‘അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാന്‍ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ മനസ്സിനേറ്റ ആഘാതങ്ങള്‍ പലതായിരുന്നു എന്ന് എനിക്കു മാത്രം അറിവുള്ളതാണല്ലോ… അത് രാമേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാന്‍ എനിക്കാവുകയില്ലെന്നറിയാമായിരുന്നു. എന്റെ ഒഴിഞ്ഞു മാറ്റത്തിന്റെ കാരണവും അതായിരുന്നു.
”അല്ല… മാഡത്തിന്റെ അമ്മ മരിച്ചുവെന്നറിഞ്ഞു. എന്തായിരുന്നു അസുഖം? എത്ര വയസ്സുണ്ടായിരുന്നു?”
അമ്മ മരിച്ച കാര്യം അരുന്ധതി ആയിരിക്കും പറഞ്ഞത്… രാമേട്ടനോട് ഒന്നും പറയാതെ ആയിരുന്നല്ലോ ഞാന്‍ നാട്ടിലേയ്ക്ക് പോയത്. അപ്പോഴത്തെ അവസ്ഥയില്‍ ആരോടെങ്കിലും എന്തെങ്കിലും വിവരിക്കുവാന്‍ ഞാന്‍ അശക്തയായിരുന്നു.
രാമേട്ടനോട് അമ്മയുടെ പ്രായത്തെക്കുറിച്ചും, അസുഖത്തെക്കുറിച്ചുമൊക്കെ വിവരിച്ചു തന്നെ പറഞ്ഞു. പലതും പറയുമ്പോള്‍ ഞാന്‍ വികാരധീനയായിത്തീരുന്നത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് രാമേട്ടന്‍ പറഞ്ഞു.
”മതി മാഡം… അമ്മ മരിച്ചതില്‍ മാഡത്തിന് എത്രമാത്രം ദുഃഖമുണ്ടെന്ന് എനിക്കു മനസിലാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അപൂര്‍വ്വമായി മാത്രം കാണുന്ന ഒന്നാണ് മാതാപിതാക്കളോടുള്ള സ്‌നേഹം . പലരും വയസ്സായാല്‍ മക്കള്‍അവരെ തള്ളിപ്പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്റെ ഏകമകന്‍ തന്നെ അതിനുള്ള ഒരുദാഹരണമാണ്. ഈ വയസ്സുകാലത്തും ഞാന്‍ ജോലി ചെയ്തു ജീവിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് മാഡം. ഇന്നിപ്പോള്‍ ഈ ജോലി ഉള്ളതു കൊണ്ട് ഞാനും ഭാര്യയും തെരുവോരത്ത് കിടക്കാതെ കഴിച്ചു കൂട്ടുന്നു.
ഒന്നു രണ്ടു വര്‍ഷം മുമ്പ് അവനും ഭാര്യയും ചേര്‍ന്ന് ഞങ്ങളെ വീടിനു പുറത്താക്കിയതാണ്. ഞങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ ഒരേയൊരു മകനാണ് ഞങ്ങളോടീ കടുംകൈ ചെയ്തെന്നോര്‍ക്കുമ്പോള്‍…. ‘
രാമേട്ടന്‍ വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോള്‍ അമ്മയുടെ കാര്യങ്ങള്‍ കൂടുതലായി പറയേണ്ടായിരുന്നു എന്നു തോന്നി. വിഷമത്തോടെ ആ ചുമലില്‍ പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
”സാരമില്ല രാമേട്ടാ… അവരും വയസ്സായി കഴിയുമ്പോള്‍ ഇതിനുള്ള തിരിച്ചടി ദൈവം നല്‍കിക്കോളൂം… നല്ലവനായ രാമേട്ടനെ ദൈവം കൈവിടുകയില്ല. അതോര്‍ത്ത് ആശ്വസിച്ചോളൂ…’
രാമേട്ടന്‍ കണ്ണുതുടച്ച് തിരിഞ്ഞു നടക്കുന്നതു കണ്ടപ്പോള്‍ ഒരു കാര്യം ബോദ്ധ്യമായി.
