LIMA WORLD LIBRARY

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 22)

അവന്‍ അവളുടെ മുഖത്തേക്ക് നിശബ്ദം നോക്കിയിരുന്നു. സ്വന്തം അമ്മയുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ കാവല്‍ക്കാരനായി ജീവിക്കുന്ന മകന്‍, ചെറുപ്പത്തിലുണ്ടായ മനോവികാരം അമ്മ സ്വന്തം സുഖഭോഗങ്ങളില്‍ ജീവിക്കുന്ന ഒരാളായിട്ടാണ്. അച്ഛനെക്കുറിച്ച് അഭിമാനവും അമ്മയെക്കുറിച്ച് അപമാനവുമായിട്ടാണ് ചെറുപ്പം കടന്നുപോയത്. നിറകണ്ണുകളോടെ എത്രയോ രാവുകള്‍ കഴിച്ചുകൂട്ടി. കൂട്ടുകാരുടെ മുന്നില്‍ വരെ അപഹാസ്യനായപ്പോള്‍ ആത്മാഭിമാനത്തിനേറ്റ ഒരു മുറിവായിരുന്നു. ആ മുറിയില്‍ നിന്ന് വേദനകള്‍ മാത്രം ഉയര്‍ന്നു. ഒരാളെപ്പറ്റി അപവാദങ്ങള്‍ മറ്റൊരാള്‍ക്ക് ബോധപൂര്‍വ്വം സൃഷ്ടിക്കാനാവുമോ? ആ ഒരു തുണ്ട് പേപ്പറാണ് എന്റെ മനസ്സില്‍ നിന്നും അമ്മയെ തുടച്ചുനീക്കിയത്. ആ പേപ്പര്‍തുണ്ട് ഇപ്പോഴും കൈയ്യിലുണ്ട്. പെറ്റമ്മയെ ഒരുതുണ്ട് പേപ്പറില്‍ തളച്ചിടാന്‍ മനസ്സിന് എങ്ങനെ ധൈര്യം വന്നു. കുറ്റം അന്വേഷിക്കുന്ന ഒരാളായി അവള്‍ എന്നെ ചോദ്യം ചെയ്യുന്നു.ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരു പരിഹാസവും അടങ്ങിയിട്ടുണ്ട്.

 

സ്വന്തം അമ്മ ഒരു വേശ്യയെന്ന് മുദ്രകുത്താന്‍ എങ്ങനെ മനസ്സ് വന്നു? കാമദാഹം തീര്‍ക്കുന്ന സ്ത്രീപുരുഷന്മാരുടെ ഒരു ലോകത്താണ് നീ ജീവിക്കുന്നത്? നീ കണ്ടിട്ടില്ലാത്ത ഒരു കാര്യത്തെ കണ്ടതായി നടിച്ച് മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി അതിനെ താലോലിച്ച് വളര്‍ത്തി. ഇത് ചെയ്യാന്‍ കഴിയുന്ന രണ്ട് കൂട്ടരുണ്ട് എന്തും അന്ധമായി ആരില്‍ നിന്ന് കേട്ടാലും വിശ്വസിക്കും. അറിവില്ലാത്ത ഈ മനുഷ്യരുടെ ഹൃദയത്തില്‍ കുടിയിരിക്കുന്നത് അന്ധതയാണ്. ഇവരില്‍ സന്തോഷം കണ്ടെത്തുക പ്രയാസമാണ്. മറ്റൊരുകൂട്ടര്‍ ദുര്‍ബല മനസ്സുള്ളവര്‍. ഇതിലാണ് നിന്നെ ഞാന്‍ കാണുന്നത്. അവന്‍ അവളില്‍ ദൃഷ്ടികളുറപ്പിച്ചിരുന്നു. വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടെങ്കിലും ആ വാക്കുകള്‍ക്ക് ഒരു സൗന്ദര്യമുണ്ട് പെട്ടെന്നവന്‍ പറഞ്ഞു. നിനക്ക് ഒരു ലക്ച്ചറാകാനുള്ളഎല്ലാ യോഗ്യതകളുമുണ്ട്. അവള്‍ ഇമവെട്ടാതെ അവനെ നോക്കിയിരുന്നു. ആ നോട്ടത്തില്‍ ഒളിഞ്ഞിരിക്കുന്നത് അഗാധമായ പ്രണയമോ അതോ അതിന്റെ സാദ്ധ്യതകളോ?

