LIMA WORLD LIBRARY

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 23)

‘ഹലോ….’
അമ്മയുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. അവന്റെ കണ്ണുകള്‍ തിളങ്ങി. ഉള്ളില്‍ സന്തോഷം ഉണര്‍ന്ന് തുള്ളിക്കളിച്ചു. മിഴികള്‍ ഏഴു കടലും കടന്ന് അമ്മയുടെ അടുത്തേക്ക് പോയി. തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നതുപോലെ അവന്റെ മുഖം പ്രകാശിച്ചു.

 

‘അമ്മേ…, ഞാന്‍… ഞാന്‍….’
‘മോനേ…, നീ… നീ തന്നെയാണോ ഇത്… എന്റെ പൊന്നു മോനേ….’
പിന്നെ ആര്‍ക്കുമൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. അവരുടെ മനസുകള്‍ പക്ഷേ ആഴത്തില്‍ സംവദിക്കുന്നുണ്ടായിരുന്നു. നിശബ്ദതയിലൂടെയുള്ള ആശയവിനിമയം മിനിയും കണ്ടു, അവനെപ്പോലെ അമ്മയും അങ്ങകലെ കണ്ണീരൊഴുക്കുന്നതായി, ആ നാലു കണ്ണീര്‍ച്ചാലുകള്‍ ഒരുമിച്ചൊരു പുഴയായൊഴുകി, ഒടുവിലൊരു കടലായി മാറുന്നതും അവള്‍ അറിഞ്ഞു. കണ്ണീരിനിടയിലും അവന്റെ മുഖത്തെ പ്രകാശ കിരണങ്ങള്‍ കണ്ട് അവളുടെ മനസ്സു നിറഞ്ഞു.
പുറത്തെ റോസ്സാപൂക്കളില്‍ നിന്നും നറുമണം നിറഞ്ഞ കുളിര്‍ക്കാറ്റ് മുറിക്കുള്ളില്‍ വ്യാപിച്ചു. കാറ്റിനൊപ്പം ആകാശഗംഗയില്‍ നിന്നും മഴമേഘങ്ങള്‍ ഒഴുകിയെത്തി. പച്ചിലക്കാടുകള്‍ കാറ്റിലാടി. മണ്ണിലെ ജീവജാലങ്ങള്‍ വെള്ളം കുടിച്ച് ദാഹമകറ്റി. ഒന്നും രണ്ടു മായി അമ്മയും മകനും സംസാരിച്ചു തുടങ്ങി. പ്രതീക്ഷിച്ചതിലധികമായി സ്‌നേഹവും സങ്കടവും അവര്‍ പങ്കുവെച്ചു. കണ്ണിനീരണിഞ്ഞ അമ്മയുടെ മുഖം അവന്‍ നേരില്‍ കാണുന്നതായി തോന്നി. ആനന്ദം നിറഞ്ഞു നിന്ന അവന്റെ മുഖവും ദുഃഖത്തിലാണ്ടു. വേദന പുറത്ത് കാട്ടാതെ കണ്ണുകള്‍ തുടച്ചു. മകനെ കാണാന്‍ അമ്മ ആഗ്രഹം പ്രകടിപ്പിച്ചു. പുത്ര ദുഃഖത്താല്‍ ഭാരപ്പെട്ടിരുന്ന അമ്മക്ക് അതൊരു ആശ്വാസമാകുമെന്ന് അവനും മനസ്സിലാക്കി. മകന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അവനെ മാറോടണച്ച് എല്ലാ ദുഖങ്ങള്‍ക്കും വിരാമമിടാമായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അവന്‍ വാക്കുകൊടുത്തു. അമ്മയെ കാണാന്‍ പരിചരിക്കാന്‍ ഞാന്‍ വരും. അതിന് ഏതാനും മാസങ്ങള്‍കൂടി കഴിയാണം.