എന്നെക്കാളേറെ ഹൃദയത്തില്‍ ദുഃഖഭാരവുമായി നടക്കുന്നവര്‍ ഈ ലോകത്ത് ധാരാളമുണ്ട്.
രാമേട്ടനെ പോലെ ഒരു പിടിവള്ളിക്കായി കേഴുന്നവര്‍. അങ്ങിനെയുള്ളവരെ സമാശ്വസിപ്പിക്കാന്‍ കഴിയുന്നതു തന്നെ ഒരു വലിയ പുണ്യമാണ്. ഇനിയുള്ള ജീവിതം ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചു കഴിഞ്ഞാല്‍ അത് എന്നെ അലട്ടുന്ന ദുഃഖങ്ങളില്‍ നിന്നുമുള്ള ഒരു മോചനം കൂടിയാകും.
മനസ്സു പറഞ്ഞു.
ഉച്ചയ്ക്ക് ആഹാരംപാകം ചെയ്ത് ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോള്‍ അരുണിനെ ഓര്‍ത്തു. അവന്‍ വേഗം മടങ്ങി വന്നിരുന്നെങ്കില്‍ ആശ്വാസമാകു മായിരുന്നു.
പെട്ടെന്ന് സ്വന്തം സ്വാര്‍ത്ഥതയെക്കുറി ച്ചോര്‍ത്ത് ആത്മനിന്ദ തോന്നി. അരുണിനും സ്വന്തം മാതാപിതാക്കള്‍ മറ്റെന്തിനെക്കാളും വലുതായിരിക്കുമല്ലോ… പാവം കുട്ടി… എനിക്കു വേണ്ടി അവന്‍ സ്വന്തം മാതാപിതാക്കളെക്കൂടിയാണ് പലപ്പോഴും ഉപേക്ഷിക്കുന്നത്.
വൈകുന്നേരം അരുണ്‍ തിരിച്ചെത്തിയത് അല്‍പം മ്ലാനവദനായിട്ടാണ്. അവന്റെ ദുഃഖ പൂര്‍ണ്ണമായ മുഖം കണ്ട് അന്വേഷിച്ചു.
”എന്തുപറ്റി അരുണ്‍… മമ്മിയേയും ഡാഡിയേയും കണ്ടില്ലേ?” ഉല്‍കണ്ഠ മുറ്റി നിന്ന വാക്കുകള്‍ക്കു മറുപടിയായി അരുണ്‍ പുഞ്ചിരിതൂകിക്കൊണ്ടു പറഞ്ഞു
‘കണ്ടു മാഡം… അവര്‍ സുഖമായിരിക്കുന്നു. മാഡത്തെപ്പറ്റി അവര്‍ അന്വേഷിച്ചു. ഇന്ന് ഡാഡി വീട്ടിലുള്ളതു കൊണ്ടാണ് മമ്മി ഇങ്ങോട്ട് വരാതിരുന്നത്. ഡാഡി ഒരു ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തി യതേയുള്ളൂ… ‘
അവന്റെ വാക്കുകളില്‍ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തോ ഒന്ന് മറയ്ക്കുന്നതായി തോന്നി. നേരത്തെ റിസോര്‍ട്ടില്‍ വച്ചും അവന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഇതു തന്നെയായിരുന്നു. പക്ഷെ അപ്പോഴൊന്നും എന്താണെന്ന്അന്വേഷിക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും അവന്റെ മനസ്സിലെന്താണെന്ന് കണ്ടു പിടിക്കണം.
തന്റെ മനസ്സിന്റെ ഉളളറകളിലേയ്ക്ക് അവന്‍ ആഴ്ന്നിറങ്ങിയ അതേ രീതിയില്‍
ഒന്നു രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പോടെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ രാമേട്ടന്‍ അദ്ഭുതത്തോടെ അന്വേഷിച്ചു.
