും നല്ല രചന പത്രോസിന്റെ കൃതിയാ – അതുകൊണ്ടാ ‘
‘ അതൊക്കെ തന്റെ ഭരണ കാലത്ത് . ഇപ്പോള്‍ ഞാനാ ഭരിക്കുന്നത്. ഇത്തവണത്തെ അവാര്‍ഡ് തോമ്മായ്ക്കാ ‘
‘തോമ്മായുടെ കൃതി വെറും ചാവറല്ലേ? ‘
ചവറെങ്കില്‍ ചവറ്. അതൊന്നും പ്രശ്‌നമല്ല. ഇത്തവണത്തെ അവാര്‍ഡ് തോമ്മായ്ക്ക്. ഞാനിതാപ്രഖ്യാപിച്ചിരിക്കുന്നു. ‘
അവാര്‍ഡ് നിര്‍ണ്ണയ യോഗം കഴിഞ്ഞു പുറത്തിറങ്ങിയ ദൈവം വാതില്‍ക്കല്‍ തലകറങ്ങി വീണു. ഓടിയെത്തിയപത്രോസും മറ്റാളുകളും മുഖത്ത് വെള്ളം തളിച്ചപ്പോള്‍ ദൈവം ഉണര്‍ന്നു.
” അങ്ങേയ്ക്ക് നല്ല ക്ഷീണമുണ്ട് ‘
‘ നേരാംവണ്ണം കഞ്ഞീം വെള്ളോമൊന്നും കിട്ടാതായിട്ട് കാലം കുറെയായി. ഞാനിതൊന്നും ആരോടുംപറഞ്ഞില്ലെന്നേയുള്ളു ‘
‘ ഇനിയിപ്പോ എന്താ പരിപാടി ? ‘
‘ ഒന്നുമില്ല. സത്യവും നീതിയും പറഞ്ഞോണ്ട് നടന്ന് ഒരു ജീവിതം പാഴാക്കി. എന്റെ കൂടെ നടന്നാല്‍ നിന്റെജീവിതവും പാഴായിപ്പോകും.പത്രോസേ.ആ തോമ്മായെപ്പോലെ ജീവിതം ആസ്വദിക്കാന്‍ നോക്ക്. കേട്ടില്ലേ അവന്റെഡീജേ പര്‍ട്ടിയുടെ കുടിയും വെടിയും ? ‘
‘ അങ്ങയെ വിട്ട് ഞാനെങ്ങോട്ടുമില്ല. അവാര്‍ഡൊന്നും എനിക്കൊരു പ്രശ്‌നമല്ല. ‘
‘ എനിക്കിനി അധികകാലം ഇല്ല പത്രോസേ. നീ ആ സോഫോക്‌ളീസിനെ ഒന്ന് വിളി. ഈഡിപ്പസ് രാജാവിന്റെകഥ അവസാനിപ്പിച്ച പോലെ എന്റെ കഥയുടെയും അവസാനം ഒന്നെഴുതിത്തരണമെന്ന് പറയ്.”
” ഓ ! നമ്മുടെ ഈഡിപ്പസ് രാജാവ് ? ‘
‘ അതെയതെ. . തീബ്‌സിലെ രാജാവായിരുന്ന ഈഡിപ്പസ് താനറിയാതെ സംഭവിച്ച ജീവിത ദുരന്തങ്ങളുടെപേരില്‍ സ്വന്തം കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് കളമൊഴിഞ്ഞില്ലേ ? കൊളോണസ്സിലെ തെരുവുകളില്‍ അനാഥരായസ്വന്തം പെണ്മക്കളോടൊപ്പം ഒരു യാചകനെപ്പോലെ അലഞ്ഞു മരിക്കേണ്ടി വന്നില്ലേ?
” അങ്ങേയ്ക്ക് ആ നില വന്നില്ലല്ലോ? ‘
‘ വന്നു പത്രോസേ. നീയറിഞ്ഞില്ലെന്നേയുള്ളു. എന്റെ മക്കളായി ഞാന്‍ മനുഷ്യരെ സൃഷ്ടിച്ചു. അവര്‍ അവരുടെപിതാവായി ആ സാത്താനെ അവരോധിച്ചു. അവന്റെ ആട്ടും തുപ്പും കെട്ടും കണ്ടും ഞാന്‍ മടുത്തുനിനക്കര്‍ഹതപ്പെട്ട ആ അവാര്‍ഡ് പോലും അവന്‍ ആ തോമ്മായ്ക്കു ചുമ്മാ കൊടുത്തിട്ട് എനിക്ക് പ്രതികരിക്കാന്‍സാധിച്ചോ ? അവന്റെ മുന്നില്‍ പിച്ചച്ചട്ടിയുമായി പെന്‍ഷന് തെണ്ടേണ്ട അവസ്ഥയാണ് ഇന്നെനിക്ക്. എനിക്ക്മതിയായി. ഈഡിപ്പസിനെപ്പോലെ ഞാനും ഇറങ്ങുകയാണ്. ‘
വേച്ചുവേച്ച് നടക്കുന്നതിനിടയില്‍ ഇത്രയും കൂടി ദൈവം പറഞ്ഞു : എന്റെ സ്വര്‍ഗ്ഗം ഇനി അവനെടുത്തോട്ടെ പത്രോസേ.” ?













