വര്‍ഷം 1991
കഴക്കൂട്ടം മഹാദേവാ തീയേറ്ററില്‍ സെക്കന്റ് ഷോ കാണാന്‍ പോയ
3 ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മുതലാളിയുടെ മകന്‍ മോനിയും ജീവനക്കാരും ചേര്‍ന്ന് അകാരണമായി തല്ലി…
പിറ്റേന്ന് വൈകുന്നേരം 6 മണിക്ക് മുപ്പതോളം പേരുള്ള ഞങ്ങളുടെ സംഘം പോയി കിട്ടിയവരെയെല്ലാം പിടിച്ച് നല്ല തല്ല് തിരിച്ച് തല്ലി…
സിനിമാ പ്രദര്‍ശനവും മുടക്കി…
നടവഴിയിലൂടെ,
ഇടവഴിയിലൂടെ,
ഊടുവഴിയിലൂടെ,
പല വഴികളിലൂടെ തിരികെ വെട്ടുറോഡിലെത്തി…
പോലീസ് ജീപ്പ്
തലങ്ങും വിലങ്ങും പായുന്നത് റേഷന്‍കട മണിയണ്ണന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് മുകളില്‍ ഒളിച്ചിരിക്കുന്ന ഞങ്ങള്‍ക്ക് കാണാമായിരുന്നു…
രാത്രിയായപ്പോള്‍
മുതിര്‍ന്ന സഖാക്കള്‍ രണ്ട് പേരെ വീതം സുരക്ഷിതമായി അവരുടെ വീടുകളില്‍ കൊണ്ടു പോയി…
ഞാനും ദുബായ് അനിയും
അപ്പിപ്പിള്ള വിജയനണ്ണനോടൊപ്പമാണ് പോയത്…
കുറച്ച് ദൂരെ റോഡ് തീരുന്ന വീടിന് മുന്‍വശം വയലാണ്…
മൂന്നു പേരും ഒരു കട്ടിലിലാണ് കിടന്നത്…
തീയേറ്റര്‍ അടിച്ചു തകര്‍ത്ത കേസിന്റെ ഗൗരവത്തെ കുറിച്ചും പോലീസിനെ കുറിച്ചും ചിന്തിച്ച് ചിന്തിച്ച് ഉറങ്ങാതെ കിടന്നു…
എപ്പോഴോ കണ്ണുകളില്‍ മയക്കം വീണപ്പോള്‍ ദുബായ് അനിയുടെ വിറങ്ങലിച്ച വിളി കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്…
‘ഉല്ലാസേ,ഉല്ലാസേ പോലീസ്….’
ശരിയാണ്, കാതുകളില്‍ ഒരു ജീപ്പിന്റെ ശബ്ദം അടുത്തടുത്ത് വരുന്നു…
നല്ല ഉറക്കമായിരുന്ന
വിജയയണ്ണനെ വിളിക്കാതെ
ഞാനും ദുബായ് അനിയും വാതില്‍ തുറന്ന് മുറ്റത്തിറങ്ങി…
റോഡ് തീരുന്ന ഭാഗത്തേക്ക് നോക്കിയപ്പോള്‍ ജീപ്പില്‍ നിന്ന് ഒരാള്‍ ഇറങ്ങുന്നത് കണ്ടു…
ചുറ്റും പട്ടികളുടെ നിലക്കാത്ത കുരകള്‍ക്കിടയില്‍ ഞങ്ങള്‍ വയല്‍ വരമ്പിലൂടെ പാഞ്ഞു…
കൊയ്ത്തു കഴിഞ്ഞ പാടമായതു കൊണ്ട് വേഗതയിലോടിയോടി തോടിന്റെ കരയിലെത്തി…
അവിടെ നിന്നാല്‍ ഏതുവഴി പോലീസ് വന്നാലും ഓടി രക്ഷപ്പെടാമെന്ന് മാത്രല്ല ജീപ്പ് തിരിച്ച് പോകുന്നത് കാണാനും പറ്റും…
അര മണിക്കൂര്‍ കഴിഞ്ഞിട്ടും ജീപ്പ് തിരിച്ച് പോയില്ല…വിശപ്പും ദാഹവും ക്ഷീണവും ഉറക്കവും പേടിയും എല്ലാം കൂടിയായപ്പോള്‍ ഞങ്ങള്‍ തളര്‍ന്നു… എന്തും വരട്ടെയെന്ന് കരുതി തിരിച്ച് ചെന്നപ്പോള്‍ വിജയയണ്ണന്‍ ഞങ്ങളേയും നോക്കി ഇരിക്കുന്നു…
ചെന്നയുടനെ മുഴുത്ത തെറി വിളിച്ച് കൊണ്ട് ചോദിച്ചു: ‘നീയൊക്കെ എന്തിനെടാ ഇറങ്ങി ഓടിയത്…?’
ഞാന്‍ പറഞ്ഞു: ‘അണ്ണാ,പോലീസ് വന്നു…’
അണ്ണന്‍ വീണ്ടും തെറി വിളിച്ച് കൊണ്ട് പറഞ്ഞു: ‘പോലീസോ,അത് അപ്പുറത്തെ ഷിഹാബ് വര്‍ക്ക്‌ഷോപ്പിലെ ജീപ്പും കൊണ്ട് വന്നതാണ്…’
ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുന്ന ഞങ്ങളെ നോക്കി വീണ്ടും തെറി വിളിച്ച് കൊണ്ട് അണ്ണന്‍ പറഞ്ഞു:
‘വന്ന് കിടന്ന് ഉറങ്ങിനെടാ…’
മനസമാധാനത്തോടെ ഞാനും ദുബായ് അനിയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…
1991 ഫെബ്രുവരിയിലെ ശിവരാത്രിയുടെ തലേ ദിവസം പാതിരാവില്‍ പോലീസിനെ പേടിച്ചോടിയ ഓട്ടം ഇന്നോര്‍ക്കുമ്പോള്‍ വലിയൊരു തമാശയായാണ് തോന്നുന്നത്…
എല്ലാ കൂട്ടുകാര്‍ക്കും ‘ശിവരാത്രി ആശംസകള്‍’ നേരുന്നു…













