LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 28)

”എക്‌സ്‌ക്യൂസ്മീ… നിങ്ങള്‍ കുറച്ചു ദിവസം അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന് പിന്നീട് ഉപേക്ഷിച്ചു പോയ വ്യക്തിയാണോ? ഞാന്‍ കേട്ടിട്ടുണ്ട്, നിങ്ങള്‍ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന്. നിങ്ങള്‍ക്ക് പണത്തിന്റെ അഹങ്കാരമായിരുന്നെന്ന്…’ ആ ചോദ്യം കേട്ടില്ലെന്നു നടിച്ച് അരുണിനൊപ്പം പടി കടക്കുമ്പോള്‍ കേട്ടു.
”ഒരു പാവം മനുഷ്യനെ പ്രേമം നടിച്ച് നശിപ്പിച്ച ശേഷം വര്‍ഷങ്ങള്‍ക്കു ശേഷം അന്വേഷിച്ച് വന്നിരിക്കുന്നു.” വളരെ പതുക്കെയാണ് അയാളതു പറഞ്ഞതെങ്കിലും ഞങ്ങളതു കേട്ടു. ഇടറിയ കാല്‍വെയ്പുകളോടെ മുന്നോട്ടു നടക്കുമ്പോള്‍ അരുണ്‍ അരികിലെത്തി പറഞ്ഞു.
”സാരമില്ല മാഡം… ഒന്നും കേട്ടില്ലെന്ന് നടിച്ചാല്‍ മതി. ആളുകള്‍ എന്തും പറഞ്ഞു കൊള്ളട്ടെ. മാഡത്തിന് സ്വയമറിയാമല്ലോ മനഃസാക്ഷിക്കു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്ന്.
ഹൃദയത്തെ സ്പര്‍ശിച്ച അരുണിന്റെ വാക്കുകള്‍ ചുട്ടുപൊള്ളുന്ന അകത്തളങ്ങളില്‍ നീരൊഴുക്കായി. ഒരു കുളിര്‍നീരലയായി അതു മനസ്സിനെ തഴുകിയപ്പോള്‍ ഏതോ പ്രശാന്തിയുടെ തീരങ്ങളില്‍ എത്തിച്ചേര്‍ന്ന പ്രതീതി. ശാന്തമായ മനസ്സോടെ കാറിലേയ്ക്കു കയറുമ്പോള്‍ ഒരു മുനിയുടെ നിസംഗത എന്നെ പൊതിയുന്നതായി തോന്നി.
അതെ! മനസ്സാക്ഷിക്കു നിരക്കാത്തതായി ഞാന്‍ മനഃപൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. കാലം അതു തെളിയിക്കും. ഫഹദ് സാര്‍ അതു കണ്ടറിയും. എല്ലാം മനസ്സിലാക്കി ഒരിക്കല്‍ അദ്ദേഹം എന്റെ മുന്നിലണയും. ആ കൈകളിലണച്ച് എന്നെ തലോടുവാന്‍. ഹൃദയത്തില്‍ അനവരതം തുടിയ്ക്കുന്ന പ്രേമമാകുന്ന മൃതസഞ്ജീവനി പകര്‍ന്നു നല്‍കാന്‍. അദ്ദേഹം എന്റെ അരികിലെത്തും. മനസ്സിനുള്ളിലിരുന്ന് ആരോ ദൃഢമായി മന്ത്രിച്ചു.
കാറില്‍ കയറുന്നതിനു മുമ്പ് അരുണ്‍ ഒരിക്കല്‍ കൂടി ചോദിച്ചു. ”നമുക്ക് കണ്ണൂര്‍ക്ക് പോയാലോ മാഡം? അവിടെ അന്വേഷിച്ചാല്‍ അദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലുമറിയാന്‍ കഴിയുമെന്ന് എന്റെ മനസ്സു പറയുന്നു. നമുക്കങ്ങോട്ടു പോയാലോ മാഡം?”
”വേണ്ട അരുണ്‍… അദ്ദേഹം എന്നെങ്കിലും എന്നെത്തേടിവരും. എന്റെ മനസ്സങ്ങനെ പറയുന്നു. ഇനി അന്നു ഞങ്ങള്‍ തമ്മില്‍ കണ്ടാല്‍ മതി. അതു ദൈവ നിശ്ചയമാണ്.”