”അല്ലാ… വീണ്ടും ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണല്ലോ. അരുണ്‍ മോനും കൂടെയുണ്ടല്ലോ.”
”അതെ രാമേട്ടാ… അമ്മയുടെ ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യണം. പിന്നെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഒന്നു തൊഴണം. എനിക്കിനി അധിക ദിവസം ലീവില്ല. അതുകൊണ്ട് എത്രയും വേഗം ഇക്കാര്യങ്ങള്‍ നടത്തിയേക്കാമെന്ന് കരുതി.”
താന്‍ .ഹിന്ദിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് രാമേട്ടന്‍ അല്‍പം ഗൗരവത്തില്‍ പറഞ്ഞു.
”വളരെ നല്ല കാര്യമാണ് മാഡം അത്. ഞാന്‍ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ഗംഗയില്‍ മുങ്ങിക്കുളിച്ചിട്ടുമുണ്ട്. ‘
പിന്നെ അല്‍പം നിര്‍ത്തി വിഷാദമഗ്‌നമായി തുടര്‍ന്നു.
‘ഈ ജന്മത്തില്‍ ഞാന്‍ മനസ്സറിയാതെ എന്തെങ്കിലും പാപകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം തീര്‍ന്നു കാണും മാഡം…’
രാമേട്ടന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു
‘എനിക്കും അതുതന്നെയാണാവശ്യം രാമേട്ടാ. ഇന്നത് മനസ്സിന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു…
രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്തുകൊണ്ടോ ഒരാഹ്ലാദം മനസ്സിനുള്ളില്‍ ചിറകടിച്ചുയര്‍ന്നു. ചിരകാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു മോഹം ഇന്ന് സഫലമാകുവാന്‍ പോവുകയാണ്.
നരേട്ടനുള്ളപ്പോള്‍ ഞങ്ങളതു പ്ലാന്‍ ചെയ്തതാണ്. പക്ഷെ അതു നടന്നു കാണാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. ഇന്നിപ്പോള്‍ ഞാന്‍ ഏകയായി… അതോര്‍ത്തപ്പോള്‍ ഒരസ്വാസ്ഥ്യം മനസ്സില്‍ പടര്‍ന്നു കയറി. എങ്കിലും മനസ്സിനെ മനഃപൂര്‍വ്വം സമാധാനപ്പെടുത്തിക്കൊണ്ടു പറഞ്ഞു.
ഈ യാത്ര കഴിഞ്ഞെത്തുമ്പോള്‍ ഞാന്‍ നേടുന്നത് ഒരു പുനഃര്‍ജനിയായിരിക്കും. എല്ലാ പാപങ്ങളും ഗംഗയില്‍ മുക്കിത്താഴ്ത്തി പുനര്‍ജന്മം നേടിയ ഒരു മനുഷ്യ സ്ത്രീയായി ഞാന്‍ തിരികെയെത്തും.
റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറായി കിടപ്പുണ്ടായിരുന്നു. അരുണ്‍ ധൃതി കൂട്ടി.
”വേഗം വരൂ മാഡം… ട്രെയിന്‍ ഇന്ന് അല്‍പം നേരത്തെയാണെന്നു തോന്നുന്നു. ഫസ്റ്റ് ക്ലാസ് എസി റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റ് കണ്ടെത്തിയാല്‍ പ്രശ്‌നം തീര്‍ന്നു.’
അരുണിനോടൊപ്പം ഓടിയെത്താന്‍ അല്‍പം പാടുപ്പെട്ടു. ഞങ്ങളുടെ കംപാര്‍ട്ടുമെന്റ് കണ്ടെത്തി അതില്‍ കയറിപ്പറ്റുമ്പോള്‍ അരുണിനോടൊപ്പം ആശ്വാസം കൊണ്ടു.
അല്‍പം വേഗത്തില്‍ ഓടിയതു കൊണ്ട് ഞാന്‍ കിതയ്ക്കുന്നത് കണ്ടു അല്‍പം വിഷമത്തോടെ അരുണ്‍ പറഞ്ഞു.