 

അവനില്‍ ഉറങ്ങികിടന്ന അമ്മ ഉയര്‍ത്തെഴുന്നേറ്റു. അമ്മക്കെതിരേ തെളിവായിട്ടുള്ളത് ഒരു തുണ്ട് പത്രവാര്‍ത്തയാണ്. അവന്‍ അവളോട് പറഞ്ഞിട്ട് അതിവേഗം സ്വന്തം മുറിയിലേക്ക് പോയി പെട്ടിതുറന്ന് വ്യഗ്രതയോടെ ഓരോന്ന് തിരഞ്ഞു. ജീവിതത്തില്‍ എന്നും സൂക്ഷിച്ചുവെച്ചിരുന്ന ആ പത്രവാര്‍ത്ത അവന്‍ തപ്പിയെടുത്ത് അവളുടെ കൈയ്യില്‍ കൊടുത്തു.

 

‘ഈ പത്രവാര്‍ത്തയാണ് അമ്മയെ എന്നില്‍ നിന്നുമകറ്റിയത്. അമ്മയുടെ മുഖത്ത് നോക്കീ അമ്മ ചീത്തയെന്ന് പറഞ്ഞ് കഴിഞ്ഞാണ് അമ്മ ബോധംകെട്ട് വീണത്.’
‘ഈ പേപ്പര്‍ കഷണം ഇപ്പോഴും നിന്നെ പിന്‍തുടരുന്നു. കാരണം നീയും ശത്രുപക്ഷത്താണ്. എന്താണ് നീ ഈ വാര്‍ത്തയില്‍ നിന്നും മന്നസിലാകുന്നത്. സിനിമ നടിയും സിനിമ പ്രൊഡ്യൂസറും ഹോട്ടലില്‍ കൂടിക്കാഴ്ച. അവര്‍ ഹോട്ടലില്‍ അത്താഴം കഴിച്ചതും സംസാരിക്കുന്നതും ഒരു തെറ്റാണോ? പത്രക്കാര്‍ അതിന് അല്‍പം നിറംകൂടികൊടുത്തു. വര്‍ഷങ്ങളായി അവര്‍ പ്രണയത്തിലാണ്. ഉടന്‍ തന്നെ വിവാഹിതരാകും. ഈ പ്രണയത്തില്‍ ദുര്‍ബല മനസ്സുള്ളവരും അസൂയമൂത്ത് നടക്കുന്ന മനുഷ്യരും ഒരു ഉത്തരം കണ്ടെത്തും. എന്താണ് അര്‍ത്ഥവും അനര്‍ത്ഥങ്ങളും. അത് അപമാനം മാത്രമല്ല തീവ്രദുഃഖവുമുണ്ടാക്കുന്നതാണ്. അവന് അതിനൊന്നും ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. നിന്റെ അമ്മ അഭിനയിച്ച ഏതോ ഒരു സിനിമ എന്റെ ഓര്‍മ്മയിലുണ്ട്. അതീവ സുന്ദരി. ആ സുന്ദരിയില്‍ താല്‍പര്യം ജനിക്കാത്ത പുരുഷനുണ്ടോ? ഒരു നിഴല്‍പോലെ ഒപ്പം നടന്നു കാണും.’

 