അരുണിനെ വിലക്കിക്കൊണ്ട് അതു പറയുമ്പോള്‍ ഹൃദയം കൊടുങ്കാറ്റടങ്ങി ശാന്തമായ തീരം പോലെ സൗമ്യവും, നിശബ്ദവുമായിരുന്നു.
പിന്നീട് കാര്‍ എറണാകുളത്തെത്തുന്നതുവരെ ഞാന്‍ കാറിനുള്ളില്‍ ഉറങ്ങിക്കിടന്നു. ഒന്നുമറിയാതെ സുഖസുഷ്പ്തിയിലാണ്ട് കിടക്കുമ്പോള്‍ ഞാനാ സ്വപ്നം കണ്ടു. വെള്ളിമേഘങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങി വന്ന് ഫഹദ് സാര്‍ എന്റെ കൈ പിടിക്കുന്നു.
പിന്നെ മേഘങ്ങള്‍ക്കിടയിലൂടെ രണ്ട് മാലാഖമാരെപ്പോലെ ഒഴുകി നീങ്ങുന്ന ഞങ്ങള്‍… അപ്പുറവുമിപ്പുറവുമായി ഞങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന മാലാഖക്കുഞ്ഞുങ്ങള്‍. അവരുടെ കൈകളില്‍ സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ സന്ദേശം വഹിക്കുന്ന മെഴുകുതിരി നാളങ്ങള്‍. ചുറ്റിലും ആരോ വാരി വിതറിയ പോലെ നറുമലരുകളും സുഗന്ധ ധൂപങ്ങളും.
”മാഡം ഉറങ്ങുകയാണോ?” നമുക്കിറങ്ങേണ്ട സ്ഥലമായി.
അരുണിന്റെ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നു ചുറ്റും നോക്കി. തറവാടെത്തിയിരിക്കുന്നു. സ്വര്‍ഗ്ഗം പോലെ മറ്റേതോ ലോകത്തില്‍ എന്നപോലെ കണ്ട സ്വപ്നം നല്ലതോ ചീത്തയോ എന്ന് നിര്‍ണ്ണയിക്കാനായില്ല.
വേഗം ചെറിയ ബാഗുമെടുത്ത് വെളിയിലിറങ്ങുമ്പോള്‍ അരുണിനോട് പറഞ്ഞു. ”അരുണ്‍ നമ്മള്‍ ഇപ്പോള്‍ത്തന്നെ ഡല്‍ഹിയ്ക്കു മടങ്ങുകയാണ്. കഴിയുമെങ്കില്‍ ഈ കാര്‍ മടക്കി അയയ്‌ക്കേണ്ട…’
അരുണ്‍ ഒട്ടൊരു അദ്ഭുതത്തോടെ എന്നെ നോക്കി. പിന്നെ തിരിഞ്ഞ് കാര്‍ ഡ്രൈവറോടായി പറഞ്ഞു. ”ഒരു പത്തു പതിനഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ? ഞങ്ങള്‍ക്ക് ഈ കാറില്‍ തന്നെ എയ്‌റോഡ്രോമിലേയ്ക്ക് പോകാനാണ്…’
‘അതിനെന്താ സാര്‍… ഞാനിവിടെ വെയ്റ്റ് ചെയ്യാം. നിങ്ങള്‍ പോയി വന്നോളൂ…’
മര്യാദക്കാരനായ ഡ്രൈവര്‍ പറഞ്ഞു നിര്‍ത്തി. പടിപ്പുര കടന്ന് തറവാട്ടിലെ പൂമുഖത്തേയ്ക്ക് നടക്കുമ്പോള്‍ അരുണ്‍ ചോദിച്ചു.
”എന്താ മാഡം… പതിവില്ലാത്തൊരു തിടുക്കം. നമ്മള്‍ കുറച്ചു ദിവസം കൂടി ഇവിടെ നില്‍ക്കണമെന്നല്ലെ കരുതിയത്…’
‘വേണ്ട അരുണ്‍… എനിക്ക് വാരണാസി വരെ പോകണം. നരേട്ടന്റെയും രാഹുലിന്റെയും അമ്മയുടെയും പേരില്‍ ബലി ഇടണം. അവരുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കണം. അരുണുനറിയാമല്ലോ എനിക്കല്പ ദിനം കൂടിയേ ലീവ് ബാക്കിയുള്ളൂ എന്ന്.”