”സോറി മാഡം… ഞാനല്പം ബുദ്ധിമുട്ടിച്ചുവല്ലേ? എങ്കിലും ട്രെയിന്‍ നേരത്തെ ആയത് നന്നായി. നമുക്ക് സൂര്യോദയത്തിനു മുമ്പ് അവിടെയെത്തിച്ചേരാന്‍ പറ്റുമെന്നു തോന്നുന്നു. മാഡത്തിനറിയാമോ? വാരാണസിയില്‍ ഗംഗാനദിയിലെ സൂര്യോദയം കാണേണ്ടതു തന്നെയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്…’
അതുകേട്ട് വെറുതെ പുഞ്ചിരിച്ചു. ഇന്നിപ്പോള്‍ അത്തരം കാഴ്ചകള്‍ അഭിരമിപ്പിക്കുമോ എന്നറിയില്ല. എങ്കിലും ലോകത്ത് പ്രത്യേകിച്ച് ഭാരതത്തില്‍ ധാരാളം ജനങ്ങള്‍ തങ്ങളുടെ ദുഃഖഭാരം ഇറക്കി വയ്ക്കുന്നത് അവിടെയാണല്ലോ എന്നും ഓര്‍ത്തു. അവിടെയെത്തുമ്പോള്‍ സ്വയമറിയാതെ തന്നെ മനസ്സ് സ്വസ്ഥമാകും എന്നു തോന്നി.
ട്രെയിന്‍ പതുക്കെ ഇളകിത്തുടങ്ങിയിരുന്നു.
രാത്രിയിലെ അല്‍പം നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കംപാര്‍ട്ടുമെന്റിലെ പലരും നടത്തുന്നുണ്ടായിരുന്നു. മുകളിലെ ബര്‍ത്തു റിസര്‍വ്വു ചെയ്ത രണ്ടു യുവ മിഥുനങ്ങള്‍ അത് നേരത്തെ തന്നെ കൈയ്യടക്കിക്കഴിഞ്ഞു. പിന്നെ താഴത്തെ ബര്‍ത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായ രണ്ടു വയോവൃദ്ധര്‍.
ഞങ്ങള്‍ക്കു കിട്ടിയത് ട്രെയിനിലെ സൈഡ് ബെര്‍ത്ത് ആയതു കൊണ്ട് മറ്റാരുടെയും ശല്യമില്ലാതെ ഇരിയ്ക്കാന്‍ കഴിഞ്ഞു. മുകളിലത്തെ ബെര്‍ത്തില്‍ അരുണും താഴത്തെ ബെര്‍ത്തില്‍ ഞാനും കിടക്കാമെന്ന് തീരുമാനിച്ചു.
”മാഡം… മാഡത്തിനെന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ. രാത്രിയിലെ ആഹാരം ബുക്കു ചെയ്യാനാണ്. അരുണിന്റെ മുമ്പില്‍ അപ്പോള്‍ കാന്റീന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വാങ്ങുന്ന ആള്‍ നില്‍പുണ്ടായിരുന്നു.
”രാത്രി എനിക്ക് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും മതി അരുണ്‍”
അരുണ്‍ രണ്ടുപേര്‍ക്കുള്ള ആഹാരത്തിന് ഓര്‍ഡര്‍ കൊടുക്കുന്നതു കേട്ടു.
പുറത്തെ കാഴ്ചകളിലേയ്ക്ക് വിഷാദമഗ്‌നനായി ദൃഷ്ടി പായിച്ചിരിക്കുന്ന അരുണിനെ കണ്ടപ്പോള്‍ അല്‍പം മുമ്പ് ഉള്ളിലുണര്‍ന്ന ചോദ്യത്തിന് ഉത്തരം തേടിയാലോ എന്നാലോചിച്ചു. പിന്നീട് അപ്പോള്‍ വേണ്ടെന്നു വച്ചു.
