LIMA WORLD LIBRARY

പി. കുഞ്ഞിരാമൻ നായർ – ജോയിഷ് ജോസ്

ഒക്കില്ലൊരിയ്ക്കലും മേലിലെനിയ്ക്കിനി
ഈ കളിയച്ഛനോടൊത്തു കളിയ്ക്കുവാൻ
ദുർമുഖം കാണേണ്ടെനി’ ക്കോതി ദേശികൻ
ദുർമ്മൃതിഘോരാഗ്രഹണമാം ശാപമായ്!
ക്രൂരമിടിത്തിയ്യിൽ വെന്തുപോയി; കേശ-
ഭാരകിരീടമണിയേണ്ട മസ്തകം!

(കളിയച്ഛൻ – പി. കുഞ്ഞിരാമൻ നായർ)

കവിതയെ മാത്രം പ്രണയിച്ച്‌ അതിനുവേണ്ടി ജീവിതകാലം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ മഹാപ്രതിഭ കവി പി.കുഞ്ഞിരാമന്‍നായര്‍ ജീവിതത്തോട് വിടചൊല്ലിപോയിട്ട് ഇന്നേക്ക് നാല്‍പ്പത്തിമൂന്ന് വര്‍ഷം തികയുന്നു.

1906 ഒക്ടോബര്‍ 25ന് കാഞ്ഞങ്ങാട്ട്, പുറവങ്കര കുഞ്ഞമ്പുനായരുടെയും കുഞ്ഞമ്മയമ്മയുടെയും മകനായാണ് പി. കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്. ചെറുപ്പത്തിലേ സംസ്‌കൃതം അഭ്യസിച്ച അദ്ദേഹം പതിനാലാം വയസില്‍ കവിതയെഴുതിത്തുടങ്ങി. പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചു. മുറപ്പെണ്ണിനെ വിവാഹം കഴിക്കാമെന്നേറ്റ് അതിനുള്ള പണം അച്ഛനോട് വാങ്ങി പട്ടാമ്പിയില്‍ ചെന്ന് വേറൊരു വിവാഹം കഴിച്ചു. പിന്നീട് ദേശാടനമായിരുന്നു.

പല നാടുകളില്‍ പല ജോലികള്‍. ‘നവജീവന്‍’ എന്നൊരു പത്രം കുറേനാള്‍ നടത്തിയിരുന്നു. വീണ്ടും അലച്ചില്‍. കാശിനുവേണ്ടി കവിതയെഴുതി വില്‍ക്കുമായിരുന്നു പി. കുട്ടികള്‍ പിറന്ന വിവരംപോലും ആ അച്ഛന്‍ സമയത്ത് അറിയാറുണ്ടായിരുന്നില്ല. തിരുവില്വാമലയില്‍ വീണ്ടുമൊരു വിവാഹം. കുഞ്ഞുണ്ടായപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും യാത്ര. കവിതയെഴുത്ത്. മൂന്നാമതും വിവാഹം. അലച്ചില്‍. പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെ പിന്നീട് ക്ലാസിക്കുകളായ കവിതകള്‍ രചിച്ചിട്ടുണ്ട് പി കുഞ്ഞിരാമന്‍ നായര്‍.

വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം (2 ഭാഗങ്ങള്‍), തൃക്കാക്കരയ്ക്കു പോം പാതയേതോ, കവിയുടെ കാല്പാടുകള്‍, നിത്യകന്യകയെത്തേടി, എന്നെത്തിരയുന്ന ഞാന്‍ തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍.

ആവശ്യമുള്ള യോഗ്യതയില്ലാതിരുന്നിട്ടും 1947ല്‍ പി.ക്ക് അന്നത്തെ സര്‍ക്കാര്‍ അധ്യാപകജോലി നല്‍കി. 1949ല്‍ ‘ഭക്തകവി’പ്പട്ടം ലഭിച്ചു. 1963ല്‍ ‘സാഹിത്യനിപുണ’ ബിരുദം. 1968ല്‍ ‘താമരത്തോണി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 1959ല്‍ ‘കളിയച്ഛ’ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ഇതിന് മദ്രാസ് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1978 മെയ് 27ന് തിരുവനന്തപുരത്ത് ഒരു ലോഡ്ജ്മുറിയില്‍ ആ ജീവിതത്തിന് അന്ത്യമായി.

✍🏻ജോയിഷ് ജോസ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px