 

അവന്‍ മുഖം തുടച്ചു. സിന്ധു അവേശം തുളുമ്പുന്ന ശബ്ദത്തില്‍ പറഞ്ഞു, നിനക്ക് എന്നെ കാണണമെങ്കില്‍ ഇന്നത്തെ മലയാളം ടി.വിയില്‍ കാണാം. അഭിനയത്തില്‍ നിന്നും അകന്നുപോയവരുടെ അഭിമുഖങ്ങളാണ്. ഇവിടുത്തെ പതിനൊന്ന് മണിക്കാണ് കാണിക്കുന്നത്. അവിടെയപ്പോള്‍ അഞ്ചാറ് മണിക്കൂര്‍ മുന്നോട്ടല്ലേ.
അവന്‍ വാച്ചില്‍ നോക്കി, അര മണിക്കൂറുണ്ട്, തീര്‍ച്ചയായും കാണുമെന്ന് അമ്മയ്ക്ക് വാക്കു കൊടുത്ത് അവന്‍ ഫോണ്‍ വച്ചു. കൂടുതലൊന്നും സംസാരിക്കാന്‍ പറ്റുന്നില്ല. വാക്കുകള്‍ തൊണ്ടയെ വീര്‍പ്പുമുട്ടിക്കുകയാണ്.

 

അവന്‍ അത്യാഹ്ലാദത്തോടെഏതോ സ്വര്‍ഗ്ഗീയാനുഭൂതിയുമായി, ‘മിനീ…’ എന്ന് വിളിച്ചുകൊണ്ട് അകത്തേക്കോടി. മുറിക്കുള്ളില്‍ തുണി അടുക്കിവെച്ചുകൊണ്ട് നിന്ന മിനിയുടെ അരക്കെട്ടില്‍ പിടിച്ച് മുകളിലേക്കുയര്‍ത്തി. അവള്‍ അന്ധാളിച്ച് വാ പൊളിച്ചു. ‘നീ എന്താ ഈ കാണിക്കുന്നേ….’ ശക്തിയോടെ അവന്റെ കൈവിടുവിച്ച് തറയില്‍ കാലുകുത്തി. അവളുടെ കണ്ണില്‍ കനലെരിയുന്നതു പോലെ അവനു തോന്നി. ‘സോറി…, ഞാന്‍… ഞാന്‍ അങ്ങനെയൊന്നും….’
അവന്‍ വീണ്ടും വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞു. എന്താണ് ഞാനീ കാട്ടിയത്. ഇങ്ങനെയൊക്കെ കാണിക്കാന്‍ അവള്‍ നിന്റെ ഭാര്യയാണോ അതോ കാമുകിയോ? ഇതൊക്കെ മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധിപോലും നിനക്ക് ഇല്ലാതെ പോയല്ലോ. വെറുതെയാണോ അവള്‍ നിന്നെ ഒരു ശുദ്ധപാവത്താന്‍ എന്ന് വിളിക്കുന്നത്. നീയത് ഒരിക്കല്‍കൂടി തെളിയിച്ചു കാണിച്ചു. ഇത്ര സ്വാതന്ത്ര്യമായി ഇടപെടാന്‍ എന്താണ് നിങ്ങള്‍ തമ്മിലുള്ള ബന്ധം. അവന്‍ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു.

 