അരുണ്‍ പിന്നെ ഒന്നും ചോദിച്ചില്ല. സത്യത്തില്‍ ഫഹദ് സാറിനെ കണ്ടെത്താനാകാത്ത നിരാശ മനസ്സില്‍ നിന്നും മാഞ്ഞിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അഭിശപ്തമായ ഈ മണ്ണില്‍ നിന്നും എത്രയും വേഗം പാലായനം ചെയ്യുവാന്‍ മനസ്സു കൊതിച്ചു.
മാത്രമല്ല ഫഹദ് സാറിനെ കണ്ടെത്തിയിരുന്നുവെങ്കില്‍ ആ കാലടികളില്‍ വീണ് മാപ്പപേക്ഷിച്ച്. എന്റെ ജീവിതത്തിലെ പാപക്കറ എന്നേയ്ക്കുമായി മായിച്ചു കളയാമെന്ന് ഞാന്‍ വ്യാമോഹിച്ചു. എന്നാല്‍ ആ മോഹം സഫലമാകാതെ വന്നപ്പോള്‍ ഇനിയിപ്പോള്‍ അവസാനത്തെ അഭയം ഗംഗയാണ്.
ഒരു മാതാവിനെപ്പോലെ ഗംഗ എന്നെ മാറോടണച്ച് ഹൃദയത്തിലെ പാപക്കറ മുഴുവന്‍ കഴുകിക്കളയും. ആ മടിയിലണച്ച് ആശ്വസിപ്പിക്കും. ഒരമ്മയെ പോലെ എന്നെ തഴുകിത്തലോടുന്ന ആ കരങ്ങളിലണയാന്‍ ഹൃദയം വെമ്പല്‍ പൂണ്ടു. പിടയ്ക്കുന്ന ഹൃദയവുമായി അകത്തേയ്ക്കു നടന്നു, എത്രയും വേഗം ഒരു നീണ്ട യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍.
അപ്പോള്‍ അരുണ്‍ ഫോണിലൂടെ, ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച് രണ്ട് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുകയായിരുന്നു. പൊതുവെ തിരക്കു കുറഞ്ഞ സമയമായതിനാല്‍ ടിക്കറ്റു കിട്ടാന്‍ വിഷമമുണ്ടായില്ല. അതിനു ശേഷം ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ അവന്‍ തന്റെ മുറിയിലേയ്ക്കു നടന്നു.
”മാഡം വേഗമാകട്ടെ, ഫ്‌ളൈറ്റ് രാത്രി എട്ടുമണിയ്ക്കാണ്…’
അരുണ്‍ ധൃതി കൂട്ടുന്നത് എനിക്ക് അകത്തു നിന്നും കേള്‍ക്കാമായിരുന്നു. അപ്പോള്‍ മായ എന്റെ കരവലയത്തിലമര്‍ന്ന് തേങ്ങിക്കരയുകയായിരുന്നു.
”ഇനി എന്നാണ് ചേച്ചി നമ്മള്‍ കാണുക? അമ്മ പോയതോടെ നമ്മള്‍ക്കിടയിലെ അകല്‍ച്ച വര്‍ദ്ധിക്കുമെന്നു തോന്നുന്നു. ഇനി വല്ലപ്പോഴും കണ്ടാലായി. അല്ലേ ചേച്ചി?”
മായ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരയുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി. വീട്ടിലെ ഇളയ കുട്ടിയായ അവള്‍ എല്ലാവരില്‍ നിന്നും ഏറെ ലാളന അനുഭവിച്ചാണ് വളര്‍ന്നത്. അതുകൊണ്ടു തന്നെ ഏറെ ലോലമനസ്‌കയും അവളായിരുന്നു. ഏറെ ലാളിച്ച അമ്മയുടെ വേര്‍പാട് അവളെ തളര്‍ത്തിയിരിക്കുന്നു. ഒരുപക്ഷെ അമ്മയുടെ സ്ഥാനത്ത് അവള് എന്നെ കാണുകയും ചെയ്‌തേയ്ക്കാം. അതു കൊണ്ടു തന്നെ അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് ആ പുറം തലോടുമ്പോള്‍ പറഞ്ഞു.
”നീയും, മഞ്ജുവും എനിക്കിപ്പോഴും കുട്ടികള്‍ തന്നെയാണ്. നിങ്ങളടെ ഏതു വിഷമവും അമ്മയുടെ അഭാവത്തില്‍ നിങ്ങള്‍ക്ക് എന്നോട് പറയാം…’ മുളചീന്തും പോലെ പൊട്ടിക്കരയുന്ന അവളെ കരവലയത്തില്‍ നിന്ന് വേര്‍പെടുത്തിക്കൊണ്ടു പറഞ്ഞു.