ആഹാരശേഷം മുകളിലെ ബെര്‍ത്തിലേയ്ക്ക് ഉറങ്ങുവാന്‍ പോകാന്‍ തുനിഞ്ഞ അരുണിനോടു പറഞ്ഞു.
”അരുണ്‍… ഉറങ്ങുവാന്‍ വരട്ടെ… എനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.” അരുണ്‍ ജിജ്ഞാസയോടെ എന്നെ നോക്കി.
”മാഡത്തിന് എന്താണ് പറയാനുള്ളത്… എന്താണെങ്കിലും എന്നോടു പറഞ്ഞോളൂ…’
ചുറ്റിനുo കണ്ണോടിച്ചു നോക്കി. മറ്റെല്ലാവരും ഉറക്കമായിക്കഴി ഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് അരുണിനോട് എല്ലാം ചോദിച്ചറിയാന്‍ പറ്റിയ സമയം. എന്റെ
സംസാരത്തില്‍ അല്പംഗൗരവം കലര്‍ന്നത് ഞാനറിയാതെയാണ്.
”അരുണ്‍… നീയെനിക്കിന്ന് രാഹുലിനെപ്പോലെയാണ്… അല്ല… രാഹുലിനെപ്പോലെ നീയെന്റെ മകന്‍ തന്നെയാണ്. അപ്പോള്‍പിന്നെ നിന്റെ മനസ്സിലുള്ള കാര്യങ്ങള്‍ എന്നോടു തുറന്നു പറയേണ്ടത് നിന്റെ കടമയാണ്. അല്ലെന്നു തോന്നുന്നുവെങ്കില്‍ നമ്മുടെ ഈ ബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ല. ‘
തുടക്കം അരുണിനെ വേദനിപ്പിച്ചുവെന്നു തോന്നി.
”മാഡം… എന്താണ് പറഞ്ഞു വരുന്നത്. എനിക്കു മനസ്സിലാകുന്നില്ല.”
അരുണിന്റെ ചോദ്യത്തില്‍ അമ്പരപ്പു നിറഞ്ഞു നിന്നു. എന്റെ മുഖത്തേക്കുറ്റുനോക്കി അവന്‍ പറഞ്ഞു.
”മാഡത്തിനെന്നോട് എന്തും ചോദിച്ചറിയാനുള്ള സ്വാതന്ത്യമുണ്ട്. എന്റെ അമ്മയെപ്പോലെ തന്നെ. ചോദിച്ചോളൂ… മാഡത്തിനെന്താണ് അറിയേണ്ടത്… ഞാന്‍ പറയാം.”
അരുണിനെ വേദനിപ്പിച്ചതില്‍ മാപ്പു ചോദിച്ചു കൊണ്ട് പറഞ്ഞു.
”സോറി അരുണ്‍… നീ ചിലതൊക്കെ എന്നില്‍ നിന്നും മറയ്ക്കുന്നതായി തോന്നി. ഒരു മുന്‍കരുതലെന്ന നിലയ്ക്കാണ് ഞാനിങ്ങനെയൊക്കെ സംസാരിച്ചത്. അല്ലാതെ നിന്നെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല. പറയൂ അരുണ്‍. എന്താണ് നിന്നെ അലട്ടുന്ന പ്രശ്‌നം. ഒളിയ്ക്കാതെ എല്ലാം എന്നോടു പറയൂ.”
അല്‍പനേരം പുറത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിയിരുന്ന ശേഷം അരുണ്‍ പറഞ്ഞു.
‘മാഡം ഊഹിച്ചതു ശരി തന്നെയാണ്. , ചില പ്രശ്‌നങ്ങള്‍ പരിഹാരം കാണാനാവാത്ത തായിഎന്റെ മനസ്സില്‍ കിടപ്പുണ്ട്. എന്റെ ഉള്ളില്‍ ഞാന്‍ നിങ്ങളില്‍ നിന്നൊക്കെ മറച്ചു വച്ച ഒരു പെണ്‍കുട്ടിയുണ്ട്. സാരംഗി എന്നാണവളുടെ പേര്. ഒരു നോര്‍ത്തിന്ത്യന്‍ പെണ്‍കുട്ടി. അവളാണെന്റെ വേദന…’
‘അവള്‍ക്കെന്താണ് പ്രശ്‌നം? അരുണ്‍ എന്താണെങ്കിലും എന്നോടു പറയൂ. നമുക്കതു പരിഹരിയ്ക്കാന്‍ ശ്രമിക്കാം.”