അവന്റെ കണ്ണുകള്‍ നിറഞ്ഞതും മുഖം ചുവന്ന് തുടുത്തതും അവള്‍ ശ്രദ്ധിച്ചിരുന്നു. അമ്മയുമായുള്ള സംഭാക്ഷണം അവനെ അത്യാഹ്ലാദത്തിലാക്കി, അതിന്റെ പ്രതിഫലനമാണ് നേരത്തേ കണ്ടത്. ദേഷ്യപ്പെടേണ്ടിയിരുന്നില്ല. എത്ര ആവേശത്തോടെയാണ് എന്നെ മുകളിലേക്കുയര്‍ത്തിയത്. എപ്പോഴും പറയും. ഒരു കൂടപ്പിറപ്പെന്ന്. കൂടപ്പിറപ്പുകളല്ലേ സ്വാതന്ത്ര്യം കാണിക്കുന്നത്. മാണി മനസ്സില്‍ നിറഞ്ഞുവന്നു. എപ്പോഴും ഒരു കൂടപ്പിറപ്പിനെപോലെ സഹായിക്കാന്‍ മനസ്സുള്ളവന്‍. എല്ലാവരും സഹതപിക്കാന്‍, സാന്ത്വനമരുളാന്‍, മധുരവാക്ക് പറയാന്‍ ഒപ്പമുണ്ട്. ആവശ്യങ്ങളില്‍ സഹകരിക്കാനും സഹായിക്കാനുമുള്ള മനോഭാവം അവനിലേ കണ്ടിട്ടുള്ളൂ. അപ്പോഴൊക്കെ സ്വയം ചോദിക്കാറുണ്ട്, ഇവന് എന്താണ് മറ്റുള്ളവരെ സഹായിക്കാന്‍ ഇത്ര തിടുക്കും. അവള്‍ അതിന് ഒരുത്തരവും കണ്ടെത്തി. അവന് ഒരുമുഖമേയുള്ളൂ. സ്‌നേഹത്തിന്റെ മുഖം. എല്ലാം ഓര്‍ത്തുകൊണ്ടവള്‍ മൂകമായിരുന്നു. മനസ്സ് എന്താണ് മന്ത്രിക്കുന്നത്. നിനക്ക് മനസ്സ് നിറയെ നന്ദി. അവനോ ഹൃദയം നിറയെ സ്‌നേഹം. മനസ്സുകൊണ്ട് ഹൃദയത്തെ അളക്കാന്‍ ശ്രമിക്കരുത്. സ്‌നേഹത്തിന്റെ അമൃത് നല്‍കുന്ന പാലാഴിയാണത്. മനസ്സ് ഹൃദയത്തിലേക്ക് പോകാനുള്ള ഒരു വഴികാട്ടിമാത്രമാണ്. മരണത്തിനുപോലും അവസാനമാണ് ഹൃദയത്തിന്റെ മരണം. അവളുടെ മുഖം വാടി. പുറത്തെ കാറ്റും കോളും മഴയും അവസാനിച്ചു. മനസ്സിനെ അലസോരപ്പെടുത്തുന്നത് എന്താണ്?. നീ ഇപ്പോള്‍ അവന്റെ ആരാണ്? സഹപാഠി, കൂട്ടുകാരി, അയല്‍ക്കാരി. ചെയ്തത് തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ തോന്നുന്നില്ലേ? അവനില്‍ ആഹ്ലാദം തിരതല്ലിയപ്പോള്‍ നീയത് തല്ലികെടുത്തിയത് ശരിയായോ? അവന്‍ നിന്നെയൊന്ന് മുകളിലേക്ക് ഉയര്‍ത്തിയതുകൊണ്ട് നിന്റെ നട്ടെല് ഒടിച്ചോ? മാറിടം ചുരുങ്ങിപോയോ? വികാരതതിന്റെ തിരകള്‍ ഇളകിയോ? നിയൊരു സുന്ദരിയെന്ന് അവനുമറിയാം. ആ മാദകസൗന്ദര്യം നുകരാന്‍ അവന്‍ വന്നില്ലല്ലോ. നീ അനുഭവിക്കുന്ന മനോവേദനയെക്കാള്‍ അവനനുഭവിക്കുന്ന വേദന എത്ര മടങ്ങായിരിക്കും. ഹൃദയം തകര്‍ന്നായിരിക്കും അവന്‍ ഇരിക്കുന്നത്. കുറ്റബോധത്തോടെ ആ മുറിയിലേക്ക് നടന്നു.
അവന്‍ കട്ടിലില്‍ കിടന്ന് കണ്ണീരൊഴുക്കുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുകയായിരുന്നു. അവള്‍ നിസ്സഹായതയോടെ സങ്കടത്തോടെ നിമിഷങ്ങള്‍ നോക്കി. ഇങ്ങനെയൊരു സാഹചര്യത്തിന് അവസരമൊരുക്കിയത് ഞാനല്ലേ. അവനോടൊപ്പം വേദനപങ്കിടണം. അടുത്ത് ചെന്നിരുന്ന് ആ മുഖത്തേക്ക് നോക്കി. വീണ്ടും അവന്‍ സങ്കടപ്പെട്ട് യാചനാസ്വരത്തില്‍ വിക്കിവിക്കി പറഞ്ഞു.