”ചേച്ചിയുടെ മനസ്സിലിപ്പോള്‍ കളിചിരികള്‍ നിറഞ്ഞ നമ്മുടെ ആ പഴയകാലം മങ്ങാതെ, മായാതെ കിടപ്പുണ്ട്. പഴയതൊന്നും മറക്കുവാന്‍ ചേച്ചിയ്ക്കു കഴിയില്ലല്ലോ കുട്ടീ… അതാണല്ലോ ചേച്ചിയുടെ ജീവിതത്തിലെ പരാജയവും” എന്റെ വാക്കുകള്‍ കേട്ട് പെട്ടെന്നവള്‍ കണ്ണുനീര്‍ തുടച്ച് പുഞ്ചിരി വരുത്തിപ്പറഞ്ഞു.
സോറി ചേച്ചീ… ഞാന്‍ ചേച്ചിയെ വല്ലാതെ വിഷമിപ്പിച്ചുവെന്നു തോന്നുന്നു. ഇന്ന് ഞങ്ങളെക്കാളേറെ ദുഃഖങ്ങള്‍ വഹിക്കുന്നത് ചേച്ചിയാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളാണിന്ന് ചേച്ചിയ്ക്ക് ആശ്രയമായിത്തീരേണ്ടത്… ഈ ഞങ്ങള്‍ തന്നെ…
അര്‍ദ്ധോക്തിയില്‍ അവളെ തടഞ്ഞു കൊണ്ട് ഞാന്‍ പറഞ്ഞു. ”ഇല്ല മോളെ… ഏതു ദുഃഖവും എന്നിലേയ്ക്ക് ആവാഹിക്കുവാന്‍ ചേച്ചിയ്ക്കിന്ന് കരുത്തുണ്ട്. അനുഭവങ്ങള്‍ ദുഃഖങ്ങളെ സ്വാംശീകരിക്കുവാന്‍ ചേച്ചിയെ പഠിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ദുഃഖങ്ങള്‍ ഏറ്റെടുക്കുവാനും ചേച്ചിയ്ക്കിന്നു കഴിയും. അതുപോലെ മഞ്ജു എവിടെ… അവളെ കണ്ടില്ലല്ലോ…’ എന്റെ ചോദ്യം കേട്ട് മായ തെല്ലു ഗൗരവത്തില്‍ പറഞ്ഞു.
”മഞ്ജു ചേച്ചി നേരത്തെ പോയി ചേച്ചി… ചേച്ചിയ്ക്കും, ചേട്ടനും ലിവില്ലത്രെ…’ പിന്നെ അല്‍പം മടിച്ച് അവള്‍ തുടര്‍ന്നു.
”പോകുന്നതിനു മുമ്പ് ഈ വീടു വില്‍ക്കുന്ന കാര്യത്തെക്കുറിച്ച് ദിവാകരേട്ടന്‍ ഒരിക്കല്‍ കൂടി പറഞ്ഞു. ചേച്ചി വരുമ്പോള്‍ അതേപ്പറ്റി ആലോചിച്ച് അറിയ്ക്കണമെന്നും പറഞ്ഞു.”
അല്‍പ നേരത്തേയ്ക്ക് എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ വിഷമിച്ചു നിന്നു. അമ്മയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ വീട്…
ഇതു വില്‍ക്കുകയെന്നാല്‍ പൊക്കിള്‍ക്കൊടി ബന്ധം വിഛേദിക്കുന്നതു പോലെയാണ്. മാത്രമല്ല അമ്മ മരിച്ചയുടനെ വീടു വില്‍ക്കാനായിരുന്നു മക്കള്‍ക്കു താല്‍പര്യമെന്ന് നാളെ നാട്ടുകാര്‍ പറഞ്ഞെന്നിരിയ്ക്കും.
”എന്തായാലും എനിക്കല്പം ആലോചിക്കണം. ഞാന്‍ ഡല്‍ഹിയില്‍ ചെന്നിട്ട് അറിയിക്കാം.” ഞാന്‍ മറുപടി പറഞ്ഞു.