ഞാനവനെ വാത്സല്യപൂര്‍വംനോക്കി പറഞ്ഞു.
ഇരുട്ടിന്റെ താഴ്വരയില്‍ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകള്‍ ട്രെയിനിന്റെ വേഗതയ്‌ക്കൊപ്പം പുറകോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു. വിന്‍ഡോ ഗ്ലാസ്സിലൂടെ അരുണ്‍ ആ മലനിരകളലേയ്ക്ക് ദൃഷ്ടി പായിച്ചു. പിന്നെ ഏറെ ദുഃഖാകുലനായി ആ കഥ പറഞ്ഞു തുടങ്ങി.
സാരംഗി …അതാണവളുടെ പേര്. എന്നെക്കാള്‍ ജൂനിയറായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന പെണ്‍കുട്ടി. നന്നായി പഠിച്ചിരുന്ന അവള്‍ ഒരു കാലത്ത് എല്ലാ ആക്റ്റിവിറ്റീസിലും പങ്കെടുത്ത് വിജയങ്ങള്‍ മാത്രം കൊയ്തിരുന്നു. നന്നായി നൃത്തം ചെയ്യും, പാട്ടു പാടും, പ്രസംഗിക്കും എന്നു വേണ്ട ചിത്രരചനയില്‍ വരെ പ്രാഗത്ഭ്യമുള്ള പെണ്‍കുട്ടി.ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടത് ഒരിക്കല്‍ ഇലക്ഷന്‍ സമയത്താണ്. കോളേജ് യൂണിയന്‍ ചെയര്‍മാന്റെ സ്ഥാനത്തേയ്ക്ക് ഞാനും, ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി സാരംഗിയും മത്സരിച്ചു വിജയിച്ചു. ഞങ്ങളുടെ ആ പരിചയം പ്രേമബന്ധമായി വളര്‍ന്നു വന്നു. ഒടുവില്‍ സാരംഗിയെ വിവാഹം കഴിക്കാന്‍ ഞാന്‍തീരുമാനിച്ചു. എന്നാല്‍ എന്റെ റിസര്‍ച്ച് കഴിയുന്നതു വരെ അവളോട് ക്ഷമിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്റെ തീരുമാനത്തെ അവള്‍ തെറ്റിദ്ധരിച്ചു.അവള്‍ക്ക് ഉടനെ വിവാഹിതയാകുവാനായിരുന്നു താല്പര്യം. ഫൈനല്‍ ഇയര്‍ പോസ്റ്റ് ഗ്രാജുവേഷന്‍ തീര്‍ന്നാലുടനെ അവളുടെ വീട്ടുകാര്‍ അവളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ അവള്‍ക്കായില്ല.എനിക്കാണെങ്കില്‍ റിസര്‍ച്ച് വര്‍ക്ക് തീര്‍ത്ത് ഒരു ജോലി തേടിപ്പിടിക്കേണ്ട ബാദ്ധ്യതയും ഉണ്ട്. വീട്ടില്‍ മമ്മിയും ഡാഡിയും ഈ വിവാഹത്തെ അനുകൂലിക്കുമായിരിക്കും. എങ്കിലും സ്വന്തമായി ഒരു ജോലിയില്ലാതെ ഒരു പെണ്ണിനെ ഞാന്‍ വിവാഹം കഴിക്കുന്ന തെങ്ങിനെ?എന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറുവാന്‍ അവള്‍ എന്നില്‍ നിര്‍ബന്ധം ചെലുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ അവളെ ചതിയ്ക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അവള്‍ മറ്റു ചില കൂട്ടുകെട്ടുകളില്‍ ചെന്നുപെട്ടു.