 

‘എ…ന്നോ….ട് ,…..ക്ഷ…മിക്കണം….’
അവനെ നിയന്ത്രിക്കാന്‍ അവനായില്ല. കണ്ണീരൊഴുകി. അവളുടെ കണ്ണുകളും നിറഞ്ഞു. അവന്റെ മനസ്സ് ഒരു കുറ്റവാളിയുടേതായിരുന്നു. അവളുടെ മനസ്സിന് മുറിവേല്‍പ്പിക്കാന്‍ എങ്ങനെ മനസ്സ് വന്നു. ആരെയും വേദനിപ്പിക്കാന്‍ ഇടയുണ്ടാക്കല്ലേയെന്ന പ്രാര്‍ത്ഥനയാണ് എന്നുമള്ളത്. എന്നിട്ടും അത് സംഭവിച്ചു. വിശ്വസിക്കാനാവുന്നില്ല. കുറ്റബോധം മനസ്സിനെ പിടിച്ചുലച്ചു. അവള്‍ ഹൃദയവ്യഥയോടെ പറഞ്ഞു., എന്നോട് ക്ഷമിക്കട മാണി അവന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ കണ്ണുകളിലും അവന്‍ കണ്ണുനീര്‍ കണ്ടു. എന്തൊന്നില്ലാത്ത നിസ്സംഗത അവിടെ അനുഭവപ്പെട്ടു. ആത്മനിയന്ത്രണം പാലിക്കാന്‍ രണ്ടപേരും പാടുപെട്ടു. മാനസികമായി തളര്‍ന്ന കണ്ണുകള്‍. അവന്‍ കണ്ണുതുടച്ചിട്ട് പറഞ്ഞു. മിനിയെന്തിനാ എന്നോട് ക്ഷമചോദിക്കുന്നേ വിഷമിക്കേണ്ട ഞാനല്ലേ തെറ്റ് ചെയ്തത്. അവനെ ആശ്വസിപ്പിക്കാന്‍ വന്നിടട് അവന്‍ എന്നെ ആശ്വസിപ്പിക്കുന്നു. സ്വന്തം തെറ്റില്‍ ഉറച്ചുനില്‍ക്കുന്നു. അവന്‍ ഓര്‍ത്തു. ഇത് ഇംഗ്ലണ്ടാണ്. ആരെയും തൊടാനോ കൈയ്യേറ്റം ചെയ്യാനോ അനുവാദമില്ല. അവളശ് പരാതിപ്പെട്ടാല്‍ പോലീസ് എന്നെ അറസ്റ്റ് ചെയ്യും. ദുഖം തളംകെട്ടി കിടന്ന മുറിയില്‍ സ്‌നേഹത്തിന്റെ ആത്മവീര്യം പകരാന്‍ അവള്‍ ശ്രമിച്ചു. തെറ്റ് ചെയ്തതിന് ശിക്ഷകിട്ടണംയ അതിന് പോലീസിന്റെയൊന്നും ആവശ്യമില്ല. അവള്‍ സ്‌നേഹത്തോടെ ചോദിച്ചു ഒത്തിരി വേദനിച്ചോ? അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അവള്‍ക്കത് കണ്ടിരിക്കാനുള്ള കരുത്തില്ലായിരുന്നു. മുഖം കുനിഞ്ഞു. അവള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു.

 

‘നീ എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നേ?’
‘വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല… ഞാന്‍ ചെയ്തതു തെറ്റു തന്നെയാണ്, എനിക്കറിയാം. ഒരു നിമിഷം സന്തോഷത്തില്‍ മതിമറന്നു പോയി….’
പലവിധ വികാരങ്ങള്‍ അവളില്‍ ജനിച്ചു. രണ്ട് കൂട്ടര്‍ക്കും സഹിക്കാനാവുന്നില്ല. തെറ്റ് തിരുത്താന്‍ കഴിയുന്നത് എങ്ങനെയാണ്. വാക്കുകള്‍കൊണ്ട് അവനെ ജയിക്കാനാവില്ല. അതിനാവശ്യം പ്രവൃത്തിയാണ്. പകരത്തിന് പകരം ചെയ്യുക, നീന്താന്‍ തുടങ്ങിയാല്‍ നീന്തുക. ആഴമെന്തിന് നോക്കണം. ഒരു മൗനത്തിനുശേഷം വാത്സല്യത്തോടെ അവന്റെ വലതുകരംഗ്രഹിച്ചു. വിരലുകളില്‍ എന്തോ കവിതകള്‍ കുറിച്ചു. കവിളില്‍ തലോടി. ആ കവിള്‍ത്തടത്തിലൊരു ഉമ്മ കൊടുത്തു. ‘എനിക്ക് തരാന്‍ ഇതോയുള്ളൂ…. ഇനിയെങ്കിലും നീയൊന്ന് ചിരിക്ക്….’