അവന്റെ മനസ്സിലേക്ക് തമ്പി തെളിഞ്ഞുവന്നു. പലപ്പോഴും അമ്മയ്‌ക്കൊപ്പം അയാളെ കണ്ടിട്ടുണ്ട്. അവന്റെ മുഖം ചുവന്നു തുടുത്തു. അവള്‍ വീണ്ടും പറഞ്ഞു. ‘അവര്‍ പ്രണയിച്ച് കാണും. ഒന്നിച്ചുറങ്ങിക്കാണും. അങ്ങനെയൊക്കെ സംഭവിച്ചെങ്കില്‍ തന്നെ എന്താണ് തെറ്റ്? അതിന് അമ്മയ്‌ക്കൊരു അഭിസാരിവേഷം എന്തിന് കൊടുക്കണം. നിന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. നിന്റെ വിശ്വാസത്തെ എനിക്ക് പുച്ഛിച്ച് തള്ളാനെ കഴിയുന്നുള്ളൂ. നിന്നെ ആശയകുഴപ്പത്തിലാക്കിയത് ഈ പത്രവും പിന്നെ വിവരമില്ലാത്ത കൂട്ടുകാരുമാണ്. മറ്റുള്ളവര്‍ പറഞ്ഞത് വിശ്വസിക്കമാത്രമല്ല എങ്ങനെയും ആ സ്ഥലത്ത് നിന്ന് രക്ഷപെടാനും നീ തീരുമാനിച്ചു. എന്നിട്ടും നിന്റെ അമ്മ നിന്നോടൊപ്പം നിന്നു. സ്വന്തം വീടും പുരയിടവും പണയം വച്ച് നിനക്ക് പണം തന്നു. ഒരു കാര്യം മറക്കരുത്. നമ്മെ നാമാക്കിതീര്‍ക്കുന്നത് നമ്മുടെ മാതാപിതാക്കളാണ്. ബുദ്ധിയില്ലെങ്കിലും വിഡ്ഡിവേഷം കെട്ടരുത്’

 

ആ വാക്കുകള്‍ അവന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. മനസ്സിനെ ദഹിപ്പിക്കുന്നു. ഏതോ ഒരു രഹസ്യം വെളിപ്പെടുത്തിയ ഭാവമായിരുന്നു അവളുടെ മുഖത്ത്. സ്വന്തം അമ്മയെ വിശ്വസിക്കാത്ത ഒരവിശ്വാസിയെ അവള്‍ കാണുന്നു. ധാരാളം ദുരഭിമാനം അമ്മയുടെ ചുമലില്‍വെച്ചിട്ട് സ്വന്തം അഭിമാനത്തെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഇത് എത്രയോ അപമാനകരമാണ്. അമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു.

 

അവള്‍ ചായക്കപ്പുകളും പാത്രവുമായി അകത്തേക്ക് പോയി. അമ്മയെ സ്‌നേഹിക്കുവാനും കരുതുവാനും എന്തുകൊണ്ട് ശ്രമിച്ചില്ല. അമ്മമാര്‍ മക്കളോട് എത്രമാത്രം ക്ഷമിക്കുന്നു. എന്തുകൊണ്ട് അമ്മ തെറ്റുകാരിയാണെങ്കിലും ക്ഷമിക്കാന്‍ മനസ്സ് വന്നില്ല. പത്രവാര്‍ത്തയല്ല റ്റി.വിയില്‍ അമ്മ ഒരു പാപിനിയാണെന്നുള്ള വാര്‍ത്ത പരക്കട്ടെ. ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന അമ്മയെ ഏത് മകന് വെറുക്കാനാകും. അമ്മക്കൊരു കാമുകന്‍ ഉണ്ടെന്നിരിക്കെട്ടെ. എവിടെ? മാനസിക രോഗിയായപ്പോള്‍ ഓടിപ്പോയോ? ഒരു മകന്‍ എന്ന നിലയില്‍ അച്ഛനില്ലാത്തപ്പോള്‍ തുണയായി നില്‍ക്കേണ്ട ആണ്‍തരിയല്ലേ നീ. സ്വന്തം അമ്മ ഈ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ദുഃഖങ്ങള്‍ വല്ലതും നിനക്കറിയാമോ? അമ്മയെ വേദനിപ്പിച്ചതിന് കിട്ടുന്ന ശിക്ഷകളാണോ ഇപ്പോള്‍ അനുഭവിക്കുന്നത്? ഒന്നിനും ഉത്തരമില്ലാതെ പോകുന്നു. മനസ്സില്‍ എന്തെല്ലാം തെറ്റിദ്ധാരണകളാണ് കുടിയിരുന്നത്. ഇത്രയും സ്വതന്ത്രമായ രാജ്യത്ത് വന്നിട്ട് പോലും സ്വന്തം മനഃസാക്ഷി ഉണര്‍ന്നില്ല, ഇവിടുത്തെ പത്രങ്ങളില്‍ സുന്ദരിമാരുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പുരുഷന്മാരും സ്ത്രീകളും അതിഷ്ടപ്പെടുന്നു. ഇവിടെ ആരെയും അത് നാണിപ്പിക്കുന്നില്ല.