മാഡം, ഫ്‌ളൈറ്റിന് സമയമായി. പുറത്തു നിന്നും അപ്പോള്‍ അരുണിന്റെ അക്ഷമയോടെയുള്ള വിളി വീണ്ടും ഉയര്‍ന്നു കേട്ടു. മായയുടെ മക്കളായ ആര്യമോളും, വിപിനും അപ്പോഴേയ്ക്കും ഓടി അടുത്തെത്തി ഇനി എന്നാണ് വല്യമ്മേ കാണാനാവുക… തേങ്ങിക്കരഞ്ഞ അവരെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോള്‍ ഒരിയ്ക്കല്‍ കൂടി ബന്ധങ്ങളുടെ ബന്ധനം എന്നെ ആ മണ്ണില്‍ തളച്ചിടുന്നതായി തോന്നി. നിര്‍ബന്ധപൂര്‍വ്വം അവരെ വേര്‍പെടുത്തി, നനഞ്ഞ കണ്ണുകള്‍ സാരിത്തലപ്പാല്‍ തുടച്ചു നീക്കുമ്പോള്‍ സ്വയം പറഞ്ഞു.
ഇല്ല… ഇവിടെ ഞാന്‍ പതറരുത്… എന്റെ ലക്ഷ്യം മറ്റൊന്നാണ്. ഇവിടം എനിക്കൊരു ഇടത്താവളം മാത്രം… നീണ്ട യാത്രയ്ക്കിടയില്‍ എപ്പോഴോ കണ്ടുമുട്ടിയവര്‍… ഇനിയും കണ്ടുമുട്ടേണ്ടവര്‍ എനിക്കു മുന്നിലുണ്ട്. പൂര്‍ത്തികരിയ്‌ക്കേണ്ട കടമകള്‍… ചെയ്തു തീര്‍ക്കേണ്ട പാപപരിഹാരങ്ങള്‍ എല്ലാം… എല്ലാം മുന്നിലെ നീണ്ടി വീഥിയില്‍ എനിക്കു കാണാന്‍ കഴിയുന്നു.
ഒരിക്കല്‍ കൂടി മായയോടും, ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് ബലപ്പെട്ടു കഴിഞ്ഞിരുന്നു.
”വരൂ… അരുണ്‍ നമുക്കു പോകാം. കഴിയുമെങ്കില്‍ ഇന്നു തന്നെ നമുക്ക് കാശിയിലെത്തണം…’ ഞാന്‍ തിരക്കു കൂട്ടി.
”അതു നടക്കുമോന്നറിയില്ല മാഡം…’ കാരണം നമ്മള്‍ ഇപ്പോള്‍ത്തന്നെ വളരെയേറെ വൈകിക്കഴിഞ്ഞു. ഇനി ഡല്‍ഹിയിലെത്തിയ ശേഷം മാത്രമേ വാരണാസിയ്ക്കുള്ള അടുത്ത ട്രെയിന്‍ ബുക്കു ചെയ്യാന്‍ കഴിയുകയുള്ളൂ. അരുണ്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി. എന്നിട്ട് ടാക്‌സിക്കാരനോടു ധൃതിയില്‍ പറഞ്ഞു. ”വേഗം വിട്ടോളൂ… ഇല്ലെങ്കില്‍ ഫ്‌ളൈറ്റ് ലേറ്റാകും…’
കുതിച്ചു പായുന്ന ടാക്‌സിയിലിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ജനിച്ച വളര്‍ന്ന വീടിനേയും നാടിനേയും ഉപേക്ഷിച്ചു പോകുന്ന ഒരു പ്രവാസിയുടെ ദുഃഖം ഉള്ളിലുണര്‍ന്നു. ഒപ്പം വിലപ്പെട്ട മറ്റെന്തോ ആ മണ്ണില്‍ ഉപേക്ഷിച്ചു പോരുന്നതിലുള്ള തീവ്രവേദനയും മനസ്സില്‍ തങ്ങി നിന്നു. മൂല്യമളക്കാവാനാത്ത ആ വസ്തുവിനെത്തേടി എനിക്കിനിയും ഈ നാട്ടിലേയ്ക്കു മടങ്ങി വരേണ്ടി വരും. മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.
എയ്‌റോഡ്രോമിലെത്തി ടാസ്‌കിക്കാരനെ പറഞ്ഞു വിടുമ്പോള്‍ അരുണ്‍ ചോദിച്ചു.