 

ആ കവിളില്‍ കുറിച്ച കവിത അവന്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി. സ്ത്രീകളുടെ വികാരങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. പെട്ടെന്ന് നിരാശരാകും,രോക്ഷംകൊള്ളും സംശയങ്ങള്‍ ഉടലെടുക്കും, അസൂയപ്പെടും, പരദൂഷണം പറയും, മനസ്സുറപ്പില്ലാത്ത ഈ കൂട്ടരെ മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. ഇപ്പോള്‍ നടന്ന സംഭവം എന്നെതന്നെ വിസ്മയപ്പെടുത്തിയില്ലേ? മിനിറ്റുകള്‍ക്കുള്ളില്‍ നിരാശപടര്‍ന്ന മുഖം തിളക്കമാര്‍ന്നു. പെണ്ണൊരുങ്ങിയാല്‍ പെരുവഴിയെന്ന് ആരുപറഞ്ഞു. എന്നാല്‍ അത് വഴി പിന്നെ പോകരുതെന്ന് എനിക്കും തോന്നുന്നു, മിനി മറ്റുള്ള സ്ത്രീകളെപ്പോലയെല്ല. യാതൊരു ദുര്‍ചിന്തകളും മനസ്സില്‍ കൊണ്ടുനടക്കാറില്ല. അവള്‍ തെറ്റുകാരി അല്ലെന്നറിഞ്ഞിട്ടും എന്റെ വേദനയില്‍ അവളും പങ്കുചോര്‍ന്നു. എന്നോടൊപ്പം കണ്ണീര്‍ പൊഴിച്ചു. മറ്റുള്ളവരുടെ വേദന അവളെയും സങ്കടപ്പെടുത്തുന്നു. അവനെ കട്ടിലില്‍നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് പറഞ്ഞു. ‘ഇനിയും ഇങ്ങനെയൊന്നും പാടില്ല കേട്ടോ…. ഞാന്‍ മറ്റൊരുത്തന്റെ ഭാര്യാകാനുള്ള പെണ്ണല്ലേ?’
പെട്ടെന്നവന്‍ പുഞ്ചിരിതൂകി പറഞ്ഞു.

 

‘ഞാനും ഒരപേക്ഷ അയക്കുന്നുണ്ട്. മറ്റാരെയും കിട്ടിയില്ലെങ്കില്‍ പരിഗണിച്ചാല്‍മതി കേട്ടോ?’
അവളുടെ മുഖം തിളങ്ങി. തലയിണകൊണ്ട് അവനൊരു അടി കൊടുത്തു.
‘എന്താ പറഞ്ഞേ?’

 

‘അടിയന്‍ അറിവില്ലാതെ പറഞ്ഞതാ, തമ്പ്രാട്ടി ക്ഷമിച്ചാലും.’
ഭക്ഷണം കഴിക്കാറായി. അമ്മയുടെ അഭിമുഖവും ഇപ്പോള്‍ ടിവിയില്‍ വരും. അടക്കാനാവാത്ത ആഗ്രഹവുമായി അവര്‍ കാത്തിരുന്നു. മിനിയുടെ മുറിയില്‍ മലയാളം ചാനല്‍ ഉണ്ടെങ്കിലും അവളത് തുറക്കുക നാട്ടിലെ വര്‍ത്തമാന ചരിത്രം അറിയാന്‍ വേണ്ടി മാത്രമാണ്. കൂടുതല്‍ ചാനലുകളിലും സിനിമയും പരസ്യങ്ങളും നടീനടന്മാരും അധികാരമുറപ്പിച്ചിരിക്കും. മനുഷ്യന് കളിയും ചിരിയും വിനോദവും ആവശ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ആരോഗ്യമുള്ള കുറെ കാര്യങ്ങള്‍ റ്റി.വിയില്‍ കാണിച്ചൂടെ? അവള്‍ക്കു പലപ്പോഴും തോന്നാറുണ്ട്. ദൈവീക ചിത്രവും, ശാസ്ത്രവും, സാഹിത്യവും, സംസ്‌ക്കാരവും ബോധ മനസ്സില്‍ നിന്ന് മാറിയിരിക്കുന്നു. അതിന്റെ അടിത്തറയില്‍ വളരേണ്ട സമൂഹം ഏതോ നീഡൂഢലോകത്തിലൂടെ സഞ്ചരിക്കുന്നു. കണ്ടിരിക്കാന്‍, കണ്ട് രസിക്കാന്‍ ഏറെപ്പേരുണ്ട്. കൈയ്യനക്കി പണി ചെയ്യാന്‍ മനസ്സിലാത്ത ഒരു സമൂഹം.