 

ഈ സുന്ദരിമാരുടെ തുള്ളിതുളുമ്പിനില്‍ക്കുന്ന സ്തനങ്ങള്‍ കണ്ട് സ്വന്തം മനസ്സും ഇളകിയിട്ടില്ലേ. ഇവിടെ ആര്‍ക്കും ഒന്നും ഒളിച്ചുവെക്കാനില്ല. പ്രഭാകിരണങ്ങള്‍പോലം കാമതാപത്താല്‍ തപിച്ച് നില്‍ക്കുന്ന നഗ്നമേനിയില്‍ ആരുടെയും കണ്ണുടക്കും. കാമദാഹം തോന്നിം. സ്ത്രീകളുടെ ശരീരം ഇത്രമാത്രം കച്ചവടമാക്കുന്ന പാശ്ചാത്യരാജ്യക്കാരെ കണ്ട് പഠിക്കാന്‍ പൗരസ്ത്യ രാജ്യക്കാര്‍ മുതിരില്ല. സണ്‍പത്രത്തിലെ രോമാഞ്ചമണിയിക്കുന്ന ഒരു സുന്ദരിയുടെ നഗ്നപടം കേരളത്തിലെ ഒരു പത്രത്തില്‍ കണ്ടാല്‍ ആ പത്രത്തിന് നാട്ടുകാര്‍ തീയിടും. ഇവിടെ ഇതൊക്കെ ആനന്ദം പകരുന്നു.ആര്‍ക്കും പരാതിയില്ല. പരാതിപ്പെട്ടാല്‍ ഫലവുമില്ല. ആ നിശബ്ദ നിമിഷങ്ങളില്‍ എല്ലാ അവന്‍ മറന്നിരുന്നു. അമ്മയെപ്പറ്റി മാത്രം ചിന്തിച്ചു. അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ ലൗംഗികസുഖത്തിനായി പോയി കാണും. അതിന്റെ കണക്കെടുപ്പ് നടത്താന്‍ ആര്‍ക്കാണ് അധികാരം കൊടുത്തിട്ടുള്ളത്. വ്യക്തി ജീവിത്തിലേക്ക വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പല മാധ്യമങ്ങളും കടന്നാക്രമണം നടത്തുന്നു. ഇതിനെ നിരത്സാഹപ്പെടുത്തേണ്ടവര്‍ അതിനൊക്കെ കൂട്ടുനില്‍ക്കുന്നു. ഉള്ളില്‍ അമര്‍ഷമാണ് തോന്നിയത്. മറ്റുള്ളവരുടെ സന്തോഷത്തില്‍ അസൂയപ്പെടുകയും പരിഹസിക്കുകയും ചെയ്യുന്ന ഒകു സമൂഹം. എന്നിട്ട് സ്വന്തം സംസ്‌ക്കാരത്തെ വാനോളം വാഴ്ത്തും. ഒരു പുസ്തകം വായിക്കില്ലെങ്കിലും സര്‍വ്വജ്ഞാനികളെ പോലെ പ്രസംഗിക്കും

 