”മാഡം ആകെ ടയേര്‍ഡ് ആണെന്നു തോന്നുന്നു. ഇപ്പോള്‍ത്തന്നെ നടക്കാവാനാതെ ആകെ അവശയായതു പോലെ ഇനിയും ഇന്നു തന്നെ മറ്റൊരു യാത്ര ഡല്‍ഹിയില്‍ ചെന്നാലുടനെ തുടരുന്നത് ശരിയാകുമെന്നെനിക്ക് തോന്നുന്നില്ല…’ ഒരു അമ്മയോട് മകന്റെ ദുഃസ്വാതന്ത്യ്രം ആ വാക്കുകളില്‍ നിറഞ്ഞു നിന്നു.
അരുണുന്റെ ഉല്‍കണ്ഠ ശരിയായിരുന്നു. ഞാനിപ്പോള്‍ത്തന്നെ അവശയാണ്. ശാരീരികമായും, മാനസികമായും എന്നാല്‍ ആ അവശത തല്‍ക്കാലത്തേയ്ക്കു മാത്രമുള്ളതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു പ്രത്യേക ലക്ഷ്യം ഇന്നു എന്റെ കണ്മുന്നിലുണ്ട്. ആ ലക്ഷ്യത്തിലെത്തുവാന്‍ കഴിഞ്ഞാല്‍ എന്റെ എല്ലാ അവശതകളും അകന്നു മാറും. എന്റെ മനസ്സിലെന്തെന്ന് മുഖത്തു നിന്ന് വായിച്ചെടുത്തതു പോലെ അരുണ്‍ പെട്ടെന്ന് നിശബ്ദനായി.
ഞങ്ങളുടെ ഫ്‌ളൈറ്റ് അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയിലെത്തി.
”ഇനി ഇന്ന് വീട്ടില്‍ പോയി കിടന്നുറങ്ങാം… നാളെ രാവിലത്തെ ഫ്‌ളൈറ്റിലോ, ട്രെയിനിലോ വാരാണാസിയ്ക്കു പോകാം…’
ഒരു മകന്റെ കരുതല്‍ നിറഞ്ഞ അരുണിന്റെ വാക്കുകളെ തട്ടിത്തെറിപ്പിക്കാനാവാതെ ഞാന്‍ നിന്നു. എനിക്കാണെങ്കില്‍ അപ്പോള്‍ത്തന്നെ വാരാണാസിയിലേയ്ക്കു പോകാനുള്ള മനസ്സുണ്ടായിരുന്നു.
എരിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സിലെ അഗ്‌നിയെ എത്രയും വേഗം ഗംഗയുടെ കുളിര്‍മ്മയില്‍ മുക്കിത്താഴ്ത്തുവാനുള്ള മോഹം. ശരീരത്തിന്റെ വിവശതകളെ അതിജീവിക്കുവാന്‍ ആ മോഹത്തിന് കരുത്തുണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
വീട്ടിലെത്തി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അന്ന് ഉറക്കം വന്നില്ല. അരുണ്‍ അപ്പുറത്തെ മുറിയില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നുണ്ടായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ വല്ലാതെ തളര്‍ത്തിയിരുന്നു. പാവം കുട്ടി.
എനിക്കു വേണ്ടിയാണ് എല്ലാ യാതനകളും അവന്‍ സഹിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഞാന്‍ അവന് ആരാണ്? ആത്മാര്‍ത്ഥ സുഹൃത്തിന്റെ അമ്മ എന്നതില്‍ക്കവിഞ്ഞ് പ്രത്യക്ഷത്തില്‍ ബന്ധങ്ങളൊന്നുമില്ല. പക്ഷെ നരേട്ടന്റെ മരണശേഷമുള്ള ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ പൊക്കിള്‍ക്കൊടി ബന്ധത്തെപ്പോലും അതിശയിപ്പിക്കുന്ന ഒരു ആത്മബന്ധം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഒരു പക്ഷെ മുജ്ജന്മങ്ങളിലെപ്പോഴൊ അവന്‍ എന്റെ മകനായിരുന്നിരിക്കണം. അതായിരിക്കാം ഇത്തരത്തിലുള്ള ഒരാത്മബന്ധത്തിന് അടിസ്ഥാനം. മുജ്ജന്മങ്ങളില്‍ നമുക്കു പ്രിയപ്പെട്ടവരായിരുന്നവര്‍ പിന്നീടുള്ള ജന്മങ്ങളില്‍ ഒരു പക്ഷെ നമ്മെ തിരിച്ചറിഞ്ഞുവെന്നു വരാം. ഒരുതരം വാസനാബന്ധം എന്തോ ഒരു പക്ഷെ എല്ലാം എന്റെ തോന്നലായിരിക്കാം.