 

റ്റി.വിയില്‍ അഭിമുഖം തെളിഞ്ഞു. നാടകത്തിലൂടെ സിനിമയിലെത്തിയ സിന്ധു രമേശിനെ അവതാരക സിന്ധു ജോയി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. പ്രായം നാല്‍പ്പതു കഴിഞ്ഞിട്ടും ആ കണ്ണുകള്‍ക്ക് എന്തൊരു തിളക്കം. അമ്മയുടെ മുഖം കണ്ടപ്പോള്‍ മാണിക്ക് അവര്‍ണ്ണനീയമായ സന്തോഷമാണുണ്ടായത്. അമ്മയെ അടുത്ത് കാണുന്ന അവസ്ഥ. മിനി വിടര്‍ന്ന കണ്ണുകളുമായി നോക്കിയിരുന്നു. ഇപ്പോഴും കണ്ടാല്‍ ആളൊരു സുന്ദരിതന്നെ. അമ്മയുടെ സൗന്ദര്യം ഇവന് കിട്ടാതെപോയല്ലോ, ആ നിറവും ഇവനില്ല. അച്ഛന്റെ ഓമനപുത്രന്‍. ആ നിറമായിരിക്കും. അവള്‍ അവനെയൊന്നു പാളി നോക്കി, പാതി ചിരിച്ചു.
സിന്ധുവിന്റെ കാതുകളില്‍ ആഭരണങ്ങളില്ല. ആഭരണത്തോട് വെറുപ്പാണോ? പ്രസന്നമായ മുഖം വെള്ളസാരിയും കറുത്തബ്ലൗസും വേഷം. മുഖത്ത് പൗഡര്‍ പൂശിയിട്ടില്ല. മിനിക്ക് സിന്ധുവിനെ ഒരുപാട് ഇഷ്ടപ്പെട്ടു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചില സിനമാ സീനുകളും ഇടയ്ക്ക് കണ്ടു. ഭര്‍ത്താവിനെപ്പറ്റി സിന്ധു വാതോരാതെ സംസാരിച്ചു. അമ്മയുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. നാടകകൃത്ത്, കഥാകാരന്‍, സംവിധായകന്‍, നടന്‍, വിപ്ലവകാരി….
പ്രേമ വിവാഹം. രണ്ട് മതക്കാര്‍. മതത്തെ ഉപേക്ഷിച്ച് ഒന്നായവര്‍. മതഭ്രാന്തന്മാരുടെ ഹൃദയം എപ്പോഴും കഠോരമല്ലേ. ഇവരെ ഈശ്വരനാണോ തീറ്റിപോറ്റുന്നത് അതോ ഇവര്‍ ഈശ്വരനായോ? മതത്തിന്റെ പേരില്‍ പിശാചുക്കളെപോലെ മനുഷ്യബന്ധങ്ങളെ വേട്ടയാടുന്നവര്‍. അഭിനയ ജീവിതം അവസാനിപ്പിക്കാനുള്ള കാരണങ്ങള്‍ കേട്ടപ്പോള്‍ അവന്‍ വിസ്മയത്തോടെ നോക്കി മിനിയും സിന്ധുവിന്റെ വാക്കുകളില്‍ മുഴുകി. ഭര്‍ത്താവ് മരിച്ചപ്പോള്‍ ഒരു ജീവിതമാര്‍ഗ്ഗമായിട്ടാണ് അഭിനയം കണ്ടത്. എന്നാല്‍ ഒപ്പം അഭിനയിച്ച ഒരു പ്രമുഖ നടന്റെ ഇഷ്ടത്തിന് വഴങ്ങാത്തതുകൊണ്ട് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍, മറ്റൊരാളുമായിരുന്ന് ആഹാരം കഴിക്കുന്ന ഫോട്ടോ എടുക്കയും അതൊരുനാട്ടുപത്രത്തില്‍ വാര്‍ത്തയാക്കുകയും ചെയ്തു. അങ്ങനെ അഭിനയോകത്ത്‌നിന്നും എനിക്ക് ആദ്യമായി ഒരു അവാര്‍ഡ് കിട്ടി.