. മിനിയുമായി കാര്യങ്ങള്‍ തുറന്നു പറഞ്തുകൊണ്ടാണ് പുതിയ ചിന്തകള്‍ ജന്മമെടുക്കാന്‍ കാരണമായത്. അത് സ്‌ന്തോഷം പകരുന്ന നിമിഷങ്ങളായിരുന്നു. സ്വന്തം നാട്ടിലായിരുന്നെങ്കില്‍ അമ്മയെപ്പറ്റിയുള്ള കാഴ്ചപ്പാടിന് യാതൊരു മാറ്റവും വരില്ലായിരുന്നു. എന്നും വെറുപ്പും വിദ്വോഷവും മാത്രമായിരിക്കും അമ്മയെ കാണുമ്പോഴുണ്ടാകുക. അറിവില്ലായ്മകൊണ്ട് ദുര്‍ബല ചിന്തകളിലേക്ക് മനുഷ്യ ര്‍ ഒതുങ്ങിക്കൂടുന്നു. വിശ്വാസങ്ങള്‍ വളരുന്നു. എന്താണ് മനസ്സില്‍ ഇത്രമാത്രം നിഗൂഢതകളും അത്യാഗ്രഹങ്ങളും നിറയുന്നത്. മനുഷ്യ ബുദ്ധി ആര്‍ക്കാണ് പലിശയ്ക്ക് കൊടുത്തിരിക്കുന്നത്?. ഈ കൂട്ടര്‍ ജീവിതാവബോധം ഇല്ലാത്തവരാണ്. നന്മയെ വാരിപ്പുണരാന്‍ മനസ്സില്ലാത്തവര്‍. അമ്മ ലൈംഗികസുഖം അനുഭവിക്കട്ടെ. ആരെ വേണമെങ്കിലും പ്രണയിക്കട്ടെ. അതിന് മകന്റെയോ ആരുടെയും അനുമതി ആവശ്യമില്ല. മാധ്യമങ്ങളും അസൂയാലുക്കളുമായ മനുഷ്യര്‍ എന്തും പറഞ്ഞ് പരത്തട്ടെ. അതില്‍ നിന്ന് ഒഴിഞ്ഞുമാറഖുക,. സ്‌നേഹം നടിക്കുന്നവരോട് പ്രതികരിക്കരുത്. അവരൊക്കെ ആത്മസംതൃപ്തി നേടട്ടെ.

 

ഇക്കൂട്ടര്‍ എവിടെ ആനന്ദം കാണുന്നുണ്ടോ അവിടെ അന്ധകാരം പരത്താന്‍ ശ്രമിക്കുന്ന പിശാചിന്റെ സന്തതികളാണ്. പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സ് കലുഷതമാകുന്നു. എന്നില്‍ ഇത്ര ക്രൂരനായ ഒരു പിശാച് ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ? കുറ്റബോധവും നഷ്ടബോധവും മനസ്സിനെ മഥിച്ചു. അവനില്‍ വേദനയുടെ ഒരു ദീര്‍ഘനിശ്വാസമുണര്‍ന്നു. വേദന ഉള്ളില്‍ കടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണുകള്‍ നിറഞ്ഞുവന്നു. അമ്മ എനിക്ക് മാപ്പു തരുമോ? എത്രയോ വര്‍ഷങ്ങളായിട്ടാണ് അമ്മയെ വേദനിപ്പിച്ചത്. ഫോണില്‍ നാട്ടില്‍നിന്നുള്ള നമ്പര്‍ കാണുമ്പോള്‍ ദേഷ്യം കടിച്ചമര്‍ത്തുന്നവന്‍ ഇപ്പോള്‍ സങ്കടം കടിച്ചമര്‍ത്തുന്നു. ഫോണ്‍ നമ്പരെല്ലാം ഉടനടി മായ്ച്ചുകളഞ്ഞത് തെറ്റായിപോയി. ഒരമ്മയുടെ മഹത്വം എന്തെന്ന് മനസ്സിലാകാത്ത മകന്‍, മനസ്സിനിണങ്ങിയ ഉടുപ്പുകളും നിക്കറുമൊക്കെ ചെറുപ്പത്തില്‍ വാങ്ങിതന്നപ്പോള്‍ മനസ്സിന് എത്ര സന്തോഷമായിരുന്നു.

 