അവരെല്ലാം മയക്കുമരുന്ന്, കഞ്ചാവു പോലുള്ള ചില ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ആ കൂട്ടുകെട്ടില്‍ പെട്ട് അവളും അതെല്ലാം ഉപയോഗിക്കാന്‍ തുടങ്ങി. എന്നെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് അവള്‍ അത്തരം കൂട്ടുകെട്ടുകളില്‍ ചെന്നുപെട്ടത്.
എന്നാലിന്നിപ്പോള്‍ അവള്‍ പൂര്‍ണ്ണമായും ലഹരി മരുന്നുകള്‍ക്ക് അടിമയായിത്തീര്‍ന്നിരിക്കുന്നു. അവളെ രക്ഷിക്കേണ്ടത് എങ്ങിനെയെന്നറിയാതെ ഞാന്‍ കുഴങ്ങുകയാണ് മാഡം. എന്റെ സാരംഗി ഇന്നെന്നെ പൂര്‍ണ്ണമായും വെറുത്തു കഴിഞ്ഞിരിക്കുന്നു. എന്നെപ്പറ്റിഅവളുടെ ഇപ്പോഴത്തെ കൂട്ടുകാര്‍ അവള്‍ക്കു നല്‍കുന്ന ഉപദേശം അത്തരത്തിലുള്ള താണ്. എനിക്കാണെങ്കില്‍ സാരംഗിയെ മറക്കാനാവുകയില്ല. അവളെ നേര്‍വഴിയ്ക്കു കൊണ്ടു വരുവാന്‍ ഞാന്‍ ഒരുപാടു പരിശ്രമിച്ചു. എന്നാലിന്നവള്‍ എന്നെ അവളുടെ ജീവിതത്തില്‍ നിന്നു തന്നെ ആട്ടിയോടിക്കുകയാണ്.
കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ വച്ചും, ഇന്ന് അവളുടെ വീട്ടില്‍ ചെന്നപ്പോഴും അവള്‍ എന്നോട് ചെയ്തത് അതാണ്. അവളുടെ അച്ഛനാണെങ്കില്‍ ഒരു രാഷ്ട്രീയക്കാരനാണ്. അയാള്‍ ഇതൊന്നുമറിയാതെ മകളെ അനുകൂലിക്കുകയാണ്.
അയാള്‍ അവളുടെ വിവാഹം ഇക്കൊല്ലം തന്നെ ഒരു ലഹരി മരുന്നിന്നടിമയായ പയ്യനോടൊപ്പം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് എന്റെ സാരംഗിയെ നഷ്ടപ്പെടുവാന്‍ വയ്യ മാഡം… അവള്‍ ലഹരിക്കടിമയായി നശിക്കുന്നതു കാണാനും വയ്യ… ‘
അരുണ്‍ പൊട്ടിക്കരയുവാന്‍ ഭാവിക്കുന്നതു കണ്ട് ഞാന്‍ പറഞ്ഞു.
.’അരുണ്‍ വിഷമിക്കരുത്… അരുണിന്റെ കൂട്ടുകാരിയെ നമുക്ക് ഏതു വിധേനയും ലഹരി മരുന്നിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കണം. അവളെ പഴയ സാരംഗിയായി അരുണിന് തിരികെ ലഭിക്കുക തന്നെ ചെയ്യും. അതിനുവേണ്ടി നമുക്ക് പരിശ്രമിക്കാം. ‘
”കോളേജില്‍ ചെന്നാലുടനെ നമുക്ക് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം. അരുണ്‍ എന്നോടൊപ്പം ഉണ്ടായാല്‍ മതി…’
എന്റെ വാക്കുകള്‍ അരുണിന് ശക്തി പകര്‍ന്നതു പോലെ തോന്നി. അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘മാഡത്തിനെ എനിക്കു വിശ്വാസമാണ്.’
(തുടരും