 

യാഥാര്‍ത്ഥ്യം എന്തെന്നറിയാന്‍ ആരും ശ്രമിച്ചില്ല. എന്തിന് പറയണം, സ്വന്തം മകന്‍വരെ മുഖത്ത് നോക്കി പറഞ്ഞു. അമ്മ ചീത്തയാ…. അത്രയും പറഞ്ഞു നിറുത്തിയിട്ട് വിതുമ്പി കണ്ണുകള്‍ തുടച്ചു.
അമ്മയുടെ സങ്കടം കണ്ട് മാണിയുടെ കണ്ണുകളും നിറഞ്ഞു. അവന്റെ ശാപവാക്കും സഹപ്രവര്‍ത്തകരുടെ സമീപനവും എന്നെ മാനസികമായി തളര്‍ത്തി. അങ്ങനെ മാനസികരോഗിയായെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ ആശുപത്രിയില്‍ കിടന്നു.
‘മകന്‍ ഇപ്പോള്‍ എവിടെയാണ്?’
‘ലണ്ടനില്‍ എം.ബി.എയ്ക്ക് പഠിക്കുന്നു. സത്യത്തില്‍ അവനുവേണ്ടിയാണ് അഭിനയം തുടര്‍ന്നത്. അവന്‍ നല്ലൊരു നിലയില്‍ വരണമെന്ന് ആഗ്രഹം രമേശ് ചേട്ടനുണ്ടായിരുന്നു. അച്ഛനെപോലെ മകനും ബുദ്ധിയുള്ളവനായി വളരാനാഗ്രഹിച്ചു.’
‘സ്വന്തം വീട്ടുകാരുമായി ഇപ്പോഴും ബന്ധമൊന്നുമില്ലേ?’
‘അവരൊക്കെ മതത്തില്‍ മദമിളകിയ ആനകളാണ്. വെറുതെ എന്തിനാണ് ചവിട്ടുകൊള്ളാന്‍ പോകുന്നത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങള്‍ക്കും വേണ്ടെന്ന് വെച്ചു.’

 

ദുഃഖാര്‍ത്തമായ മുഖത്തോടിരിക്കുന്ന അമ്മയെ നോക്കി അവനും കണ്ണുനീര്‍ പൊഴിച്ചു.
‘ഇനിയും അഭിനയലോകത്തേക്ക് പോകാനുള്ള താല്‍പര്യമുണ്ടോ?’
‘അഭിനയം ധാരാളം ജീവിതത്തില്‍ അനുഭവിച്ചു. അതൊക്കെ യൗവനമോഹങ്ങളായിരുന്നു. അഭിനയത്തില്‍ ജീവിതമില്ല. വെറുതെ കണ്ടിരിക്കാനൊരു സുഖം. ആ സത്യം ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്? ഇപ്പോള്‍ എന്റെ ജീവിതം ജീവനുള്ള കുറെ മരങ്ങളും ചെടികളുമാണ്. അവരാണ് എന്റെ ജീവനുള്ള കഥാപാത്രങ്ങള്‍. ഇപ്പോള്‍ താമസ്സം ആര്‍ക്കൊപ്പമാണ്? രക്തബന്ധത്തിലുള്ളവരും സഹപാഠികളും എന്നോട് ക്രൂരത കാട്ടിയപ്പോള്‍ എന്റെ ജാതിയും മതവും ഒന്നും നോക്കാതെ ഒരു അമ്മയെ പോലെ എന്റെ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം നിന്നത് ഏലീ അമ്മച്ചിയാണ്. അമ്മച്ചിക്കൊപ്പം സന്തോഷത്തോടെ കഴിയുന്നു.’
ഇന്റര്‍വ്യൂ റെക്കോഡ് ചെയ്ത ശേഷമായിരിക്കണം താന്‍ അമ്മയ്ക്ക് ഫോണ്‍ ചെയ്തത്. അല്ലെങ്കില്‍ പറയുമായിരന്നില്ലേ, അവനിപ്പോള്‍ അവിടെയെരിന്നു ഈ പരിപാടി കാണുന്നുണ്ടാകുമെന്ന്….

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px