പ്രായമാകുന്തോറും അമ്മയെപ്പറ്റിയുള്ള മാനസിത വൈകല്യങ്ങള്‍ കൂടി വന്നു. ഒരു ജോലി ശരിയായി കഴിഞ്ഞാല്‍ അമ്മയെ കൊണ്ടുവരണം. ഞാന്‍ മൂലമുള്ള വസ്തുവും വീടും നഷ്ടപ്പെട്ടു. എന്നിട്ടും എന്റ മനസ്സിന് ഒരു കുലുക്കവുമുണ്ടായില്ല. മിഴികള്‍ നിറഞ്ഞ് കവിള്‍ത്തടങ്ങളിലൂടെ താഴേയ്ക്ക് ഒഴുകി. അമ്മയുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാത്ത മകന് ഇപ്പോള്‍ മാനസാന്തരം വന്നിരിക്കുന്നു. അമ്മ അഭിനയിച്ചുതുപോലെ എല്ലാ മനുഷ്യരും ഓരോരോ ഭാഗങ്ങള്‍ അഭിനയിച്ചുതീര്‍ക്കുന്നു. മാത്രമല്ല അമ്മ ഒരു വിധവയെന്ന കാര്യവും നീ മറന്നു. മനസ്സിന്റെ മടിത്തട്ടില്‍ അമ്മ നിറഞ്ഞു നിന്നു. ദുര്‍ബലമായ മനസ്സ് പതറി. ഹൃദയം ഒന്നുകൂടി തുടിച്ചു. ഈറനണിഞ്ഞ കണ്ണുകളോടെ എഴുന്നേറ്റ് മുറിക്കുള്ളിലെ ബെഡ്ഡില്‍ പോയികിടന്ന് വിങ്ങിപ്പൊട്ടി കരഞ്ഞു. അമ്മ അനുഭവിച്ച ദുരിതങ്ങള്‍ ഭീഷണികള്‍ എന്തെന്ന് അറിയാന്‍പോലും മനസ്സില്ലായിരുന്നു. വേദന മനസ്സില്‍ തളംകെട്ടികിടന്നു.

 

മിനി അടുക്കളയില്‍ ഉച്ചയ്ക്കുള്ള ഭക്ഷണുണ്ടാക്കുന്ന തിരക്കിലായിരുന്നു. അവളോടൊരു നന്ദിവാക്കു പറയണമെന്നു തോന്നി. ജീവിത്തതിലെ സര്‍വ നിരാശകളും മായ്ച്ചു കളഞ്ഞിരിക്കുന്നു അവളുടെ വാക്കുകള്‍. ഇതൊരു പുനര്‍ജന്മം പോലെ തോന്നുന്നു. താന്‍ സ്വന്തം അമ്മയ്‌ക്കെതിരെ സംസാരിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ തെളിഞ്ഞ അമര്‍ഷം കണ്ടു. പുരുഷനെക്കാള്‍ സ്ത്രീകളുടെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ യോഗ്യരായിട്ടുള്ളവര്‍ സ്ത്രീകള്‍ തന്നെയാണ്. മേശപ്പുറത്ത് വെച്ച പഴയ പത്രക്കടലാസിന്റെ കഷണം വലിച്ച് കീറി ദൂരെയ്‌ക്കെറിഞ്ഞു. ഇനിയും അവശേഷിക്കുന്ന നാളുകള്‍ അമ്മയെ വേദനിപ്പിക്കരുത്. മറ്റൊന്നിനും സ്ഥാനമില്ല. ഭാവിജീവിതം അനുഗ്രഹമാക്കാന്‍ അമ്മയുടെ അനുഗ്രഹം കൂടിയേ തീരു. മക്കള്‍ എപ്പോഴും മാതാപിതാക്കള്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കുന്നവരാകണം. മറിച്ചായാല്‍ അതൊരു ശാപമായി തീരും.

 

അമ്മയില്ലെങ്കില്‍ ജീവിതത്തിന് എന്ത് ഐശ്വര്യമാണുള്ളത്? അവന് കിടന്നിട്ടും കിടക്കാന്‍ തോന്നുന്നില്ല. ഇരുന്നിട്ടും ഇരിപ്പുറക്കുന്നില്ല. എഴുന്നേറ്റ് മുറിക്കുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ചെറുപ്പം മുതലെ അനാഥനെപ്പോലെ വളര്‍ന്ന മകന്‍. മകന്റെയും മറ്റുള്ളവരുടെയും പരിഹാസങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇരയായ വിധവയായ അമ്മ, മകന്‍ അമ്മയ്ക്ക് കൊടുക്കാവുന്ന വലിയ ബഹുമതി ഉടനടി ഫോണില്‍ വിളിച്ച് മാപ്പപേക്ഷിക്കുക. അമ്മ ക്ഷമിക്കും. കൗമാരത്തില്‍ നഷ്ടപ്പെട്ട അമ്മയ യൗവനത്തിലെങ്കിലും ഒപ്പം കൂട്ടണം. അമ്മയ്‌ക്കൊപ്പമുള്ള സന്തോഷവും സമൃദ്ധിയുമാണ് ഇനിയും ലക്ഷ്യം. ഇനിയുള്ള കാലം പ്രായശ്ചിതത്തിന്റെ കാലമാണ്. ഒരു മകളുടെ, ഭാര്യയുടെ, അമ്മയുടെ ഹൃദയത്തിന് താങ്ങാവുന്നതിലധികം അമ്മ ഇതിനകം അനുഭവിച്ചുകഴിഞ്ഞു.