ഈയിടെയായി മനസ്സ് മുജ്ജന്മ ബന്ധങ്ങളെക്കുറിച്ചും, പുനര്‍ജജന്മത്തെക്കുറിച്ചുമൊക്കെ അന്വേഷണാത്മകമായ വിവാദങ്ങളിലേര്‍പ്പെടുന്നു. എന്തോ ചിലതു കണ്ടെത്തുവാനുള്ള വെമ്പല്‍…
ജനനത്തിനു മുമ്പും, മരണത്തിനു ശേഷവും എന്ത് എന്നറിയാനുള്ള ആകാംക്ഷ… ഒരുപക്ഷെ കൈവിട്ടു പോയ പ്രിയപ്പെട്ടവരെ അങ്ങേ ലോകത്തു വച്ച് വീണ്ടും കണ്ടു മുട്ടുവാനുള്ള ത്വരകൊണ്ടുമാകാം മനസ്സ് വിഭ്രാത്മക ചിന്തകള്‍ക്ക് അടിപ്പെടുന്നത്. പലതും ആലോചിച്ചു കിടന്ന് സമയം കടന്നു പോകുന്നത് അറിഞ്ഞില്ല.
ചുവരിലെ ക്ലോക്ക് നാലു പ്രാവശ്യം അടിക്കുന്നതു കേട്ടപ്പോഴാണ് ഞാനിതു വരെ ഉറങ്ങിയിട്ടില്ലെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞത്. അല്‍പമെങ്കിലും കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ തലപൊക്കാന്‍ പറ്റാത്തത്ര ക്ഷീണമായിരിക്കും. എങ്ങിനെയും അല്‍പം ഉറങ്ങുക തന്നെ.
ഒരുപക്ഷെ വാരാണാസിയിലേയ്ക്ക് നേരത്തെ ടിക്കറ്റു ബുക്കു ചെയ്യാതിരുന്നത് എത്ര നന്നായി. അല്ലെങ്കിലിപ്പോള്‍ ക്ഷീണം കൊണ്ട് തലപൊക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അരുണ്‍ എന്നെ താങ്ങിയെടുക്കേണ്ടി വന്നേനെ.
ഇനിയും ഒന്നുമാലോചിക്കരുതെന്ന് വിചാരിച്ച് മനസ്സ് ഈശ്വരനില്‍ കേന്ദ്രീകരിച്ച് ഉറങ്ങുവാന്‍ ശ്രമിച്ചു. പക്ഷെ മനസ്സ് എന്തുകൊണ്ടോ കൂടുതല്‍ കൂടുതല്‍ പിരിമുറുകി കൊണ്ടിരുന്നതല്ലാതെ ഉറങ്ങാന്‍ കഴിഞ്ഞില്ല.
ലോകത്തില്‍ വിധവകള്‍ക്കാണോ ഇത്തരം അവസ്ഥ കൂടുതലായി കാണുവാനാവുക എന്നോര്‍ത്തു പോയി. എന്നാല്‍ അടുത്ത നിമിഷം ഞാനെന്തു വിഡ്ഢിത്തമാണ് ഓര്‍ക്കുന്നതെന്നും ആലോചിച്ചു.
പല കാരണങ്ങള്‍ കൊണ്ട് മനഃസമാധാനം നഷ്ടപ്പെട്ട പലരും നേരിടുന്ന പ്രശ്‌നമാണിത്. പിന്നെ രോഗങ്ങളുടെ പിടിയിലമര്‍ന്നവരും. എന്നാല്‍ അരുണിനെപ്പോലെ ശുദ്ധ ഹൃദയരായവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഒരു കുഞ്ഞിനെപ്പോലെ, കിടക്ക കാണേണ്ട താമസം, അവര്‍ക്ക് സുഖസുഷുപ്തിയിലാഴുവാന്‍ കഴിയുന്നു. അങ്ങിനെയുള്ളവരാണ് ഈ ലോകത്തില്‍ ഏറ്റവും ഭാഗ്യവാന്മാരെന്ന് ഒരു നിമിഷം തോന്നിപ്പോയി. ലോകത്തില്‍ വിലപിടിപ്പുള്ള മറ്റെന്തിനെക്കാളും വലുത് മനഃസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുക എന്നതാണ്.