 

ഓര്‍ക്കുന്തോറും അമ്മയുടെ ശബ്ദം കേള്‍ക്കാനാഗ്രഹമുണര്‍ന്നു. മേശപ്പുറത്തിരുന്ന മൊബൈലെടുത്തു. ഉപയോഗമില്ലാതെ കിടന്ന ആ പഴയ നമ്പര്‍, ഏലിയമ്മച്ചിയുടെ വീട്ടിലെ നമ്പര്‍, ഡയല്‍ ചെയ്തു. ബെല്ലടി തുടര്‍ന്നെങ്കിലും ആരുമെടുത്തില്ല. അമ്മയുടെ മൊബൈല്‍ നമ്പര്‍ ഒരക്കലും ഫോണില്‍ സേവ് ചെയ്തിട്ടു കൂടിയില്ല. അവസാനമൊക്കെ അമ്മ വിളിച്ചിരുന്നത് ബൂത്തുകളില്‍നിന്നുമാണ്. താന്‍ എടുക്കില്ലെന്ന് ഉറപ്പുള്ളതിനാലാകാം, ഇപ്പോള്‍ അതുമില്ല.
ഒരിക്കല്‍ കൂടി ഡയല്‍ ചെയ്തു. ഏലി ഫോണെടുത്തു. അവന്‍ ആദരവനോടെ പറഞ്ഞു, ‘അമ്മച്ചീ ഞാന്‍ ലണ്ടനില്‍ നിന്ന് മാണിയാ വിളിക്കുന്നേ.’
പെട്ടെന്ന് ഏലിയുടെ മറുപടി കാതുകളിലേക്ക് തുളച്ചുകയറി. ‘നിനക്ക് എന്താ വേണ്ടേ? നിന്റെ ആരാ ഇവിടെ? വെക്കെടാ ഫോണ്‍.’

 

അവന്‍ അതിനോട് പ്രതികരിച്ചില്ല. ശ്വാസം മുട്ടിയ നിമിഷങ്ങള്‍. മനസ്സുകൊണ്ട് ഏലി അമ്മച്ചിയും എന്നെ വെറുക്കുന്നുണ്ട്. അമ്മയോടു സംസാരിക്കാനുള്ള ആവേശമെല്ലാം പെട്ടെന്ന് കെട്ടടങ്ങി. ജീവിതത്തില്‍ എപ്പോഴെങ്കിലും സന്തോഷം കൊണ്ട് തുള്ളിച്ചാടിയിട്ടുണ്ടോ? ദുഖങ്ങളും നൊമ്പരങ്ങളും കൂടെപ്പിറപ്പുകളായി. സൗഭാഗ്യങ്ങള്‍ അണയുകയും ദൗര്‍ഭാഗ്യങ്ങള്‍ എരിയുകയും ചെയ്യുന്ന ജീവിതം. മനസ്സില്‍ നൊമ്പരമുയര്‍ന്നു. അമ്മയുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും.

 

നഷ്ടപ്പെട്ട മനോധൈര്യം വീണ്ടെടുത്തു. മുഖത്തെ നിര്‍വികാരത മാറി. അങ്ങേത്തലയ്ക്കല്‍ നിശബ്ദമായ ഫോണ്‍ കട്ട് ചെയ്തു. മിനിയെക്കൊണ്ട് വിളിപ്പിക്കാന്‍ തീരുമാനിച്ചു. എന്റെ പേര് കേള്‍ക്കുമ്പോഴല്ലെ അമ്മച്ചിക്ക് ദേഷ്യം വരുന്നത്. അമ്മച്ചിയുടെ മക്കള്‍ ഇംഗ്ലണ്ടില്‍ ഉണ്ടായിട്ട് എവിടെയെന്ന് പോലും ഞാന്‍ തിരക്കിയിട്ടില്ല. എല്ലാവരുടെയും കൈവശം എനിക്കെതിരെ കുറ്റകൃത്യങ്ങളുടെ നല്ലൊരു കണക്കുണ്ട്. അത് വിതരണം ചെയ്യാന്‍ തുടങ്ങിയാല്‍ അതൊന്നും നല്ല വാര്‍ത്തകളായിരിക്കില്ല.

 

വല്ലാത്തൊരു ധര്‍മ്മ സങ്കടവുമായി അവന്‍ അടുക്കള വാതില്‍ക്കല്‍ എത്തി. അവള്‍ കറിക്കുള്ള ടാമാറ്റോ അരിയുന്നു. അവളുടെ അരകുണിമായര്‍ന്ന കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.
‘നീ വെറുതെ നില്‍ക്കാതെ ഈ അരിയൊന്ന് കഴുകിയേ.’
അവന്‍ അനുസരിച്ചു. അരി കഴുകിക്കൊണ്ടു നില്‍ക്കേ ഏലി അമ്മച്ചിയെപ്പറ്റി പറഞ്ഞു.
‘ങാ അങ്ങനെയും ഒരു കഥാപാത്രുണ്ടായിരുന്നല്ലോ, ഞാനത് വിട്ടു പോയി.’
‘അമ്മച്ചിക്ക് അമ്മ മോളെപ്പോലെയാണ്.’
‘എന്നാലും ഈ നല്ല അമ്മമാരുടെ ഇടയില്‍ നീ വന്ന് പെട്ടതാ എനിക്കതിശയം…. എന്നാല്‍, ഞാനൊരു സത്യം പറയാം, നിന്റെ അമ്മയുടെ മൊബൈല്‍ നമ്പര്‍ എന്റെ കൈവശമുണ്ട്.’

 

അവന്‍ ആശ്ചര്യത്തോടെ നോക്കി. അവളുടെ മുഖത്ത് സന്തോഷം കളിയാടി. എത്ര സൂക്ഷ്മതയോടും ശ്രദ്ധയോടുമാണ് ഇവള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. മനസ്സില്‍കൊണ്ടു നടന്ന ഒരു മാരക മുറിവിനെ എത്രവേഗത്തിലാണ് ചികിത്സിച്ച് സുഖപ്പെടുത്തിയത്. ഇപ്പോഴിതാ വിശ്വസിക്കാനാവാത്തവിധം, തന്റെ അമ്മയുടെ മൊബൈല്‍ നമ്പറും അവള്‍ സൂക്ഷിച്ചിരിക്കുന്നു. സ്വന്തം രക്തത്തില്‍ പിറന്ന മകന്റെ കൈവശമില്ല ആ നമ്പര്‍.
ആ കണ്ണുകളില്‍ തെളിയുന്ന നക്ഷത്ര തിളക്കത്തെ അവന്‍ ശ്രദ്ധിച്ചു. അവളുടെ മുഖത്ത് എത്ര നോക്കി നിന്നാലും മതിവരില്ല. അവള്‍ അകത്തേ മുറിയിലേക്ക് പോയി. അവന്‍ അരികഴുകി ഒരു പാത്രത്തില്‍ വെള്ളം നിറച്ചിട്ട് അരി അതിലേക്കിട്ടു. കൈതുടച്ചിട്ട് അവളുടെ അടുത്തേക്ക് ചെന്നു. അവള്‍ ഒരു ചെറിയ പേപ്പറില്‍ മൊബാല്‍ നമ്പര്‍ നോക്കിയെഴുതിക്കൊടുത്തു.

 

‘ആരറിഞ്ഞു, നിന്റെ ഏലിയമ്മച്ചിയെപ്പോലെ അമ്മയും പെരുമാറില്ലെന്ന്.’
ഒരു നിമിഷം അവനൊന്നു പകച്ചു. ഇല്ല, അമ്മ ഒരിക്കലും തന്നോട് അങ്ങനെ പെരുമാറില്ല. ആ വാക്കുകള്‍ പക്ഷേ, അവന്റെ മനസില്‍നിന്ന് പുറത്തേക്കു വന്നില്ല.
അവന്‍ അമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അങ്ങേ തലയ്ക്കല്‍ ബെല്ലടിക്കുന്നുണ്ട്. എന്താണ് ഫോണ്‍ എടുക്കാത്തത്….

 

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px