ഒരു രാജാവിന് സ്വന്തം പട്ടുമെത്തയിലെന്നതിനേക്കാള്‍, അദ്ധ്വാനിക്കുന്നവന് വെറും നിലമായിരിക്കും സ്വര്‍ഗ്ഗമായിത്തീരുക. നിറയെ ധനമുള്ള മനുഷ്യനേക്കാള്‍ അന്നന്നത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവനാണ് മനഃസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുക എന്നര്‍ത്ഥം.
മനസ്സ് വേദാന്ത ചിന്തകള്‍ക്ക് അടിപ്പെടുന്നതോര്‍ത്ത് ചിരി വന്നു. ഒടുവില്‍ പുലരാറായ നേരത്തെപ്പോഴൊ അറിയാതെ കണ്ണുകള്‍ ചിമ്മിപ്പോയി. ദീര്‍ഘമായ ഒരുറക്കത്തിനൊടുവില്‍ കണ്ണുതുറക്കുമ്പോള്‍ അരുണ്‍ പുഞ്ചിരിയോടെ മുന്നില്‍ നില്‍പ്പുണ്ടായിരുന്നു.
”മാഡം, നല്ലതു പോലെ ഉറങ്ങി എന്നു തോന്നുന്നുവല്ലോ… അവന്‍ കൈയ്യിലെ ചായക്കപ്പ് എന്റെ നേരെ നീട്ടി.
അപ്പോള്‍ ജനാലയ്ക്കപ്പുറത്ത് നിന്നും വെയില്‍ നാളങ്ങള്‍ മുറിയ്ക്കകത്തേയ്ക്ക് കൈനീട്ടിത്തുടങ്ങിയിരുന്നു. അസഹ്യമായ ചൂടില്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ചോദിച്ചു പോയി.
”അയ്യോ അരുണ്‍… നേരം വല്ലാതെ പുലര്‍ന്നുവെന്നു തോന്നുന്നു. ഇനിയെപ്പോഴാണ് വാരാണാസിയിലേയ്ക്കു പുറപ്പെടുക?”
”മാഡം പേടിയ്‌ക്കേണ്ട… ഞാന്‍ വൈകുന്നേരം ആറുമണിയ്ക്കുള്ള ട്രെയിനിന് ബുക്ക് ചെയ്തിട്ടുണ്ട്. മാഡം വൈകുന്നേരമാകുമ്പോഴേയ്ക്കും കുളിച്ചൊരുങ്ങിക്കോളൂ… ഞാന്‍ അപ്പോഴേയ്ക്കും മമ്മിയുടെ അടുത്ത് പോയിട്ട് വരാം. കുറെ ദിവസമായി മമ്മിയെക്കണ്ടിട്ട്….”
അപ്പോഴാണ് ഞാന്‍ അരുന്ധതിയുടെ കൈയ്യില്‍ വീടിന്റെ താക്കോല്‍ ഉള്ള കാര്യം ഓര്‍ത്തത്. അന്ന് നാട്ടിലേയ്ക്കു പോകുമ്പോള്‍ അരുന്ധതിയോട് രാമേട്ടന്റെ കൈയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുവാന്‍ പറഞ്ഞിരുന്നുവെങ്കിലും, രാമേട്ടന് എന്തോ അസുഖമായിരുന്നതിനാല്‍ അന്നും, അതിനടുത്ത ദിവസങ്ങളിലും സെക്യൂരിറ്റി ജോലിയ്ക്ക് എത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
ഇവിടെ വന്നു കയറിയത് എന്റെ കൈയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചാണ്. ”അരുണ്‍ മമ്മിയുടെ കൈയ്യില്‍ നിന്നും ഈ വീടിന്റെ താക്കോല്‍ കൂടി വാങ്ങിച്ചോളൂ… ഞാന്‍ ഓര്‍മ്മിപ്പിച്ചു.”
”ശരി മാഡം… ഞാന്‍ പോയിട്ടു വരാം…’ അരുണ്‍ നടന്നകലുന്നതു നോക്കി വാതില്‍ക്കല്‍ തന്നെ നിന്നു അപ്പോഴാണ് രാമേട്ടന്‍ എന്റെ നേരെ നടന്നു വരുന്നത് കണ്ടത്.
”മാഡം… നാട്ടില്‍ പോയി വന്നപ്പോള്‍ ആകെ ക്ഷീണിച്ചു പോയല്ലോ? എന്തുപറ്റി മാഡം? സുഖമില്ലായിരുന്നോ?”
രാമേട്ടന്‍ ജിജ്ഞാസയോടെ തിരക്കി.

(തുടരും)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px